ഉള്ളു പൊള്ളിക്കുന്ന കനലുകള്‍

ഒരാളോട് ദേഷ്യവും പകയും മനസില്‍ കൊണ്ടുനടക്കുന്നത് അയാളെ എറിയാന്‍ ചുട്ടുപഴുത്ത കല്‍ക്കരി സ്വന്തം കയ്യില്‍ വയ്ക്കുന്നതുപോലെയാണെന്ന് ശ്രീബുദ്ധന്‍ പറയുന്നു. അയാളെ എറിയുന്നതിനു മുമ്പ് കൈ പൊള്ളി നാശമായിട്ടുണ്ടാകും.
ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ക്ഷമിക്കാനാവാതെ കഴിഞ്ഞു കൂടുന്നവരെയും മാനസികവ്യഥ ജ്വലിക്കുന്ന കനലായി ഏറെ ക്ലേശിപ്പിക്കും. എതിരാളി തകരണമെന്ന ആഗ്രഹമാണ് മുന്നില്‍ നില്‍ക്കുക. പലപ്പോഴും ഇത് സംഭവിക്കണമെന്നില്ല. അപ്പോള്‍ നിരാശ പടരും. വൈരാഗ്യം ഇരട്ടിക്കും. അത് ആത്മസംഘര്‍ഷം കൂട്ടും.

കുടുംബത്തോടു ചെയ്ത അനീതിക്കെതിരെ പകരം വീട്ടാന്‍ കുട്ടിക്കാലം മുതല്‍ കാത്തിരുന്ന് അവസാനം പ്രതിയോഗിയെ മുച്ചൂടും നശിപ്പിക്കുന്ന പ്രതികാര ദാഹിയായ നായകന്‍ പണ്ടുമുതല്‍ സിനിമകളുടെ ഇഷ്ടവിഷയമാണ്. വില്ലനെ ഇടിച്ചു പരത്തുമ്പോള്‍ കാണികള്‍ കൈ അടിച്ച് പ്രോത്സാഹിപ്പിക്കും.

പക്ഷെ സിനിമയല്ലല്ലോ ജീവിതം. നിസാര കാര്യങ്ങളില്‍ നിന്നാണ് പലപ്പോഴും പകയും വൈരാഗ്യവും പൊട്ടിമുളയ്ക്കുന്നത്. ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ തലമുറകളിലേക്കു നീങ്ങുന്ന സംഘര്‍ഷങ്ങളിലേക്കു നയിക്കും.

നല്ല കുടുംബങ്ങളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മുതിര്‍ന്നവര്‍ ഇടപെട്ട് അപ്പപ്പോള്‍ പരിഹാരം കാണും. നിര്‍ഭാഗ്യവശാല്‍ പല വീടുകളിലും ഇതല്ല സ്ഥിതി. ചെറിയ പ്രശ്‌നങ്ങള്‍ പോലും സഹോദരങ്ങള്‍ ഗ്രൂപ്പായി തിരിഞ്ഞ് ആളിക്കത്തിക്കും. അവസാനം കെടുത്താന്‍ പറ്റാത്ത കാട്ടുതീയായി അത് വളരുകയും ചെയ്യും. അത് അവരുടെ ആത്മാവിനെ മാത്രമല്ല, ഭൗതിക വളര്‍ച്ചയെയും മുരടിപ്പിക്കും.

മാതാപിതാക്കളുടെ അവഗണനയാണ് ചിലരുടെ മനസില്‍ പകയുടെ വിത്തിടുന്നത്. ചിലപ്പോള്‍ അവഗണനയല്ല, അങ്ങനെ ചെയ്‌തെന്ന തോന്നലായിരിക്കാം പ്രശ്‌നത്തിനു കാരണമാകുക. മാനസികമായി മുറിവേറ്റ ബാല്യം പലരുടെയും വ്യക്തിത്വങ്ങളെ തകര്‍ത്തു കളയുന്നുണ്ട്.

രമ്യപ്പെട്ട മനസുമായി മാത്രമേ ബലിപീഠത്തില്‍ എത്താവൂ എന്ന് യേശു പഠിപ്പിക്കുന്നു. ‘നീ ബലിപീഠത്തില്‍ കഴ്ച അര്‍പ്പിക്കുമ്പോള്‍ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍ കാഴ്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പില്‍ വച്ചിട്ടുപോയി സഹോദരനോടു രമ്യപ്പെടുക; പിന്നെ വന്നു കാഴ്ചയര്‍പ്പിക്കുക’ (മത്തായി 05: 23-26).

