ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി

വിശുദ്ധനാട് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുവാന്‍ നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശ്ശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി. വാര്‍ധക്യസഹജ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചശേഷം ഈരൂട് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഇന്ന് (28.09.2024) വൈകുന്നേരം നാലു മുതല്‍ ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച (29.09.2024) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭൗതികദേഹം തലശ്ശേരി അതിരൂപതയിലെ തേര്‍ത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരന്‍ ജോസ് കാപ്പിലിന്റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ തിങ്കള്‍ (30.09.2024) രാവിലെ 10-ന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.

ക്രിസ്തുവിന്റെ വിയര്‍പ്പും രക്തവും മണവുമുള്ള നാട്ടിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകുവാനുള്ള നിയോഗം ഫാ. ജോസഫ് കാപ്പില്‍ ഏറ്റെടുക്കുന്നത് 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇതിനോടകം 50-ല്‍ അധികം തവണ വിശുദ്ധനാട് യാത്രകള്‍ നടത്തി.

വിശ്വാസം ആഴത്തില്‍ ഉറപ്പിക്കുവാന്‍ ഉതകുന്ന പ്രാര്‍ത്ഥനാരൂപിയിലുള്ള ആത്മീയ യാത്രയായിരുന്നു കാപ്പിലച്ചനൊപ്പമുള്ള വിശുദ്ധനാട് യാത്രകളെന്ന് ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തൊടുപുഴയ്ക്കടുത്ത് നെടിയശാലയില്‍ ദേവസ്യ-അന്ന ദമ്പതികളുടെ മകനായി 1944-ല്‍ ജനിച്ചു. കൂടപ്പിറപ്പുകളായി രണ്ട് സഹോദരിമാരും, ഒരു സഹോദരനും. മൂന്നു വയസുള്ളപ്പോഴാണ് കുടുംബം മലബാറിലേക്ക് പോരുന്നത്. കൂരാച്ചുണ്ടിലും കുളത്തുവയലിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് അള്‍ത്താര ബാലനായിരുന്നു.

സ്‌കൂള്‍ പഠനം കഴിഞ്ഞ് തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. കുന്നോത്തും തലശേരിയിലുമായി മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. മംഗലാപുരത്തായിരുന്നു മേജര്‍ സെമിനാരി പഠനം. പിന്നീട് തിയോളജി പഠനത്തിനായി റോമിലേക്ക് പോയി.

1970-ലെ പന്തക്കുസ്ത ദിവസം റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി തിരിച്ചെത്തി. മാനന്തവാടി ഇടവകയില്‍ അസി. വികാരിയായി. ബിഷപ്പിന്റെ സെക്രട്ടറിയായും സേവനം ചെയ്തു. പിന്നീട് പെരുംപുന്ന, ഷീരാടി, നെല്ലികുറ്റി, ചാപ്പന്‍തോട്ടം ഇടവകകളില്‍ വികാരിയായി. 1985-ല്‍ തേക്കുംകുറ്റി വികാരിയായി. ആ സമയത്താണ് താമരശേരി രൂപത ആരംഭിക്കുന്നത്.

ലിറ്റര്‍ജി പഠിക്കാന്‍ 1988-ലാണ് ഫാ. ജോസഫ് കാപ്പില്‍ റോമിലെത്തുന്നത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1991 ഒക്ടോബറില്‍ ജറുസലേമില്‍ ഒരു വര്‍ഷത്തെ ബിബ്ലിക്കല്‍ ഫോര്‍മേഷന്‍ കോഴ്‌സിനു ചേര്‍ന്നു. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ക്ലാസ്. പിന്നീടുള്ള രണ്ടു ദിവസം ബൈബിളില്‍ പറയുന്ന സ്ഥലങ്ങളിലൂടെ യാത്ര. അവിടെ പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള അവസരവും ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ജെറുസലേമിലുള്ള ഫ്രാന്‍സിസ്‌ക്കന്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബൈബിള്‍ പഠനത്തിനായി ചേര്‍ന്നു. ഒരു വര്‍ഷ കോഴ്‌സ് ആയിരുന്നു അത്.

