Featured

പൂഞ്ഞാറില്‍ വൈദികന് നേരെ ആക്രമണം: വ്യാപക പ്രതിഷേധം

പൂഞ്ഞാറില്‍ വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിനെയാണ് അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പള്ളിയില്‍ ആരാധന നടക്കുന്ന സമയത്ത് പള്ളിമുറ്റത്തേക്ക് ബൈക്കിലും കാറിലുമായി അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തന്ന വിധത്തില്‍ വാഹനങ്ങള്‍ റേസ് ചെയ്തു. ഇതു ചോദ്യം ചെയ്യാനെത്തിയ ഫാ. ജോസഫ് ആറ്റുചാലിനെ അക്രമി സംഘം കാറുപയോഗിച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫാ. ജോസഫ് ഇപ്പോള്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു.

കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കേരളത്തിലെ മതമൈത്രി തകര്‍ക്കുന്ന തീവ്രവാദം അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ തുറുങ്കിലടയ്ക്കണമെന്നും താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മതമൈത്രിയും മതസ്വാതന്ത്ര്യവും തകര്‍ക്കുന്ന പ്രവൃത്തിയാണ് നടന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം, മനപ്പൂര്‍വ്വമായ നരഹത്യാശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവഹികള്‍ മുന്നറിയിപ്പു നല്‍കി.

ഇത് വേദനാജനകം: പി. സി. ജോര്‍ജ്

”വളരെ പ്രസിദ്ധമായ പള്ളിയാണ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി. പള്ളിയുടെ ഗ്രൗണ്ടില്‍ ഈരാറ്റുപേട്ടക്കാരായ ചെറുപ്പക്കാര്‍ കാറിലും ബൈക്കിലുമായി എത്തിയാണ് അക്രമണം നടത്തിയത്. ഇവിടുത്തെ ജനങ്ങളുടെ വികാരം വളരെ വലുതാണ്. കാരണം ഇത്രയും നല്ലൊരു വൈദികനോടാണ് ഇവര്‍ നെറികേട് കാണിച്ചത്. എന്തു വൃത്തികേടും ചെയ്യാം എന്ന നിലയായി. ഇപ്പോള്‍ പോലീസ് ഉണര്‍ന്നിട്ടുണ്ട്. പോലീസ് ഉണര്‍ന്ന് തന്നെ ഇരിക്കണം. ഇല്ലെങ്കില്‍ കുഴപ്പമുണ്ടാകും. അല്ലെങ്കില്‍ ഈരാറ്റുപേട്ട റൗഡിസത്തിനെതിരെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കും. അതുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഈ സമൂഹത്തിന്റെ ശത്രുക്കളാണ്.” – പി. സി. ജോര്‍ജ് പറഞ്ഞു.

ഇടിച്ചിട്ടത് രണ്ടു കാറുകള്‍: ദൃക്‌സാക്ഷി

”കുരിശിന്‍തൊട്ടിയിലേക്ക് ഇറങ്ങിയപ്പോള്‍ എട്ടോളം കാറുകള്‍ പാഞ്ഞ് വന്ന് വരിവരിയായി നിര്‍ത്തി. പുറകെ അഞ്ച് ബൈക്കുകള്‍ വന്നു. അതില്‍ നീല നിറമുള്ള കാറ് കുരിശിന്‍തൊട്ടിയില്‍ വലിയ രീതിയില്‍ റേസ് ചെയ്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ഇത് ചോദ്യം ചെയ്ത ജോസഫ് അച്ചനെ ചുമന്ന കാര്‍ ആദ്യം ഇടിച്ചിട്ടു. രണ്ടാമത് വന്ന കാറാണ് അച്ചനെ ഇടിച്ച് വീഴ്ത്തിയത്. അച്ചന്‍ റോഡിനു പുറത്തേക്കാണ് വീണത്. അല്ലായിരുന്നെങ്കില്‍ അച്ചന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങുമായിരുന്നു. 55 പേരോളം അടങ്ങിയ സംഘമാണ് എത്തിയത്. ഉടന്‍ തന്നെ അവര്‍ രക്ഷപ്പെട്ടുകളഞ്ഞു. അച്ചനെ ആശുപത്രിയിലാക്കിയ ശേഷം പള്ളിയില്‍ കൂട്ടമണിയടിച്ച് പ്രതിഷേധ പ്രകടനത്തിന് ഇറങ്ങുകയായിരുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ളവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേദപാഠത്തിനെത്തുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” – സംഭവം കണ്ടു നിന്ന ദൃക്‌സാക്ഷി പറയുന്നു.

