മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ നിര്യാതനായി

താമരശ്ശേരി രൂപത വൈദികനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനായി. കര്‍ഷക സംഘടനയായ ഇന്‍ഫാമിന്റെ സ്ഥാപക നേതാവും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അഗസ്ത്യന്‍മൂഴി സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍വെച്ച് ബുധനാഴ്ച (06 ഡിസംബര്‍ 2023) രാത്രിയോടെയായിരുന്നു അന്ത്യം.

ഭൗതിക ശരീരം വ്യാഴാഴ്ച (07 ഡിസംബര്‍ 2023) ഉച്ചകഴിഞ്ഞ് ഒരു മണി വരെ ഈരൂടുള്ള വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച (08 ഡിസംബര്‍ 2023) രാവിലെ ഒമ്പതു മണിക്ക് ഭവനത്തില്‍ ആരംഭിച്ച്, പത്തു മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടക്കും.

കത്തോലിക്കാ സഭയ്ക്ക് നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ മാനിച്ച് 2017 ഏപ്രില്‍ 29ന് ഫ്രാന്‍സീസ് മാര്‍പാപ്പ ‘ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്’ എന്ന സ്ഥാനം നല്‍കി ഫാ. ആന്റണി കൊഴുവനാലിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. മിഷന്‍ ലീഗ് പുരസ്‌ക്കാരം, കോഴിക്കോട് കോര്‍പറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പി.എം.ഒ.സി.യുടെയും, അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയമായ കരുണഭവന്റെയും ഉന്നത വിദ്യാഭ്യാസ പരീശീലനകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെയും സ്ഥാപകനും ആദ്യ ഡയറക്ടറുമായിരുന്നു.

കൊക്കോക്കോള, പാമോയില്‍ എന്നിവയുടെ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് മോണ്‍. ആന്റണി കൊഴുവനാല്‍ നേതൃത്വം നല്‍കി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതല്‍ അതിന്റെ ചെയര്‍മാനുമായിരുന്നു. സീറോ മലബാര്‍ ലിറ്റര്‍ജി കമ്മറ്റി അംഗവും സീറോ മലബാര്‍ ലിറ്റര്‍ജി റിസര്‍ച്ച് അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെ ജേര്‍ണലായ മതവും ചിന്തയും എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപക എഡിറ്ററായിരുന്നു.

1944 സെപ്റ്റംബര്‍ എട്ടിന് കോട്ടയം കൊഴുവനാല്‍ പരേതരായ ദേവസ്യ – അന്നമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ നാലാമനായി ജനിച്ചു. കൊഴുവനാല്‍ കുടുംബം കോട്ടയത്തുനിന്നും കൂരാച്ചുണ്ടിലേക്ക് കുടിയേറി. ആന്റണിയച്ചന്‍ പ്രാഥമിക വിദ്യാഭ്യാസം കൂരാച്ചുണ്ട് സെന്റ് തോമസ് യു.പി. സ്‌കൂളിലും ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജിലും പൂര്‍ത്തിയാക്കിയ ശേഷം 1963ല്‍ തലശ്ശേരി രൂപതയിലെ സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. ആലുവ, സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി, അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1972 ഡിസംബര്‍ 27 ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് കൂരാച്ചുണ്ട് ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

അവിഭക്ത തലശ്ശേരി രൂപതയിലെ മാനന്തവാടി, കണിയാരം ഇടവകയില്‍ 1972ല്‍ അസിസ്റ്റന്റ് വികാരിയായും 1973ല്‍ തേര്‍മല ഇടവകയില്‍ വികാരിയായും മാനന്തവാടി ഗിരിദീപം പ്രസ്സിന്റെ മാനേജരായും സേവനമനുഷ്ഠിച്ചു. തലശ്ശേരി അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി 1975 മുതല്‍ 1980 വരെ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകുകയും 1981 – 85 കാലഘട്ടത്തില്‍ ടൊറന്റോ സെന്റ് ജെയിംസ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായും തുടര്‍ന്ന് 1987 വരെ ടൊറന്റോ അതിരൂപതയിലെ സെന്റ് തോമസ് സിറിയന്‍ കമ്മ്യൂണിറ്റിയുടെ വികാരിയായും സേവനം ചെയ്തു. കാനഡ ടൊറന്റോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘ഗാന്ധിയന്‍ രാഷ്ട്രീയ ചിന്തയും ക്രൈസ്തവ വിമോചന ദൈവശാസ്ത്രവും-ഒരു വിമര്‍ശനാത്മക പഠനം’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. വാലില്ലാപ്പുഴ, മുക്കം, മേരിക്കുന്ന്, തിരുവമ്പാടി, ചേവായൂര്‍ എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍ : ജോസഫ് (കൂരാച്ചുണ്ട്), തോമസ് (പെരുമ്പൂള), മറിയക്കുട്ടി (കൂരാച്ചുണ്ട്), അന്നക്കുട്ടി മലേപ്പറമ്പില്‍ (കൂരാച്ചുണ്ട്), പാപ്പച്ചന്‍ (തെയ്യപ്പാറ), വക്കച്ചന്‍ (ചമല്‍), സാലി മാളിയേക്കല്‍ (കണ്ണോത്ത്).

ഫാ. മാത്യു തകിടിയേല്‍ നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു തകിടിയേല്‍ (73) നിര്യാതനായി. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം വ്യാഴാഴ്ച (26-10-2023) ഉച്ചയ്ക്ക് ഒരു മണി വരെ സഹോദരന്‍ വക്കച്ചന്റെ ചാപ്പന്‍തോട്ടത്തിലുള്ള ഭവനത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് ചാപ്പന്‍തോട്ടം സെന്റ് ജോസഫ് പള്ളിയില്‍ പൊതുദര്‍ശനം. സംസ്‌ക്കാര ശുശ്രൂഷ വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.

കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലായിരുന്ന ഇടവകകളില്‍ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവുംകൊണ്ട് ഇടവക ജനത്തെ മുന്നോട്ടു നയിച്ച അജപാലകനായിരുന്നു ഫാ. മാത്യു തകിടിയേല്‍. 1950 ജൂണ്‍ 30ന് ചാപ്പന്‍തോട്ടം തകിടിയേല്‍ ജോസഫ് – മേരി ദമ്പതികളുടെ പന്ത്രണ്ടു മക്കളില്‍ രണ്ടാമനായി ജനിച്ചു. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ഭരണങ്ങാനത്ത് പൂര്‍ത്തിയാക്കി ശേഷം തലശ്ശേരി രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. തലശ്ശേരി രൂപതയ്ക്കു വേണ്ടി 1975 ഡിസംബര്‍ 23ന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. വിലങ്ങാട് ഇടവക അസി. വികാരിയായി ആദ്യ നിയമനം ലഭിച്ചു. തുടര്‍ന്ന് കൂടരഞ്ഞി ഇടവകയില്‍ അസി. വികാരിയായി. പിന്നീട് വിജയപുരി (തലശ്ശേരി അതിരൂപത), പൂഴിത്തോട്, ചെമ്പുകടവ്, ചക്കിട്ടപാറ, പുഷ്പഗിരി, വിലങ്ങാട്, പെരുവണ്ണാമൂഴി ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. പെരുവണ്ണാമൂഴിയില്‍ വികാരിയായിരിക്കെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയ്ക്കായി സ്വഭവനത്തിലേക്കു പോയത്.

ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് (86) നിര്യാതനായി. വാര്‍ധക്യ സഹചമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അച്ചന്റെ ഭൗതിക ശരീരം തിങ്കളാഴ്ച (23-10-2023) രാവിലെ മുതല്‍ ഉച്ച വരെ ഈരൂട് പ്രീസ്റ്റ് ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം കോട്ടയം ജില്ലയിലെ തുടങ്ങനാട് കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച (24-10-2023) ഉച്ചകഴിഞ്ഞ് തുടങ്ങനാട് ഇടവക ദേവാലയത്തില്‍ മൃതസംസ്‌ക്കാര ശുശ്രൂഷ നടക്കും.