1993 ഒക്‌ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി. ബഥാനിയ റിന്യൂവല്‍ സെന്റര്‍ ഡയറക്ടറായി നിയമിതനായി. 1994-ല്‍ തീര്‍ത്ഥയാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പിറ്റേ വര്‍ഷം 36 പേര്‍ ഉള്‍പ്പെടുന്ന സംഘവുമായി റോമും വത്തിക്കാനും വിശുദ്ധനാടും ഉള്‍പ്പെടുന്ന വിശുദ്ധനാട് തീര്‍ത്ഥയാത്ര ഫാ. കാപ്പില്‍ നടത്തി. ഇസ്രായേലിലെ അംഗീകൃത ടൂര്‍ ഗൈഡായിരുന്നു ഫാ. കാപ്പില്‍.

താമരശ്ശേരി രൂപതയുടെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുമ്പോഴാണ് താമരശേരിയില്‍ കത്തീഡ്രല്‍ നിര്‍മിച്ചത്. പിന്നീട് പിഎംഒസിയുടെ ഡയറക്ടറായി. പ്രീസ്റ്റ് ഹോം, ബൈബിള്‍ അപ്പോസ്തലേറ്റ്, മതബോധനം എന്നിവയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

തുടര്‍ന്ന് താമരശേരി കത്തീഡ്രല്‍ വികാരിയായി. മരുതോങ്കരയില്‍ വികാരിയായിരിക്കെയാണ് അവിടെ പള്ളി നിര്‍മിക്കുന്നത്. 2009-ല്‍ തിരുവമ്പാടി ഫൊറോന വികാരിയായി നിയമിതനായി. തുടര്‍ന്ന് പെരിന്തല്‍മണ്ണ വികാരിയായി. 2012-ല്‍ മുക്കത്ത് വികാരിയായിരിക്കെയാണ് വിരമിക്കുന്നത്.

ഒക്ടോബര്‍ 2: കാവല്‍ മാലാഖമാര്‍

കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ ഇപ്രകാരം അരുള്‍ചെയ്തു: ഈ കുട്ടികളില്‍ ആരേയും നിന്ദിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദര്‍ശിച്ചുകൊണ്ടാണിരിക്കുന്നതെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (മത്താ 18:10) . ഈ വാക്കുകളില്‍നിന്ന് ഓരോ മനുഷ്യനും ഓരോ കാവല്‍മാലാഖയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണല്ലോ. ഓരോ രാജ്യത്തിനും ഓരോ നഗരത്തിനും ഓരോ സ്ഥാപനത്തിനും ഓരോ കാവല്‍മാലാഖയുണ്ടെന്ന് അഭിപ്രായമുണ്ട്.
മാലാഖമാരെപ്പറ്റി പഴയനിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപാദിച്ചിരിക്കുന്നതായി കാണാം. മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നിവരുടെ പേരുപറഞ്ഞ് വിവരിച്ചിട്ടുണ്ട്. മാലാഖമാര്‍ സര്‍വഥാ അരൂപികളാണ്. ചിറകുകളോടുകൂടി മാലാഖമാരെ ചിത്രിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചിറകുകളുമില്ല, ശരീരവുമില്ല. ലോകസൃഷ്ടിയോടുകൂടെ മാലാഖമാരേയും ദൈവം സൃഷ്ടിച്ചു. അവരില്‍ ചിലര്‍ അഹങ്കാരം നിമിത്തം പാപം ചെയ്തു ദൈവകോപത്തിന് വിധേയരായി. അവരാണ് പിശാചുക്കള്‍ അഥവാ അധഃപതിച്ച മാലാഖമാര്‍.
മാലാഖമാരുടെ പരിപൂര്‍ണ്ണതയനുസരിച്ച് മൂന്നു ഹയരാര്‍ക്കികളുണ്ട്; ഓരോ ഹയരാര്‍ക്കിയിലും മൂന്നു വൃന്ദങ്ങളുണ്ട്. (1) സ്രാപ്പേന്മാര്‍, കെരൂബുകള്‍, സിംഹാസനങ്ങള്‍. (2) അധികാരികള്‍, ശക്തികള്‍, ബലവത്തുക്കള്‍ (3) പ്രധാനികള്‍, മുഖ്യദൈവദൂതന്മാര്‍, ദൈവദൂതന്മാര്‍. ദൈവദൂതന്മാര്‍ അഥവാ മാലാഖമാര്‍ എന്ന പദം 9വൃന്ദം മാലാഖമാരെപ്പറ്റിയും പ്രയോഗിക്കുമെങ്കിലും കാവല്‍ മാലാഖമാര്‍ ഈ ഒമ്പതാമത്തെ വൃന്ദത്തില്‍നിന്നു മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അവര്‍ നമ്മളെ കാത്തുകൊണ്ടിരിക്കുന്നു. അവരോട് നമുക്ക് സ്‌നേഹവും കൃതജ്ഞതയും ഉണ്ടായിരിക്കേണ്ടതാണ്. പാപത്തിന്റെ ഗൗരവം കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാന്‍ കരയുന്ന കാവല്‍ മാലാഖയെ കുട്ടിയുടെ അടുക്കല്‍ നിറുത്തിയിരിക്കുന്ന ചിത്രമുണ്ട്. മാലാഖമാര്‍ക്ക് കരയുവാനോ ചിരിക്കുവാനോ കഴിയുകയില്ലെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ പ്രതീകമായിരിക്കും അവരുടെ കരയലും വാദ്യഘോഷങ്ങളും കാഹളവിളികളും.
‘എന്റെ കാവല്‍മാലാഖേ, അങ്ങയുടെ സൂക്ഷത്തിന് ഏലപിച്ചിരിക്കുന്ന എന്നെ കാത്തുസൂക്ഷിക്കണമേ, ഭരിച്ച് പരിപാലിക്കണമേ, ബുദ്ധിക്കു പ്രകാശം നല്കണമേ. എന്റെ സ്‌നേഹവും കൃതജ്ഞതയും അങ്ങ് സ്വീകരിക്കേണമേ’ എന്നു പ്രഭാതത്തിലും രാത്രി വിശ്രമത്തിനുമുമ്പും ചൊല്ലുന്നത് ഉത്തമമാണ്.
കാവല്‍ മാലാഖമാര്‍ റോമിലെ വിശുദ്ധ ഫ്രാന്‍സിസ്, ജെമ്മാ ഗല്‍ഗാനി മുതലായ പല വിശുദ്ധന്മാര്‍ക്കും ദൃശ്യരായിട്ടുണ്ട്; സേവനങ്ങള്‍ ചെയ്തുകൊടുത്തതായും പറയുന്നുണ്ട്.