ഇതിനു മുമ്പും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, അപായപ്പെടുത്താനുള്ള ശ്രമം ആദ്യം: വികാരി ഫാ. മാത്യു കടൂക്കുന്നേല്‍

”പള്ളിയിലെ ആരാധനയ്ക്ക് തടസ്സം സൃഷ്ടിച്ച് വാഹനം ഇരപ്പിച്ചവരോട് പള്ളി കോംമ്പൗണ്ടില്‍ നിന്ന് പുറത്തു പോകുവാന്‍ ഫാ. ജോസഫ് ആവശ്യപ്പെട്ടു. അവര്‍ക്ക് അത് പ്രകോപനമായി തോന്നി. അപ്പോഴാണ് അവര്‍ വണ്ടി ഇടിച്ച് അച്ചനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനു മുമ്പും വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തു പോകുവാന്‍ പറയുമ്പോള്‍ പോയിരുന്നു. അപായ ശ്രമം ഇതാദ്യമായാണ്. പള്ളിയുടെ പ്രധാന വ്യക്തിയെ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ശക്തമായ വിഷമം ഞങ്ങള്‍ക്കുണ്ടായി. അതിലുള്ള പ്രതിഷേധം അറിയിക്കുന്നു.” വികാരി ഫാ. മാത്യു കടൂക്കുന്നേല്‍ പറഞ്ഞു.

സിഒഡി വാര്‍ഷിക ആഘോഷം നടത്തി

സിഒഡിയുടെ 35-ാമത് വാര്‍ഷിക ആഘോഷം തിരുവമ്പാടി പാരിഷ് ഹാളില്‍ ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശ്ശേരി രൂപതയും സിഒഡിയും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവര്‍ത്തികളിലൂടെ അനേകരിലേക്ക് എത്തിക്കുകയാണ് സിഒഡിയെന്നും അദ്ദേഹം പറഞ്ഞു.

നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി താമരശ്ശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി. എസ്. ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

സിഒഡി രക്ഷാധികാരിയായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. അബ്രഹാം പുളിഞ്ചുവട്ടിലിന്റെ അഗ്രികള്‍ച്ചറല്‍ തീസിസ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. രൂപതാ സ്ഥാപനങ്ങളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സിന്റെയും താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും വെബ്‌സൈറ്റ് ലോഞ്ചിങ് ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. 35 വര്‍ഷം സിഒഡിയില്‍ സേവനം ചെയ്ത പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. സി. ജോയിയെ ചടങ്ങില്‍ ആദരിച്ചു.

വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ലിന്റോ ജോസഫ് എംഎല്‍എ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, കെ. സി. ജോയി എന്നിവര്‍ പ്രസംഗിച്ചു. തിരുവമ്പാടി ടൗണില്‍ ഘോഷയാത്രയും സംഘടിപ്പിച്ചു.

മോണ്‍ ആന്റണി കൊഴുവനാല്‍ മെമ്മോറിയല്‍ പ്രസംഗ മത്സരം

താമരശ്ശേരി രൂപതയുട വിദ്യാകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെ സ്ഥാപക ഡയറക്ടര്‍ മോണ്‍ ആന്റണി കൊഴുവനാലിന്റെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മോണ്‍ ആന്റണി കൊഴുവനാല്‍ മെമ്മോറില്‍ പ്രസംഗ മത്സരം നടത്തുന്നു.

