Site icon Malabar Vision Online

മാഹി സെന്റ് തെരേസ ബസിലിക്കയില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി


ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ബസിലിക്കയില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. ബസലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാളാണ് ഇത്തവണത്തേത്.

വിശുദ്ധ അമ്മ ത്രേസ്യയുടെ അത്ഭുത തിരുസ്വരൂപം തീര്‍ത്ഥാടകരുടെ പൊതുവണക്കത്തിന് പ്രതിഷ്ഠിച്ചു. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ ഏഴിന് ദിവ്യബലിയും വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലിയര്‍പ്പണവുമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഏഴിനും ഒമ്പതിനും പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും ദിവ്യബലിയും വൈകിട്ട് ആറിന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 15 വരെ ആഘോഷമായ ദിവ്യബലിക്കു ശേഷം നൊവേന, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.

പൊതുവണക്കത്തിന് പ്രതിഷ്ഠിക്കുന്ന തിരുസ്വരൂപത്തില്‍ പൂമാല അര്‍പ്പിക്കാനും സന്നിധിയില്‍ മെഴുകുതിരി തെളിയിക്കാനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രധാന തിരുനാള്‍ ദിവസങ്ങളായ 14, 15 തീയതികളില്‍ തിരുനാള്‍ ജാഗരവും തിരുസ്വരൂപം വഹിച്ചുള്ള നഗര പ്രദക്ഷിണവും നടക്കും. വിവിധ ഭാഷകളിലുള്ള കുര്‍ബാന മാഹി സെന്റ് തെരേസാസ് ദേവാലയത്തിലെ തിരുനാള്‍ ആഘോഷത്തിന്റെ പ്രത്യേകതയാണ്. പൂര്‍ണ ദണ്ഡവിമോചന ദിനമായ 15-ന് പുലര്‍ച്ചെ ഒന്ന് മുതല്‍ ആറ് വരെ ശയന പ്രദക്ഷിണം നടക്കും.

22-ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപം അള്‍ത്താരയിലേക്ക് മാറ്റുന്നതോടെ ഈ വര്‍ഷത്തെ തിരുനാളിന് സമാപനം കുറിക്കും. തിരുനാളിനെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മാഹി മൈതാനത്ത് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും കുമ്പസാരത്തിനുള്ള അവസരമുണ്ട്. നേര്‍ച്ചകള്‍ നേരുന്നതിനും വിശ്രമിക്കുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. തിരുനാള്‍ ദിനങ്ങളില്‍ ദേവാലയ പ്രവേശനം രാവിലെ ആറു മുതല്‍ വൈകിട്ട് ഒന്‍പതു വരെ മാത്രമാണ്.


Exit mobile version