1967 മാര്‍ച്ച് 13ന് പൗരോഹിത്യം സ്വീകരിച്ച ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് തലശ്ശേരി, താമരശ്ശേരി രൂപതകളിലെ മാഞ്ഞോട്, ചന്ദനക്കാംപാറ, ശ്രീപുരം, മാമ്പോയില്‍, കഴിച്ചാല്‍, രാജഗിരി, വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പടത്തുകടവ്, കുളത്തുവയല്‍, ചെമ്പുകടവ്, പെരിന്തല്‍മണ്ണ, കുണ്ടുതോട് എന്നീ ഇടവകകളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തു. 2017 മുതല്‍ ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഉപവി പ്രവര്‍ത്തനങ്ങളുടെ ഉപാസകന്‍

ഒക്ടോബര്‍ 7: ഫാ. മാണി കണ്ടനാട്ട് അനുസ്മരണ ദിനം

പ്രക്ഷുബ്ദ അന്തരീക്ഷങ്ങളെ ശാന്തതകൊണ്ട് കീഴടക്കിയ സൗമ്യശീലനായിരുന്നു ഫാ. മാണി കണ്ടനാട്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവസാനിധ്യവും വേറിട്ട ശബ്ദവുമായിരുന്നു അദ്ദേഹം. ആരോരുമില്ലാതെ, ആളും അര്‍ത്ഥവുമില്ലാതെ, മാറാ രോഗങ്ങളും തീരാദുഃഖങ്ങളുമായി സര്‍ക്കാര്‍ ആശുപത്രി തിണ്ണകളില്‍ കഴിയുന്ന നിരാലംബരായ രോഗികള്‍ക്ക് ഔഷധമായും അന്നമായും വസ്ത്രമായും അഭയമായും ക്രൈസ്തവ സാക്ഷ്യമേകുവാന്‍ മാണിയച്ചനിലൂടെ അനേകര്‍ക്ക് പ്രചോദനവും പരിശീലനവും ലഭിച്ചു.

ക്രിസ്തുജയന്തി മഹാജൂബിലി വര്‍ഷത്തില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ അന്നവും ഔഷധവുമില്ലാതെ നിരാലംബരായ രോഗികള്‍ക്ക് തന്റെ അലവന്‍സ് ഉപയോഗിച്ച് തുടങ്ങിയ അന്നദാന ശുശ്രൂഷ പിന്നീട് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റി ഏറ്റെടുത്തു എന്നതും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് സാന്ത്വനമേകുന്ന ബൃഹദ് ശുശ്രൂഷയായി അത് മാറിയെന്നതും ചരിത്രം.

വിശക്കുന്നവന്റെ മുഖത്ത് നിഴലിക്കുന്ന ദൈന്യത അദ്ദേഹത്തെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്. പൗരോഹിത്യ ശുശ്രൂഷയില്‍ ഉപവിയുടെ ഉപാസകനും മുന്നണിപ്പോരാളിയുമായിരുന്നു മാണിയച്ചന്‍. താതന്റെ നിത്യമായ ഭവനത്തിലേക്കുള്ള മടക്കയാത്രയ്ക്ക് ആവശ്യമായ സുകൃതങ്ങളുടെ വലിയ സമ്പാദ്യം സ്വരുക്കൂട്ടുവാന്‍ ഈ ലോക ജീവിതത്തിലൂടെ അദ്ദേഹത്തിനു കഴിഞ്ഞു.

രണ്ട് പതിറ്റാണ്ടിലധികം നീളുന്ന വൈദിക വിദ്യാര്‍ത്ഥികളുടെ ഗുരു എന്ന പദവിയില്‍ ഭൗതിക വിജ്ഞാനത്തെ അതിശയിപ്പിക്കുന്ന ആത്മജ്ഞാനം മാണിയച്ചന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുകൃതസമ്പന്നമായ ഗുരുകൃപയുടെ വറ്റാത്ത ഉറവയാണ് അദ്ദേഹം. ജീവിതത്തിലെ വന്‍ പ്രതിസന്ധികളെ നിര്‍മ്മലമായ പുഞ്ചിരികൊണ്ട് കീഴടക്കുവാന്‍ മാണിയച്ചനു കഴിഞ്ഞു.

പാലായിലെ നെല്ലിയാനിയില്‍ കണ്ടനാട്ട് ചാണ്ടിയുടെയും റോസമ്മയുടെയും ഏഴു മക്കളില്‍ രണ്ടാമനായി 1942 ഡിസംബര്‍ 12ന് ജനനം. സെമിനാരി പഠനത്തിനു ശേഷം തലശേരി രൂപതയ്ക്കായി 1969 ഡിസംബര്‍ 20ന് പൗരോഹിത്യം സ്വീകരിച്ചു.
തലശേരി രൂപതയിലെ ആലക്കോട് അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് ഈരൂട്, രയരോം, മാവൂര്‍, വിളക്കാംതോട്, ഉരുപ്പുംകുറ്റി, കരുവാരകുണ്ട്, പാതിരിക്കോട്, വാലില്ലാപുഴ, ചമല്‍, കുപ്പായക്കോട് എന്നീ ഇടവകകളില്‍ വികാരിയായി.

ഇംഗ്ലീഷിലും മലയാളത്തിലും ബിരുദാനന്തര ബിരുദം നേടി. 1988 മുതല്‍ 21 വര്‍ഷം താമരശേരി മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലകനായി. ന്യായാധിപന്റെ നീതിബോധവും അമ്മയുടെ ആര്‍ദ്രതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ സമ്മേളിച്ചിരുന്നു.

76 വര്‍ഷത്തെ ലോക ജീവിതത്തില്‍ സുന്ദരമായ പൗരോഹിത്യ ജീവിതത്തിന്റെ 48 വര്‍ഷങ്ങളില്‍ താമരശേരി രൂപതയിലെ അനേകം വൈദികരുടെ ഗുരുഭൂതനായി.

വേദനിക്കുന്നവന്‍ നിലവിളിക്കുന്നതിന് മുമ്പു തന്നെ അവന്റെ നേരെ കരുണയുടെ കരങ്ങള്‍ നീട്ടണമെന്നത് അദ്ദേഹത്തിന് വളരെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു. പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഒരു വ്യക്തിയെ സഹായിക്കാതെ കടന്നു പോകുന്നത് അച്ചന് തീര്‍ത്തും അപരിചിതമായിരുന്നു. നിസഹായതയോടു കൂടിയുള്ള ഒരു നേട്ടമല്ല അവന് സഹായമായി നിന്നുകൊടുക്കുക എന്നതായിരുന്നു രീതി. തന്റെ സഹായം സ്വീകരിക്കുന്നവര്‍ ദൈവം നേരിട്ടു നല്‍കിയ ഒരു നിധിപോലെ മാത്രമെ അതിനെ വരവു വെയ്ക്കാവൂ എന്ന നിര്‍ബന്ധവുമുണ്ടായിരുന്നു.

