Site icon Malabar Vision Online

മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ ബഥാനിയായില്‍


താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവല്‍ സെന്ററില്‍ നടക്കും. രൂപതയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ സുവിശേഷാടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ ലഭിക്കുന്ന മികച്ച അവസരമാണ് റൂബി ജൂബിലിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അഭിപ്രായപ്പെട്ടു.

എപ്പാര്‍ക്കിയല്‍ അംസബ്ലിക്കായി ഒരു വര്‍ഷം നീണ്ട ഒരുക്കമാണ് രൂപത നടത്തിയത്. ആദ്യഘട്ടത്തില്‍ കുടുംബക്കൂട്ടായ്മ കേന്ദ്രീകൃതമായും ഫൊറോനതലത്തിലും അംസംബ്ലികള്‍ സംഘടിപ്പിച്ചിരുന്നു. രൂപതയിലെ വൈദികരുടെയും സമര്‍പ്പിതരുടെയും അല്‍മായരുടെയും പ്രതിനിധികളാണ് എപ്പാര്‍ക്കിയല്‍ അംസബ്ലിയില്‍ പങ്കെടുക്കുന്നത്.

‘ഉണര്‍ന്നു പ്രശോഭിക്കുക’ (ഏശയ്യ 60:1) എന്നതാണ് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ആപ്തവാക്യം. ‘സഭ ഏവര്‍ക്കും വെളിച്ചമായി മാറാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ചരിത്രപരമായ ഈ ദൗത്യം ഇന്ന് ഏറ്റെടുക്കുവാന്‍ ഓരോരുത്തരെയും ക്രിസ്തു ക്ഷണിക്കുകയാണ്. ഇതിനുള്ള കാല്‍വയ്പ്പാണ് രൂപതാ അസംബ്ലിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസം, കുടുംബം, സമുദായം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പഠനവും വിചിന്തനവുമാണ് മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഓരോ ഘട്ടത്തിലും രൂപപ്പെടുത്തിയിരിക്കുന്നത്’ – ബിഷപ് കൂട്ടിച്ചേര്‍ത്തു.

എപ്പാര്‍ക്കിയല്‍ അസംബ്ലിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ സുഗമമാക്കാന്‍ വിഷയാവതരണരേഖ (Instrumentum laboris) പുറപ്പെടുവിച്ചിട്ടുണ്ട്. രൂപതാ അസംബ്ലിക്ക് പ്രാരംഭമായി കുടുംബകൂട്ടായ്മകളിലും ഫൊറോനയിലും നടന്ന ചര്‍ച്ചകളുടെയും വിലയിരുത്തലുകളെയും അടിസ്ഥാനത്തിലാണ് വിഷയാവതരണ രേഖ രൂപപ്പെടുത്തിയിരിക്കുന്നത്.


Exit mobile version