സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ മതാന്തര സംവാദങ്ങളില്‍ പങ്കെടുക്കുന്ന പാപ്പയ്ക്ക് ഇരിക്കാനുള്ള കസേര ഒരുക്കിയത് സിംഗപ്പൂരിലെ ഇന്ത്യന്‍വംശജന്‍ ഗോവിന്ദരാജ് മുത്തയ്യ. രണ്ടു കസേരകളാണ് അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്.
ജൂലൈ അവസാനത്തോടെ സിംഗപ്പൂരിലെ റോമന്‍ കാത്തലിക് അതിരൂപതയില്‍ നിന്നാണ് കസേരകള്‍ നിര്‍മിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചതെന്നും യന്ത്രങ്ങളുടെ സഹായമില്ലാതെ 100 ശതമാനവും കൈകള്‍കൊണ്ടാണ് കസേരകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഗോവിന്ദരാജ് പറയുന്നു.
”പതിനെട്ടാം നൂറ്റാണ്ടിലെ ഫര്‍ണിച്ചറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കസേര നിര്‍മിച്ചിരിക്കുന്നത്. ചര്‍ച്ച് ഓഫ് സെന്റ് അല്‍ഫോന്‍സസ് എന്നും അറിയപ്പെടുന്ന ഇവിടുത്തെ പഴയ നൊവേന പള്ളിയുടെ മുഖവാരത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഒരു കസേര രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജന്മസ്ഥലമായ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ സ്ഥിതി ചെയ്യുന്ന സാന്‍ ജോസ് ഡി ഫ്‌ലോറസ് ബസിലിക്കയുടെ മുഖവാരമാണ് രണ്ടാമത്തെ കസേരയ്ക്ക് പ്രചോദനമായത്. പാപ്പയുടെ കുടുംബനാമമായ ബെര്‍ഗോളിയോയുടെ ആദരസൂചകമായി ബി ആകൃതിയിലുള്ള ആംറെസ്റ്റും ഈ കസേരയില്‍ ഒരുക്കിയിട്ടുണ്ട്.” ഗോവിന്ദരാജ് മുത്തയ്യ പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ ഗോവിന്ദരാജ് അതു സാധിച്ചാല്‍ പാപ്പയ്ക്ക് സമ്മാനിക്കാന്‍ കസേരകളുടെ മിനിയേച്ചര്‍ മാതൃകകയും കരുതിയിട്ടുണ്ട്.