അരോരുമറിയാത്ത ദാനം അനശ്വരമാണെന്നും കര്‍തൃസന്നിധിയില്‍ ഏറെ ശ്രേഷ്ഠമാണെന്നും അച്ചന്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിരുന്നു. കൈയില്‍ വരുന്നതൊക്കെയും സ്വന്തം കീശയില്‍ വീഴാതെ അവ വരുന്ന വഴിക്കുതന്നെ ആവശ്യക്കാരില്‍ അതിവേഗമെത്തിക്കാന്‍ അച്ചന്‍ അതീവ ശ്രദ്ധാലുവായിരുന്നു. താന്‍ നല്‍കുന്ന ധനസഹായം അനുദിന ചെലവുകള്‍ക്ക് അതീതമായി അത്യാപത്തിനെ നേരിടാനുള്ള നിധിയായിട്ടാണ് അച്ചന്‍ നല്‍കിയിരുന്നത്. നല്‍കുന്നതിലുള്ള ആത്മസുഖത്തേക്കാള്‍ സ്വീകരിക്കുന്നവന്റെ ആത്മാഭിമാനത്തിന് കാവലാളാകുകയെന്നതായിരുന്നു അച്ചന്റെ ഉപവി പ്രവര്‍ത്തനങ്ങളുടെ ആത്മചൈതന്യം.

കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ അന്തരിച്ചു

ഏഷ്യയിലെ ഗോത്ര വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലെത്തിയ ഏക വ്യക്തിയും റാഞ്ചി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പുമായിരുന്നു കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ പ്ലാസിഡസ് ടോപ്പോ (84). വാര്‍ധക്യ സഹചമായ രോഗങ്ങളെത്തുടര്‍ന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്‌ക്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ, കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ അധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്. 2003 ഒക്ടോബര്‍ 21ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയും തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗമായിരുന്നു. റാഞ്ചി അതിരൂപത അധ്യക്ഷ സ്ഥാനത്തു നിന്ന് 2018 ജൂണിലാണ് വിരമിച്ചത്.

1939 ഒക്ടോബര്‍ 15ന് ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലെ ജാര്‍ഗാവില്‍ അംബ്രോസ് ടോപ്പോയുടെയും സോഫിയയുടെയും പത്തു മക്കളില്‍ എട്ടാമനായി ജനനം. റാഞ്ചി സര്‍വകലാശാലയിലും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വകലാശാലയിലും ഉന്നത പഠനം നടത്തി. 1969ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1968ല്‍ ധുംക രൂപതയുടെ ബിഷപ്പായി നിയമിതനായി. ജാര്‍ഖണ്ഡിലെ പ്രാദേശിക ഭാഷകള്‍ക്ക് പുറമെ ഹിന്ദി, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലും പ്രാവീണ്യം നേടി. 1985ല്‍ റാഞ്ചി അതിരൂപതാ മെത്രാനായി. ‘കര്‍ത്താവിന് വഴിയൊരുക്കുവിന്‍’ (ഏശയ്യ 40:3) എന്നതായിരുന്നു അദ്ദേഹത്തിന്റെ മോട്ടോ. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട കര്‍ദ്ദിനാള്‍മാരുടെ സമിതിയില്‍ അംഗമായിരുന്നു. 2016-ല്‍ ശ്രീലങ്കയില്‍ നടന്ന ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് പ്ലീനറി അംസബ്ലിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധിയായി പങ്കെടുത്തത് കര്‍ദ്ദിനാള്‍ ടോപ്പോയായിരുന്നു. 2002-ല്‍ ജാര്‍ഖണ്ഡ് രത്‌ന പുരസ്‌ക്കാരം നേടി. 54 വര്‍ഷം നീണ്ട പൗരോഹിത്യ ജീവിത്തില്‍ 44 വര്‍ഷം ബിഷപ്പായും 19 വര്‍ഷം ആര്‍ച്ച് ബിഷപ്പായും സേവനം ചെയ്തു.

പ്രേഷിതരംഗത്തെ കരുണാര്‍ദ്രതാരം

ഒക്ടോബര്‍ 4: ഫാ. ജെയിംസ് മുണ്ടക്കല്‍ അനുസ്മരണ ദിനം

ദിവ്യകാരുണ്യത്തിന്റെ വലിയ ഉപാസകനായ ഫാ. ജെയിംസ് മുണ്ടക്കല്‍ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തന്റെ ജീവിതം കരുണാമയന്റെ പാദങ്ങളിലര്‍പ്പിച്ച സമാനതകളില്ലാത്ത പുരോഹിതനായിരുന്നു. നാലര പതിറ്റാണ്ടുകള്‍ നീ പൗരോഹിത്യ വഴിത്താരയില്‍ മനസില്‍ പതിഞ്ഞതൊക്കെയും പാവങ്ങളുടെ മുഖമായിരുന്നു. അനാഥരോടും അഗതികളോടുമുള്ള പക്ഷംചേരല്‍ ദൈവത്തോടു തന്നെയുള്ള പക്ഷംചേരലായി അദ്ദേഹം കരുതി.

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി ഏറെ തീക്ഷ്ണമായിരുന്നു ഫാ. ജെയിംസ് മുണ്ടക്കലിന്. അച്ചന്‍ ജനിച്ചതും മരിച്ചതും ജപമാല മാസമായ ഒക്‌ടോബറിലാണെന്നത് മറ്റൊരു കൗതുകം. ദിവസവും പലവുരു ജപമാല ചൊല്ലിയിരുന്ന അച്ചന് മാതാവ് ദര്‍ശനം നല്‍കിയ സ്ഥലങ്ങളോടും വ്യക്തികളോടും പ്രത്യേക മമതയും വണക്കവും ഉണ്ടായിരുന്നു.

മുണ്ടക്കല്‍ വര്‍ക്കി-ത്രേസ്യ ദമ്പതികളുടെ ഏഴു മക്കളിലൊരുവനായി 1943 ഒക്‌ടോബര്‍ 12-ന് തിരുവമ്പാടിയില്‍ ജനിച്ച ജെയിംസ് അച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം തിരുവമ്പാടിയില്‍ തന്നെയായിരുന്നു. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ സെമിനാരി പഠനം. 1968 ഡിസംബര്‍ 21-ന് തലശേരി രൂപതാധ്യക്ഷനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.

നിരാലംബരായവര്‍ക്ക് ആലംബമാവുകയെന്നത് അച്ചന്‍ തന്റെ ജീവിതത്തിന്റെ വലിയ നിയോഗമായി കരുതി. രൂപതയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ ആധ്യാത്മിക ഉപദേഷ്ടാവായി ദീര്‍ഘകാലം സേവനം ചെയ്തു.

രൂപതയുടെ അനാഥാലയത്തിന്റെ ചുമതലയും അച്ചന്‍ വഹിച്ചിട്ടുണ്ട്. അവിടെ പഠിച്ച മക്കള്‍ക്ക് തുടര്‍ വിഭ്യാഭ്യാസം നല്‍കുക, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്കു പറഞ്ഞയയ്ക്കുക തുടങ്ങിയവയൊക്കെ അച്ചന് ഏറെ ആത്മസംതൃപ്തിയേകുന്ന സുകൃതങ്ങളായിരുന്നു.

പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന കുടിയേറ്റ ജനതയുടെ സ്വപ്‌നത്തെക്കാള്‍ ഒരു പടികൂടി മുമ്പിലായിരുന്നു മുണ്ടക്കലച്ചന്റെ പ്രയത്‌നങ്ങള്‍. സ്‌കൂള്‍ നിര്‍മാണത്തിലുള്ള മികവു മാത്രമല്ല, കുട്ടികളുടെ അച്ചടക്കത്തിലും സമഗ്രവ്യക്തിത്വ വളര്‍ച്ചയിലും അച്ചന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ചെമ്പനോട, വിലങ്ങാട്, കൂടരഞ്ഞി, വേനപ്പാറ, പുല്ലൂരാംപാറ, മരിയാപുരം, കല്ലാനോട് എന്നീ സ്‌കൂളുകളെ ഏറെ മികവുറ്റതാക്കി തീര്‍ക്കുവാന്‍ അച്ചന്റെ വ്യക്തിപരമായ ശ്രമങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.