‘ഭാരതത്തിലെ ഏറ്റവും തിളക്കമുള്ള ഒരു സംസ്‌ക്കാരിക മുഖം കേരളത്തിനുണ്ടായിരുന്നു. ഇന്ന് അതിനു മങ്ങല്‍ ഏറ്റിട്ടുണ്ടോ?’ എന്ന വിഷയത്തില്‍ 5 മിനിറ്റില്‍ കൂടാതെ പ്രസംഗ വീഡിയോ 9037107843 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ startindia@gmail.com എന്ന ഈമെയില്‍ ഐഡിയിലേക്കോ അയയ്ക്കാം. 15 മുതല്‍ 40 വയസുവരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 15,000 രൂപ. രണ്ടാം സമ്മാനം 10,000 രൂപ. മൂന്നാം സമ്മാനം 5,000 രൂപ.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ക്ലിക്ക് ചെയ്യൂ:

https://docs.google.com/forms/d/e/1FAIpQLScVz4rOhDrDGk1tUNo2B_aaHS96sK7HweA7G1Vp66rBg64jvQ/viewform

മതവിശ്വാസികള്‍ പരസ്പരാദരവിന്റെ സംസ്‌കൃതി പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

ഭിന്നമതപാരമ്പര്യങ്ങളുടെ അനുയായികളായ നാം, ആദരവ്, ഔന്നത്യം, സഹാനുഭൂതി, അനുരഞ്ജനം, സഹോദര്യ ഐക്യദാര്‍ഢ്യം എന്നിവയുടെതായ സംസ്‌കാരം ഊട്ടിവളര്‍ത്തുന്നത്തില്‍ സന്മനസ്സുള്ള സകലരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. നിര്‍ഭാഗ്യവശാല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യക്തിവാദത്തിന്റെയും ഒഴിവാക്കലിന്റെയും നിസ്സംഗതയുടെയും അക്രമത്തിന്റെയും സംസ്‌കാരത്തെ കീഴടക്കുന്നതിന് സംഭാവന ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

ശ്രീ നാരായണഗുരു സംഘടിപ്പിച്ച ‘സര്‍വ്വമതസമ്മേളന’ത്തിന്റെ ഒന്നാം ശതാബ്ദിയനുസ്മരണത്തിന്റെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിന്റെ സഹകരണത്തോടെ ശ്രീനാരായണ ധര്‍മ്മസംഘം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയ സംഘത്തെ വത്തിക്കാനിലെ ക്ലെമന്റയിന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

1856-ല്‍ കേരളത്തില്‍ ജനിച്ച ശ്രീനാരായണഗുരു ജാതി വേര്‍തിരിവ് മാറ്റുവാനായി അക്ഷീണം പ്രയത്‌നിച്ച മഹത് വ്യക്തിയാണ്. അദ്ദേഹം മാനവികതയുടെ ഉന്നമനത്തിനായി പ്രയത്‌നിച്ചു. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവും പാടില്ല എന്നുള്ള ബോധ്യമാണ് അദ്ദേഹം നല്‍കിയത്. എല്ലാ മതങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും വിശ്വമാനവികതയ്ക്ക് വേണ്ടി നില്‍ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

ഏകദൈവത്തിന്റെ മക്കളെന്ന നിലയില്‍ നാം പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും, സാഹോദര്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും അരൂപിയില്‍, വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കുകയും പരസ്പരം പരിപാലിക്കുകയും, അതുപോലെ നമ്മുടെ പൊതുഭവനമായ ഭൂമിയെ കാത്തുസൂക്ഷിക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, കിഡ്‌നി ഫെഡെറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാദ്ധ്യക്ഷന്‍ ഫാ. ഡേവീസ് ചിറമ്മേല്‍, പാണക്കാട് സാദിഖലി തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫീയെസ്റ്റ കരോള്‍ഗാന മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും ചേര്‍ന്നൊരുക്കുന്ന കരോള്‍ഗാന മത്സരം ‘ഫീയെസ്റ്റ 2K24’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 14 (ശനി) ഉച്ചയ്ക്ക് ഒന്നു മുതല്‍
മേരിക്കുന്ന് പിഎംഒസിയിലാണ് മത്സരം. ഡിസംബര്‍ അഞ്ചിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001 രൂപ, 3001 രൂപ, 2001 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസുകള്‍.