സ്റ്റാറ്റസ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ:

https://malabarvisiononline.com/wp-content/uploads/2024/09/Kaval-Malakha.mp4

ഒക്ടോബര്‍ 1: ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ കന്യക

ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്‍സിസ് തെരേസാ മാര്‍ട്ടിന്‍ 1873 ജാനുവരി 2-ാം തീയതി അലെന്‍സോണില്‍ ജനിച്ചു. പിതാവ് ളൂയിമാര്‍ട്ടിന്‍ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി ആയിരുന്നതുകൊണ്ട് മരിയാ, പൗളി, ലെയോനി, സെലിന്‍, തെരേസാ എന്നീ അഞ്ചു കുട്ടികളും ഡാന്‍സിലും പ്രേമവ്യാപാരങ്ങളിലും മുഴുകി ലൗകായതികരായി മാറാമായിരുന്നു. എന്നാല്‍ നാലു പേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും ചേരുകയാണ് ചെയ്തത്. തെരേസായ്ക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. താമസിയാതെ മാര്‍ട്ടിന്‍ ലിസ്യൂവിലേക്ക് മാറി താമസിച്ചു. പത്തു വയസ്സു പൂര്‍ത്തിയായപ്പോള്‍ ത്രേസ്യയ്ക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഒരു മാസത്തോളം ത്രേസ്യ രോഗിണിയായി
ക്കിടന്നു. 1883 മേയ് 13-ാം തീയതി പെന്തക്കുസ്താദിവസം ത്രേസ്യായുടെ മുറിയില്‍ ഇരുന്നിരുന്ന വിജയമാതാവിന്റെ രൂപം ത്രേസ്യയെ നോക്കി പുഞ്ചിരി തൂകി ; ത്രേസ്യയുടെ ആലസ്യം നീങ്ങി. അന്ന് പ്രകടമായ ദൈവമാതൃസ്‌നേഹം അന്ത്യംവരെ ത്രേസ്യാ ആസ്വദിച്ചു.

