പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട്: ദൈവശാസ്ത്ര കോഴ്സ് കോൺവൊക്കേഷൻ നടത്തി

താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ 2022-23 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്രിസ്തുവിനെയും സഭയെയും കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ വിവിധ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നതെന്നും കൂടുതല്‍ അറിയുന്നതിലൂടെ ക്രിസ്തുവിനെയും സഭയേയും കൂടുതല്‍ സ്‌നേഹിക്കാന്‍ കഴിയുമെന്നും ബിഷപ് പറഞ്ഞു. അജ്ഞത തെറ്റിലേക്ക് നയിക്കും. ജ്ഞാനത്തെ അന്വേഷിക്കുമ്പോഴാണ് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, ബിഷപ് കൂട്ടിച്ചേര്‍ത്തു.

പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ബിനു കുളത്തിങ്കല്‍, പി.എം.ഒ.സി ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠം, സിസ്റ്റര്‍ ആഞ്ചല എസ്.എഫ്.എന്‍, സിസ്റ്റര്‍ സ്‌നേഹ മെറിന്‍ സി.എം.സി, വി. ഒ. വര്‍ക്കി, ഡോ. ഷാന്റി ജോസ് എന്നിവര്‍ പ്രസംഗിച്ചു. 45 പേരാണ് ഏകവത്സര ദൈവശാസ്ത്ര കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയത്.

തറവാട് സീനിയര്‍ സിറ്റിസണ്‍ ഹോം അംഗങ്ങളും, ചക്കിട്ടപ്പാറ ഇടവകാംഗമായ അലക്സിയ കാതറിനും വിവിധ കലാപരിപാടികൾ ഇതോടൊപ്പം അവതരിപ്പിച്ചു.

ജനുവരി 8: വിശുദ്ധ ക്‌ളൗദിയൂസ് അപ്പൊളിനാരിസ്

ഫ്രീജിയായില്‍ ഹീറാപ്പോലീസിലെ മെത്രാനായിരുന്നു അപ്പോളിനാരിസ് ക്‌ളൗദിയൂസ്. സമകാലിക പാഷണ്ഡികളോട് അദ്ദേഹം വീറോടെ പോരാടി. പാഷണ്ഡികള്‍ക്കെതിരായി പല വിശിഷ്ട ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഏറ്റവും വിശിഷ്ടമായ അദ്ദേഹത്തിന്റെ ഗ്രന്ഥം മാര്‍ക്കൊസ് ഔറേലിയസ് ചക്രവര്‍ത്തിക്ക് അദ്ദേഹം സമര്‍പ്പിച്ച ക്രിസ്തുമതത്തിന് ഒരു ക്ഷമാര്‍പ്പണമെന്നതാണ്.

ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന വഴി ക്വാദികളുടമേല്‍ ചക്രവര്‍ത്തിക്കു ലഭിച്ച വിജയത്തിനു ശേഷമാണ് ഈ ഗ്രന്ഥം അദ്ദേഹം എഴുതിയത്. പ്രസ്തുത വിജയത്തില്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം അനുസ്മരിപ്പിച്ചുകൊണ്ട് മതപീഡനം നിര്‍ത്താന്‍ ചക്രവര്‍ത്തിയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രിസ്ത്യാനികളെ അവരുടെ മതവിശ്വാസത്തെപ്രതി കുറ്റപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചക്രവര്‍ത്തി വിളംബരം ചെയ്‌തെങ്കിലും മതപീഡനം പിന്‍വലിച്ചില്ല. ഒരിക്കല്‍ ഒരു നിയമമുണ്ടാക്കിയാല്‍ അത് പിന്‍വലിച്ചുകൂടാ എന്ന റോമന്‍ തത്വമനുസരിച്ചായിരുന്നു അത്. ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കാനും ക്രിസ്ത്യാനികളെ മരണവക്രത്തില്‍ നിന്ന് മോചിക്കാനും അപ്പൊളിനാരിസു ചെയ്ത പരിശ്രമം തിരുസഭയോടുള്ള നമ്മുടെ സ്‌നേഹം വര്‍ദ്ധിപ്പിക്കട്ടെ.

ജനുവരി 7: പെനിഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

സ്പാനിഷുകാരനാണ് വിശുദ്ധ റെയ്മണ്ട്. ഇരുപതാമത്തെ വയസില്‍ ബൊളോഞ്ഞോ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റു നേടിയ റെയ്മണ്ട് അവിടത്തന്നെ തത്വശാസ്ത്രം പഠിപ്പിച്ചു. 1222-ല്‍ അദ്ദേഹം ബാഴ്‌സലോണയിലേക്ക് തിരിച്ചു വന്നു. ഡൊമിനിക്കന്‍ സഭയില്‍ പ്രവേശിച്ചു. ആറു കൊല്ലം ബാഴ്‌സലോണയില്‍ പഠിപ്പിച്ച ശേഷം അദ്ദേഹം വീണ്ടെടുപ്പു മാതാവിന്റെ സന്യാസ സഭ സ്ഥാപിച്ച് അടിമകളുടെ മോചനത്തിനായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.

ആരഗണിലെ ജെയിംസ് രാജാവിനെ പാപ മാര്‍ഗ്ഗത്തില്‍ നിന്നു മനസ്സു തിരിച്ചു. അറുപതാമത്തെ വയസ്സില്‍ റെയ്മണ്ട് തരഗോണാ ആര്‍ച്ചു ബിഷപ്പായി നിയമിതനായി. ആ ബഹുമാനം ഇഷ്ടപ്പെടാതെ രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. 63-ാമത്തെ വയസ്സില്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയുടെ മാസ്റ്റര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു. കാല്‍നടയായി എല്ലാ ഡൊമിനിക്കന്‍ ഭവനങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. 65-ാമത്തെ വയസ്സില്‍ അദ്ദേഹം രാജിവച്ചു. സ്ഥാനമൊഴിഞ്ഞ ശേഷം സാരസന്മാരുടെ ഇടയില്‍ സുവിശേഷം പ്രസംഗം നടത്തി. 18 വര്‍ഷംകൊണ്ട് പതിനായിരം പേരെ അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തി. നൂറാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

Exit mobile version