ദേവാലയ സംഗീതത്തെ വളരെ ഗൗരവത്തില്‍ അച്ചന്‍ ശ്രദ്ധിച്ചിരുന്നു. നല്ലൊരു ഗായകനായിരുന്നെങ്കിലും പള്ളിയിലെ ഗായകസംഘത്തെ മികവുറ്റതാക്കി വളര്‍ത്തിക്കൊണ്ടു വരുന്നതിലാണ് അച്ചന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നത്. യൗവന കാലത്ത് ഹാര്‍മോണിയവും തബലയും വലിയ ഹരമായിരുന്നു. അവയും അച്ചന്‍ അനായാസം കൈകാര്യം ചെയ്തിരുന്നു.

തിരക്കുകള്‍ക്കിടയിലും അള്‍ത്താരയുടെ തണലില്‍ ആത്മനാഥനോടൊത്ത് മണിക്കൂറുകള്‍ തങ്ങളുടെ വല്യച്ചന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നത് മുണ്ടക്കലച്ചന്റെ ശിഷ്യഗണങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്.

മുണ്ടക്കലച്ചന്റെ വചന പ്രഘോഷണങ്ങള്‍ ഹൃദയസ്പര്‍ശിയാണ്. സുദീര്‍ഘമായ വചന ധ്യാനത്തിനും പ്രാര്‍ത്ഥനയ്ക്കും ശേഷമേ അച്ചന്‍ വചനം പങ്കുവയ്ക്കാറുള്ളു. ഞായറാഴ്ചകളിലടക്കം പങ്കുവച്ച വചനത്തിന്റെ ലിഖിത രൂപം അച്ചന്‍ എന്നും കൈവശം സൂക്ഷിക്കുന്ന പതിവ് ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയോടെ പദ്ധതികളാവിഷ്‌കരിക്കുകയെന്നതായിരുന്നു അച്ചന്റെ ജീവിത രീതി.

അന്നം മുടങ്ങിയാലും യാമപ്രാര്‍ത്ഥന മുടങ്ങുകയെന്നത് അച്ചന് അചിന്ത്യമായിരുന്നു. പ്രാര്‍ത്ഥനയാലും നിഷ്ഠയാലും ക്രമപ്പെടുത്തിയ ജീവിതശൈലി ജീവിതത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുവാന്‍ അച്ചന് ശക്തി പകര്‍ന്നു. താമരശേരി രൂപതയുടെ ചാന്‍സലറായി 1987 – 90 വരെ മങ്കുഴിക്കരി പിതാവിന്റെ മനസിനിണങ്ങിയ ശുശ്രൂഷകനാകാന്‍ കഴിഞ്ഞത് അച്ചന്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതി.

താമരശേരി രൂപതയുടെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രൂപതയുടെ സമ്പൂര്‍ണ ചരിത്രഗ്രന്ഥമായ സ്മരണിക ‘കുടിയേറ്റത്തിന്റെ രജത പാതയില്‍’ എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്തിരുന്ന് ആ സദുദ്യമത്തെ അതിന്റെ സകല സൗന്ദര്യത്തോടും കൂടി ആവിഷ്‌കരിച്ചു.

മുണ്ടക്കലച്ചന്‍ ചിത്രകലാ വിദഗ്ധന്‍ കൂടിയായിരുന്നു. അള്‍ത്താര രൂപകല്‍പന ചെയ്യുക, അള്‍ത്താരയിലെ ചിത്രപ്പണികള്‍, പെയിന്റിങ്, ഡ്രോയിങ് തുടങ്ങിയ ജോലികള്‍ അച്ചന്‍ സേവനം ചെയ്ത മിക്ക ഇടവകകളിലും അതിമനോഹരമായി ചെയ്തിട്ടുണ്ട്. വേനപ്പാറയിലെ പഴയ ദേവാലയത്തിന്റെ അള്‍ത്താര രൂപകല്‍പന ചെയ്ത് നവീകരിച്ചത് മുണ്ടക്കലച്ചനായിരുന്നു.

മരിയാപുരം ഫൊറോന പള്ളി, ചെമ്പനോടയിലെ പഴയ പള്ളി, പുതുപ്പാടി പള്ളി എന്നിവിടങ്ങളിലെ അള്‍ത്താരകള്‍ മുണ്ടക്കലച്ചന്റെ കരവിരുതും കൈ അടയാളവും പതിഞ്ഞവയാണ്. കരിക്കോട്ടക്കരി, മൈലെള്ളാംപാറ, ചക്കിട്ടപാറ എന്നിവിടങ്ങളിലും അച്ചന്‍ വികാരിയായിരുന്നു. തന്റെ ഇടവക ജീവിതത്തിലെ അവസാന നാളുകള്‍ 2009 മുതല്‍ 2014 വരെ പുതുപ്പാടിയിലായിരുന്നു.

2014 ഫെബ്രുവരി രണ്ടിന് പുതുപ്പാടിയില്‍ നിന്നു റിട്ടയര്‍ ചെയ്ത് മേരിക്കുന്ന് പ്രീസ്റ്റ് ഹോമിലേക്ക് താമസം മാറുമ്പോള്‍ ഗുരുതര രോഗങ്ങളാല്‍ തീര്‍ത്തും അവശനായിക്കഴിഞ്ഞിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ നാലിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഓര്‍മവച്ച നാള്‍ മുതല്‍ ഓര്‍മവെടിയും നാള്‍വരെയും സമ്പൂര്‍ണമായും ക്രിസ്തുവിന്റെ വിശ്വസ്ഥ ദാസനും ധീര പ്രേക്ഷിതനുമായിരുന്നു മുണ്ടക്കലച്ചന്‍.

ആത്മബന്ധങ്ങളുടെ തോഴന്‍

സെപ്റ്റംബര്‍ 30: ഫാ. ജോണ്‍ മണലില്‍ അനുസ്മരണ ദിനം

ഷിമോഗ കുടിയൊഴിപ്പിക്കലിന്റെ ബാക്കിപത്രമായി കുടിയിറക്കപ്പെട്ട മുള്ളൂര്‍ കുടുംബത്തിലെ ജോസഫ് എന്ന കുട്ടി ഹൈസ്‌കൂള്‍ പഠനത്തിനായി എത്തിപ്പെട്ടത് വേനപ്പാറ ബാലഭവനിലാണ്. അക്കാലത്താണ് കാലിന് ഗുരുതരപരിക്കുമായി ഫാ. ജോണ്‍ മണലില്‍ വേനപ്പാറയില്‍ വിശ്രമത്തിന് എത്തിയത്. ഇരുവരും അന്നു പരിചയപ്പെട്ടു. അന്ന് തുടങ്ങിയ സൗഹൃദം നാലു തലമുറകള്‍ കടന്ന് ജോണച്ചന്റെ മരണം വരെ തുടര്‍ന്നു.

ജീവിതത്തിലെ പ്രധാന സംഭവങ്ങളിലെല്ലാം ഇരുവരും പരസ്പരം പങ്കുകൊണ്ട് സൗഹൃദം ശക്തിപ്പെടുത്തി. ജോസഫിന്റെ വിവാഹം നടത്തിക്കൊടുത്തതും മക്കളുടെയും പേരക്കിടാങ്ങളുടെയും വിവിധ കൂദാശകള്‍ പരികര്‍മ്മം ചെയ്തതും ജോണച്ചന്‍ തന്നെയായിരുന്നു. ഇതായിരുന്നു ഫാ. ജോണ്‍ മണലിലിന്റെ സൗഹൃദ ശൈലി. കൂട്ടായി വരുന്നവനെ കൂടോടെ ജീവനുതുല്യം മരണം വരെയും സ്‌നേഹിക്കുമായിരുന്നു അദ്ദേഹം.