പതിനഞ്ചാമത്തെ വയസ്സില്‍ കര്‍മ്മലീത്താ മഠത്തില്‍ ചേരാനുള്ള അനുവാദം വാങ്ങാന്‍ ത്രേസ്യാ അപ്പച്ചന്റെകൂടെ റോമയില്‍ പോയി 13-ാം ലെയോ മാര്‍പ്പാപ്പായോട് അഭ്യര്‍ത്ഥിച്ചു. ദൈവം തിരുമനസ്സാകുന്നെങ്കില്‍ കാര്യം നടക്കുമെന്നായിരുന്നു സമര്‍ത്ഥനായ മാര്‍പ്പാപ്പായുടെ മറുപടിയെങ്കിലും കാര്യം നടന്നു. 1889 ജനുവരി 10-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു; അടുത്തവര്‍ഷം സെപ്തംബര്‍ 8-ാം തീയതി പ്രഥമ വ്രതവാഗ് ദാനം ചെയ്തു. അപ്പോഴേക്കു പിതാവ് തളര്‍വാതരോഗിയായി കായേന്‍ ആശുപതിയില്‍ കിടപ്പായി. 1893 മുതല്‍ ഏതാനും കാലം നവസന്യാസിനീഗുരുവായി ജോലി ചെയ്തിട്ടുണ്ടങ്കിലും 24 വര്‍ഷത്തേക്കുമാത്രം നീണ്ടുനിന്ന ആ ജീവിതത്തിന്റെ അവസാനഭാഗം ക്ഷയരോഗത്തില്‍ കഴിഞ്ഞു.”ദൈവമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു,” എന്നു പറഞ്ഞ് 1897 സെപ്തം ബര്‍ 30-ാം തീയതി ചെറുപുഷ്പം അടര്‍ന്നുവീണു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഞാന്‍ റോസാപുഷ്പങ്ങള്‍ വര്‍ഷിക്കുമെന്ന വിശുദ്ധയുടെ വാഗ്ദാനം ഇന്നും നിറവേറിക്കൊണ്ടിരിക്കയാണ്. ഒരാഗോള മിഷനറിയാകാന്‍ ആഗ്രഹിച്ച ത്രേസ്യായെ 1928-ല്‍ 11-ാം പിയൂസു മാര്‍പ്പാപ്പാ വേദപ്രചാര മധ്യസ്ഥയായി പ്രഖ്യാപിച്ചപ്പോള്‍ അവളുടെ അഭീഷ്ടം നിറവേറി.

മരിക്കുന്നതിനുമുമ്പ് തന്റെ ജ്യേഷ്ഠ സഹോദരിമാരുടേയും മഠാധിപയായ ഗൊണ്‍സാഗാമ്മയുടേയും ആജ്ഞാനുസാരം സ്വന്തം ജീവചരിത്രമെഴുതി. ത്രേസ്യായുടെ ആദ്ധ്യാത്മിക ശിശുത്വവും സമ്പൂര്‍ണ്ണ ആത്മസമര്‍പ്പണവും കുറക്കുവഴിയും ആ സുന്ദരഗ്രന്ഥത്തിന്റെ താളുകളില്‍ സുലളിതമായ ഫ്രഞ്ചുഭാഷയില്‍ എഴുതിയിരിക്കുന്നു. ആ സ്വയംകൃതചരിതവും വിശുദ്ധ എഴുതിയ കത്തുകളുടെ സമാഹാരമായ നവമാലികാ സഖിയും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിശ്രേഷ്ഠമായ സ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്. 1925 മേയ് 17 ന് വിശുദ്ധയുടെ ചരമത്തിന്റെ 28-ാം വര്‍ഷം 11-ാം പീയൂസു മാര്‍പ്പാപ്പാ ചെറുപുഷ്പത്തെ എടുത്തു ബലിപീഠത്തില്‍ സ്ഥാപിച്ചു.

