‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം ഏപ്രില്‍ 17ന്

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ ഏപ്രില്‍ 17-ന് ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും പങ്കെടുക്കും.

വൈദിക, സന്യസ്ത സംഗമം അപൂര്‍വമായി ലഭിക്കുന്ന അവസരമാണെന്നും കൂട്ടായ്മ ശക്തിപ്പെടുത്താന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു.

എംഎസ്എംഐ മേരിമാതാ പ്രൊവിന്‍സിന് പുതിയ സാരഥികള്‍

കോഴിക്കോട് മേരിമാതാ എംഎസ്എംഐ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ സോജ ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ എല്‍സിസ് മാത്യുവാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍.

കൗണ്‍സിലര്‍മാര്‍: സിസ്റ്റര്‍ റോസ്മി ജോണ്‍, സിസ്റ്റര്‍ മേരി പോള്‍, സിസ്റ്റര്‍ ഡെല്‍ന റോസ്.

സിസ്റ്റര്‍ പൗളിന മെലൈറ്റ് ഫിനാന്‍സ് ഓഫീസറായും സിസ്റ്റര്‍ ഡാര്‍ലി ജേക്കബ് പ്രൊവിന്‍ഷ്യല്‍ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ച്ച് 14: വിശുദ്ധ മറ്റില്‍ഡ

ഒരു സാക്‌സണ്‍ പ്രഭുവായ തെയോഡോറിക്കിന്റെ മകളാണ് മറ്റില്‍ഡ. വിവാഹം വരെ എര്‍ഫോര്‍ഡില്‍ ഒരു മഠത്തില്‍ അവള്‍ താമസിച്ചു. 913-ല്‍ സാക്‌സണില്‍ തന്നെയുള്ള ഓത്തോ പ്രഭു അവളെ വിവാഹം ചെയ്തു. ലോകമായകളില്‍ രാജ്ഞി ദര്‍ശിച്ചത് നീര്‍പ്പോളകളാണ്. പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു അവളുടെ മുഖ്യതൊഴില്‍. പകല്‍ മാത്രമല്ല രാത്രിയിലും ദീര്‍ഘനേരം രാജ്ഞി പ്രാര്‍ത്ഥനയിലും ധ്യാനത്തിലും മുഴുകിയിരുന്നു.

രോഗികളെ സന്ദര്‍ശിച്ചാശ്വസിപ്പിക്കുക, ദരിദ്രരെ സഹായിക്കുക, ഉപദേശിക്കുക എന്നിവ രാജ്ഞിക്ക് എത്രയും പ്രിയങ്കരമായ ജോലികളായിരുന്നു. കാരാഗൃഹവാസികള്‍ക്ക് സഹായങ്ങള്‍ നല്‍കി, അനുതപിക്കുവാന്‍ അവരെ ഉപദേശിച്ചുകൊണ്ടിരുന്നു. 23 കൊല്ലത്തെ വൈവാഹിക ജീവിതത്തിനു ശേഷം രാജ്ഞി ആഭരണങ്ങളെല്ലാം ഊരി ധര്‍മ്മകാര്യങ്ങള്‍ക്കുപയോഗിക്കാനായി ഒരു പുരോഹിതനെ ഏല്‍പ്പിച്ചു. തനിക്ക് ലഭിച്ച സ്വത്തുകൊണ്ട് രാജ്ഞി പല പള്ളികള്‍ പണിയിച്ചു. അജ്ഞരെ പഠിപ്പിക്കുക രാജ്ഞിക്ക് എത്രയും പ്രിയങ്കരമായിരുന്നു. 963 മാര്‍ച്ച് 14-ന് ചാക്കു ധരിച്ചും ചാരം പൂശിയും മറ്റില്‍ഡ രാജ്ഞി മരണത്തെ സ്വാഗതം ചെയ്തു.

Exit mobile version