നിബന്ധനകള്‍: ഒരു ടീമില്‍ പരമാവധി ഏഴു പേരും കുറഞ്ഞത് അഞ്ചു പേരും ഉണ്ടായിരിക്കണം. ഒരു മലയാള ഗാനം മാത്രമാണ് ആലപിക്കേണ്ടത്. ഗാനദൈര്‍ഘ്യം ഏഴു മിനിറ്റില്‍ കൂടരുത്. മൈക്ക് ഉണ്ടായിരിക്കുന്നതല്ല. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ആവശ്യമുള്ളവര്‍ക്ക് പേപ്പറില്‍ എഴുതിയ ലിറിക്‌സ് നോക്കി പാടാവുന്നതാണ്. ബാക്ക് ഡ്രോപ്പ്, തീം, ഡ്രസ് എന്നിവയ്ക്ക് പ്രത്യേക മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.

രജിസ്‌ട്രേഷും മറ്റു വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പറുകള്‍: 7902510633 (ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍), 9400297653 (ഫാ. ഡൊമിനിക്ക് കുഴിവേലില്‍).

മുനമ്പം: കെസിവൈഎം രൂപതാ സമിതി 24 മണിക്കൂര്‍ നിരാഹാരം ആരംഭിച്ചു

മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക, വഖഫ് നിയമവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെസിവൈഎം താമരശ്ശേരി രൂപതയുടെ 24 മണിക്കൂര്‍ ഉപവാസ സമരത്തിന് കോടഞ്ചേരിയില്‍ തുടക്കമായി. രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, കെസിവൈഎം ഭാരവാഹികളായ റിച്ചാള്‍ഡ് ജോണ്‍, അലന്‍ ബിജു, ബോണി സണ്ണി, ഡെല്‍ബിന്‍ സെബാസ്റ്റിയന്‍, അബിന്‍ പാലാട്ട്, അമല്‍ ജോയ്, അനോണ്‍ സുനില്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. മഹാപ്രളയങ്ങളുടെ കാലത്ത് കേരളത്തിന് സഹായ ഹസ്തം നീട്ടിയ മത്സ്യതെഴിലാളികള്‍ തിങ്ങിപ്പര്‍ക്കുന്ന മുനമ്പത്തിനായി കേരളം നന്ദിയോടെ കൈക്കോര്‍ക്കണമെന്ന് മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു.

നിരാഹാര സമരം അനുഷ്ഠിക്കുന്ന കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റവും മറ്റ് അംഗങ്ങളും

കെസിവൈഎം രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മേഖല ഡയറക്ടര്‍. ഫാ. തോമസ് മേലാട്ട്, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കന്‍, രൂപതാ ജനറല്‍ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.

താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട് നിരാഹാര വേദി സന്ദര്‍ശിച്ചു. വൈകി കിട്ടുന്ന അനീതിക്ക് തുല്യമാണെന്നും ഭരണ സംവിധാനങ്ങള്‍ നീതി വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താവും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ നവ്യ ഹരിദാസും നിരാഹാര വേദിയിലെത്തി. ”മണ്ണ് വെട്ടിപിടിക്കാനല്ല, സ്വന്തമായ മണ്ണിനെ തിരിച്ചു പിടിക്കാനായി ഒരു സമൂഹം നടത്തുന്ന പ്രതിഷേധത്തിന്, കുടിയിറക്കപ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വേദനകള്‍ക്ക് അറുതിയുണ്ടാകണം” – നവ്യാ ഹരിദാസ് പറഞ്ഞു.