പാവങ്ങളെ സൗഹൃദംകൊണ്ട് ധന്യമാക്കുക എന്നത് അച്ചന് ഏറെ ഹരമായിരുന്നു. ജോണച്ചന്‍ പയ്യനാട് പള്ളിയില്‍ വികാരിയായിരിക്കവേ ഒരിക്കല്‍ അച്ചന്റെ ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നും ജോണച്ചനെ സന്ദര്‍ശിക്കുവാന്‍ എത്തി. നട്ടുച്ച സമയത്ത് അവര്‍ അങ്ങനെ സംസാരിച്ചിരിക്കെ ഭിക്ഷ യാചിച്ച് ഒരു മനുഷ്യന്‍ അവിടെയെത്തി. ഒരു നേരത്തെ ഭക്ഷണത്തിനുള്ള പൈസയാണ് ധര്‍മ്മം തേടി വന്നവന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ അവനെ അച്ചന്റെയും ജ്യേഷ്ഠന്റെയും ഒപ്പമിരുത്തി അവര്‍ക്കായി തയ്യാറാക്കിയ ഭക്ഷണം പകുത്തുനല്‍കി ആ യാചകനെ അമ്പരപ്പിച്ചു.

പടത്തുകടവില്‍ വികാരിയായിരിക്കവേ ജന്മംകൊണ്ട് ഹൈന്ദവനും ജീവിതംകൊണ്ട് ക്രിസ്ത്യാനിയുമായ വിജയന്‍ പതിവായി ജോണച്ചനെ കാണാന്‍ എത്തുമായിരുന്നു. വിജയന്‍ ശാലോം ശുശ്രൂഷകളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏറെ ആകൃഷ്ടനും കൂടെക്കൂടെ നവീകരണ ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന വ്യക്തിയുമാണ്. അഭിഷിക്തനെ കണ്ട് ആത്മീയ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുക എന്നത് ജീവിതത്തില്‍ ഏറെ ധന്യത ലഭിക്കുന്ന കാര്യമായി വിജയന്‍ കരുതിയിരുന്നു. ജോണച്ചന്റെ ഒഴിവുവേളകള്‍ കണ്ടെത്തി മണിക്കൂറുകളോളം ഈശ്വരചിന്തയില്‍ ലയിക്കുവാന്‍ വിജയന്‍ ഏറെ ശ്രദ്ധാലുവായിരുന്നു. ഈ ആത്മീയ സംഭാഷണങ്ങള്‍ തന്റെ വിശ്വാസജീവിത പാതയില്‍ തിരുപാഥേയം പോലെയാണു വിജയന്‍ സ്വീകരിച്ചിരുന്നത്. അങ്ങിനെ നശ്വരമായ വിശപ്പിനേക്കാള്‍ വലുതാണ് ആത്മീയ വിശപ്പ് എന്ന് കണ്ടറിഞ്ഞവരാണ് അച്ചനും വിജയനും. പിന്നീട് അച്ചന്‍ സ്ഥലം മാറിയിട്ടും വിജയന്റെ മനസ്സില്‍ ആ സൗഹൃദം മായാതെ നിലകൊണ്ടു.

ജോണച്ചന്‍ കുപ്പായക്കോട് വികാരിയായിരിക്കവേ ഒരു പള്ളിത്തിരുനാള്‍ വേളയില്‍ സംഭവിച്ച ഒരു കുഞ്ഞുകാര്യം കൂടി കുറിക്കുകയാണ്: പ്രധാന തിരുനാള്‍ ദിനത്തില്‍ രൂപതാധ്യക്ഷന്‍ ദിവ്യബലി അര്‍പ്പിക്കുന്ന വേളയില്‍ പിതാവിന് കുടിക്കാനായി ഒരു ഗ്ലാസ് ചൂടുവെള്ളം സങ്കീര്‍ത്തിക്ക് സമീപത്തു ദേവാലയ ശുശ്രൂഷി വച്ചിരുന്നു. അമ്മവീട്ടില്‍ പെരുന്നാള്‍ കൂടുവാന്‍ കൊതിയോടെ വന്ന ഒരു കുഞ്ഞ് ദാഹംകൊണ്ട് അലമുറയിട്ടു. പെട്ടെന്ന് കുഞ്ഞിന്റെ അപ്പന്‍ അവിടെയിരുന്ന ചൂടുവെള്ളം കുഞ്ഞിനു കുടിക്കാന്‍ നല്‍കി. ഇത് കണ്ട ചിലര്‍ അവര്‍ക്ക് സമീപത്തേക്ക് വന്നു. ഭാര്യയുടെ ഇടവകയില്‍ വച്ച് അപമാനിതനാകുമെന്ന് ആ കുഞ്ഞിന്റെ അപ്പന് തോന്നി. സ്തബ്ധനായി നില്‍ക്കുന്ന കുഞ്ഞിന്റെ അപ്പന്റെ സമീപത്തേക്ക് വികാരിയായ ജോണച്ചനെത്തി ശാന്തമായി പറഞ്ഞു: ”കുഞ്ഞിന്റെ വായ് പൊള്ളാതെ നോക്കണേ.”

അതോടെ രംഗം ശാന്തമായി. വലിയൊരു അപമാനത്തിന്റെ വക്കില്‍ നിന്ന് വികാരിയച്ചന്റെ സമയോചിതവും സ്‌നേഹനിര്‍ഭരവുമായ ഇടപെടലിലൂടെ അപ്പനും കുഞ്ഞും രക്ഷപ്പെട്ടു. ഇന്നും ഭാര്യയുടെ ഇടവകയില്‍ വരുമ്പോഴെല്ലാം അദ്ദേഹം ഓര്‍ക്കും വലിയ മനസ്സുള്ള ആ വികാരിയച്ചനെ.

ഒരിക്കല്‍ കണ്ടുമുട്ടിയാല്‍ ആര്‍ക്കും ഒരിക്കലും മറക്കുവാന്‍ കഴിയാത്ത വിധം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുകയും സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു ജോണച്ചന്റേത്.

ചങ്ങനാശേരി അതിരൂപതയില്‍ കുട്ടനാട്ടിലെ മുട്ടാര്‍ ഇടവകയില്‍ മണലില്‍ ദേവസ്യ – ക്ലാരമ്മ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനായി 1943 ജൂണ്‍ ഒന്നിന് ജനിച്ചു. മുട്ടാറില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. 1959 ല്‍ പാലാ രൂപതയുടെ ഗുഡ് ഷെപ്പേഡ് സെമിനാരിയില്‍ തലശ്ശേരി രൂപതയ്ക്കുവേണ്ടി വൈദിക വിദ്യാര്‍ത്ഥിയായി. തുടര്‍ന്ന് തലശ്ശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരി, ആലുവ പൊന്തിഫിക്കല്‍ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. 1968 ഡിസംബര്‍ 20ന് ആലുവ സെമിനാരിയില്‍ വച്ച് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. കുട്ടനാട്ടിലെ മുട്ടാര്‍ ഇടവകയില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് മിഷന്‍ സ്വപ്‌നങ്ങളോടെ മലബാറിലേക്ക് വണ്ടി കയറി. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യനിയമനം. അതോടൊപ്പം സ്റ്റേഷന്‍ പള്ളിയായിരുന്ന പാലാങ്കരയുടെ ചുമതലയും ജോണച്ചനായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പാലാങ്കരയുടെ വികാരിയായി. വികസനം എത്താത്ത ദേശമായിരുന്നു പാലാങ്കര. കാളവണ്ടി ആയിരുന്നു അവിടുത്തെ പ്രധാന വാഹനം. വിശ്വാസികള്‍ സാധാരണക്കാരായ കര്‍ഷകര്‍. കപ്പയാണ് പ്രധാന കൃഷി. പള്ളിമുറി ഇല്ലാതിരുന്നതിനാല്‍ സങ്കീര്‍ത്തിയിലായിരുന്നു അച്ചന്റെ താമസം. ഒരിക്കല്‍ അവിടുത്തെ സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്കായി ഒരു ടൂര്‍ സംഘടിപ്പിച്ചു. 1973 ഏപ്രില്‍ ഒന്നിന് അധ്യാപകര്‍ക്കൊപ്പം മൈസൂരിലേക്ക് യാത്ര പുറപ്പെട്ടു. മൈസൂര്‍ എത്താന്‍ ഏതാനും കിലോമീറ്റര്‍ മാത്രം ശേഷിക്കേ നിയന്ത്രണംവിട്ട ജീപ്പ് മരത്തിലിടിച്ചു മറിഞ്ഞു. ജീപ്പില്‍ ഉണ്ടായിരുന്നവര്‍ കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പക്ഷേ ജോണച്ചന്റെ വലതുകാല്‍ മുട്ടിനുതാഴെ ഒടിഞ്ഞു തൂങ്ങി. വേദനകൊണ്ട് പുളഞ്ഞ അച്ചനെ നാട്ടുകാര്‍ മൈസൂര്‍ കൃഷ്ണരാജേന്ദ്ര ആശുപത്രിയിലെത്തിച്ചു. രൂപതാ കേന്ദ്രത്തില്‍നിന്ന് സഹായത്തിനായി ജോസഫ് കാപ്പിലച്ചനെ വള്ളോപ്പിള്ളി പിതാവ് മൈസൂരിലേക്ക് അയച്ചു. നാലു ദിവസങ്ങള്‍ക്ക് ശേഷം തുടര്‍ ചികിത്സയ്ക്കായി അച്ചനെ മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഒന്നരവര്‍ഷം വേനപ്പാറ ബാലഭവനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

