കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പ് സമാപനം

കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം നാളെ (സെപ്റ്റംബര്‍ 8) സമാപിക്കും. നാളെ രാവിലെ ആറിനും 10നും വിശുദ്ധ കുര്‍ബാനയും രണ്ടാമത്തെ കുര്‍ബാനയ്ക്കു ശേഷം ജപമാല റാലിയുമുണ്ടാകും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം.

മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി അര്‍പ്പിച്ചിരുന്നു. വിവിധ ദിവസങ്ങളിലായി നടന്ന മരിയന്‍ പ്രഭാഷണങ്ങള്‍ക്ക് ഫാ. ബിനു പുളിക്കല്‍, ഫാ. രാജേഷ് പള്ളിക്കാവയലില്‍, സിസ്റ്റര്‍ ലിസി ടോം എംഎസ്എംഐ, സജിത്ത് ജോസഫ്, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ നേതൃത്വം നല്‍കി.

എട്ടുനോമ്പിന്റെ ദിവസങ്ങളില്‍ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയും ജപമാലയുമുണ്ടായിരുന്നു. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കോടഞ്ചേരി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, അസി. വികാരി ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, കൈക്കാരന്മാരായ ബാബു വേലിക്കകത്ത്, ജോസ് കപ്യാരുമലയില്‍, സേവ്യര്‍ വലിയമറ്റം, തങ്കച്ചന്‍ പുലയന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു

ആനന്ദത്തിനും സന്തോഷത്തിനും വേണ്ടി പരക്കം പായുന്ന ലോകത്താണല്ലോ നാം. എന്തു തട്ടിപ്പും വെട്ടിപ്പും ഗുണ്ടായിസവും കാണിച്ചിട്ടാണെങ്കിലും ആനന്ദിക്കണം. മദ്യം, മയക്കുമരുന്ന്, അഴിമതി, അശ്ലീലം എന്നിങ്ങനെ നീളുന്ന പട്ടികയുടെ പിന്നിലും സന്തോഷിക്കണം, ആനന്ദിക്കണം എന്ന ചിന്തതന്നെയാണ്. എന്നാല്‍ ഈ ആനന്ദം ശാശ്വതമാണോ? ഇത്തരം ആനന്ദങ്ങള്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന കഥകള്‍ എത്രയോ നാം കേട്ടിരിക്കുന്നു. എന്നാല്‍ പരിശുദ്ധ കന്യകാ മറിയം പറയുന്നത് ‘എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്ക 1/47) എന്നാണ്. ആര് മനസിലാക്കിയാലും ഇല്ലെങ്കിലും എന്നെ മനസിലാക്കുന്ന ദൈവം എനിക്ക് നന്മ മാത്രമേ തരികയുള്ളു എന്ന ആഴമായ വിശ്വാസം പരിശുദ്ധ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയ്ക്ക് ഇങ്ങനെ പറയാന്‍ സാധിച്ചത്.

ഇന്ന് നാം മംഗളവാര്‍ത്ത എന്ന് പറയുന്ന ‘വാര്‍ത്ത’ അന്ന് പരിശുദ്ധ അമ്മയെ സംബന്ധിച്ചിടത്തോളം മംഗളമായിരുന്നോ? ഭാവിയെക്കുറിച്ച് എത്രമാത്രം ഉത്കണ്ഠയും ഭയവും സംശയങ്ങളും നിറഞ്ഞ അവസ്ഥയിലൂടെയായിരിക്കും കന്യകാ മറിയം കടന്നു പോയിട്ടുണ്ടാകുക? പക്ഷെ, പരിശുദ്ധ അമ്മയുടെ ഹൃദയത്തിലെ ആനന്ദത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. അമ്മ എപ്പോഴും ദൈവത്തോടു കൂടിയായിരുന്നു. അതിനാലാണ് ഗബ്രിയേല്‍ ദൂതന്‍ അമ്മയോട് ഇപ്രകാരം പറഞ്ഞത്: ‘കര്‍ത്താവ് നിന്നോടു കൂടെ’ (ലൂക്ക12:8)

ബത്‌ലഹേമിലേക്കുള്ള യാത്രയിലും ഉണ്ണക്കു പിറക്കാനൊരിടം കിട്ടാത്തപ്പോഴും ഈജിപ്തിലേക്കുള്ള പലായനത്തിലും ശിമയോന്റെ പ്രവചനം കേട്ടപ്പോഴും ഉണ്ണിയെ കാണാതായപ്പോഴും അവസാനം കുരിശിന്‍ ചുവട്ടില്‍ പോലും പരിശുദ്ധ കന്യകാ മറിയം ഹൃദയത്തിന്റെ അനന്ദം നഷ്ടപ്പെടുത്തിയില്ല. അതിന്റെ കാരണവും അമ്മ വ്യക്തമാക്കുന്നുണ്ട്: ‘അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു’ (ലൂക്ക 1:48). താഴ്മയുള്ളവരുടെ കൂടെയാണ് ദൈവം. ‘അഹങ്കരിക്കുന്നവരോട് കര്‍ത്താവിന് വെറുപ്പാണ് (സുഭാഷിതങ്ങള്‍ 16:5)

ഇടപെട്ടിരുന്ന വ്യക്തികളിലേക്കും ഇടങ്ങളിലേക്കുമെല്ലാം തന്റെ ആനന്ദം പകരുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധിച്ചിരുന്നു. കാനായിലെ വിവാഹവിരുന്നില്‍ വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍ ആ കുടുംബത്തിന്റെ ആനന്ദം നഷ്ടമാകാതിരിക്കുവാന്‍ അമ്മ അവിടെ ഇടപെടുന്നു. ഇന്നും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ വിഷമതകളില്‍ അമ്മ ഇടപെടുന്നുണ്ട്. എട്ടു നോമ്പ് ആചരണത്തിന്റെ പിന്നിലും അത്തരമൊരു ഇടപെടലിന്റെ കഥയുണ്ട്. കേരള ക്രൈസ്തവര്‍ അഭിമുഖീകരിക്കേണ്ടി വന്ന വലിയ പ്രതിസന്ധിയായിരുന്നു ടിപ്പു സുല്‍ത്താന്റെ ആക്രമണം. നിസഹായാവസ്ഥയില്‍ എസ്‌തേര്‍ രാജ്ഞി തന്റെ ജനത്തെ രക്ഷിക്കണമേയെന്ന് പറഞ്ഞു കര്‍ത്താവിങ്കലേക്ക് ഓടിയതുപോലെ ഇവിടുത്തെ സ്ത്രീകള്‍ നെഞ്ചുപൊട്ടി മാതാവിനെ വിളിച്ച് അപേക്ഷിച്ചു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയിലൂടെ ടിപ്പു സുല്‍ത്താന്റെ പതനവും കേരളക്കരയിലെ ക്രൈസ്തവരുടെ മോചനവും യാഥാര്‍ത്ഥ്യമായി.

ദുഃഖങ്ങളെല്ലാം പങ്കുവയ്ക്കാന്‍ ഒരമ്മയുള്ളത് എത്രയോ ആശ്വാസപ്രദമാണ്. മക്കളെ സഹായിക്കാന്‍ കാത്തിരിക്കുന്ന ഈ അമ്മയെ നമുക്ക് ചേര്‍ത്തു പിടിക്കാം. അമ്മയുടെ സാന്നിധ്യവും സംരക്ഷണവും നമുക്ക് അനുഭവിക്കാം. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആ കരങ്ങളില്‍ ചുംബിക്കാം.

തയ്യാറാക്കിയത്: സിസ്റ്റര്‍ സോസിമ MSJ

Exit mobile version