ബ്രൂണോ ജര്‍മ്മനിയില്‍ കോളോണ്‍ നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. റീംസില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫ്രാന്‍സിന്റെയും ജര്‍മ്മനിയുടേയും മഹത്വം എന്നു വിളിക്കപ്പെടത്തക്കവിധം ബ്രൂണോ പണ്ഡിതനും ദൈവഭക്തനുമായിരുന്നു.
റീംസ് മെത്രാന്റെ വക ഒരു വിദ്യാലയത്തില്‍ അദ്ദേഹം കുറേനാള്‍ പഠിച്ചിരുന്നു. അക്കാലത്തു ബ്രൂണോ റീംസ് രൂപതയുടെ താങ്ങായിരുന്നുവെന്നാണ് പറയപ്പെടുന്നത്. 45 വയസ്സുള്ളപ്പോള്‍ ബ്രൂണോ റീംസ് രൂപത യുടെ ചാന്‍സലറായി. ഏഴാം ഗ്രിഗോറിയോസ് മാര്‍പാപ്പായുടെ താല്‍പര്യമനുസരിച്ച് വൈദികരുടെ വിശുദ്ധീകരണത്തിനായി അദ്ദേഹം അദ്ധ്വാനിച്ചുകൊണ്ടിരുന്നു.
അക്കാലത്തു താന്‍ ഏകാന്തതയിലും പ്രാര്‍ത്ഥനയിലും ജീവിക്കുന്നതായി ഒരു സ്വപ്‌നം കണ്ടു. ലാന്റ്‌വിന്‍, സ്റ്റീഫന്‍ തുടങ്ങിയ കൂട്ടുകാരോടുകൂടി 1048-ല്‍ ഗ്രനോബിളില്‍ പോയി അവിടത്തെ ബിഷപ് വിശുദ്ധ ഹ്യൂഗിനോടു അദ്ദേഹത്തിന്റെ രൂപതയില്‍ ഒരു വിജനപ്രദേശത്ത് അധ്വാനിച്ചും പ്രാര്‍ത്ഥിച്ചും ജീവിക്കുവാന്‍ കുറെ സ്ഥലം വിട്ടുകൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചു. പുണ്യവാനായ മെത്രാന്‍ ചാര്‍തൂസ് എന്ന വിജനപ്രദേശം അവര്‍ക്കു ദാനം ചെയ്തു. അവിടെയാണ് കാര്‍ത്തുസിയന്‍ സഭയുടെ ആരംഭം. സഭയുടെ നാമം ഈ സ്ഥലത്തിന്റെ പേരില്‍നിന്നുണ്ടായിട്ടുള്ളതാണ്.
ബ്രൂണോ അവിടെ ഒരു പ്രാര്‍ത്ഥനാലയം നിര്‍മ്മിച്ചു. ഓരോ സന്യാസിക്കും വെവ്വേറെ കൊച്ചുമുറികളുണ്ടാക്കി. കാലത്തും വൈകുന്നേരവും കാനോന നമസ്‌ക്കാരത്തിനു മാത്രം അവര്‍ ഒരുമിച്ചുകൂടിയിരുന്നു. ശേഷം സമയമെല്ലാം ഏകാന്തമായ പ്രാര്‍ത്ഥനയും അദ്ധ്വാനവും മാത്രം. പ്രധാന തിരുനാളുകളില്‍ ഒരുമിച്ചു ഭക്ഷിച്ചിരുന്നു. കയ്യെഴുത്തുപ്രതികള്‍ പകര്‍ത്തുകയായിരുന്നു അവരുടെ പ്രധാന ജോലി.
ആറു കൊല്ലത്തിനു ശേഷം ബ്രൂണോയുടെ വിശുദ്ധിയെപ്പറ്റി കേട്ടറിഞ്ഞ് ഉര്‍ബന്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ റോമയിലേക്ക് വിളിച്ചു. ചാര്‍ടൂസിലെന്നപോലെ റോമയിലും ബ്രൂണോ ജീവിച്ചുകൊണ്ടിരുന്നു. എങ്കിലും നഗരത്തിലെ ബഹളങ്ങള്‍ അദ്ദേഹത്തിന്റെ ഏകാന്തതയെ ഭഞ്ജിച്ചിരുന്നു. പല സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് അവസാനം അദ്ദേഹം നഗരം വിട്ടു പോകാന്‍ അനുവാദം വാങ്ങി കലാബ്രിയായിലേക്കു മടങ്ങി.
കഠിനമായ ജീവിതനിഷ്ഠയാണ് കാര്‍ത്തൂസിയന്‍ സഭയുടേതെങ്കിലും 71-ാമത്തെ വയസ്സിലേ ബ്രൂണോ അന്തരിച്ചുള്ളൂ. പ്രവര്‍ത്തനങ്ങളുടെ ആവശ്യം എത്രയും വലുതാണെന്നിരുന്നാലും ധ്യാനാത്മകമായ സന്യാസ സഭകള്‍ക്കു ക്രിസ്തുവിന്റെ ഭൗതികശരീരത്തില്‍ അമൂല്യമായ സ്ഥാനമുണ്ടെന്നുള്ള വത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനം കാര്‍ത്തൂസിയന്‍ സഭ ന്യായീകരിക്കുന്നുണ്ട്.