ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ

താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ രൂപതാ പ്രസിഡന്റ് ബാബു ചെട്ടിപ്പറമ്പിലിനു നല്‍കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരി മാതാ കത്തിഡ്രലില്‍ നടന്ന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി വ്യത്യസ്തമായ പദ്ധതികളാണ് മിഷന്‍ ലീഗ് ഈ വര്‍ഷം വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ശാഖയിലേയും പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് രൂപതയുടെ കൗണ്‍സലിങ് സെന്ററായ വേനപ്പാറയിലെ ക്യാമ്പിന്റെ സേവനം ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. ഹെസദ് 2K23 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സലിങ്ങും പരിശീലനവും മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും.

പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ള മിഷന്‍ലീഗ് അംഗങ്ങള്‍ക്ക് മിഷന്‍ലീഗ് രൂപതാ പ്രെയര്‍ സെല്ലിന്റെ സേവനം ലഭ്യമാക്കും. 9400910328, 9447663859 എന്നീ നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് മെസേജായോ പ്രാര്‍ത്ഥനാ സഹായം തേടാവുന്നതാണ്.

ഓരോ മേഖലയും ഓരോ അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്ന ബേത്സഥാ 2K23 എന്ന പദ്ധതിയും പുതിയ കര്‍മ്മപദ്ധതിയിലുണ്ട്.
ഓണം, ക്രിസ്തുമസ്, ഈസ്റ്റര്‍, ഇടവകതിരുനാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ ഇടവകയിലെ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് അവരോടൊപ്പം ആഘോഷിക്കുന്നതിനും നിര്‍ധന കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയും രൂപീകരിച്ചിട്ടുണ്ടെന്ന് മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍ പറഞ്ഞു.

സ്റ്റാര്‍ട്ടില്‍ MTC കോഴ്‌സ്: അഡ്മിഷന്‍ ആരംഭിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ കീഴില്‍ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ പ്ലസ് ടുവിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി ഏക വത്സര MTC (Master’s Training Course) കോഴ്‌സ് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടുവിന് ശേഷം അഖിലേന്ത്യ തലത്തിലുള്ള പ്രധാനപ്പെട്ട എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള കോച്ചിങാണ് ഈ കോഴ്‌സില്‍ നല്‍കുന്നത്.
സ്വഭാവ വൈശിഷ്ഠ്യവും സാമൂഹിക പ്രതിബദ്ധതയും ഉയര്‍ന്ന ധാര്‍മിക ബോധവുമുള്ള മുന്‍നിര നേതാക്കളെയും ഉദ്യോഗസ്ഥരെയും നിയമപാലകരെയും കുടിയേറ്റ മേഖലകളില്‍ നിന്ന് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് പരിശീലന പരിപാടിയുടെ മുഖ്യ ലക്ഷ്യം.
അഖിലേന്ത്യാ തലത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കേന്ദ്ര സര്‍വകലാശാലകളിലും പ്രമുഖ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും അഡ്മിഷന്‍ നേടി മികവുറ്റ വിധം പഠനം പൂര്‍ത്തിയാക്കി നേതൃ പദവികളില്‍ എത്തുവാന്‍ MTC കോഴ്‌സ് ഉപകരിക്കും. ഈ ഏക വത്സര പരിശീലന പരിപാടിയില്‍ CUET, KEAM, CUSAT CAT, CLAT, IPM, NID, NDA Technical & non technical പരീക്ഷകളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥികളെ ഒരുക്കുന്നത്.
ആധുനിക കാലഘട്ടത്തിന്റെ മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് കാലോചിതമായ പല കോഴ്‌സുകളും സ്റ്റാര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച AI (Artificial Intelligence) and Computer programming with Python ഇതിനുദാഹരണമാണ്. ഈ വര്‍ഷം Data analysis എന്ന കോഴ്‌സ് കൂടി MTC വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയാണ് കോഴ്‌സിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 90371 07843 (ഓഫീസ്), 9744 458111 (ഡയറക്ടര്‍). Web: www.startindia.org, Email: startcalicut22@gmail.com, director@startindia.org