https://malabarvisiononline.com/wp-content/uploads/2024/09/Satuse-Video.mp4

സെപ്തംബര്‍ 30: വിശുദ്ധ ജെറോം

ഇന്ന് യൂഗോസ്ലാവിയോ എന്നറിയപ്പെടുന്ന ഡല്‍മേഷ്യയിലാണു വിശുദ്ധ ജെറോം ഭൂജാതനായത്; റോമില്‍ പഠനം പൂര്‍ത്തിയാക്കി. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണകര്‍ത്താവായ ദൊണാത്തൂസായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ലൗകായതികത്വവും ആശാപാശങ്ങളുടെ വിഹാരവും ആ വിദ്യാഭ്യാസത്തിന്റെ ഒരംശമായിരുന്നു. ഡമാസൂസു പാപ്പായ്ക്കു ജെറോം എഴുതിയിട്ടുള്ള ഒരു കത്തില്‍ നിന്ന് അദ്ദേഹം റോമയില്‍ വച്ച് ജ്ഞാനസ് നാനപ്പെട്ടുവെന്നു മനസ്സിലാക്കാം. റോമയില്‍ വച്ച് അദ്ദേഹം സ്വന്തമായി ഒരു ഗ്രന്ഥശേഖരമുണ്ടാക്കി. 377-ല്‍ അന്തിയോക്യായിലെ പൗളിനൂസ് പേട്രിയാര്‍ക്കിന്റെ കരങ്ങളാല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

അനന്തരം പലസ്തീന സന്ദര്‍ശിച്ചു വിശുദ്ധ സ്ഥലങ്ങള്‍ പരിചയപ്പെടുകയും ഹീബ്രു പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ചു വിശുദ്ധ ഗ്രിഗറി നസിയാന്‍സന്റെ കീഴില്‍ വിശുദ്ധഗ്രന്ഥം പഠിക്കാനിടയായി. ഒരു വര്‍ഷം അങ്ങനെ ചെലവഴിച്ചു.

391-ല്‍ ഡമാസൂസു പാപ്പാ ജെറോമിനെ റോമിലേക്കു വിളിച്ചു തന്റെ എഴുത്തുകുത്തുകള്‍ നടത്താന്‍ നിയോഗിച്ചു. ലെയോ, ഫബിയോളാ, പൗളാ, എവുസ്റ്റാക്കിയാ മുതലായ പല ഭക്ത സ്ത്രീകള്‍ക്കും അദ്ദേഹം ജ്ഞാനോപദേശം നല്‍ കിയിട്ടുണ്ട്.

റോമയില്‍ വച്ചു വിശുദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷ ഹീബ്രുമൂലം നോക്കി തിരുത്താന്‍ ഡമാസസ് പാപ്പാ ജെറോമിനെ ഏല്പിച്ചു. ജെറോം ഉടനെ ബെത്ലെഹമിലേക്കു പോയി. തന്റെ ഏകാന്ത വാസസ്ഥലത്തുനിന്നു മുപ്പതു വര്‍ഷത്തേക്കു വിശുദ്ധ ഗ്രന്ഥവ്യാഖ്യാനങ്ങള്‍ മുതലായ വിശിഷ്ട ഗ്രന്ഥങ്ങള്‍ ക്രിസ്തീയ ലോകത്തിനു സമര്‍പ്പിച്ചു കൊണ്ടിരുന്നു.

വിജ്ഞാനം, പ്രഭാഷകന്‍, ബാറുക്ക്, മക്കബായന്‍ എന്ന ഗ്രന്ഥങ്ങളൊഴികെ മറ്റു പഴയ നിയമഗ്രന്ഥങ്ങള്‍ ഹീബ്രുവില്‍നിന്നും അരമയിക്കില്‍നിന്നും പുതുതായി പരിഭാഷപ്പെടുത്തി. പുതിയ നിയമം വായിച്ചു പരിഭാഷ പരിഷ്‌ക്കരിച്ചു. പതിനെട്ടുകൊല്ലം കൊണ്ടാണ് ഇത്രയും ചെയ്തത്. ഇങ്ങനെയാണ് വളരെ പ്രചാരത്തിലായ ലത്തീന്‍ പരിഭാഷ അഥവാ വുള്‍ഗാത്ത വിശുദ്ധഗ്രന്ഥമൂലം ഉണ്ടായത്. ‘ജെറോമിന് അജ്ഞാതമായിട്ടുള്ളതെന്താണെന്ന് ഒരു മനുഷ്യനും അറിഞ്ഞുകൂടാ,’ എന്നാണു വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത്.

