ഏഷ്യാ പര്യടനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ മടങ്ങി

12 ദിവസങ്ങള്‍ നീണ്ടു നിന്ന ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ പര്യടനം പൂര്‍ത്തിയായി. ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച പാപ്പ വെള്ളിയാഴ്ച വത്തിക്കാനിലേക്ക് തിരിച്ചു.

അനാരോഗ്യം അലട്ടുന്ന 87-കാരനായ മാര്‍പാപ്പ, യാത്രയിലുടനീളം ഉന്മേഷവാനായിരുന്നു. നാലു രാജ്യങ്ങളിലായി നാല്‍പ്പതിലധികം ഔദ്യോഗിക പരിപാടികളിലാണ് പാപ്പ പങ്കെടുത്തത്. ഈസ്റ്റ് ടിമോറില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത് ആറു ലക്ഷത്തോളം പേരാണ്. രാജ്യത്തെ മൊത്തം ജനസംഖ്യ 13 ലക്ഷത്തോളമേയുള്ളു. 96% കത്തോലിക്കരുള്ള ഈസ്റ്റ് തിമോര്‍, പാപ്പയുടെ പര്യടനത്തിലെ ഏക കത്തോലിക്കാ ഭൂരിപക്ഷ രാജ്യമായിരുന്നു.

കാല്‍മുട്ടു വേദനയും നടുവേദനയും അനുഭവിക്കുന്ന മാര്‍പാപ്പ യാത്രയില്‍ വീല്‍ചെയര്‍ ഉപയോഗിച്ചിരുന്നു. ഷെഡ്യൂള്‍ ചെയ്ത എല്ലാ പരിപാടികളിലും കൃത്യസമയത്ത് പാപ്പ പങ്കെടുത്തു.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയില്‍, ഫ്രാന്‍സിസ് ദേശീയ ഗ്രാന്‍ഡ് ഇമാമുമായി ആഗോള കാലാവസ്ഥാ നടപടിക്ക് ആഹ്വാനം ചെയ്തുകൊണ്ട് സംയുക്ത പ്രഖ്യാപനം നടത്തി. കുറഞ്ഞ വേതനം ലഭിക്കുന്ന ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കണമെന്ന് സിംഗപ്പൂര്‍ സര്‍ക്കാറിനോട് പാപ്പ അഭ്യര്‍ത്ഥിച്ചു.

പാപ്പുവ ന്യൂ ഗിനിയയില്‍, മാര്‍പ്പാപ്പ ഒരു വിദൂര വനഗ്രാമം സന്ദര്‍ശിച്ചു, അവിടെ അദ്ദേഹം അക്രമത്തെ അപലപിക്കുകയും അന്ധവിശ്വാസത്തിലും മാന്ത്രികതയിലും വേരൂന്നിയ ആചാരങ്ങളെ നിരാകരിക്കുകയും ചെയ്തു. നാട്ടുകാര്‍ക്കുള്ള ചികിത്സാ സഹായവും വിതരണം ചെയ്തു.

സെപ്തംബര്‍ 18: വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ

കുപ്പെര്‍ത്തീനോ എന്ന പ്രദേശത്ത് ഒരു ചെരിപ്പുകുത്തിയുടെ മകനായി ജോസഫുദേശാ ജനിച്ചു. എട്ടാമത്തേ വയസ്സുമുതല്‍ അവനു സമാധിദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാല്‍ കൂട്ടുകാര്‍ അവനെ ‘വാപൊ ളിയന്‍’ എന്നാണ് വിളിച്ചിരുന്നത്. കുറേനാള്‍ ഒരു തോല്‍പ്പണിക്കാരന്റെ കൂടെ ജോലിചെയ്തു. 17-ാമത്തെ വയസ്സില്‍ ഫ്രന്‍സിസ്‌ക്കന്‍ സഭയിലും കപ്പൂച്ചിന്‍ സഭയിലും അവന്‍ പ്രവേശനത്തിന് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അവന്‍ മണ്ടനും വാപൊളിയനുമാണെന്നു പറഞ്ഞ് പ്രവേശനം നിഷേധിക്കുകയാണുചെയ്തത്.

