പ്രത്യാശ മുഖ്യപ്രമേയമായി 2025 ലെ സാധാരണ ജൂബിലി വർഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ ആഘോഷപൂര്‍വമായ സന്ധ്യാ പ്രാര്‍ത്ഥനാ മദ്ധ്യേ 2025-ല്‍ നടക്കാനിരിക്കുന്ന ജൂബിലി വര്‍ഷ പ്രഖ്യാപന ചടങ്ങിന് ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ‘Spes non Confundit, പ്രത്യാശ നിരാശപ്പെടുത്തുന്നില്ല’ എന്ന ജൂബിലി സ്ഥാപന ബൂള പേപ്പല്‍ ബസിലിക്കകളിലെ മഹാപുരോഹിതന്മാര്‍ക്കും സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവന്മാര്‍ക്കും ആഗോള മെത്രാന്മാരുടെ പ്രതിനിധികള്‍ക്കും നല്‍കുകയും ചെയ്തു.സന്ധ്യാ പ്രാര്‍ത്ഥനയില്‍ ബൂള പരസ്യമായി വായിച്ചു.
ജൂബിലി വര്‍ഷം 2024-ലെ തിരുപ്പിറവി തിരുനാള്‍ രാത്രി വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കര്‍മ്മത്തിലൂടെ ആരംഭിക്കുമെന്ന് ബൂളയില്‍ പാപ്പാ പ്രഖ്യാപിച്ചു.
തുടര്‍ന്ന് ഡിസംബര്‍ 29-ന് റോമിന്റെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ വിശുദ്ധ കവാടവും തുറക്കും. ലോകം മുഴുവനുമുള്ള കത്തീഡ്രലുകളില്‍ പ്രാദേശിക മെത്രാന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ജൂബിലി ആരംഭിച്ചുകൊണ്ടുള്ള ദിവ്യബലി അര്‍പ്പിക്കപ്പെടും.
2025 ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാള്‍ ദിവസം പരിശുദ്ധ പിതാവ് റോമിലെ മരിയ മേജര്‍ ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കും. പ്രത്യക്ഷീകരണ തിരുനാളിന്റെ തലേന്നാള്‍ ജനുവരി അഞ്ചിനായിരിക്കും വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയുടെ വിശുദ്ധ കവാടം തുറക്കുന്ന കര്‍മ്മം.
ജൂബിലി വര്‍ഷത്തില്‍ ദൈവകൃപയിലുള്ള പ്രത്യാശയില്‍ ദൈവം ജനത്തെ മുഴുവന്‍ പങ്കുചേര്‍ക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പാപ്പാ എഴുതി. ലോകം മുഴുവനുള്ള പ്രാദേശിക സഭകളില്‍ 2025 ഡിസംബര്‍ 28-ന് ജൂബിലി സമാപിക്കുമ്പോള്‍ റോമിലെ ലാറ്ററന്‍, മേരി മേജര്‍, വിശുദ്ധ പൗലോസിന്റെ ബസിലിക്ക എന്നിവയുടെ വിശുദ്ധ കവാടം വീണ്ടും അടയ്ക്കും. റോമിലെ ജൂബിലി വര്‍ഷ സമാപനം 2026 ജനുവരി 6-ന് പ്രത്യക്ഷീകരണ തിരുനാളിനായിരിക്കും.
പ്രത്യാശിക്കുക എന്നാലെന്തെന്ന് എല്ലാവര്‍ക്കുമറിയാം. ഭാവിയെന്തെന്ന് അറിയില്ലെങ്കിലും എല്ലാ മനുഷ്യഹൃദയങ്ങളിലും വരാനിരിക്കുന്ന നല്ല കാര്യങ്ങള്‍ക്കായുള്ള ആഗ്രഹം ഉണ്ട്. പ്രത്യാശയില്‍ നവീകൃതരാകാനുള്ള ഒരവസരമാകട്ടെ ജൂബിലി എന്ന് ഫ്രാന്‍സിസ് പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചു.