വിവിധ ഇടവകകളിലെ വൈദികര്‍, വൈദീകാര്‍ത്ഥികള്‍, സന്യസ്തര്‍, കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി സന്നിഹിതരായിരുന്നു. ഉപവാസ സമരം നവംബര്‍ 30, ശനിയാഴ്ച വൈകിട്ട് മൂന്നിന് റാലിയോടും തുടര്‍ന്നുള്ള സമാപന സമ്മേളനത്തോടും കൂടെ അവസാനിക്കും.

ആവില മൈന്റ്‌സ് ക്ലിനിക്ക് ആരംഭിച്ചു

സിഎംസി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ കൂടരഞ്ഞിയില്‍ ആവില മൈന്റ്‌സ് ക്ലിനിക്ക് സെന്റര്‍ ഫോര്‍ സൈക്കോതെറാപ്പി കൗണ്‍സിലിങ് ആന്റ് ട്രെയ്‌നിങ് സെന്റര്‍ ആരംഭിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സിഎംസി വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഉദയ അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി വികാരി ഫാ. റോയി തേക്കുംകാട്ടില്‍, വാര്‍ഡ് മെമ്പര്‍ മോളി തോമസ്, ആവില മൈന്റ്‌സ് ക്ലിനിക്ക് ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സിസ്റ്റര്‍ ഡോ. റോസ്ബെല്‍ സിഎംസി, സെന്റ് മേരീസ് പ്രൊവിന്‍സ് സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡാനി സിഎംസി എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495689746

നവംബര്‍ 30: വിശുദ്ധ അന്ത്രയോസ് ശ്ലീഹ

യോനായുടെ മൂത്ത പുത്രനായ അന്ത്രയോസ് ഗലീലിയില്‍ ബത്ത്‌സയിദായില്‍ ജനിച്ചു. പത്രോസു ശ്ലീഹായുടെ ജ്യേഷ്ഠനാണ് അന്ത്രയോസ്. രണ്ടുപേരും സ്‌നാപകയോഹന്നാന്റെ ശിഷ്യന്മാരായി ജീവിതമാരംഭിച്ചു. പിന്നീടു രണ്ടു പേരും ഈശോയുടെ ശിഷ്യന്മാരായി മാറി. സുവിശേഷങ്ങളിലുള്ള അപ്പസ്‌തോലന്മാരുടെ ലിസ്റ്റുകളിലെല്ലാം ഒന്നാമത്തെ പേരു പത്രോസിന്റെതാണ. തൊട്ടടുത്ത് അദ്ദേഹത്തിന്റെ സഹോദരന്‍ അന്ത്രയോസ് വരുന്നു. അപ്പസ്‌തോല പ്രമുഖനായ പത്രോസിന്റെ പിറകില്‍ അജ്ഞാതനായി, ശാന്തനായി അദ്ദേഹം കഴിഞ്ഞു.

വേദപുസ്തകത്തില്‍ അന്ത്രയോസു ശ്ലീഹായുടെ ചരിത്രം തുച്ഛമായിട്ടേ ഉള്ളൂ. ഒരു ദിവസം ഈശോയോടുകൂടെ താമസിച്ചതിനുശേഷമാണ് അന്ത്രയോസ് ഈശോയുടെ ശിഷ്യനായത്. അനന്തരം അദ്ദേഹം അനുജനെ കണ്ടപ്പോള്‍ ‘ഞാന്‍ മിശിഹായെ കണ്ടു’ എന്നു പറഞ്ഞു. അന്ത്രയോസ് ശെമയോനെ ഈശോയുടെ അടുക്കല്‍ കൊണ്ടുപോയി പരിചയപ്പെടുത്തി.

