ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ 2021 ല്‍ ആരംഭിച്ച സിനഡാലിറ്റിയെ പറ്റിയുള്ള സിനഡ് 2024 ഒക്ടോബര്‍ 26ന് അതിന്റെ അന്തിമ രേഖയുടെ പ്രസിദ്ധീകരണത്തോടെ സമാപിക്കുകയാണ്. ഇനി ഇതു സംബന്ധിച്ച് മറ്റൊരു ഔദ്യോഗിക രേഖയോ അപ്പസ്‌തോലിക ലേഖനമോ ഉണ്ടാകില്ലെന്ന് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇനി നമുക്കു മുന്നിലുള്ളത് മൂന്നാം ഘട്ടമാണ്; അതായത്, ഇതിന്റെ നടപ്പാക്കല്‍ ഘട്ടം. (2018 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ‘എപ്പിസ്‌കോപാലിസ് കൊമ്മ്യൂണിയോ’ എന്ന പ്രമാണരേഖ ആഗോള സഭയുടെ മെത്രാന്‍ സിനഡിനെ മൂന്നു ഘട്ടങ്ങളിലായി സജ്ജീകരിക്കാന്‍ ആവശ്യപ്പെടുന്നു. ഒരുക്കത്തിന്റെ ഘട്ടം, കൂടിയാലോചനകളുടെ ഘട്ടം, തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടം എന്നിവയാണവ.) ഇത് നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് നവീകരിക്കപ്പെട്ട ഒരു സഭയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും ആണ്. എങ്ങനെ ഒരു മാറ്റത്തിലൂടെ, പുതുമയുള്ള, കാലഘട്ടത്തിന്റെ ചുവരെഴുത്തുകളോട് പ്രതികരിക്കുന്ന, നവീകരിക്കപ്പെട്ട ഒരു സഭയായി മാറാം എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുക (conversion to a renewed church).
ഈ സിനഡല്‍ പ്രക്രിയ തന്നെ സഭയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു സംരംഭം ആയിരുന്നു; അതിന് ധാരാളം വെല്ലുവിളികളും ഉണ്ടായിരുന്നു. വളരെയധികം ആളുകള്‍ ഇത്തരത്തിലുള്ള ഒരു പ്രക്രിയയ്ക്ക് ഉണ്ടാകാവുന്ന കാലതാമസങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പ്രക്രിയയില്‍ സഭക്കുള്ളില്‍ ഐക്യം ദുര്‍ബലമാകാനുള്ള സാധ്യതയും ഇതിന്റെ തുടക്കത്തില്‍ ചിലര്‍ പ്രകടിപ്പിച്ച ആശങ്ക ആയിരുന്നു. മറ്റുള്ള ചിലര്‍ ഈ സിനഡല്‍ ചര്‍ച്ചകളുടെ ശുപാര്‍ശകള്‍ സഭയുടെ പരമ്പരാഗത ദൈവശാസ്ത്രത്തില്‍ നിന്നും വിശ്വാസ സത്യങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള സാധ്യത എന്ന ആശങ്കയും പങ്കുവയ്ക്കുകയുണ്ടായി. എന്നിരുന്നാലും സഭാ നേതൃത്വം, ദൈവാത്മാവിന്റെ പ്രചോദനമേകുന്ന ധൈര്യത്തോടെ മുന്നോട്ട് തന്നെ പോയി. തീര്‍ച്ചയായും, ഇത് സഭയുടെ അനിവാര്യമായ നവീകരണത്തിനും സ്വന്തം ദൗത്യം കൂടുതല്‍ ആഴത്തില്‍ അറിയുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും ഉള്ള ഒരു വേദിയായി മാറുക തന്നെ ചെയ്തു.
ഈ സിനഡ് പ്രക്രിയ ആരംഭിച്ചത് ദൈവജനവുമായുള്ള ആഴത്തിലുള്ള കൂടിയാലോചനകളോടു കൂടിയാണ്. സഭയുടെ കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നതായിരുന്നു ഈ കൂടിയാലോചനകളുടെ അടിസ്ഥാന വിചിന്തന വിഷയങ്ങള്‍. സഭയ്ക്ക് അതിന്റെ എല്ലാ അംഗങ്ങളെയും ശ്രവിക്കുവാനും, അവരൊരുമിച്ച് ദൈവഹിതം വിവേചിച്ചറിയാനും കഴിവുണ്ടെന്ന് ഈ കൂടിയാലോചനകളുടെ ഓരോ ഘട്ടവും തെളിയിച്ചു.
വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ അതിലേക്കുള്ള മാര്‍ഗ്ഗരേഖകളും ചവിട്ടുപടികളും ആയിരുന്നു. സിനഡാലിറ്റിയിലൂടെ സഭയില്‍ കൂടുതല്‍ കൂട്ടായ്മയും, പങ്കാളിത്തവും കൈവരുമെന്നും, അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിത്തീരുമെന്നും, സഭയുടെ അടിസ്ഥാന ദൗത്യത്തെ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ ഇത് സഹായിക്കും എന്നതും ഇത് വെളിവാക്കി.
ക്രിസ്തുവിന്റെ പുനരുദ്ധാനത്തില്‍ നിന്നും അവിടുത്തെ ഈസ്റ്റര്‍ സമ്മാനമായ പരിശുദ്ധാത്മാവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ക്ക് നടുവില്‍ വിശ്വാസത്തിലും, ക്രിസ്തീയ സന്തോഷത്തിലും സേവനമനോഭാവത്തിലും പുതിയ ചൈതന്യത്തിലേക്ക് വളരാന്‍ ഈ സിനഡ് നമ്മെ ക്ഷണിക്കുകയാണ്. ദൈവത്തിലുള്ള, ഒരിക്കലും നിരാശപ്പെടുത്താത്ത പ്രത്യാശയോടെ (റോമാ 5:5), ഈ സിനഡല്‍ പ്രക്രിയ തുടരാന്‍ തങ്ങള്‍ക്ക് ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ദൈവജനത്തെ പ്രാപ്തരാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാം മെത്രാന്മാരോടും തന്റെ ദൈവികദത്തമായ അധികാരത്തോടെ ആഹ്വാനം ചെയ്യുന്നുണ്ട് (നമ്പര്‍ 12).
‘ഓരോ പുതിയ ചുവടും’ എന്ന വാക്കുകളോടെയാണ് ഈ അന്തിമ രേഖ ആരംഭിക്കുന്നത്. മാറ്റത്തിന്റെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കത്തെ തന്നെയാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഏതൊരു പുതിയ തുടക്കത്തെയും എന്നതുപോലെ അത് സ്വാഭാവികമായും പ്രതീക്ഷയും അനിശ്ചിതത്വങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ അന്തിമ രേഖ ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 27 ശതമാനത്തോളം ബിഷപ്പുമാര്‍ അല്ലാത്ത ഒരു സമിതി തയ്യാറാക്കിയ സഭയുടെ ഒരു ഔദ്യോഗിക രേഖ (magisterial document) എന്ന പ്രത്യേകതയും സിനഡിന്റെ ഈ അന്തിമരേഖക്ക് ഉണ്ട്.
സിനഡാലിറ്റിയെപ്പറ്റിയുള്ള സിനഡിന്റെ അന്തിമ രേഖ 5 അധ്യായങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. 5 അധ്യായങ്ങളിലായി, ആമുഖവും ഉപസംഹാരവും അടക്കം 155 ഖണ്ഡികകള്‍ ആണ് ഉള്ളത്. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ അധ്യായങ്ങള്‍ സഭയുടെ ഭാവിയിലേക്ക് നിരവധിയായ ശുപാര്‍ശകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട്.
പ്രധാന ആശയങ്ങളും ശുപാര്‍ശകളും
സിനഡല്‍ പ്രക്രിയയുടെ ഹൃദയഭാഗത്ത് സിനാഡാലിറ്റി എന്ന ആശയം തന്നെയുണ്ട്. സിനഡാലിറ്റി എന്നത്, ദൈവവചന ശ്രവണം, ധ്യാനം, നിശബ്ദത, ആഴമായ ഹൃദയ പരിവര്‍ത്തനം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ആത്മീയ ഭാവമാണ്. എല്ലാ തലങ്ങളിലും കേള്‍ക്കുകയും, കേള്‍ക്കപ്പെടുകയും, സംഭാഷണത്തില്‍ ഏര്‍പ്പെടുകയും, പങ്കാളിത്തത്തോടെ മുന്നോട്ട് നീങ്ങുകയും ചെയ്യുക എന്നതാണ് അതിനര്‍ത്ഥം. സ്വാര്‍ത്ഥമായ അഭിലാഷങ്ങളോ, ആധിപത്യത്തിനോ നിയന്ത്രണത്തിനോ വേണ്ടിയുള്ള ആഗ്രഹങ്ങളോ, അസൂയയോ ഇല്ലാത്തതാണ് ഈ ആത്മീയത. എല്ലാവരിലൂടെയും എല്ലാറ്റിലൂടെയും സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം വിവേചിച്ചറിയാന്‍ നാം പഠിക്കുക എന്നതാണ് അതിന്റെ ഏക വഴി (നമ്പര്‍ 43).