പരമ്പരാഗതമായി ജീവിതത്തിന്റെ അര്‍ത്ഥം തേടി നടത്തുന്ന തീര്‍ത്ഥാടനം ജൂബിലിയുടെ അടിസ്ഥാനപരമായ സംഭവമാണ്. സൃഷ്ടിയുടെ മഹത്വം കണ്ട് നടത്തുന്ന ആ യാത്ര ദൈവത്തിന്റെ കരവേലയെ സ്തുതിക്കാനും നന്ദി പറയുവാനുമുള്ള അവസരമാണ്.
വര്‍ഷം മുഴുവനും ലഭ്യമാകത്തക്കവിധം വിവിധ പ്രാദേശിക സഭകളോടു കുമ്പസാരക്കാരെയും അനുരഞ്ജന കൂദാശയ്ക്കായി വിശ്വാസികളെയും ഒരുക്കാന്‍ പാപ്പാ ആവശ്യപ്പെട്ടു. പ്രത്യേക തരത്തില്‍ ജൂബിലിയില്‍ പങ്കുചേരാന്‍ പൗരസ്ത്യ സഭകളോടഭ്യര്‍ത്ഥിച്ച പാപ്പാ അക്രമങ്ങളും അസ്ഥിരതകളും മൂലം ”കുരിശിന്റെ വഴി ഏറ്റെടുക്കേണ്ടി വരുന്ന’ സ്വന്തം നാടുവിടേണ്ടി വരുന്നവരേയും പാപ്പാ അനുസ്മരിച്ചു
പ്രത്യാശയുടെ പ്രകാശം എല്ലാവര്‍ക്കുമായുള്ള സ്‌നേഹ സന്ദേശമായി സകലജനങ്ങളെയും പ്രകാശിപ്പിക്കുന്നതാകട്ടെ ഈ ജൂബിലി വര്‍ഷം എന്ന് പ്രാര്‍ത്ഥിച്ച പരിശുദ്ധ പിതാവ് സഭ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സന്ദേശത്തിന്റെ വിശ്വസ്ത സാക്ഷികളായി തീരട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.
വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളും സംഘര്‍ഷങ്ങളും നല്‍കുന്ന ”കാലത്തിന്റെ അടയാളങ്ങള്‍” ആയി സമാധാനത്തിനായുള്ള ആഗ്രഹവും, പല രാജ്യങ്ങളുമഭിമുഖീകരിക്കുന്ന ജനസംഖ്യാപരമായ ശിശിരവും സൂചിപ്പിച്ച പാപ്പാ പ്രത്യാശയെ വളര്‍ത്താനും പിന്‍തുണയ്ക്കാനും ഒരു സാമൂഹിക ഉടമ്പടിക്കായും ആഹ്വാനം നടത്തി.
ജൂബിലി വര്‍ഷത്തിന്റെ പാരമ്പര്യത്തില്‍ ഉണ്ടായിരുന്ന പൊതുമാപ്പിന്റെ കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് തടവുകാര്‍ക്ക് പൊതുമാപ്പു നല്‍കാനുള്ള ആവശ്യവും മുന്നോട്ടുവച്ചു. തടവുകാരെ പ്രത്യാശയോടെയും വിശ്വാസത്തോടെയും കൂടി ഭാവിയെ നോക്കാന്‍ ക്ഷണിക്കുന്നതിനായി വ്യക്തിപരമായി ജയിലുകളില്‍ ഒരു വിശുദ്ധ കാവാടം തുറക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട്, തടവുകാരോടുള്ള പെരുമാറ്റത്തില്‍ അവരുടെ അവകാശങ്ങളും അന്തസ്സും മാനിക്കാനും, മരണശിക്ഷ നിര്‍ത്തലാക്കാനും പാപ്പാ അഭ്യര്‍ത്ഥിച്ചു.