ജെറോം ആത്മാര്‍ത്ഥത നിറഞ്ഞ ധീരതയുള്ള ഒരു മനുഷ്യനായിരുന്നു. നിര്‍ഭയനായ ഒരു വിമര്‍ശകനായിരുന്നു. ഒരു സാധാരണ മനുഷ്യനുള്ള സാന്മാര്‍ഗ്ഗിക പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലം ബെത്‌ലഹം ഗുഹയിലെ ഏകാന്തവും പ്രായശ്ചിത്തങ്ങളും ഉപവാസവും വഴിയാണ് അവയെ ഒതുക്കിയത്. കോപം മൂക്കത്തായിരുന്നു; അതേസമയം അതിവേഗം അദ്ദേഹം ക്ഷമിച്ചിരുന്നു.

വിശുദ്ധ ജെറോമിന്റെ നെഞ്ചില്‍ കല്ലുകൊണ്ട് അദ്ദേഹം ഇടിക്കുന്ന ചിത്രം കണ്ട് ഒരു മാര്‍പ്പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു: ‘അങ്ങ് ആ കല്ലു കൈയില്‍ പിടിക്കുകതന്നെ വേണം. അതു കൂടാതെ അങ്ങയെ
തിരുസ്സഭ വിശുദ്ധനെന്നു നാമകരണം ചെയ്യുകയില്ലായിരുന്നു.’

ബെത് ലഹമില്‍ കര്‍ത്താവു ജനിച്ച ഗുഹയിലാണു ജെറോം താമസിച്ചിരുന്നതെന്നു പറയുന്നുണ്ട്. അവിടെത്തന്നെ കിടന്നു 420 സെപ്തംബര്‍ 30-ന് അദ്ദേഹം മരിച്ചു.

സെപ്തംബര്‍ 29: പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍

ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണു മാലാഖമാര്‍. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തില്‍നിന്ന് വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖമാര്‍ക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നു ഹയറാര്‍ക്കികള്‍ ഉള്ളതായി പറയുന്നു. പരിപൂര്‍ണ്ണതയുടെ ക്രമത്തില്‍
അവ താഴെ ചേര്‍ക്കുന്നു:

1. സ്രാപ്പന്മാര്‍, കെരൂബുകള്‍, സിംഹാസനങ്ങള്‍ 2. ഭക്തി ജ്വാലകന്മാര്‍, ശക്തികള്‍, ബലവത്തുക്കള്‍ 3. പ്രധാനികള്‍, റേശു മാലാഖമാര്‍, മാലാഖമാര്‍.

    വിശുദ്ധ ഗ്രന്ഥത്തില്‍ ആകെ മൂന്നു റേശു മാലാഖമാരുടെ പേരുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അവരുടെ മൂന്നു പേരുടേയും തിരുനാള്‍ ആധുനിക പഞ്ചാംഗമനുസരിച്ച്-ഇന്നാണ്.

    193-ല്‍ അപ്പുളിയായില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ കൊണ്ടാടിയിരുന്നതായി രേഖകളുണ്ട്. റോമായിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയ പ്രതിഷ്ഠ 610 സെപ്തംബര്‍ 29-ന് ആയിരുന്നു.

    വെളിപാടിന്റെ പുസ്തകം 12-ാം അധ്യായത്തില്‍ ലൂസിഫര്‍ പ്രഭതികളെ മിഖായേലും സഹദൂതന്മാരും കൂടി തോല്പിച്ചുവെന്നു കാണുന്നുണ്ട്. അതിനാല്‍ മിഖായേല്‍ മാലാഖ സഭാസംരക്ഷകനാണ്. ഗ്രീക്കുപിതാക്കന്മാര്‍ മിഖായേലിനെ റേശു മാലാഖമാരുടെ വൃന്ദത്തിലല്ല ചേര്‍ക്കുന്നതു. പ്രത്യുത സാപ്പേ മാലാഖമാരുടെ തലവനായിട്ടാണ്.