സഭയിലെ സിനഡാലിറ്റി അതിന്റെ ജീവിതത്തെയും ദൗത്യത്തെയും രൂപപ്പെടുത്തുന്ന 3 പ്രധാന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് (നമ്പര്‍ 30):
ഒന്നാമതായി, ദൈവജനം ഒരുമിച്ച് യാത്ര ചെയ്യുകയും, സഹവര്‍ത്തിത്വത്തോടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും, വചനം ശ്രവിക്കുകയും, കുര്‍ബാന ആഘോഷിക്കുകയും, സഭയുടെ ദൗത്യത്തില്‍ പങ്കാളിത്ത സ്വഭാവത്തോടെയുള്ള ഉത്തരവാദിത്വം വളര്‍ത്തുകയും ചെയ്യുക എന്നതാണ്.
രണ്ടാമതായി, ഒരു സിനഡല്‍ സഭയില്‍ ഔപചാരിക സഭാ സംവിധാനങ്ങളും പ്രക്രിയകളും പ്രാദേശികതലത്തിലും മേഖലാതലത്തിലും സാര്‍വത്രിക തലത്തിലുമുള്ള സഭ കൂട്ടായ്മകളെ ഉള്‍പ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകുന്നത് ആകണം. പരിശുദ്ധാത്മാവിനെ ശ്രവിച്ചുകൊണ്ട് ദൈവഹിതത്തെ വിവേചിച്ചറിഞ്ഞ് സഭയെ മുന്നോട്ട് നയിക്കാനും അതിനുള്ള പാത തിരിച്ചറിയാനും ഈ ശൈലി സഭയെ പ്രാപ്തമാക്കുന്നു.
മൂന്നാമതായി, സഭാധികാരികള്‍ വിളിച്ചു ചേര്‍ക്കുന്ന സിനഡല്‍ സമ്മേളനങ്ങള്‍ ആണ്. ഇവിടെ മാര്‍പാപ്പയുമായുള്ള ഐക്യത്തില്‍, മെത്രാന്മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ദൈവഹിതം വിവേചിച്ചറിയുന്നതിനും, സഭയുടെ സുവിശേഷ സന്ദേശം മുന്നോട്ടു കൊണ്ടു പോകുന്നതിനും വേണ്ട തീരുമാനങ്ങള്‍ എടുക്കുന്നതിലും ദൈവജനം മുഴുവന്‍ പങ്കെടുക്കുന്നു. ഈ പ്രക്രിയയില്‍ പങ്കെടുക്കുന്നതിലൂടെ ദൈവജനം അവരുടെ ഉള്‍ക്കാഴ്ചകളും അനുഭവങ്ങളും സഭയുടെ പൊതു നന്മയ്ക്കായി സംഭാവന ചെയ്യുകയാണ്. ആത്മാവ് സഭകളോട് എന്താണ് പറയുന്നത് എന്ന് ശ്രവിക്കുവാനും വിവേചിച്ചറിയുവാനും പ്രാപ്തമാക്കുന്ന (വെളിപാട് 2:7) ഒരു നിമിത്തമാണ് ആത്മാവിലുള്ള സംഭാഷണം.