പരിശുദ്ധ മാതാവിനോട് ചേര്‍ന്ന് തിരുഹൃദയത്തണലില്‍

പരിശുദ്ധ കന്യകാമറിയത്തിനുവേണ്ടി സമര്‍പ്പിതമായിരിക്കുന്ന മേയ്മാസത്തിലൂടെ നാം കടന്നു പോവുകയാണ്. തിരുഹൃദയ മാസത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ ആഹ്ലാദാരവങ്ങളോടെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ക്രിസ്തുവിനു ജന്മം നല്കിയതു കൊു മാത്രമല്ല, ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും തന്നെത്തന്നെ വിധേയപ്പെടുത്തിയതുകൊണ്ടുകൂടിയാണ് പരിശുദ്ധ അമ്മ സ്ത്രീകളില്‍ അനുഗൃഹീതയായതും എല്ലാ തലമുറകളും അവളെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കുന്നതും. വിശ്വാസത്തിന്റെ ഒരു തീര്‍ത്ഥയാത്രയായിരുന്നു ആ ജീവിതം. തന്നില്‍ ദൈവം ആരംഭിച്ചത് അവിടുന്ന് പൂര്‍ത്തിയാക്കുമെന്ന വിശ്വാസത്തോടെയുള്ള യാത്ര.
ജീവിതത്തെ അതിന്റെ എല്ലാ അനുഭവങ്ങളോടുംകൂടി അതേപടി സ്വീകരിക്കുവാനാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നത്. എന്തുമാത്രം ഉത്കണ്ഠയും ഏകാന്തതയും നൊമ്പരങ്ങളും അവള്‍ അനുഭവിച്ചിട്ടുെന്ന് ഊഹിച്ചെടുക്കാന്‍ പോലും പറ്റുമെന്ന് തോന്നുന്നില്ല. എങ്ങനെയാണ് മറിയത്തിന് ഇത്രയും സൗമ്യമായും ധീരമായും ഈ സഹനാനുഭവങ്ങളിലൂടെ കടന്നുപോകാനായത്? അതിനെക്കുറിച്ച് ലൂക്ക സുവിശേഷകന്‍ ഒറ്റവരിയില്‍ സംഗ്രഹിച്ചിട്ടുണ്ട്. മറിയമാകട്ടെ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു. വിശ്വാസത്തിന്റെ ആഴമേറിയ തലങ്ങളിലൂടെ യൗവനാരംഭത്തില്‍ത്തന്നെ യാത്ര ആരംഭിച്ചവളാണ് മറിയം.
ആത്മീയത എന്നു പറയുന്നത് ജീവിതത്തെ അതേപടി സ്വീകരിക്കാനും സ്‌നേഹിക്കാനും ഒരാളെ ബലപ്പെടുത്തേ ഘടകമാണ്. അല്ലാതെ അത്ഭുതങ്ങളാലും അടയാളങ്ങളാലും ആഘോഷിക്കേണ്ട ഒന്നല്ല. മറ്റുള്ളവരേ അതേപടി സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയുന്നത് പക്വതയുള്ള ആത്മീയതയുടെ ലക്ഷണമാണ്.
മുറിപ്പാടുള്ള ഒരു ഹൃദയവുമായി നില്‍ക്കുന്ന ക്രിസ്തുവിന്റെ ചിത്രം നമ്മുടെ മനസിനെ വല്ലാതെ സ്വാധീനിക്കാറുണ്ട്. ദൈവത്തിന് ഒരു ഹൃദയമുെന്ന് മാത്രമല്ല അതിലൊരു മുറിവു കൂടിയുെന്നത് തിരുഹൃദയത്തെ സ്‌നേഹിക്കുവാന്‍ വലിയ കാരണമായിത്തീരുന്നു. സ്‌നേഹം അതിന്റെ പൂര്‍ണ്ണതയില്‍ വെളിപ്പെടുന്നത് ക്രിസ്തുവിലാണ്. മനുഷ്യന്റെ കണ്ണീരിനും സങ്കടത്തിനും മുമ്പില്‍ പിടിച്ചു നില്‍ക്കാനാകാത്ത ആര്‍ദ്രഹൃദയമുള്ള ദൈവത്തെയാണ് ക്രിസ്തുവിലൂടെ ലോകത്തിന് വെളിപ്പെട്ടത്. വേദനിക്കുന്ന മനുഷ്യനോട് തോന്നിയ അനുകമ്പയില്‍ നിന്നാണ് അവന്‍ അത്ഭുങ്ങള്‍പോലും പ്രവര്‍ത്തിച്ചത്. ജീവനറ്റ ശരീരമാണെന്നറിഞ്ഞിട്ടും അവന്റെ നെഞ്ചില്‍ മുറിവേല്‍പിച്ചവന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് ഒരു തുള്ളി ചോര ഇറ്റിച്ചുകൊണ്ട് തിരുഹൃദയനാഥന്‍ കാഴ്ച നല്‍കുകയാണ്.
ക്രിസ്തുവിന്റെ മുറിവേറ്റ ഹൃദയം ഇതുകൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിനക്ക് ആരെയെങ്കിലും സ്‌നേഹിക്കണമെങ്കില്‍ മുറിവേറ്റേ മതിയാകൂ. തോറ്റുകൊടുക്കലിന്റെ, നിശ്ബ്ദമായ സഹനത്തിന്റെ മുറിവുകള്‍ അന്യായമായും നീ സഹിക്കണം. പകരം വീട്ടാന്‍ നമുക്കാവില്ല. നഷ്ടങ്ങളുടെ കണക്കേ ഉണ്ടാവുകയുള്ളൂ. ഒപ്പം നിന്റെ മുറിവുകള്‍ മറ്റുള്ളവര്‍ക്ക് സൗഖ്യം നല്‍കാനുതകുന്ന തിരുമുറിവുകളാക്കി മാറ്റണം.
ക്രിസ്തു സഹജമായ സ്‌നേഹത്തിനു മാത്രമേ ലോകത്തെ രക്ഷിക്കാനാവൂ. അല്‍പ്പം കൂടി ക്ഷമിക്കുവാനും സഹിക്കുവാനും പ്രാര്‍ത്ഥിക്കുവാനും പരിശുദ്ധ അമ്മയുടെ വണക്കമാസവും തിരുഹൃദയ മാസവും നമ്മെ ബലപ്പെടുത്തട്ടെ, അതിനുള്ള ശ്രമങ്ങള്‍ നമ്മുടെ ജീവിതത്തെ ദീപ്തമാക്കും. പുതിയ അധ്യയനവര്‍ഷം പരിശുദ്ധ അമ്മയോടും തിരുഹൃദയ നാഥനോടും ചേര്‍ന്നായിരിക്കട്ടെ.