വിജനസ്ഥലത്തുവച്ച് അയ്യായിരം പേര്‍ക്കു ഭക്ഷണം കൊടുക്കാന്‍ ആലോചിച്ചപ്പോള്‍ ഫിലിപ്പ് അത് അസാധ്യമാണെന്ന് അഭിപ്രായപ്പെട്ടു. അന്ത്രയോസു പറഞ്ഞു: ‘ഇവിടെ ഒരു ബാലന്റെ അടുക്കല്‍ അഞ്ചു അപ്പവും രണ്ടു മീനുമുണ്ട്. എങ്കിലും അതുകൊണ്ട് എന്താകാനാണ്?’ (യോഹ 6:9) അന്ത്രയോസ് ഒരത്ഭുതം പ്രതീക്ഷിച്ചുവെന്നു തോന്നുന്നു.

പെന്തക്കുസ്തയ്ക്കുശേഷം അന്ത്രയോസ് കപ്പഡോച്ചിയാ, ഗലാത്യാ, ബിഥീനിയാ, സിത്തിയാ, റഷ്യ, ബിസാന്‍സിയും, തെയിസ്, മാസെഡോണിയാ, തെസ്‌ലി, അക്കയാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചു. അക്കയായില്‍ പാത്രാ എന്ന സ്ഥലത്തുവച്ച് അന്ത്രയോസിനെ ആദ്യം പ്രഹരിക്കുകയും അതിനുശേഷം എക്‌സ് പോലെ ഒരു കുരിശില്‍ ബന്ധിച്ചിടുകയും ചെയ്തു.

കുരിശില്‍ കിടത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ക്രിസ്തുവിന്റെ അവയവങ്ങളാല്‍ പവിത്രീകരിക്കപ്പെട്ട നല്ല കുരിശേ, എത്ര നാളായി ഇതിനെ കൊതിച്ചിരിക്കാന്‍ തുടങ്ങിയിട്ട്? ഇതാ ഞാന്‍ അതു കണ്ടെത്തിയിരിക്കുന്നു. നിന്റെ കരങ്ങളില്‍ എന്നെ സ്വീകരിച്ചു ദിവ്യഗുരുവിന് എന്നെ സമര്‍പ്പിക്കുക. നീവഴി എന്നെ രക്ഷിച്ചവന്‍ നിന്നില്‍നിന്ന് എന്നെ സ്വീകരിക്കട്ടെ.’ രണ്ടുദിവസം ജീവനോടെ അദ്ദേഹം കുരിശില്‍ കിടന്നു. അടുത്ത് വന്നിരുന്നവരോട് തന്റെ പീഡകള്‍ കുറക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

നവംബര്‍ 29: വിശുദ്ധ സത്തൂര്‍ണിനൂസ്

245-ല്‍ ഫേബിയന്‍ മാര്‍പാപ്പാ സത്തൂര്‍ണിനൂസിനെ വേദ പ്രചാരത്തിനായി ഗോളിലേക്ക് അയച്ചതു മുതലുള്ള സത്തൂര്‍ണിനൂസിന്റെ ചരിത്രം മാത്രമേ ഇതുവരെയും വെളിവായിട്ടുള്ളു. 250-ല്‍ ഡേസിയൂസും ഗ്രാത്തൂസും കോണ്‍സല്‍മാരായിരിക്കുമ്പോള്‍ വിശുദ്ധ സര്‍ത്തൂണിനൂസ് ടൂളു സില്‍ മെത്രാന്‍ സ്ഥാനം ഉറപ്പിച്ചു. ധാരാളം പേരെ അദ്ദേഹം മാനസാന്തരപ്പെടുത്തി.