    ദാനിയേലിന്റെ പുസ്തകം പത്തും പന്ത്രണ്ടും അധ്യായങ്ങളിലും യൂദായുടെ ലേഖനത്തിലും മിഖായേല്‍ മാലാഖ അനുസ്മരിക്കപ്പെടുന്നു. പൈശാചികാക്രമണങ്ങളില്‍ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന എത്രയും ഫലവ ത്താണ്. ‘മി-കാബഎല്‍’ ദൈവത്തെപ്പോലെ ആരുണ്ട്? എന്നാണ് ഈ മാലാഖ വിളിച്ചു പറഞ്ഞത്. അതുതന്നെ മാലാഖയുടെ നാമധേയമായി.

    ദൈവത്തിന്റെ ശക്തന്‍ എന്നാണു ഗബ്രിയേല്‍ എന്ന പദത്തിന്റെ വാച്യാര്‍ത്ഥം. അദ്ദേഹത്തിന്റെ പേരു വിശുദ്ധ ഗ്രന്ഥത്തില്‍ നാലുപ്രാവശ്യം കാണുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യന്‍ സാമ്രാജ്യത്തെ ആക്രമിച്ചു നശിപ്പിച്ചതും ചക്രവര്‍ത്തിയുടെ മരണശേഷം സൈനികര്‍ ഭാഗിച്ചെടുക്കുന്നതും ഗബ്രിയേല്‍ ദാനിയേല്‍ പ്രവാചകനു വിവരിച്ചുകൊടുക്കുന്നു (ദാനി 8). രക്ഷകന്റെ ജനനകാലം അതേ പ്രവാചകനെ അറിയി ക്കുന്നു (ദാനി 9). സ്‌നാപകന്റെ ജനനം സക്കറിയാസിനേയും രക്ഷകന്റെ അവതാരം മറിയത്തേയും മുന്‍കൂട്ടി അറിയിക്കുന്നു (ലൂക്കാ 1). യഹൂദന്മാര്‍ ഗബ്രിയേലിനെ വിധിയുടെ മാലാഖയായി അനുസ്മരിക്കുന്നു. മിഖായേല്‍ കഴിഞ്ഞാല്‍ അവരുടെ ദൃഷ്ടിയില്‍ ഒന്നാംസ്ഥാനം ഗ്രബ്രിയേലിനാണ്. ക്രിസ്തീയ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പിന്റെ സംശയങ്ങള്‍ക്കു നിവാരണം നല്കിയതും ഗത്സമെനില്‍ കര്‍ത്താവിനെ ആശ്വസിപ്പിച്ചതും ഈ മാലാഖയാണ്. തപാല്‍ ഉദ്യോഗസ്ഥന്മാരുടെ മധ്യസ്ഥനാണു വിശുദ്ധ ഗബ്രിയേല്‍.

    ദൈവം സുഖപ്പെടുത്തി എന്നാണു റാഫേല്‍ സംജ്ഞയുടെ വാച്യാര്‍ത്ഥം. ഗാബേലിനു തോബിയാസ് കടംകൊടുത്തിരുന്ന സംഖ്യ വാങ്ങിക്കാന്‍ കൊച്ചു തോബിയാസിനെ അയച്ചപ്പോള്‍ സഹയാത്രികനായി ദൈവം അയച്ചുകൊടുത്ത മാലാഖ റാഫേലാണ്. അദ്ദേഹംതന്നെ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി: ”കര്‍ത്താവിന്റെ മുമ്പില്‍ നില്ക്കുന്ന ഏഴ് മാലാഖമാരില്‍ ഒരാ ളായ റാഫേലാണു ഞാന്‍” (തോബി 12: 15). വെളിപാടിന്റെ പുസ്തകം 8-ാം അധ്യായം ചേര്‍ത്തുവായിക്കുമ്പോള്‍ ഈ ഏഴുപേരില്‍ റേശുമാലാഖമാര്‍ മൂന്നുപേരും ഉള്‍പ്പെടുന്നുണ്ടെന്നു കാണാം. അതിനാല്‍ റാഫേല്‍ റേശുമാലാഖ മാത്രമല്ല സ്രാപ്പേയാണ്. ബെത്ത് സെയിദായിലേ കുളത്തില്‍ ഇടക്കിടയ്ക്ക് ഇറങ്ങി രോഗികളെ സുഖപ്പെടുത്തിയിരുന്നതു റാഫേലാണന്നാണു പാരമ്പര്യം (യോഹ 5: 4).

    Exit mobile version