രോഗികള്‍ക്കും, യുവാക്കള്‍ക്കും വൃദ്ധര്‍ക്കും പ്രത്യേകിച്ച് മുത്തശ്ശി മുത്തച്ഛന്മാര്‍ക്കും, കുടിയേറ്റക്കാര്‍ക്കും ദരിദ്രര്‍ക്കും പ്രത്യാശ പകരേണ്ട കാര്യങ്ങളും ബൂളയിലുണ്ട്. ഭൂമിയുടെ ഫലങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാകയാല്‍, ദരിദ്രരെ സഹായിക്കാന്‍ എല്ലാവരോടും മുന്നോട്ടു വരുന്ന സമ്പദ് രാജ്യങ്ങളോടു കടങ്ങള്‍ തിരിച്ചടക്കാന്‍ കഴിയാത്ത രാഷ്ട്രങ്ങളുടെ കടങ്ങള്‍ എഴുതിതള്ളാനും ആവശ്യപ്പെടുന്നു.
ആദ്യത്തെ എക്യുമേനിക്കല്‍ കൗണ്‍സിലിന്റെ 1700 മത് വാര്‍ഷികം ഓര്‍മ്മിച്ച പാപ്പാ 2025 ക്രൈസ്തവ ഐക്യത്തിന് നവീകരിച്ച ശ്രമങ്ങള്‍ നടത്താനും സിനഡാലിറ്റിയുടെ പ്രത്യക്ഷമായ പ്രകടനങ്ങള്‍ കാണിക്കുവാനും എല്ലാ ക്രൈസ്തവരും ഒരുമിച്ചുള്ള ഒരു ഉയിര്‍പ്പു തിരുനാള്‍ വരുന്ന 2025 ല്‍ ആഘോഷിക്കുന്നതിന് പുരോഗമനമുണ്ടാവട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.
ക്രൈസ്തവന്റെ പ്രത്യാശ, ഓരോ വ്യക്തിക്കും വേണ്ടിയുള്ള ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും അടിസ്ഥാനമാക്കിയുള്ളതാണ്. സ്വര്‍ഗ്ഗത്തില്‍ ദൈവവുമായുള്ള ഐക്യമാണ് അതിന്റെ ലക്ഷ്യം. ദൈവത്തിന്റെ കരുണയാലാണ് നാം രക്ഷിക്കപ്പെടുന്നതെന്നത് ദണ്ഡവിമോചനമെന്ന ദാനത്തില്‍ പ്രതിഫലിക്കുന്നു. കുമ്പസാരം പാപങ്ങള്‍ കഴുകി കളയുമ്പോള്‍, ദണ്ഡ വിമോചനം -ജൂബിലിയിലെ ദണ്ഡ വിമോചനം ഉള്‍പ്പെടെ – കുമ്പസാരത്തില്‍ ക്ഷമിക്കപ്പെട്ട പാപങ്ങളുടെ ഫലങ്ങള്‍ നീക്കം ചെയ്യുന്നു. ദണ്ഡ വിമോചനത്തിനുള്ള പ്രത്യേക നിബന്ധനകള്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് ബൂളയില്‍ സൂചന നല്‍കുന്നുമുണ്ട്.
ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ മങ്ങാത്ത ഒന്നായിരിക്കട്ടെ വരുന്ന ജൂബിലി വര്‍ഷം എന്ന ഒരു വരിയോടെയാണ് ഫ്രാന്‍സിസ് പാപ്പാ ബൂള അവസാനിപ്പിക്കുന്നത്. അങ്ങനെ സഭയിലും സമൂഹത്തിലും, വ്യക്തി, അന്തര്‍ദേശീയ ബന്ധങ്ങളിലും എല്ലാ വ്യക്തികളുടെയും അന്തസ്സും ദൈവത്തിന്റെ സൃഷ്ടിയോടുള്ള ബഹുമാനവും അഭിവൃദ്ധിപ്പെടുന്നുവാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ വീണ്ടെടുക്കാന്‍ നമുക്കാവട്ടെ എന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.