ദൈവജനത്തിന്റെ അനിതരസാധാരണമായ പങ്കാളിത്തം ഈ സിനഡല്‍ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങളില്‍ ഒന്നായി നമുക്ക് എടുത്തു കാട്ടാം. ഓരോ ക്രിസ്ത്യാനിയും, അവരുടെ കുടുംബം, ജോലി, സാമൂഹ്യ ജീവിതം, സംസ്‌കാരം, എന്നിവയില്‍ ഉടനീളമുള്ള തങ്ങളുടെ വ്യത്യസ്ത കടമകളിലൂടെ – ഡിജിറ്റല്‍ സുവിശേഷവല്‍ക്കരണം ഉള്‍പ്പെടെ – ആത്മാവിന്റെ ദാനങ്ങളാല്‍ പിന്തുണയ്ക്കപ്പെടുന്ന അവരുടെ ജീവിത സാഹചര്യങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കുന്നു. തങ്ങളുടെ ഈ ജീവിത ദൗത്യത്തില്‍ സഭ ഒന്നാകെ അവരെ പിന്തുണയ്ക്കണമെന്നും ശക്തിപ്പെടുത്തണമെന്നും ഈ സിനഡ് ആഗ്രഹിക്കുകയും ചെയ്യുന്നു.
പരമ്പരാഗതമായ വൈദികകേന്ദ്രീകൃത ഭരണ മാതൃകയില്‍ നിന്നുള്ള ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തിക്കൊണ്ട്, തീരുമാനം എടുക്കുന്നതിലും നേതൃപരമായ കടമകള്‍ നിര്‍വഹിക്കുന്നതിലും സാധാരണ ജനങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ഈ രേഖ അടിവരയിടുന്നുണ്ട്. അല്‍മായരെ ശാക്തീകരിക്കുന്നതിലൂടെ അവരുടെ വൈവിധ്യമാര്‍ന്ന ആശയങ്ങളും കഴിവുകളും പ്രയോജനപ്പെടുത്താനും, ദൈവജനത്തിന്റെ പൂര്‍ണ്ണതയെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന കൂടുതല്‍ ഊര്‍ജ്ജസ്വലത ഉള്‍ക്കൊള്ളാനും, ചലനാത്മകമായ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതിനും സഭ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
കുട്ടികള്‍, യുവജനങ്ങള്‍, കുടുംബം
കുട്ടികള്‍ക്ക് തങ്ങളുടെ വളര്‍ച്ചയില്‍ പ്രത്യേകമായ ശ്രദ്ധയും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കേണ്ടതുണ്ട്. കൂട്ടായ്മ, സാമൂഹിക നീതി, നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ പരിപാലനം എന്നിവയോടുള്ള പ്രതിബദ്ധതയിലൂടെ യുവജനങ്ങള്‍ സഭയുടെ നവീകരണത്തിന് കൂടുതല്‍ സംഭാവന നല്‍കുന്നു. വിവാഹമെന്ന കൂദാശ സഭയെയും സമൂഹത്തെയും സമ്പന്നമാക്കുന്നതിനുള്ള ഒരു ദൗത്യം കുടുംബങ്ങളെ ഏല്‍പ്പിക്കുന്നു. അജപാലന ശുശ്രൂഷയിലും കുട്ടികളുടെയും യുവജനങ്ങളുടെയും പരിശീലനത്തിലും സജീവമായി ഉള്‍പ്പെടുത്തുക വഴി അജപാലന ശുശ്രൂഷയില്‍ കുടുംബങ്ങള്‍ നിഷ്‌ക്രിയ സ്വീകര്‍ത്താക്കള്‍ അല്ല മറിച്ച് സജീവ പങ്കാളികളാണ്. സഭയുടെ ദൗത്യത്തില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നു. അവര്‍ പഠിപ്പിക്കുകയും നയിക്കുകയും വിശ്വാസത്തിന് പ്രത്യേകമാംവിധം സാക്ഷ്യം നല്‍കുകയും ചെയ്യുന്നു. കാനോന്‍ നിയമങ്ങള്‍ അവര്‍ക്ക് നല്‍കിയിട്ടുള്ള വിപുലമായ അംഗീകാരങ്ങള്‍ക്കും നേതൃത്വ അവസരങ്ങള്‍ക്കും സിനഡ് പൂര്‍ണ്ണമായ പിന്തുണയും ആഹ്വാനവും നല്‍കുന്നു. എന്നാല്‍, സ്ത്രീകള്‍ ഡീക്കന്‍ സ്ഥാനത്തേക്ക് വരുന്നതിനെക്കുറിച്ച് കൂടുതല്‍ വിപുലമായ ആലോചനയും ചര്‍ച്ചയും ആവശ്യമുണ്ട് എന്ന് ഈ രേഖ വിലയിരുത്തുന്നു.