എന്നാല്‍ ലാഗോട്ടെല്ലെ എന്ന സ്ഥലത്തെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ അവനു കന്നുകാലി നോട്ടക്കാരനായി ജോലി കിട്ടി. അവന്റെ പ്രായശ്ചിത്തങ്ങളും എളിമയും അനുസരണയും തലവന്മാരുടെ ശ്രദ്ധയില്‍പെടുകയും 25-ാമത്തെ വയസ്സില്‍ അവനു പൗരോഹിത്യം നല്കുകയും ചെയ്തു. വേണ്ടപോലെ വായിക്കാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവേശിതമായ വിജ്ഞാനം ഏതു ദൈവശാസ്ത്ര പ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനു നല്കി. പരഹൃദയ ജ്ഞാനവും പ്രവചനവരവും അദ്ദേഹത്തിനുണ്ടായിരുന്നു.

അദ്ദേഹത്തിനു വായുവില്‍ക്കൂടെ പറക്കുവാനുള്ള കഴിവുണ്ടായിരുന്നുവെന്നും പള്ളിയുടെ വാതില്‍ക്കല്‍നിന്ന് ബലിപീഠത്തിലേക്കു ജനക്കൂട്ടത്തിന്റെ മീതെകൂടെ പറക്കുന്നതു നൂറുകണക്കിന് ആളുകള്‍ കണ്ടിട്ടുണ്ടെന്നും ജീവചരിത്രകാരന്മാര്‍ പറയുന്നു. ഒരിക്കല്‍ അദ്ദേഹം പറന്ന് ഒരു ഒലിവുമരത്തിന്റെ കൊമ്പിലിരുന്ന് അരമണിക്കൂര്‍ ധ്യാനിക്കുകയുണ്ടായത്രേ. ഇതു കേട്ട് ജനങ്ങള്‍ ആശ്രമത്തില്‍ തിങ്ങിക്കൂടിയിരുന്നതിനാല്‍ അദ്ദേഹത്തെ അജ്ഞാതമായ ആശ്രമങ്ങളിലേക്കു മാറിമാറി അയച്ചുകൊണ്ടിരുന്നു. ഒരു വിശുദ്ധന്റെ നാമമോ ദൈവാലയ മണിനാദമോ കേട്ടാല്‍മതി അദ്ദേഹം സമാധിയിലമരാന്‍.

ഫാ. ജോസഫ് ഒരു സന്തുഷ്ട പ്രകൃതിയായിരുന്നെങ്കിലും പല ഏഷണികളും ദൂഷണങ്ങളും അദ്ദേഹത്തിനെതിരെ ചിലര്‍ പറഞ്ഞുപരത്തിയിരുന്നു. അതുമൂലം അദ്ദേഹം ഏറെ കഷ്ടതകള്‍ സഹിക്കേണ്ടിവന്നു. വര്‍ഷത്തില്‍ ഏഴു പ്രാവശ്യം 40 ദിവസത്തെ നോമ്പ് ആചരിച്ചിരുന്നു. ഘനരാഹിത്യം കൊണ്ട് അലംകൃതനായ ഈ സന്യാസി 61-ാമത്തെ വയസ്സില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

സെപ്തംബര്‍ 17: വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍

1542-ല്‍ ടസ്‌കനിയില്‍ മോന്തേപുള്‍സിയാനോ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ജനിച്ചു. ഭക്തനും സമര്‍ത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ട് കോളജില്‍ പ്രാഥമിക വിദ്യ അഭ്യസിച്ചശേഷം റോമയില്‍ ഈശോസഭാ നൊവീഷ്യറ്റില്‍ ചേര്‍ന്നു. ആരോഗ്യം മോശമായിരുന്നു. തത്വശാസ്ത്രപഠനം കഴിഞ്ഞ് അദ്ദേഹം ഫ്‌ളോറെന്‍സിലും മോണ്‍റെയാലിലും പാദുവായിലും അവസാനം ലുവെയിനിലും പഠിച്ചു.

ലുവെയിനില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പാഷണ്ഡതകള്‍ക്കെതിരായി പ്രസംഗിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധ തോമസ് അക്വിനാസിന്റെ തത്വങ്ങള്‍ സമര്‍ത്ഥമായി വിനിയോഗിച്ചു. പ്രസാദവരം, സ്വതന്ത്രമനസ്സ്, പേപ്പല്‍ അധികാരം എന്നിവയെ സംബന്ധിച്ച പാഷണ്ഡത കളെല്ലാം അദ്ദേഹം സമര്‍ത്ഥമായി നേരിട്ടു. ഈ വാദപ്രതിവാദങ്ങളിലുണ്ടായ വിജയം പരിഗണിച്ചു 13-ാം ഗ്രിഗോറിയോസ് മാര്‍പാപ്പാ അദ്ദേഹത്തെ റോമയില്‍ ദൈവശാസ്ത്ര വിവാദ മണ്ഡലത്തില്‍ നിയമിച്ചു. പിന്നീട് അദ്ദേഹം അവിടെ റെക്ടറായി. അക്കാലത്താണ് അലോഷ്യസ് ഗൊണ്‍സാഗോയുടെ ആത്മ പരിപാലനം ഏറ്റെടുത്തത്.