1975 ല്‍ ഈരൂട് വികാരിയായി കര്‍മ്മമണ്ഡലത്തിലേക്ക് തിരിച്ചെത്തി. നഗരകേന്ദ്രമായ താമരശ്ശേരിയില്‍ ഒരു പള്ളി വേണമെന്ന വള്ളോപ്പിള്ളി പിതാവിന്റെ ആഗ്രഹപ്രകാരം 1976 ല്‍ താമരശ്ശേരി ടൗണിനോടനുബന്ധിച്ച് എട്ടു സെന്റ് സ്ഥലം കണ്ടെത്തി പള്ളി സ്ഥാപിച്ചത് ജോണച്ചനായിരുന്നു. ഈരൂട് വികാരി ആയിരിക്കെ തന്നെ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ താമരശ്ശേരിയില്‍ ആരംഭിച്ച പുതിയ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കും അച്ചന്‍ നേതൃത്വം നല്‍കി.

1980 -ല്‍ പയ്യനാട് വികാരിയായി സ്ഥലം മാറി. കൂമന്‍കുളം സ്റ്റേഷന്‍ പള്ളിയുടെ ചാര്‍ജും ജോണച്ചനായിരുന്നു. മഞ്ചേരി ടൗണില്‍ അന്ന് പള്ളിയില്ല. നഗരത്തിലെ വിശ്വാസികളെ സംഘടിപ്പിച്ചു പള്ളി നിര്‍മ്മിക്കുവാന്‍ അച്ചന്‍ തീരുമാനിച്ചു. 1986-ല്‍ തലശ്ശേരി രൂപത വിഭജിച്ച് താമരശ്ശേരി രൂപത നിലവില്‍വന്നു. മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പ്രഥമ ബിഷപ്പായി. അതേ വര്‍ഷം നവംബറില്‍ പണികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ മഞ്ചേരി പള്ളി വെഞ്ചരിച്ചു ദിവ്യബലി ആരംഭിച്ചു. 1987- ല്‍ ജോണച്ചന്‍ മഞ്ചേരി ഇടവക വികാരിയായി സ്ഥാനമേറ്റു. സ്റ്റേഷനായ കൂമന്‍കുളത്ത് പള്ളി നിര്‍മ്മിക്കുന്നതിന് അച്ചന്‍ മുന്‍കൈയെടുത്തു. 1988- ഫെബ്രുവരിയില്‍ കൂമന്‍കുളത്ത് പുതിയ പള്ളി നിര്‍മ്മാണം പൂര്‍ത്തിയാക്കി. 1990-ല്‍ മരഞ്ചാട്ടി ഇടവക വികാരിയായി സ്ഥലം മാറി. അവിടെയും പള്ളിയും പള്ളിമുറിയും ഉണ്ടായിരുന്നില്ല. സ്‌കൂളിലെ ഒരു ക്ലാസില്‍ ഇടദിവസങ്ങളില്‍ കുര്‍ബാനയര്‍പ്പിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും സ്‌കൂള്‍ ഹാളിലായിരുന്നു ദിവ്യബലി. ഇടവക ജനങ്ങളുടെ സഹകരണത്തോടെ പുതിയ പള്ളിയുടെ നിര്‍മ്മാണം ആരംഭിച്ചു. 1995 ഡിസംബര്‍ 16ന് പുതിയ പള്ളി കൂദാശ ചെയ്തു.

1996 -ല്‍ കട്ടിപ്പാറ വികാരിയായി. രണ്ടായിരത്തില്‍ കുളിരാമുട്ടിയിലേക്ക് സ്ഥലം മാറി. ഒരു വര്‍ഷത്തോളം സേവനം ചെയ്ത ശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ വാലില്ലാപ്പുഴയിലേക്ക് സ്ഥലം മാറി. സണ്‍ഡേസ്‌കൂള്‍ ഷെഡ്ഡിന്റെ രണ്ടാം നിലയില്‍ ആയിരുന്നു അന്ന് പള്ളി. പുതിയ പള്ളി നിര്‍മിക്കുന്നതിന് വികാരി അച്ചന്റെ നേതൃത്വത്തില്‍ ഇടവക സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. മേല്‍ക്കൂരയും മുഖവാരവും പണിതീര്‍ത്തു. ഇതിനിടെ ജോണച്ചന് ബൈപ്പാസ് സര്‍ജറി നടത്തേിവന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പള്ളി പണി തീരും മുമ്പേ ചുണ്ടത്തുംപൊയിലിലേക്ക് സ്ഥലം മാറി. തുടര്‍ന്ന് കുപ്പായക്കോട്, പടത്തുകടവ്, കല്ലുരുട്ടി ഇടവകകളിലും വികാരിയായി.

തിരുപ്പട്ടം സ്വീകരിച്ച് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ നേരിടേണ്ടി വന്ന വലിയ അപകടം വലതുകാലിന് ഏല്‍പ്പിച്ച പരിക്ക് ഏറെ ഗൗരവമുള്ളതായിരുന്നു. പിന്നീട് ജീവിതത്തിലുടനീളം അല്പം മുടന്തുള്ള കാലോടുകൂടിയാണ് ജീവിതം മുന്നോട്ടു പോയത് എങ്കിലും അതെല്ലാം വിളിച്ചവനോടുള്ള സ്‌നേഹത്തെപ്രതി യാതൊരു പരാതിയും പരിഭവവും ഇല്ലാതെ സഹിക്കുന്ന ശാന്തപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

2014 മെയ് 11 മുതല്‍ മേരിക്കുന്ന് ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2021 സെപ്റ്റംബര്‍ 15ന് കോവിഡ് ബാധിതനായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 30 വ്യാഴാഴ്ച രാവിലെ 4.15ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മേരിക്കുന്നിലുള്ള വൈദിക വിശ്രമ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ജോണച്ചന്‍ അവിടെ വരുന്ന സന്ദര്‍ശകരോട് കുശലം പറയുന്നതിനും പരിചയപ്പെടുന്നതിനും ഏറെ മുന്നിലായിരുന്നു. പ്രീസ്റ്റ് ഹോമിനെ ചടുലമായി നിലനിര്‍ത്തുന്നതില്‍ അച്ചന്‍ വലിയ പങ്കുവഹിച്ചു. ആത്മീയ ജീവിതത്തിലോ അനുദിന ഉത്തരവാദിത്വങ്ങളിലോ ഒരു മുടക്കവും വരുത്താതെയും ആര്‍ക്കും ഒരു ഭാരമാകാതെയും ജീവിക്കുവാന്‍ അച്ചന്‍ പരിശീലിച്ചിരുന്നു. ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, ചാപ്പലില്‍ ഉയര്‍ന്ന സ്വരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ജോണച്ചന്‍ വൈദിക വിശ്രമ മന്ദിരത്തിന് ശബ്ദവും ഊര്‍ജവും ആയിരുന്നു.

