Site icon Malabar Vision Online

ഒക്ടോബര്‍ 3: ബാഞ്ഞിലെ ജെറാര്‍ദ്


ബെല്‍ജിയത്തില്‍ നാമൂര്‍ എന്ന പ്രദേശത്ത് ജെറാര്‍ദ് ഭൂജാതനായി. ഒരു സൈനികോദ്യോഗസ്ഥനുള്ള ശിക്ഷണമാണ് യൗവ്വനത്തില്‍ ലഭിച്ചത്. 918-ല്‍ ജെറാര്‍ദിനെ ഫ്രഞ്ചു രാജാവിന്റെ അടുക്കലേക്ക് നാമൂര്‍ പ്രഭു ഒരു സന്ദേശവുമായി അയയ്ക്കുകയുണ്ടായി. മധുരപ്രകൃതിയായ ജെറാര്‍ദ് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. സന്ദേശം രാജാവിനു കൊടുത്തശേഷം ഫ്രാന്‍സില്‍ കുറേനാള്‍ താമസിക്കാനിടയാകുകയും പ്രാര്‍ത്ഥനാ പ്രിയനായ ജെറാര്‍ദ് വിശുദ്ധ ഡെനിസ്സിന്റെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും ചെയ്തു. പതിനൊന്നുകൊല്ലം പ്രസ്തുത ആശ്രമത്തില്‍ ജെറാര്‍ദ് താമസിച്ചു. അവര്‍ അദ്ദേഹത്തെ പുരോഹിതനാക്കി ഉയര്‍ത്തി.

പുരോഹിതനായശേഷം ജെറാര്‍ദ് സ്വരാജ്യത്തേക്കു മടങ്ങി. ബ്രോത്ത് എന്ന സ്ഥലത്ത് സ്വന്തം ഭൂമിയില്‍ ഒരാശ്രമം സ്ഥാപിച്ച് 22 കൊല്ലം അതിലെ ആബട്ടായി താമസിച്ചു. പ്രായശ്ചിത്തവും പ്രാര്‍ത്ഥനയും സന്യാസികളില്‍ പ്രോല്‍സാഹിപ്പിക്കാനായി ഫ്‌ളാന്റെഴ്‌സ്, ലൊറെയിന്‍, ഷാമ്പയിന്‍ എന്നീ സ്ഥലങ്ങളിലെ ആശ്രമങ്ങളിലെല്ലാം വിശുദ്ധ ബെനഡിക്ടിന്റെ നിയമം അദ്ദേഹം പ്രചരിപ്പിച്ചു. തല്‍ഫലമായി ബെനഡികടന്‍ സഭയ്ക്ക് അദ്ദേഹത്തിന്റെ കാലം ഒരു വസന്തം തന്നെയായിരുന്നു. കര്‍ത്താവിന്റെ ഈ വിശ്വസ്തദാസന്‍ പ്രായശ്ചിത്തം കൊണ്ടും അധ്വാനം കൊണ്ടും ക്ഷീണിച്ചു 959-ല്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.


Exit mobile version