നല്ല വാര്‍ധക്യത്തിന് സ്വയംപഠനം

കുട്ടിക്കാലത്ത് വിദ്യ അഭ്യസിക്കാനും ജീവിത പാഠങ്ങള്‍ ഗ്രഹിക്കാനും അനേകം കളരികളുണ്ട്. വീടും സ്‌കൂളുമെല്ലാം ഇതിന് വേദികള്‍ ഒരുക്കുന്നു. യൗവനകാലത്തും തിരുത്തലുകള്‍ ചൂണ്ടിക്കാണിക്കാന്‍ പലരുമെത്തും. എന്നാല്‍ വാര്‍ധക്യം സംതൃപ്തിയില്‍ എങ്ങനെ കഴിച്ചുകൂട്ടാമെന്നു പഠിക്കാന്‍ കളരികളില്ല.
കിട്ടാവുന്ന സന്തോഷങ്ങള്‍ സ്വീകരിച്ച് വയസുകാലം ചിലവഴിക്കണമെന്നുണ്ടെങ്കില്‍ മുന്‍കൂട്ടി ഒരുക്കം തുടങ്ങുകയും അതനുസരിച്ച് ആസൂത്രണം ചെയ്തു നീങ്ങുകയും ചെയ്യേണ്ട കാലമാണിത്. കാരണം സമൂഹം അതിദ്രുതം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. കുടുംബത്തെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന സിമന്റും പശയുമെല്ലാം ഇളകിപ്പോയി. കാലത്തിന്റെ ചുവരെഴുത്തു മനസിലാക്കി നീങ്ങിയില്ലെങ്കില്‍ പരാശ്രയം അനിവാര്യമായ അവസാനകാലം നിസഹായതയിലും കണ്ണീരിലും മുങ്ങിപ്പോകും.
ആരോഗ്യമുള്ള കാലത്ത് ഭൂമി ഭാഗം വയ്ക്കാതെ നീട്ടിവച്ച്, അവസാനം വാര്‍ധക്യത്തിന്റെ അവശതയില്‍ കഴിയുമ്പോള്‍ മക്കള്‍ പിതൃസ്വത്തിനായി കടിപിടി കൂടുന്നതും കണക്കുപറയുന്നതും കാണേണ്ടിവരുന്നത് എത്രയോ ദയനീയമാണ്!
അധികാരത്തിലിരുന്നപ്പോള്‍ കണ്ണായ സ്ഥലങ്ങളിലെല്ലാം മറ്റുള്ളവരെ പങ്കാളികളാക്കി ഭൂമി വാങ്ങിക്കൂട്ടിയ കേരളത്തിലെ ഒരു മുന്‍മന്ത്രി പെട്ടെന്നാണ് രോഗിയായത്. മന്ത്രിയുടെ ആരോഗ്യം അപകടത്തിലാണെന്നുകണ്ട് പങ്കാളികള്‍ ഭൂമി പെട്ടെന്നു വിറ്റ് ഇടപാടുകള്‍ തീര്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സുഖമായി വന്ന ശേഷം ഇടപാടുകള്‍ തീര്‍ക്കാമെന്ന നിലപാടിലായിരുന്നു നേതാവ്. പക്ഷേ, പെട്ടെന്ന് ആരോഗ്യനില വഷളായി അദ്ദേഹം കണ്ണടച്ചു. മന്ത്രിയുടെ കുടുംബത്തില്‍ ഏറെ അവകാശികളുള്ളതിനാല്‍ സ്വത്തുക്കളെല്ലാം തര്‍ക്കങ്ങളില്‍ കുടുങ്ങി. അതില്‍ പണം മുടക്കിയവരെല്ലാം കഷ്ടത്തിലുമായി.
വൃദ്ധരുടെ നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു. 1961 ല്‍ കേരളീയ ജനസംഖ്യയുടെ 5.6% വൃദ്ധജനങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 16.5% ആയി ഉയര്‍ന്നു.