കാപ്പിറ്റോള്‍ എന്ന ക്ഷേത്രത്തിനും വിശുദ്ധന്‍ താമസസ്ഥലത്തിനും മധ്യേ ഒരു ദേവാലയമുണ്ടായിരുന്നു. ദേവന്മാര്‍ ക്ഷേത്രത്തില്‍ പ്രവചിക്കാറുണ്ടായിരുന്നത്രേ. എന്നാല്‍ വിശുദ്ധന്‍ അതിന്റെ മുമ്പില്‍കൂടി കടന്നുപോകുമ്പോള്‍ ദേവന്മാര്‍ ഊമന്മാരാകുമായിരുന്നു. പൂജാരികള്‍ ഒളിച്ചിരുന്ന് ആരാണ് ആ അത്ഭുത പ്രവര്‍ത്തകനെന്നു കണ്ടുപിടിച്ച് ക്ഷേത്രത്തിലേക്ക് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോന്നു.

ഒന്നുകില്‍ അദ്ദേഹം നിന്ദിതരായ ദേവന്മാര്‍ക്കു ബലിചെയ്യണം. അല്ലെ ങ്കില്‍ അദ്ദേഹത്തെ ബലി ചെയ്യണമെന്നായി പൂജാരികള്‍. ‘ഞാന്‍ ഏക ദൈവത്തെ മാത്രമേ ആരാധിക്കുകയുള്ളൂ; അവിടുത്തേക്കു ഞാന്‍ സ്തുതികളുടെ ബലികളര്‍പ്പിക്കും. നിങ്ങളുടെ ദേവന്മാര്‍ പിശാചുക്കളാണ്. അവര്‍ക്കു നിങ്ങളുടെ കാളകളേക്കാള്‍ നിങ്ങളുടെ ആത്മാക്കളെയാണിഷ്ടം’ സത്തൂര്‍ണിനൂസ് മറുപടി പറഞ്ഞു.

കുപിതരായ പൂജാരികള്‍ അദ്ദേഹത്തെ പല വിധത്തില്‍ മര്‍ദ്ദിച്ചശേഷം ഒരു കാളയുടെ കാലില്‍ കെട്ടിയിട്ട് കാളയെ ഓടിച്ചു. അദ്ദേഹം തല പൊട്ടി മരിച്ചു. വലേരിയന്‍ ചക്രവര്‍ത്തിയുടെ വാഴ്ചക്കാലത്തു 257-ലായിരുന്നിരിക്കണം ഈ രക്തസാക്ഷിത്വം.

നവംബര്‍ 24: വിശുദ്ധ പ്രോത്താസിയൂസ് മെത്രാന്‍

രണ്ടാം ശതാബ്ദത്തില്‍ രക്തസാക്ഷിത്വം വഹിച്ച ദ്വിജ സഹോദരന്‍ ഗെര്‍വാസിസും പ്രോത്താസിസുമല്ല ഇവിടെ വിവക്ഷിക്കുന്നത്. അവരുടെ അവശിഷ്ടങ്ങളും മിലാന്‍ കത്തീഡ്രലിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. 331-മുതല്‍ 352- വരെ മിലാനിലെ ബിഷപ്പായിരുന്ന പ്രോത്താസിയൂസാണ് ഇന്നു നാം അനുസ്മരിക്കുന്ന വിശുദ്ധന്‍. ആര്യന്‍ പാഷണ്ഡതയെ തകര്‍ത്ത വി. അംബ്രോസിന്റെ മുന്നോടിയായിരുന്നു വിശുദ്ധ പ്രോത്താസിയൂസ്. സാര്‍ദിക്കായില്‍ 343-ല്‍ ചേര്‍ന്ന സൂനഹദോസില്‍ വിശുദ്ധ അത്തനേഷ്യസ്സിന്റെ നിലപാട് വീറോടെ വാദിച്ചതു മിലാനിലെ ബിഷപ്പ് പ്രോത്താസിയൂസാണ്. ഈശോയുടെ ദൈവത്വം സ്ഥാപിക്കുന്നതില്‍ വിശുദ്ധ അംബ്രോസിന്റെ ഈ മുന്‍ഗാമി പ്രകടിപ്പിച്ച തീക്ഷണത അദ്ദേഹത്തിന്റെ വിശ്വാസത്തിനും സ്‌നേഹത്തിനും സാക്ഷ്യം വഹിക്കുന്നു. 21 കൊല്ലം മിലാന്‍ നഗരത്തില്‍ മെത്രാന്‍സ്ഥാനം വഹിച്ച പ്രാത്താസിയൂസു ‘ആര്യനിസത്തെ തകര്‍ത്ത ചുറ്റിക” എന്ന അപരനാമത്തിനര്‍ഹനായ അംബ്രോസിന് കളമൊരുക്കി.