റോമന്‍ കോളജില്‍ താമസിച്ച 11 കൊല്ലങ്ങള്‍ക്കിടയ്ക്കാണു അദ്ദേഹം തര്‍ക്കങ്ങള്‍ (Disputationes) എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും അത് ഇറ്റലിയില്‍ പാഠപുസ്തകമാണ്. 1599-ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. പ്രസ്തുത സന്ദര്‍ഭത്തില്‍ എട്ടാം ക്‌ളെമന്‍ു മാര്‍പ്പാപ്പാ അഭിപ്രായപ്പെട്ടതു അദ്ദേഹത്തിനു തുല്യനായി വേറൊരു ദൈവശാസ്ത്രജ്ഞനില്ലെന്നാണ്. അതേ മാര്‍പ്പാപ്പാ അദ്ദേഹത്തെ കാപ്പുവായിലെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു.

കാര്‍ഡിനല്‍ ബെല്ലാര്‍മിന്‍ തന്റെ തപോജീവിതം റോമയില്‍ തുടര്‍ന്നു. ദരിദ്രരെ ആവുംവിധം സഹായിച്ചുകൊണ്ടിരുന്നു. അവസാനകാലത്ത് അദ്ദേഹം വത്തിക്കാന്‍ വായനശാലയുടെ ലൈബ്രറേറിയനും മാര്‍പ്പാപ്പായുടെ ഉപദേഷ്ടാവുമായി. മരണകല (The art of dying) എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വിശദമാക്കുന്നതുപോലെ അദ്ദേഹം സദാ മരിക്കാന്‍ തയ്യാറായിരുന്നു. 80-ാമത്തെ വയസ്സില്‍ വിശുദ്ധിയുടെ പ്രസരണത്തോടെ കര്‍ത്താവില്‍ അദ്ദേഹം നിദ്ര പ്രാപിച്ചു. 1930-ല്‍ ബെല്ലര്‍മിനെ വിശുദ്ധനെന്നും പിറ്റേ വര്‍ഷം വേദപാരംഗതന്‍ എന്നും പതിനൊന്നാം പീയുസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.

സെപ്തംബര്‍ 16: വിശുദ്ധ കൊര്‍ണേലിയൂസ് പാപ്പാ

250 ജനുവരി 20-ന് വിശുദ്ധ ഫേബിയന്റെ രക്തസാക്ഷിത്വത്തിനുശേഷം 16 മാസത്തേക്കു മാര്‍പ്പാപ്പാമാരുണ്ടായില്ല; അത്രയ്ക്കു ഭയങ്കരമായിരുന്നു അന്നത്തെ ചക്രവര്‍ത്തി ഡേസിയൂസ് നടത്തിയ മതപീഡനം. കൊര്‍ണേലിയൂസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് മാര്‍പാപ്പായായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹത്തിന്റെ സമകാലികനായ വിശുദ്ധ സിപ്രിയന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

അക്കാലത്തു ഒരു വലിയ തര്‍ക്കമുണ്ടായി. വിഗ്രഹങ്ങളെ ധൂപിച്ചവരായാലും വിഗ്രഹങ്ങളെ ധൂപിച്ചുവെന്നു സര്‍ട്ടിഫിക്കറ്റു വാങ്ങിയവരായാലും അവരെ തിരിച്ചെടുത്തുകൂടെന്നു നൊവേഷ്യന്‍ വാദിച്ചു. ഈ ആഫ്രി ക്കന്‍ താമസിയാതെ ഒരു എതിര്‍പാപ്പായായി പ്രത്യക്ഷപ്പെട്ടു. കൊര്‍ണേലിയൂസ് പാപ്പാ റോമയില്‍ 60 മെത്രാന്മാരെ വിളിച്ചു വരുത്തി ഒരു സൂനഹദോസു നടത്തി. നൊവേഷ്യനും സന്നിഹിതനായിരുന്നു. സൂനഹദോസു അദ്ദേഹത്തെ മഹറോന്‍ ചൊല്ലി. നൊവേഷ്യന്‍ മനസ്തപിച്ചില്ല. സിപ്രിയന്‍ കൊര്‍ണേലിയൂസ് പാപ്പായുടെ കൃത്യബോധത്തേയും കാരുണ്യത്തേയും വാനോളം പുകഴ്ത്തി.