മെത്രാന്മാര്‍, വൈദികര്‍, സമര്‍പ്പിതര്‍
സമര്‍പ്പിതരായ വ്യക്തികള്‍ അവരുടെ പ്രവാചക ശബ്ദത്തിലൂടെ സഭയെയും സമൂഹത്തെയും ചലനാത്മകമാക്കണം. ഇടവക വൈദികരും സമര്‍പ്പിതരും തങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ആഴപ്പെടുത്തുക വഴി അവര്‍ ചെയ്യുന്ന സേവനങ്ങളും സഭയുടെ പൊതു ദൗത്യവും കൂടുതല്‍ ജീവസുറ്റതാക്കി മാറ്റും. വൈദികരുടെയും മെത്രാന്മാരുടെ പ്രധാനമായ സേവനമേഖല സുവിശേഷ പ്രഘോഷണം തന്നെയാണ്. ഒരു സിനഡല്‍ സഭയില്‍, സിനഡല്‍ സമ്പ്രദായങ്ങളോട് തുറന്ന മനോഭാവത്തോടെ, ഏവരെയും സ്വാഗതം ചെയ്യുകയും ശ്രവിക്കുകയും ചെയ്തു കൊണ്ട്, ജനങ്ങളോട് അടുത്ത്, അവര്‍ക്ക് സേവനം ചെയ്യാന്‍ ഓരോ പുരോഹിതനും കടപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കാളിത്തത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. ഒപ്പം നമ്മുടെ കാലത്തിന്റെ അജപാലന ആവശ്യങ്ങള്‍ക്ക് അനുസൃതമായി സഹവര്‍ത്തിത്വത്തിന്റെയും സഹ ഉത്തരവാദിത്വത്തിന്റെയും വ്യത്യസ്തമായ അജപാലന ശുശ്രൂഷ രീതികള്‍ പരീക്ഷിക്കേണ്ടതുണ്ട്. സമര്‍പ്പിതരും അല്‍മായരുമായി ശുശ്രൂഷകള്‍ പങ്കിടുമ്പോള്‍, അത് കൂട്ടായ തീരുമാനങ്ങള്‍ എടുക്കുന്നതിനും പൗരോഹിത്യമേല്‍ക്കോയ്മാ സമ്പ്രദായത്തെ മറികടക്കുന്നതിനും സഹായിക്കുകയും ചെയ്യും.
തീരുമാനം എടുക്കല്‍ പ്രക്രിയ
നമ്മുടെ തീരുമാനം എടുക്കല്‍ പ്രക്രിയകളില്‍ സുതാര്യത, ഉത്തരവാദിത്വം (accountability) ശരിയായ മൂല്യനിര്‍ണയം, എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഒപ്പം തന്നെ ഈ പ്രക്രിയകളില്‍ രൂപത (ഇടവക) പാസ്റ്ററല്‍ കൗണ്‍സില്‍ ഫിനാന്‍സ് കമ്മിറ്റി എന്നിവകളുടെയൊക്കെ ഫലപ്രദമായ ഇടപെടലുകളും ഉറപ്പാക്കണം എന്ന് സിനഡ് ആവശ്യപ്പെടുന്നു. അജപാലന ഉത്തരവാദിത്വങ്ങളില്‍ ആയിരിക്കുന്നവര്‍ ഇത്തരം കമ്മിറ്റികളെ ശ്രദ്ധിക്കേണ്ടതും, അവരുടെ ആശയങ്ങളെ ഉള്‍ച്ചേര്‍ക്കേണ്ടതുമാണ്. കാര്യങ്ങള്‍ കൃത്യമായി ഈ ആലോചന സമിതികളോട് വിശദീകരിക്കാനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഈ മേഖലയില്‍ കണ്‍സള്‍ട്ടറേറ്റീവ് വോട്ട് ഒരു പ്രധാന മാനദണ്ഡമായി സ്വീകരിച്ച്, കഴിയുന്ന വിധത്തില്‍ തീരുമാനപ്രക്രിയകളെ കൂടുതല്‍ സുതാര്യമാക്കിയും പങ്കാളിത്ത സ്വഭാവമുള്ളതാക്കിയും മാറ്റാന്‍ കഴിയുന്ന തരത്തില്‍ കാനോന്‍ നിയമങ്ങള്‍ പുനപരിശോധിക്കേണ്ടതുണ്ട് എന്ന് സിനഡ് അഭിപ്രായപ്പെടുന്നു (നമ്പര്‍ 92).