കുറ്റബോധമാണ് ഏദന്‍ തോട്ടത്തില്‍ ആദിമാതാപിതാക്കളെ ലജ്ജിതരാക്കിയത്. ആത്മവിശ്വാസം നഷ്ടപ്പെടുന്നവരുടെ നിരാശ വര്‍ധിക്കും. ഇത് ശാരീരിക രോഗങ്ങളിലേക്കു നയിക്കും. എപ്പോഴും ദേഷ്യപ്പെടുന്നവര്‍ക്ക് രോഗപ്രതിരോധ ശക്തി കുറയുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഹൃദയതാളം തെറ്റാം. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാനുള്ളള ശക്തിയും കുറയാം.

റഷ്യന്‍ സാഹിത്യകാരനായ ദസ്‌തേയ്‌വ്‌സികിയുടെ പ്രശസ്ത നോവല്‍ ‘കുറ്റവും ശിക്ഷയും’ കുറ്റം ചെയ്ത വ്യക്തി അനുഭവിക്കുന്ന ഭീകമായ മാനസികാവസ്ഥയാണ് വരച്ചിടുന്നത്. കൊലപാതകം നടത്തുന്ന റാസ്‌കല്‍ നിക്കോവ് ഒറ്റപ്പെടലും നിരാശയും കുറ്റബോധവും കൊണ്ടു നീറുന്നു. കിട്ടാവുന്ന യഥാര്‍ത്ഥ ശിക്ഷയേക്കാള്‍ എത്രയോ വലിയ മാനസിക പീഡനത്തിലൂടെയാണ് അയാള്‍ കടന്നു പോകുന്നത്.

വില്യം ഷേക്‌സ്പിയറിന്റെ ‘മാക്‌ബെത്ത്’ നാടകത്തിലും കൊലപാതകം നടത്തിയ മാക്‌ബെത്തിനെക്കാള്‍ മാനസിക വ്യഥ അനുഭവിക്കുന്നത് കൊലപാതകത്തിനു പ്രേരിപ്പിച്ച ലേഡി മാക്‌ബെത്താണ്. അറേബ്യയിലെ സുഗന്ധദ്രവ്യങ്ങള്‍ക്കൊന്നും തന്റെ കൈകളിലെ കൊലപാതകക്കറയുടെ ദുര്‍ഗന്ധം കഴുകിക്കളയാനാവില്ലെന്ന് നിദ്രാടനത്തിനിടയില്‍ അവര്‍ വിലപിക്കുന്നു.

സഹോദരിയെ കുത്തിക്കൊന്ന ഘാതകനോട് ക്ഷമിച്ച സിസ്റ്റര്‍ സെല്‍മിയും അവരുടെ കുടുംബവും ക്ഷമയുടെ മഹനീയ മാതൃകയാണ് ലോകത്തിനു മുമ്പില്‍ സാക്ഷ്യപ്പെടുത്തുന്നത്.

മധ്യപ്രദേശിലെ ഉദയ്‌നഗറില്‍ ബസില്‍ വച്ച് 1995-ല്‍ സിസ്റ്റര്‍ റാണിമരിയ ആക്രമിക്കപ്പെട്ടു. ബസില്‍ വച്ച് 54 കുത്തുകള്‍ ഏല്‍പ്പിച്ച സിസ്റ്ററുടെ ശരീരം സമുന്ദര്‍ സിങ് എന്ന കൊലയാളി പുറത്തേക്കു വലിച്ചെറിഞ്ഞു. ശിക്ഷിക്കപ്പെട്ട സമുന്ദര്‍ സിങിനെ സഹോദരി സിസ്റ്റര്‍ സെല്‍മി ജയിലില്‍ സന്ദര്‍ശിച്ചു. കുടുംബം അയാളോട് ക്ഷമിച്ചതായി അറിയിച്ചു. സഹോദര ബന്ധം സ്ഥാപിച്ചതിന്റെ സൂചനയായി ഉത്തരേന്ത്യന്‍ മാതൃകയില്‍ അയാളുടെ കയ്യില്‍ രാഖി കെട്ടി. മാനസാന്തരം വന്ന സമുന്ദര്‍ സിങ് പിന്നീട് സിസ്റ്റര്‍ റാണിമരിയയുടെ കേരളത്തിലെ മാതാപിതാക്കളെ സന്ദര്‍ശിച്ച സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു.

ക്ഷമിക്കാന്‍ കഴിയുന്നവര്‍ക്കേ ജീവിതത്തിന്റെ സൗന്ദര്യവും സ്വാതന്ത്ര്യം നല്‍കുന്ന ലാഘവത്വവും അതില്‍ നിന്നുള്ള ഊര്‍ജവും അനുഭവിക്കാന്‍ കഴിയുകയുള്ളു.

Exit mobile version