അടുത്ത കാലംവരെ ഭൂമിയായിരുന്നുസമ്പാദ്യത്തിന്റെയും ആഢ്യത്വത്തിന്റെയും അളവുകോല്‍. വാണിജ്യം പേരിനുണ്ടായിരുന്നുവെങ്കിലും കൃഷിയായിരുന്നു മഹാഭൂരിപക്ഷത്തിന്റെയും ഉപജീവനമാര്‍ഗം. ഭൂമിയുടെ ഉടമയായതിനാല്‍ വാര്‍ധക്യത്തിലെത്തിയാലും കാരണവരെ ആശ്രയിച്ചു നില്‍ക്കേണ്ട സ്ഥിതിയായിരുന്നു യുവതലമുറയ്ക്ക്. അതിനാല്‍ സ്വാഭാവികമായും വയോജനങ്ങള്‍ക്ക് അത്യാവശ്യം കരുതലും പരിഗണനയും ലഭിച്ചിരുന്നു. മാത്രമല്ല അത് കടമയും പുണ്യവുമാണെന്ന്
പുരാണങ്ങളും മതഗ്രന്ഥങ്ങളും പഠിപ്പിക്കുകയും ചെയ്തുപോന്നു.
വളരെ പെട്ടെന്ന് ഈ സാമൂഹികഘടന തകിടം മറിഞ്ഞു. കൃഷിയും ഭൂമിയുമല്ല ഇന്ന് സമ്പാദ്യത്തിന്റെ അടിസ്ഥാന ശിലകള്‍. ലോകമെങ്ങും തൊഴില്‍ ലഭിക്കാവുന്ന അവസ്ഥ. അതിനാല്‍ യുവതലമുറ അന്യരാജ്യങ്ങളില്‍ കുടിയേറി അവിടെ പൗരന്മാരാകുന്നു.
വയോജനങ്ങള്‍ ഇവിടെ അവശേഷിക്കുന്നു. വികസിത രാജ്യങ്ങളില്‍ പ്രായമായവര്‍ക്ക് നിരവധി ക്ഷേമ പദ്ധതികളുണ്ട്. ഇവിടെ കാര്യമായ പദ്ധതികള്‍ ഇല്ലെന്നു മാത്രമല്ല, ഒരു പ്രായം കഴിഞ്ഞാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷപോലും ലഭിക്കുന്നില്ല.
അതിനാല്‍ വാര്‍ധക്യം സന്തോഷത്തിലും സ്വസ്ഥതയിലും കഴിയണമെന്നുണ്ടെങ്കില്‍ ആരോഗ്യമുള്ള കാലത്തുതന്നെ വരുംകാല ജീവിതത്തെ അവരവര്‍ക്ക് ശേഷിയുള്ള രീതിയില്‍ ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു.
ബാധ്യതകളും വഴക്കുകളും ഉണ്ടാകാത്ത രീതിയില്‍ കടമകള്‍ തീര്‍ത്തുവയ്ക്കുക പ്രധാനമാണ്. ചികിത്സയ്ക്കും ഉപജീവനത്തിനും മറ്റുമായി ധനാഗമ മാര്‍ഗങ്ങള്‍ കരുതിവച്ച് പരമാവധി പരാശ്രയം ഒഴിവാക്കേണ്ടിയിരിക്കുന്നു.
ആഗ്രഹങ്ങള്‍ പരിമിതമാകുന്ന വാര്‍ധക്യത്തില്‍ മാനസിക സ്വസ്ഥതയ്ക്കാണ് പ്രഥമ പരിഗണന. സമപ്രായക്കാരുടെ ഒത്തുചേരലുകളും കലകളും കൊച്ചു യാത്രകളുമെല്ലാം അവരുടെ മനസുകളെ ഉണര്‍ത്തി ഇക്കാലവും ജീവിതയോഗ്യമാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും.
കുടുംബത്തിനും സമൂഹത്തിനുമായി സജീവമായ ഒരു ജീവിതം ആടിത്തീര്‍ത്തവര്‍ക്ക് ബാധ്യതകളില്ലാതെ ആസ്വദിക്കാന്‍ കിട്ടുന്ന കാലമാണ് വാര്‍ധക്യം. മുന്‍കൂട്ടി കരുതലോടെ നീങ്ങിയാല്‍ അത്യാവശ്യം ശാരീരിക അവശതകളുടെ ഇടയിലും സായാഹ്നത്തില്‍ മധുരത്തിന്റെ ചെറുതരികള്‍ കെണ്ടത്താന്‍ കഴിയും.