സിനഡല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഏറ്റവും സാധ്യതയുള്ളത് രൂപതയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്കും സമിതികള്‍ക്കും ആണ്. അവര്‍ അത് കാര്യക്ഷമമായി നിര്‍വഹിക്കണം എന്ന് സിനഡ് നിര്‍ദ്ദേശിക്കുന്നു (നമ്പര്‍ 103). മെത്രാനും വൈദികരും വിശ്വാസികളും തമ്മില്‍ നിരന്തരം കൂടിയാലോചനകളും അഭിപ്രായ കൈമാറ്റങ്ങളും നടത്തുന്ന, ഉന്നതമൂല്യമുള്ള ഒരു സ്ഥാപനമായി ഓരോ രൂപതയും മാറേണ്ടതുണ്ട്.
ഓരോ രൂപതയും അത് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യങ്ങളും പശ്ചാത്തലങ്ങളും കൃത്യമായി വിലയിരുത്തണം. അതായത്, സാമൂഹ്യ – സാംസ്‌കാരിക പശ്ചാത്തലം നഗരവത്കരണത്തിന്റെ യും കിട്ടിയേറ്റത്തിന്റെയും ആഘാതങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മനുഷ്യര്‍, ഡിജിറ്റല്‍ ലോകം, പ്രാദേശിക സംഭവ വികാസങ്ങള്‍, എന്നിവ.
ഇടവക സമൂഹം
സുവിശേഷപ്രഘോഷണ ദൗത്യത്തിന്റെ പുതിയ ആവശ്യങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കുന്നതിന് ഓരോ സമൂഹത്തിന്റെയും അടിസ്ഥാന സ്വഭാവവിശേഷങ്ങളും, അവര്‍ ആയിരിക്കുന്ന പ്രദേശത്തിന്റെ സാഹചര്യങ്ങളും മനസ്സിലാക്കുകയും അവയ്ക്കനുസൃതമായി അജപാലന പ്രവര്‍ത്തനങ്ങളുടെ പുതിയ രൂപങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഓരോ വ്യക്തിയുടെയും വ്യക്തിപരമായ വിശ്വാസത്തിന് ഊന്നല്‍ കൊടുക്കുകയും അവനെ വ്യക്തിപരമായി അനുഗമിക്കുകയും, രൂപീകരണം നല്‍കുകയും ചെയ്യുന്ന ഒരു അജപാലന ശൈലിയിലൂടെ, ലോകത്തില്‍ അവരുടെ സുവിശേഷ ദൗത്യം നിറവേറ്റുന്നതിന്, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യക്തികളെ പിന്തുണയ്ക്കാന്‍ ഇടവക സമൂഹത്തിന് കഴിയും. ഈ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ഇടവക എന്നത് അതില്‍ മാത്രം കേന്ദ്രീകൃതമായ, അതില്‍ തന്നെ ഒതുങ്ങി പോകേണ്ട, ഒന്നല്ല മറിച്ച് സാര്‍വത്രിക സുവിശേഷ ദൗത്യത്തില്‍ പങ്കുചേരുന്ന ഒരു യൂണിറ്റ് മാത്രമാണ് അത് എന്ന് കൂടുതല്‍ വ്യക്തമാകും. അതിനായി വൈദികര്‍ക്കിടയിലും ഇടവകകള്‍ക്കിടയിലും കൂടുതല്‍ ശക്തമായ ഐക്യവും സഹകരണവും ആവശ്യമാണെന്ന് ഈ സിനഡ് ആഹ്വാനം ചെയ്യുന്നു.
നമ്മുടെ വിവിധ പ്രാദേശിക ആചാരാനുഷ്ഠാനങ്ങള്‍ (popular devotions) സഭയുടെ വലിയ ഒരു നിധിയാണ്. അത് നമ്മുടെ ആത്മീയ യാത്രയില്‍ നമുക്ക് വലിയ ആത്മവിശ്വാസം പകരുന്നു.
