ജോസഫാത്ത് ലിത്വാനിയായില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനസ്‌നാനപ്പേര് ജോണ്‍കുണ്‍സേവിക്ക് എന്നായിരുന്നു. അവനു 15 വയസ്സായപ്പോഴാണ് പത്തുലക്ഷം ക്രൈസ്തവരും ആറു മെത്രാന്മാരും കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കിനെ ഉപേക്ഷിച്ചു കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടത്. ബ്രെസ്റ്റ് – ലിറോവ്‌സ്‌കിയിലെ പുനരൈക്യം എന്നാണ് ചരിത്രത്തില്‍ ഇത് അറിയപ്പെടുന്നത്.
റഷ്യയിലും പോളണ്ടിലുമുണ്ടായ മതപീഠനം നിമിത്തം ഈ പുനരൈക്യത്തില്‍നിന്നു ശാശ്വതഫലം ഉളവായില്ല. ഒരു വ്യാപാരിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ജോണിനെ ഈ പുനരൈക്യ പ്രസ്ഥാനം സ്വല്പം സ്വാധീനിച്ചു. അദ്ദേഹം 24-ാമത്തെ വയസ്സില്‍ വില്‍നാ എന്ന പ്രദേശത്തുണ്ടായിരുന്ന ബസീലിയന്‍ ആശ്രമത്തില്‍ ചേര്‍ന്നു ജോസഫാത്ത് എന്ന നാമധേയം സ്വീകരിച്ചു. യഥാകാലം അദ്ദേഹം ഒരു വൈദികനായി, ആബട്ടായി, പേരുകേട്ട ഒരു പ്രസംഗകനായി 38-ാമത്തെ വയസ്സില്‍ വിറ്റെബ്‌സ്‌ക്കിലെ ബിഷപ്പായി.
ഉടനെ ഒരു പ്രശ്‌നം ഉദിച്ചു. മിക്ക സന്യാസികളും വൈദികരും ആരാധനക്രമത്തിലും ആചാരാനുഷ്ഠാനങ്ങളിലും മാറ്റം വരുമെന്നു കരുതിയിരുന്നതിനാല്‍ റോമാസഭയോടു പുനരൈക്യപ്പെടാന്‍ ഇഷ്ടപ്പെട്ടില്ല. സൂനഹദോസുകളും മതപഠനവും വൈദിക ജീവിത നവീകരണവും സ്വന്തം ജീവിത മാതൃകയും വഴി ലിത്വാനിയായിലെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ ബിഷപ്പു ജോസഫാത്ത് പുനരൈക്യത്തിനു തയാറാക്കി.
അടുത്തവര്‍ഷം ഒരു എതിര്‍ ഹയറാര്‍ക്കി സ്ഥാപിതമായി. അവര്‍ പറഞ്ഞുപരത്തി ജോസഫാത്ത് ബിഷപ് ലത്തീന്‍ റീത്തു സ്വീകരിച്ചിരിക്കുന്നുവെന്ന്. പോളണ്ടിലെ ലത്തീന്‍ മെത്രാന്മാര്‍ അദ്ദേഹത്തെ കാര്യമായി സഹായിച്ചുമില്ല. അദ്ദേഹത്തെ ശല്ല്യപ്പെടുത്താന്‍വേണ്ടി ഒരു വൈദികനെക്കൊണ്ടു നിന്ദാവാക്യങ്ങള്‍ വിളിച്ചുപറയാന്‍ ശത്രുക്കള്‍ ഏര്‍പ്പാടുചെയ്തു. അദ്ദേഹത്തെ അവര്‍ സ്വഭവനത്തില്‍ തടങ്കലിലാക്കി. എതിരാളികള്‍ നഗരമണി അടിച്ചു. ശത്രുക്കള്‍ ഓടിക്കൂടി ബിഷപ് ജോസഫാത്തിനെ വെടിവച്ചു കൊന്നു പുഴയിലേക്കെറിഞ്ഞു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കത്തോലിക്കാസഭയിലേക്കുള്ള പുനരൈക്യത്തിനു മാര്‍ഗ്ഗം തെളിച്ചു. എങ്കിലും വഴക്കുകള്‍ തുടര്‍ന്നു. പോളണ്ടു രണ്ടായി വിഭജിച്ചു; ഭൂരിപക്ഷം റൂഥീനിയരെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ ചേര്‍ത്തു. വിറ്റെബ്‌സ്‌കി ഇന്നു റഷ്യയിലാണു സ്ഥിതിചെയ്യുന്നത്.