കൂട് മാറാം, കൂറ് മാറരുത്

വിദേശം നല്‍കുന്ന സാധ്യതകള്‍ മലയാളിക്ക് എന്നും ഒരു ആകര്‍ഷണമായിരുന്നു. ഇന്നത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നമ്മുടെ നാടിനെ വളര്‍ത്തിയതില്‍ വിദേശത്തു ജോലി ചെയ്ത് നേടിയ സമ്പാദ്യത്തിന് വലിയൊരു പങ്കുണ്ട്. അറേബ്യന്‍ രാജ്യങ്ങളായിരുന്നു ഒരു കാലത്ത് മലയാളിയുടെ ഇഷ്ട ഇടം എങ്കില്‍ ഇന്നത് യൂറോപ്യന്‍ രാജ്യങ്ങളായി മാറിക്കഴിഞ്ഞു. മികച്ച തൊഴില്‍ സംസ്‌കാരവും ഏതു ജോലിക്കും ലഭിക്കുന്ന അംഗീകാരവും ഉയര്‍ന്ന വേതനവും മികച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങളുമൊക്കെ കൂടുതലായി നമ്മുടെ ആളുകളെ അവിടേക്ക് ആകര്‍ഷിക്കുകയാണ്. കൂടാതെ വിദേശ സര്‍വകലാശാലകള്‍ നല്‍കുന്ന പഠന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നല്ല ഒരു വിഭാഗം പഠനത്തിനായും കടല്‍ കടക്കുകയാണ്.
വിദേശ കുടിയേറ്റം നാടിന് നല്‍കുന്ന നന്മകള്‍ ഏറെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള കുടിയേറ്റങ്ങള്‍ അവശേഷിപ്പിക്കുന്ന ചില മുറിപ്പാടുകള്‍ കാണാതിരിക്കാനാവില്ല. ഗള്‍ഫിലേക്കുള്ള കുടിയേറ്റം നാടിന് ഒരു ഉണര്‍വായിരുന്നു. സമ്പാദിക്കുന്ന പണം തിരികെ വരുന്ന കാലത്തിലേക്കായി വീടായും സ്ഥലമായും ബിസിനസ്സായുമൊക്കെ രൂപാന്തരപ്പെട്ടപ്പോള്‍ അത് നാടിന്റെ സമ്പദ്‌വ്യവസ്ഥക്ക് താങ്ങായി. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ അവിടെത്തന്നെ സ്ഥലവും വീടും ഒപ്പം അവിടുത്തെ സ്ഥിരതാമസക്കാര്‍ എന്ന ലേബലും സ്വന്തമാക്കുന്നതോടെ നാടിന് അവരെയും അവരുടെ സാമ്പത്തിക പിന്തുണയും നഷ്ടമാവുകയാണ്. ജനിച്ച നാട്ടില്‍ ജീവിക്കാന്‍ ആഗ്രഹിച്ചാലും സുസ്ഥിരമായ ചുറ്റുപാടുകള്‍ ഉറപ്പു നല്‍കാത്ത സംവിധാനങ്ങള്‍ക്ക് നാം ആരെ പഴി പറയണം.
മക്കളൊക്കെ നല്ല നിലയിലായി എന്ന് അഭിമാനിക്കാന്‍ ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ? എന്നാല്‍ മക്കള്‍ നല്ല നിലയില്‍ എത്തിക്കഴിഞ്ഞാല്‍ നാട്ടില്‍ തനിച്ചാവുന്ന മാതാപിതാക്കള്‍ ഇന്നത്തെ നൊമ്പരകാഴ്ചയാണ്. കൊച്ചുമക്കളെ താലോലിക്കാന്‍ കൊതിയോടെ അവരുടെ വരവിനായി കാത്തിരിക്കുന്ന വൃദ്ധമനസ്സുകളെ കാണാതെ പോകരുത്. ഓരോരോ കാരണങ്ങള്‍ പറഞ്ഞ് അവധിക്കാലം അവിടെത്തന്നെ ആഘോഷിക്കുമ്പോള്‍ മാതാപിതാക്കള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമൊക്കെ അതൊരു വേദനയാണ്; ബന്ധങ്ങള്‍ മുറിയാതിരിക്കട്ടെ. നിങ്ങള്‍ അവിടെ ജീവിച്ചോളൂ, പക്ഷേ ജന്മനാട് നിങ്ങള്‍ക്ക് അന്യമാകരുത്. നമ്മുടെ മക്കള്‍ അവിടെ വളര്‍ന്നോട്ടെ, പക്ഷേ നമ്മുടെ നാടിന്റെ നന്മയുള്ള സംസ്‌ക്കാരം കൂടെ അവര്‍ക്ക് നല്‍കണം. ഈ നാടിനോട് കൂറുള്ള ഒരു ജനത ലോകത്തിന്റെ നാനാദിക്കിലും ഉെന്നത് ഈ നാടിന് ആത്മവിശ്വാസം പകരട്ടെ.

ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്ന കുടുംബനയങ്ങള്‍ വേണം: മാര്‍പാപ്പ

ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബസൗഹൃദ നയങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര കുടുംബദിനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നാം അഭിമുഖീകരിക്കുന്ന ജനസംഖ്യയുടെ കുറവ് എന്ന യാഥാര്‍ത്ഥ്യത്തിനുള്ള മറുമരുന്ന് കുടുംബങ്ങള്‍ വിപുലീകരിക്കുകയെന്നത് മാത്രമാണെന്ന് മാര്‍പാപ്പ പറഞ്ഞു.
എല്ലാ രാജ്യങ്ങളിലെയും സാമൂഹികവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ നയങ്ങള്‍ കുടുംബജീവിതത്തോടുള്ള സൗഹൃദത്തോടും സ്വീകാര്യതയോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഇന്ന് പലരും കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് കുടുംബങ്ങള്‍ നടത്തുന്ന ഒരു സംരഭം ആയിട്ടാണ് കാണുന്നത്. നിര്‍ഭാഗ്യവച്ചാല്‍ നിരാശയിലും ഭക്തിയിലും അല്ലെങ്കില്‍ അനിശ്ചിതത്വത്തില്‍ വളരുന്ന യുവതലമുറയുടെ മാനസീകവസ്ഥയെ ഈ മനോഭാവം അസ്വസ്ഥമാക്കുന്നുവെന്ന് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.