നവംബര്‍ 25: വിശുദ്ധ കാതറിന്‍ കന്യക

മാക്‌സിമിനൂസു ചക്രവര്‍ത്തിയുടെ കാലത്ത് അലെക് സാന്‍ഡ്രിയായില്‍ ജീവിച്ചിരുന്ന മഹാ പണ്ഡിതയായ ഒരു കന്യകയാണ് കാതറിന്‍. രാജകുടുംബത്തിലാണ് അവളുടെ ജനനം. ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം നിയോഗിച്ച വിജാതീയ തത്വശാസ്ത്രജ്ഞരോടു തര്‍ക്കിച്ചു രാജകുമാരി അവരെ പരാജയപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് ആനയിച്ചു. അക്കാരണത്താല്‍ ചക്രവര്‍ത്തി അവരെ തീയില്‍ ദഹിപ്പിച്ചു.

മാക്സിമിന്റെ മൃഗീയമായ കാമത്തെ ശമിപ്പിക്കാന്‍ അദ്ദേഹം അവളെ ക്ഷണിച്ചു. ചത്താലും തന്റെ ചാരിത്ര്യത്തെ നഷ്ടപ്പെടുത്തുകയില്ലെന്നായിരുന്നു കാതറിന്റെ നിശ്ചയം. പല പ്രാവശ്യം നിര്‍ബ്ബന്ധിച്ചിട്ടും ചക്രവര്‍ത്തിയുടെ കാമവെറിക്കു വഴിപ്പെടാത്തതിനാല്‍ കാതറിന്റെ വസ്തുക്കള്‍ കണ്ടു കെട്ടി അവളെ നാടുകടത്തി. കുറേ കഴിഞ്ഞ് അവളെ തിരിച്ചു വിളിച്ചു വീണ്ടും പാപത്തിന് നിര്‍ബന്ധിച്ചിട്ട് അവള്‍ അതിനു സമ്മതിക്കാഞ്ഞതിനാല്‍ ഒരു യന്ത്രത്തില്‍ കിടത്തി അവയവങ്ങള്‍ വലിച്ചുകീറിച്ചു അനന്തരം അവളുടെ ശിരസ്സ് ഛേദിച്ചു കളഞ്ഞു.

ഈ രക്തസാക്ഷിണിയുടെ അസാധാരണ പാണ്ഡിത്യവും ദൈവഭക്തിയും പരിഗണിച്ചു സ്‌കൂളുകള്‍ അവളെ മധ്യസ്ഥയായി തിരഞ്ഞെടുത്തു; തത്വശാസ്ത്രജ്ഞന്മാര്‍ക്ക് മാതൃകയായി. രക്തസാക്ഷികള്‍ പ്രദര്‍ശിപ്പിക്കുന്ന മനോധൈര്യം അവരുടെ പൂര്‍വ്വകാലജീവിതത്തില്‍നിന്നു വേര്‍തിരിച്ചു പരിഗണിക്കാവുന്നതല്ല; അവരുടെ ജീവിതത്തിന്റെ സ്വാഭാവിക ഫലമാണ്. രക്തസാക്ഷികളെപ്പോലെ അവസാനംവരെ സഹനത്തില്‍ നിലനില്‍ക്കണമെങ്കില്‍ അവരെപ്പോലെ ദൈവവരപ്രസാദത്തോടു വിശ്വസ്തത പ്രദര്‍ശിപ്പിക്കുക.

Exit mobile version