മിഷനറി ചൈതന്യ രൂപീകരണം
കുടുംബങ്ങളിലും കുടുംബക്കൂട്ടായ്മകളിലും ഇടവകകളിലും വിവിധ സംഘടനകളിലും സെമിനാരികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സന്യാസ സമൂഹങ്ങളിലും തുടങ്ങി സഭയുടെ എല്ലാ മേഖലകളിലും മിഷനറി ചൈതന്യ രൂപീകരണം അത്യാവശ്യമാണെന്ന് ഈ രേഖ ഊന്നി പറയുന്നുണ്ട് (നമ്പര്‍ 144). സെമിനാരി രൂപീകരണത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം സിനഡ് ആവശ്യപ്പെടുന്നുണ്ട്. ഒരു പുതിയ ഡിജിറ്റല്‍ ലോകത്ത്, അതിന്റെ സാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കുന്ന വിധത്തിലുള്ള പരിശീലനവും കാലഘട്ടത്തിന്റെ ആവശ്യമാണ്.
സഭ എല്ലാവര്‍ക്കും സുരക്ഷിതമായ ഒരിടം
കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തുടങ്ങി ദുര്‍ബലരായ എല്ലാവര്‍ക്കും സഭയും അതിന്റെ സംവിധാനങ്ങളും സുരക്ഷിതമായ ഒരിടം ആയിരിക്കേണ്ടതുണ്ട്. സഭയുടെ എല്ലാ ക്രമീകരണങ്ങളിലും മേഖലകളിലും ഇതിനുവേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടാവണം. ദുരുപയോഗം തടയുന്നതിനും അനുചിതമായ പെരുമാറ്റങ്ങളോട് ഉടനടി പ്രതികരിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങളും നടപടിക്രമങ്ങളും കൂടുതല്‍ കാര്യക്ഷമം ആവേണ്ടതുണ്ട്. കൂടാതെ, അതിജീവിതരെ (victims) സൂക്ഷ്മ സംവേദനാക്ഷമതയോടെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് സഭാ സംവിധാനങ്ങള്‍ ഉറപ്പാക്കണം (നമ്പര്‍ 150).
സമാധാനവും നീതിയും പ്രോത്സാഹിപ്പിക്കുക, നമ്മുടെ പൊതു ഭവനമായ ഭൂമിയെ സംരക്ഷിക്കുക, വ്യത്യസ്ത സംസ്‌കാരങ്ങളും മതങ്ങളും തമ്മിലുള്ള സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയുള്ള സഭയുടെ ഔദ്യോഗിക സാമൂഹിക കാഴ്ചപ്പാടുകളെയും പ്രബോധനങ്ങളെയും ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കേണ്ടതുണ്ട്. ഇത് സഭാ മക്കളെ കൂടുതല്‍ നീതിയും അനുകമ്പയും ഉള്ള ഒരു ലോകം കെട്ടിപ്പടുക്കാന്‍ കൂടുതല്‍ സഹായിക്കും
ഉപസംഹാരം
സിനാഡാലിറ്റിയെ പറ്റിയുള്ള സിനഡിന്റെ അന്തിമരേഖയുടെ പ്രസിദ്ധീകരണത്തോടെ സഭയിലെ വിപ്ലവകരമായ ഒരു പുതിയ തുടക്കത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാവുകയാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും, പങ്കാളിത്ത സ്വഭാവമുള്ളതും കൂടുതല്‍ ഉണര്‍വോടെ സുവിശേഷ ദൗത്യ നിര്‍വഹണം നടത്തുകയും ചെയ്യുന്ന ഒരു സഭയുടെ മുന്നേറ്റത്തെയാണ് ഈ രേഖ പ്രതിനിധാനം ചെയ്യുന്നത്. പ്രത്യേകിച്ച്, സ്ത്രീകളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഭാഗഭാഗിത്വത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, വിശാലമായ ഈ ലോകത്തില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ഒരു സന്നിധ്യമായി സഭയ്ക്ക് മാറാന്‍ കഴിയുമെന്ന് നമ്മെ ഈ സിനഡ് ഓര്‍മ്മപ്പെടുത്തുന്നു. സഭ ഈ നവീകരണ യാത്ര തുടരുമ്പോള്‍, സിനഡാലിറ്റിയുടെ ഈ തത്വങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സഭയിലെ എല്ലാ അംഗങ്ങളും സഭയുടെ ജീവിതത്തിലും ദൗത്യത്തിലും പൂര്‍ണമനസ്സോടും ശക്തിയോടും കൂടെ പങ്കുചേരുകയും ചെയ്യുന്ന, ഒരു ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്, അതിന്റെ പ്രാമാണിക രേഖയും.
തയ്യാറാക്കിയത്: ഡോ. രഞ്ജിത് ചക്കുംമൂട്ടില്‍
താമരശ്ശേരി രൂപത