ഇന്‍ഫാം കാര്‍ഷിക കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്‍ഫാം താമരശേരി കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ താമരശേരി അഗ്രികള്‍ച്ചറല്‍ സോഷ്യല്‍ വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചു. ജാതിഭേദമെന്യേ സമഗ്രമായ വളര്‍ച്ചയും കര്‍ഷകരുടെ ക്ഷേമവും ലക്ഷ്യമിട്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫാം കാര്‍ഷിക ജില്ല ആസ്ഥാനമായ താമരശേരി മാര്‍ മങ്കുഴിക്കരി മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന പ്രഥമ പൊതുയോഗത്തില്‍ സൊസൈറ്റിയുടെ പ്രമോട്ടറും ഇന്‍ഫാം ഡയറക്ടറുമായി ഫാ. ജോസ് പെണ്ണാപറമ്പില്‍ അധ്യക്ഷത വഹിച്ചു. താമരശേരി രൂപത ചാന്‍സലര്‍ ഫാ. ചെറിയാന്‍ പൊങ്ങന്‍പാറ മുഖ്യാതിഥിയായിരുന്നു. പൊതുയോഗത്തില്‍ അംഗീകാര പത്രവും കാറ്റഗറിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹകരണ വകുപ്പ് അംഗീകരിച്ച നിയമാവലിയും കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ മിനി ചെറിയാന്‍ സൊസൈറ്റി ചീഫ് പ്രമോട്ടര്‍ പി. പി. അഗസ്റ്റിന് കൈമാറി. ടി. ഡി. മാര്‍ട്ടിന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. പ്രമോട്ടര്‍മാരായ ജോണ്‍ കുന്നത്തേട്ട്, സിസിലി തോമസ്, ടി. ജെ. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് താല്‍ക്കാലിക ഭരണസമിതിയിലേക്ക് ഫാ. ജോസ് ജോര്‍ജ്, പി. പി.അഗസ്റ്റിന്‍, സി. യു. ജോണ്‍, ജോര്‍ജ് ബ്രൗണ്‍, സിസിലി തോമസ്, ടി. ഡി. മാര്‍ട്ടിന്‍, ബിജുമോന്‍ ജോര്‍ജ്, ഷെല്ലി ജോര്‍ജ്, റീന ജോയ്, മേഴ്സി ജോണ്‍, ടി. ജെ. സണ്ണി എന്നിവരടങ്ങുന്ന പതിനൊന്നംഗ സമിതിയെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന സൊസൈറ്റിയുടെ പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പി. പി.അഗസ്റ്റിന്‍ (പ്രസിഡന്റ്), സി. യു. ജോണ്‍ (ഹോണററി സെക്രട്ടറി), ജോര്‍ജ് ബ്രൗണ്‍ (വൈസ് പ്രസിഡന്റ്) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞടുത്തു.

ലോഗോസ് ബൈബിള്‍ ക്വിസ് ഇടവകാതല മത്സരം സെപ്റ്റംബറില്‍

കോഴിക്കോട്: കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന 23-ാം ലോഗോസ് ബൈബിള്‍ ക്വിസിന്റെ രൂപതാതല മത്സരം സെപ്റ്റംബര്‍ 24ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 3.30 വരെ ഇടവകകളില്‍ നടക്കും. ജോഷ്വ 13-24, പ്രഭാഷകന്‍ 27-33, ലൂക്ക 1-8, 2 കോറിന്തോസ് 1-6 അധ്യായങ്ങളാണ് പഠനഭാഗം. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ആറ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല മത്സരം നവംബര്‍ അഞ്ചിനും മെഗാ ഫൈനല്‍ നവംബര്‍ 18 മുതല്‍ 19 വരെയുമാണ്. ലോഗോസ് പ്രതിഭയ്ക്ക് 50,000 രൂപയ്ക്കുമുകളില്‍ സമ്മാനം ലഭിക്കും. ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന രൂപതകള്‍ക്കും ഇടവകകള്‍ക്കും പ്രത്യേക സമ്മാനങ്ങളുണ്ട്. വിജയികളാകുന്നവര്‍ക്ക് കെസിബിസി ബൈബിള്‍ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലുകളും ട്രോഫികളും ഷീല്‍ഡുകളും ക്യാഷ് അവാര്‍ഡുകളുമുണ്ട്.

‘വി. ഫ്രാന്‍സിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങള്‍’ പ്രകാശനം ചെയ്തു

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രചിച്ച വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങള്‍ എന്ന ഗ്രന്ഥം രൂപതാ ദിനത്തില്‍ പ്രകാശനം ചെയ്തു. മാര്‍ ജേക്കബ് തൂങ്കുഴി കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് ആദ്യ പ്രതി നല്‍കി.
വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ പ്രസംഗങ്ങളും രചനകളും പഠിച്ച് അവയില്‍ തെളിഞ്ഞു നില്‍ക്കുന്ന സാരോപദേശങ്ങളെ കോര്‍ത്തിണക്കിയാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ രചിച്ച രണ്ടാമത്തെ ഗ്രന്ഥമാണിത്. പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസാധകര്‍. കോപ്പികള്‍ക്ക്: 7907810078

