മണിപ്പൂരിലെ നിശബ്ദത ആശങ്കജനകം: കെസിവൈഎം താമരശ്ശേരി രൂപത

കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശങ്കാജനകമാണെന്ന് കെസിവൈഎം താമരശ്ശേരി രൂപത. 2023 വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക സെനറ്റ് സമ്മേളന വേദിയില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കി. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നനാള്‍ വരെ കെസിവൈഎം സമരപരമ്പരകള്‍ തുടരുമെന്ന് പ്രമേയത്തില്‍ പറയുന്നു.

സെനറ്റ് സമ്മേളനം താമരശ്ശേരി രൂപത വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. രൂപതയിലെ വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ അമല്‍ പുരയിടത്തില്‍, കെസിവൈഎം കോഴിക്കോട് രൂപത പ്രസിഡന്റ് ഡൊമിനിക് സോളമന്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍, എസ്.എം.വൈ.എം സംസ്ഥാന പ്രസിഡന്റ് വിശാഖ് തോമസ്, സൈമണ്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റോസീന്‍ എസ്.എ.ബി.എസ്, വൈസ് പ്രസിഡന്റ് ആഷ്ലി തെരേസ മാത്യു എന്നിവര്‍ പ്രസംഗിച്ചു. രൂപത കലോത്സവം യുവ 2023 ന്റെ ഔദ്യോഗിക ലോഗോ മോണ്‍. അബ്രഹാം വയലില്‍ രൂപത പ്രസിഡന്റിന് കൈമാറി പ്രകാശനം ചെയ്തു. കലോത്സവത്തിന്റെ ഭാഗമായുള്ള രചന മത്സരങ്ങള്‍ ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കും. കക്കയം സ്വദേശി സാന്‍ജോ സണ്ണിയാണ് ലോഗോ രൂപകല്പന ചെയ്തത്.

കെസിവൈഎം വിദേശ യുവജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

പഠനവും ജോലിയുമായി വിദേശത്തുള്ള യുവജനങ്ങളെ കെസിവൈഎം താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ കോര്‍ത്തിണക്കുന്ന വിദേശ യുവജന കൂട്ടായ്മ ‘താമരക്കൂട്ടം’ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിലുള്ള താമരശ്ശേരി രൂപതയിലെ കെസിവൈഎം പ്രവര്‍ത്തകര്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയാണ് താമരക്കൂട്ടം. ആദ്യഘട്ടത്തില്‍ യുകെ, യുഎസ്എ, ജര്‍മ്മനി, ഓസ്‌ട്രേലിയ, അറബ് എമിറേറ്റ്‌സ് എന്നീ രാജ്യങ്ങളിലാണ് കൂട്ടായ്മ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് ഒറ്റപ്പെടുന്ന യുവജനങ്ങള്‍ക്ക് ഈ പദ്ധതി വലിയ ഉത്തേജനം പകരുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. താമരക്കൂട്ടത്തിന്റെ ആദ്യ മീറ്റിങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവിധ രാജ്യങ്ങളിലുള്ള യുവജനങ്ങള്‍ പങ്കെടുത്തു. രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാക്കുടിയില്‍, ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ സൈമണ്‍, കെസിവൈഎം സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം റിച്ചാര്‍ഡ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version