2018-ല്‍ ജോണച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മണലില്‍ കുടുംബം പുറത്തിറക്കിയ ‘സഹനത്തിന്റെ വഴിത്താരയില്‍’ എന്ന പുസ്തകം അച്ചന്റെ ജീവിതകഥ വ്യക്തമാക്കുന്നു.

പലവട്ടം മരണത്തെ മുഖാഭിമുഖംക ജോണച്ചന്‍ കഴിഞ്ഞ ജൂണില്‍ അസുഖബാധിതനായി വെന്റിലേറ്ററിലായിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തി. ഇനി ഞാന്‍ മരണത്തിന് എപ്പോഴും ഒരുങ്ങിയിരിക്കുകയാണന്ന് ജോണച്ചന്‍ പറയുമായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചപ്പോള്‍ തന്റെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് പ്രവേശിച്ചു വെന്ന് തിരിച്ചറിഞ്ഞ അച്ചന്‍ ആത്മീയമായി സമ്പൂര്‍ണ്ണ ഒരുക്കത്തില്‍ രോഗീലേപനം സ്വീകരിച്ചു. താന്‍ അനുഭവിച്ച ദൈവസ്‌നേഹം കലവറയില്ലാതെ പകര്‍ന്നുനല്‍കിയവന്‍, ലാളിത്യം ജീവിതവ്രതമാക്കിയവന്‍, കരുണാമയന്റെ നേര്‍ക്കാഴ്ചയായവന്‍, ക്രിസ്ത്വാനുകരണം പോലെ ധന്യമായ ജീവിതം. സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയില്‍ നമുക്കും പ്രചോദനമാകട്ടെ ആ പാവന ജീവിതം.

കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി

സെപ്റ്റംബര്‍ 6: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മദിനം. അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിക്കുന്നു.

കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ്. തനിക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുത്ത് ഇടയനില്ലാത്ത ആടുകളുടെ അടുത്തേക്ക് അജപാലനത്തിനായി അയച്ച യേശു, വന്ദ്യ പിതാവിനെ ശുശ്രൂഷക്കായി വിളിച്ച് ഇടയനില്ലാത്തവരുടെ ഇടയനായി നിയോഗിച്ചു. പൗലോസ് ശ്ലീഹായെപ്പോല ‘യേശുക്രിസ്തു എന്നെ സ്വന്തമാക്കി’ എന്ന ആത്മബോധത്തോടെ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് സധൈര്യം കടന്നുചെന്ന് ജീവിതം സുവിശേഷമാക്കിയ വലിയ ഇടയനായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍ അതിരൂപതയുടെ പ്രഗത്ഭനായ വികാരി ജനറല്‍ എന്ന നിലയില്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി അടുത്ത് പരിചയപ്പെടുന്നത് 1991 ല്‍ കാനന്‍ നിയമത്തിലെ തുടര്‍പരിശീലനത്തിനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു. പിന്നീട് താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ മെത്രാനായി വന്നപ്പോള്‍ രൂപതാഭരണത്തില്‍ അദ്ദേഹത്തോടൊപ്പം 10 വര്‍ഷം രൂപതാ ചാന്‍സലര്‍ എന്ന നിലയില്‍ ചേര്‍ന്നു നടക്കാനും 2010 മുതല്‍ പിതാവിന്റെ മരണംവരെ ആ ആത്മീയ തണലില്‍ ആശ്രയിച്ച് സുകൃതം സ്വന്തമാക്കാനും എനിക്ക് അപൂര്‍വ്വമായ ഭാഗ്യം ദൈവം നല്കി. ഏറ്റവും അടുത്ത് ഇടപഴകിയ വ്യക്തി എന്ന നിലയില്‍ എനിക്ക് നിസ്സംശയം പങ്കുവെക്കാന്‍ കഴിയും, അദ്ദേഹത്തിന്റെ സ്ഥാനം സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വേദസാക്ഷികളുടെ നിരയിലാണ്.

കറതീര്‍ന്ന സഭാസ്നേഹിയായിരുന്നു പിതാവ്. ‘ഇതാ ഞാന്‍ യേശുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനി മേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു’ എന്ന അപ്പസ്തോലന്റെ ആദ്ധ്യാത്മികത അക്ഷരാര്‍ത്ഥത്തില്‍ പിതാവിലും തെളിഞ്ഞു നിന്നിരുന്നു. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ എന്ന ചൈതന്യത്തിലായിരുന്നു പിതാവിന്റെ പ്രവര്‍ത്തനങ്ങളത്രയും.

അപ്രതീക്ഷിതമായ ദൈവവിളി, ഉപരിപഠനത്തിനായി റോമിലേക്കുള്ള യാത്ര, വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്ന കാലഘട്ടം, തൃശ്ശൂര്‍ രൂപതയിലെ സാഹസികമായ ആരംഭകാല പ്രവര്‍ത്തനങ്ങള്‍, സിനഡില്‍ സഭാപിതാക്കന്മാരോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍, സിനഡ് ഭരമേല്പിച്ച ശുശ്രൂഷകള്‍ മുതലായ നിരവധിയായ അനുഭവങ്ങള്‍ എനിക്ക് പരിചിതമാണ്. അഭിവന്ദ്യ പോള്‍ പിതാവിനെ ദൈവം ഏല്പിച്ച ദൗത്യങ്ങളെല്ലാം നൂറുശതമാനം വിജയിപ്പിക്കാന്‍ പിതാവ് അവിശ്രാന്തം പരിശ്രമിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച കാര്യം തന്റെ ശുശ്രൂഷയുടെ വിജയകരമായ ചരിത്രം പങ്കുവെക്കുമ്പോള്‍ ഒരിക്കല്‍പോലും ‘ഞാന്‍’ എന്ന പദം കടന്നു വരാറില്ലായിരുന്നു. ദൈവം എന്നെ ഒരു ഉപകരണമാക്കി, പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായികളെ തന്ന് ദൈവം അനുഗ്രഹിച്ചു എന്നുമാത്രമാണ് ആവര്‍ത്തിച്ചിരുന്നത്. ‘കൃപയുടെ വഴിയില്‍’ എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം എഴുതുന്നു- ‘സാര്‍വത്രിക സഭ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തിസഭ എടുക്കുന്ന തീരുമാനങ്ങളും എനിക്ക് വ്യക്തിപരമായ ആശയങ്ങളും അഭിപ്രായങ്ങളും ഉെണ്ടങ്കില്‍തന്നെയും പൂര്‍ണ്ണമായി പാലിക്കുവാനും അനുസരിക്കുവാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.’ കറതീര്‍ന്ന സഭാസ്നേഹിക്കു മാത്രമേ ആത്മാര്‍ത്ഥത നിറഞ്ഞ ഈ വാക്കുകള്‍ കോറിയിടാന്‍ കഴിയൂ.