കൂട്ടായ്മയുടെ പ്രഘോഷണമായി താമരശ്ശേരി രൂപതാ ദിനം

കോടഞ്ചേരി: കൂട്ടായ്മയുടെ ഉത്സവമായി താമരശ്ശേരി രൂപതയുടെ 37-ാം രൂപതാ ദിനം പ്രൗഢ ഗംഭീര ചടങ്ങുകളോടെ ആഘോഷിച്ചു. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. രാവിലെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തിയതോടെ രൂപതാദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന കൃതജ്ഞതാ ബലിയില്‍ ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കുന്നത്ത്, വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
നാലു വേദികളിലായി പ്രതിനിധി സമ്മേളനങ്ങള്‍ നടന്നു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നഗറില്‍ നടന്ന വൈദികരുടെയും സന്യസ്തരുടെയും സമ്മേളനത്തില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ക്ലാസെടുത്തു.
വിവിധ ഭക്തസംഘടനകളുടെ പ്രതിനിധി സമ്മേളനം സെന്റ് അല്‍ഫോന്‍സ നഗറില്‍ നടന്നു. വടവാതൂര്‍ സെമിനാരിയി അധ്യാപകന്‍ ഫാ. ജോസഫ് കടുപ്പില്‍ ക്ലാസ് എടുത്തു.വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയും വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചു.
മാര്‍ മങ്കുഴിക്കരി നഗറില്‍ നടന്ന യുവജന സംഘമത്തില്‍ കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാലില്‍ ക്ലാസെടുത്തു. ബിജു തോണക്കര മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രവര്‍ത്തക സിമി ആന്റണി (കൂടത്തായി), മിച്ച പ്രവര്‍ത്തകന്‍ അരുണ്‍ ജോഷി (മഞ്ഞക്കുന്ന്), എന്നിവരും മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട പുല്ലൂരാംപാറയ്ക്കു വേണ്ടി യൂണിറ്റ് ഭാരവാഹികളും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി നഗറില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗ് പ്രതിനിധി സമ്മേളനത്തില്‍ തോമസ് കല്ലറയ്ക്കല്‍ ക്ലാസെടുത്തു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ദിനം കൂട്ടായ്മയുടെ വലിയ അടയാളമാണ്. കൂട്ടായ്മയില്‍ നിലനില്‍ക്കാന്‍ നമ്മെ സഹായിക്കുന്നതാണ് ഇത്തരം സമ്മേളനങ്ങള്‍. പ്രതിസന്ധികളെ ഓര്‍ത്ത് ഭയപ്പെടേണ്ട. എല്ലാക്കാലവും പ്രതിസന്ധികള്‍ നമുക്കു ചുറ്റുമുണ്ടാകും. എന്നാല്‍ ഇസ്രായേലിനെ നയിച്ച ദൈവം എല്ലാ പ്രതിസന്ധികളില്‍ നിന്നും നമ്മെ മുന്നോട്ടു നയിക്കും – അധ്യക്ഷ പ്രസംഗത്തില്‍ ബിഷപ് പറഞ്ഞു.
ബിഷപ് മാര്‍ അലക്‌സ് താരാമംഗലം സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയേയും ഇടവകയേയും അജപാലകരെയും അജപാലന സംരംഭങ്ങളയും വിശ്വാസത്തെയും അടുത്തറിയാനുള്ള ക്ഷണമാണ് രൂപതാ ദിനം. ഈശോയെ അടുത്ത് അറിയുവാന്‍ രൂപതാദിനാഘോഷങ്ങളിലൂടെ സാധിക്കും. ഈശോയെന്ന വിസ്മയത്തില്‍ ലയിച്ചു കഴിയുമ്പോള്‍ മാത്രമാണ് ക്രൈസ്തവന്‍ ഉത്തമ മനുഷ്യരായി രൂപാന്തരപ്പെടുകയുള്ളു. പ്രാര്‍ത്ഥന നമ്മുടെ ജീവിത മന്ത്രമാകണം- അദ്ദേഹം പറഞ്ഞു.
മാര്‍ ജേക്കബ് തൂങ്കുഴി, രൂപതാ വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, സിസ്റ്റര്‍ ഡെല്‍സി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ് മാര്‍ അലക്സ് താരാമംഗലം, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജോസഫ് കുന്നത്ത്, എന്നിവരെയും രാഷ്ട്രദീപിക ലിമിറ്റഡിന്റെ എംഡിയായി നിയമിതനായ ഫാ. ബെന്നി മുണ്ടനാട്ടിനെയും ചടങ്ങില്‍ ആദരിച്ചു.
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ലോഗോ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. പദ്ധതി അവതരണവും നടന്നു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version