ഡേസിയൂസു 251-ല്‍ മരിച്ചു; അദ്ദേഹത്തിന്റെ സൈന്യാധിപന്‍ ഗാലൂസു ചക്രവര്‍ത്തിയായി. ഉടനെ ഒരു വസന്ത പടര്‍ന്നുപിടിച്ചതിനാല്‍ ക്രിസ്ത്യാനികളെ ബലിചെയ്തു ദേവന്മാരെ പ്രസാദിപ്പിക്കണമെന്നു ഗാലൂസു നിശ്ചയിച്ചു; കൊര്‍ണേലിയൂസിനുതന്നെ ആദ്യത്തേ രക്തസാക്ഷിത്വ മകുടം സിദ്ധിച്ചു.

സെപ്തംബര്‍ 15: വ്യാകുലമാതാവ്

കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ പിറ്റേദിവസം ദൈവമാതാവിന്റെ ഏഴു വ്യാകുലതകളുടെ തിരുനാള്‍ കൊണ്ടാടുന്നു. 1814-ല്‍ വിപ്രവാസത്തില്‍ നിന്നു സ്വതന്ത്രനായപ്പോള്‍ ഏഴാം പീയൂസു മാര്‍പാപ്പാ സ്ഥാപിച്ചതാണ് ഈ തിരുനാള്‍. അതിനു മുമ്പ് മേരീദാസരുടെ സഭയ്ക്ക് ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി നല്‍കിയിരുന്നു.

ദൈവമാതാവിന്റെ ശുദ്ധീകരണ ദിവസം ഉണ്ണീശോയെ ശെമയോന്റെ കരങ്ങളില്‍ കാഴ്ചവച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ കൈയിലെടുത്തുകൊണ്ട് ഈ ശിശു അനേകരുടെ ഉന്നമനത്തിനും അനേകരുടെ അധഃപതനത്തിനുമായി നിയുക്തനായിരിക്കുന്നുവെന്നു പ്രഖ്യാപിച്ചുകൊണ്ടു മറിയത്തോടു പറഞ്ഞു: ‘ഒരു വാള്‍ നിന്റെ ഹൃദയത്തെ ഭേദിക്കും.’ ഈ പ്രവചനമാണ് ഒന്നാമത്തെ വ്യാകുലതയായി എണ്ണിയിരിക്കുന്നത്.

ഹേറോദേസിന്റെ വാളില്‍നിന്നു രക്ഷപ്പെടാന്‍ ഈജിപ്തിലേക്കുള്ള പലായനം രണ്ടാമത്തെ വ്യാകുലതയും പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ഈശോ ദൈവാലയത്തില്‍ കാണാതായതു മൂന്നാമത്തെ വ്യാകുലതയുമായി.

ഈശോ ഗാഗുല്‍ത്തായിലേക്കു കുരിശു വഹിച്ചുകൊണ്ടു പോകുന്ന കാഴ്ച്ച മറിയത്തിന്റെ നാലാമത്തെ വ്യാകുലതയും ഗാഗുല്‍ത്തായില്‍ കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്നത് അഞ്ചാമത്തെ വ്യാകുലതയും ഈശോയുടെ മൃതശരീരം മടിയില്‍ കിടത്തിയത് ആറാമത്തെ വ്യാകുലതയും നമ്മുടെ കര്‍ത്താവിന്റെ സംസ്‌ക്കാരം ഏഴാമത്തെ വ്യാകുലതയുമായി.

ഇങ്ങനെ പ്രധാനപ്പെട്ട ഏഴു വ്യാകുലതകള്‍ ദൈവമാതൃഭക്തര്‍ കൈവിരലെണ്ണി ധ്യാനിക്കുന്നെങ്കിലും ബെത്‌ലേഹമിലെ കാലിത്തൊഴുത്തും നസ്രത്തും പരസ്യ ജീവിതരംഗങ്ങളും എന്തുമാത്രം വ്യാകുലതകള്‍ക്കു കാരണമായിട്ടുണ്ടെന്ന് ആര്‍ക്കു വര്‍ണ്ണിക്കാന്‍ കഴിയും. അതിനാല്‍, രക്തസാക്ഷികളുടെ രാജ്ഞി, എന്നു മറിയത്തെ സംബോധന ചെയ്യുന്നു.

Exit mobile version