കെഎസ്ആര്‍ടിസിയും പള്ളിമുറിയും

സെപ്റ്റംബര്‍ 5: ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഓര്‍മ്മദിനം

ആനക്കാംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിന്റെ ഓര്‍മ പഴമക്കാരുടെ മനസില്‍ നിറയും. അദ്ദേഹത്തിന്റെ സൗമനസ്യവും സഹകരണവുമില്ലായിരുന്നെങ്കില്‍ ഈ റൂട്ടില്‍ സ്റ്റേറ്റ്ബസ് വരില്ലായിരുന്നു. അദ്ദേഹം കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി ആനക്കാംപൊയില്‍ സര്‍വീസ് കെഎസ്ആര്‍ടിസി കുത്തക റൂട്ടാക്കി. ഇപ്പോള്‍ തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മലയോര കേന്ദ്രങ്ങളിലേക്ക് മാത്രമല്ല വിദൂര ജില്ലകളിലേക്കും ഇവിടെ നിന്ന് സ്റ്റേറ്റ് ബസ് ഓടുന്നു.

മലയോര ജനത യാത്രാ സൗകര്യത്തിന് കൊതിച്ചിരുന്ന 1970കളുടെ മധ്യഘട്ടം. തോട്ടത്തിന്‍കടവില്‍ പാലം വന്നപ്പോഴാണ് തിരുവമ്പാടിയില്‍ ആദ്യമായി ബസ് എത്തുന്നത്. വൈകാതെ പൊടി നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ പുല്ലൂരാംപാറയ്ക്കും ബസ് ഓടിതുടങ്ങി. ഒരു യാത്ര കഴിയുമ്പോള്‍ യാത്രക്കാരും ബസും അത്യാവശ്യമായി കുളിക്കേണ്ട പരുവത്തില്‍ പൊടിമണ്ണില്‍ മൂടിയിരിക്കും.

പുല്ലൂരാംപാറ വരെ എത്തിയ ബസിനെ ആനക്കാംപൊയില്‍ എത്തിക്കാനായി നാട്ടുകാരുടെ പിന്നീടുള്ള ശ്രമം. ചില സ്വകാര്യ ബസുകള്‍ ആനക്കാംപൊയിലിലേക്ക് ഓടിയെങ്കിലും കുത്തനെയുള്ള കയറ്റവും റോഡിന്റെ ദുര്‍ഘടാവസ്ഥയും കാരണം സര്‍വീസ് തുടരാന്‍ താല്‍പ്പര്യം കാണിച്ചില്ല.

ആനക്കാംപൊയില്‍ പള്ളിവികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഈ റൂട്ടില്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസിയെ സമീപിച്ചു. കയറ്റവും വളവുമുള്ള, ടാറിടാത്ത വഴിയില്‍ കൂടി ഓടാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അച്ചന്‍ വിട്ടില്ല. അധികൃതരുടെ പിന്നാലെ കൂടി. അവസാനം പരീക്ഷണാര്‍ത്ഥം ബസ് ഓടിച്ചു. ബസിന് നല്ലവരുമാനം കിട്ടി. കൂടെ നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണവും. പക്ഷെ ഡ്രൈവര്‍ക്ക് ഈ റൂട്ടില്‍ ബസ് ഓടിക്കുക അതീവ ക്ലേശകരമായിരുന്നു. മഴപെയ്താല്‍ കയറ്റം കയറാതെ ബസ് ചെളിയില്‍ തെന്നിക്കളിക്കും.

ഉടനെ ആനക്കാംപൊയില്‍ പള്ളിയിലേക്ക് വിവരം കൊടുക്കും. മിനിട്ടുകള്‍ക്കകം അച്ചനും ചേട്ടന്മാരുടെ സംഘവുമെത്തും. ബസിനെ തള്ളി കുന്നുകയറ്റിവിടും.

രാത്രിയില്‍ ആനക്കാംപൊയിലില്‍ കിടക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ബസ് ജീവനക്കാര്‍ക്ക് സ്റ്റേ ഡ്യൂട്ടി എടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. വൈകിട്ട് 7.15നും 8.30നും കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ബസുകള്‍ ആനക്കാംപൊയിലില്‍ എത്തുമ്പോള്‍ ഹോട്ടലുകള്‍ അടച്ചിരിക്കും. ഭക്ഷണത്തിനു മാത്രമല്ല താമസത്തിനും സൗകര്യമില്ല.

അച്ചന്‍ ഇതിനും പരിഹാരം കണ്ടു. ജീവനക്കാര്‍ക്ക് പള്ളിമുറിയില്‍ കിടക്കാം. അത്താഴവും വിളമ്പിവെച്ചിരിക്കും. മറ്റൊരിടത്തും കിട്ടാത്ത ഈ സൗമനസ്യത്തിനും സ്‌നേഹത്തിനും മുന്നില്‍ കെഎസ്ആര്‍ടിസി കീഴടങ്ങി. ആനക്കാംപൊയിലും കെഎസ്ആര്‍ടിസിയും തമ്മില്‍ അന്നു തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ തിരുവമ്പാടി ബസ് സ്റ്റേഷന്‍ വരെ വളര്‍ന്നു നില്‍ക്കുന്നത്.

ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിക്കൊണ്ടിരുന്ന കാലമായിരുന്നത്. അപ്പോഴെല്ലാം ഈ കൊച്ചുമനുഷ്യന്‍ സ്‌നേഹം കൊണ്ടും വിനയാന്വിതമായ പെരുമാറ്റം കൊണ്ടും ജനങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി വികസന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മണക്കാട്ടുമറ്റം കുര്യാക്കോസ് – ഏലി ദമ്പതികളുടെ മകനായി 1938ല്‍ രാമപുരം കുറിഞ്ഞിയില്‍ ജനിച്ച ഫാ. അഗസ്റ്റിന്‍ 1964ല്‍ വൈദികപട്ടം സ്വീകരിച്ചു. കൊല്ലൂര്‍, പുറവയല്‍, മാട്ടറ, വാഴവറ്റ, പാലാവയല്‍, ആനക്കാംപൊയില്‍, പുഷ്പഗിരി, കല്ലുരുട്ടി, താമരശേരി, പാറോപ്പടി, കട്ടിപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു. 1987 മുതല്‍ 1993 വരെ താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജരായി സേവനം അനുഷ്ഠിച്ചു. 2007 സെപ്റ്റംബര്‍ അഞ്ചിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

ഫാ. തോമസ് കൊച്ചുപറമ്പില്‍ നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. തോമസ് കൊച്ചുപറമ്പില്‍ (86) നിര്യാതനായി. ഇന്ന് രാവിലെ ശാരീരിക അസ്വസ്തതകളെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.

ഭൗതിക ദേഹം നാളെ (29/08/2023) രാവിലെ 10 വരെ ഈരൂട് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന് തലശ്ശേരി അതിരൂപതയിലെ കൊട്ടോടിയിലുള്ള ഭവനത്തിലേക്ക് കൊണ്ടുപോകും.

സംസ്‌ക്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 30ന് രാവിലെ 9ന് ഭവനത്തില്‍ ആരംഭിച്ച് കൊട്ടോടി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തും.

1964 ഡിസംബര്‍ ഒന്നിന് പൗരോഹിത്യം സ്വീകരിച്ച ഫാ. കൊച്ചുപറമ്പില്‍ കോടഞ്ചേരി ഇടവകയില്‍ അസി. വികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് മഞ്ഞുവയല്‍, കട്ടിപ്പാറ, കൊളക്കാട്, ഭീമനടി, അടയ്ക്കാക്കുണ്ട്, മഞ്ഞക്കടവ്, കുളിരാമൂട്ടി, വിളക്കാംതോട്, കുളത്തുവയല്‍, കുണ്ടുതോട്, വിലങ്ങാട്, പാതിരിക്കോട്, അശോകപുരം, പെരുവണ്ണാമൂഴി, മലപ്പുറം, പടത്തുകടവ് എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.

1990 മുതല്‍ 2000 വരെ കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തു. 2016 ല്‍ ഇടവക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

Exit mobile version