സിഒഡി വാര്‍ഷിക ആഘോഷം നടത്തി

സിഒഡിയുടെ 35-ാമത് വാര്‍ഷിക ആഘോഷം തിരുവമ്പാടി പാരിഷ് ഹാളില്‍ ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മലയോര കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശ്ശേരി രൂപതയും സിഒഡിയും നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും ക്രിസ്തു പകര്‍ന്നു നല്‍കിയ കരുണയുടെ സന്ദേശം പ്രവര്‍ത്തികളിലൂടെ അനേകരിലേക്ക് എത്തിക്കുകയാണ് സിഒഡിയെന്നും അദ്ദേഹം പറഞ്ഞു.

നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി താമരശ്ശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പി. എസ്. ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

സിഒഡി രക്ഷാധികാരിയായ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. ഫാ. അബ്രഹാം പുളിഞ്ചുവട്ടിലിന്റെ അഗ്രികള്‍ച്ചറല്‍ തീസിസ് ഗവര്‍ണര്‍ പ്രകാശനം ചെയ്തു. രൂപതാ സ്ഥാപനങ്ങളായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സിന്റെയും താമരശ്ശേരി അഗ്രികള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും വെബ്‌സൈറ്റ് ലോഞ്ചിങ് ഗവര്‍ണ്ണര്‍ നിര്‍വഹിച്ചു. 35 വര്‍ഷം സിഒഡിയില്‍ സേവനം ചെയ്ത പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. സി. ജോയിയെ ചടങ്ങില്‍ ആദരിച്ചു.

വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ലിന്റോ ജോസഫ് എംഎല്‍എ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, കെ. സി. ജോയി എന്നിവര്‍ പ്രസംഗിച്ചു. തിരുവമ്പാടി ടൗണില്‍ ഘോഷയാത്രയും സംഘടിപ്പിച്ചു.

മതവിശ്വാസികള്‍ പരസ്പരാദരവിന്റെ സംസ്‌കൃതി പരിപോഷിപ്പിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

ഭിന്നമതപാരമ്പര്യങ്ങളുടെ അനുയായികളായ നാം, ആദരവ്, ഔന്നത്യം, സഹാനുഭൂതി, അനുരഞ്ജനം, സഹോദര്യ ഐക്യദാര്‍ഢ്യം എന്നിവയുടെതായ സംസ്‌കാരം ഊട്ടിവളര്‍ത്തുന്നത്തില്‍ സന്മനസ്സുള്ള സകലരോടും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. നിര്‍ഭാഗ്യവശാല്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യക്തിവാദത്തിന്റെയും ഒഴിവാക്കലിന്റെയും നിസ്സംഗതയുടെയും അക്രമത്തിന്റെയും സംസ്‌കാരത്തെ കീഴടക്കുന്നതിന് സംഭാവന ചെയ്യാന്‍ ഇതുവഴി സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

ശ്രീ നാരായണഗുരു സംഘടിപ്പിച്ച ‘സര്‍വ്വമതസമ്മേളന’ത്തിന്റെ ഒന്നാം ശതാബ്ദിയനുസ്മരണത്തിന്റെ ഭാഗമായി മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിന്റെ സഹകരണത്തോടെ ശ്രീനാരായണ ധര്‍മ്മസംഘം സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലും, ഇന്ത്യയുടെ ഇതരഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലും നിന്നെത്തിയ സംഘത്തെ വത്തിക്കാനിലെ ക്ലെമന്റയിന്‍ ശാലയില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

1856-ല്‍ കേരളത്തില്‍ ജനിച്ച ശ്രീനാരായണഗുരു ജാതി വേര്‍തിരിവ് മാറ്റുവാനായി അക്ഷീണം പ്രയത്‌നിച്ച മഹത് വ്യക്തിയാണ്. അദ്ദേഹം മാനവികതയുടെ ഉന്നമനത്തിനായി പ്രയത്‌നിച്ചു. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ യാതൊരു വിധത്തിലുള്ള വേര്‍തിരിവും പാടില്ല എന്നുള്ള ബോധ്യമാണ് അദ്ദേഹം നല്‍കിയത്. എല്ലാ മതങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും വിശ്വമാനവികതയ്ക്ക് വേണ്ടി നില്‍ക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

ഏകദൈവത്തിന്റെ മക്കളെന്ന നിലയില്‍ നാം പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും, സാഹോദര്യത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും അരൂപിയില്‍, വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കുകയും പരസ്പരം പരിപാലിക്കുകയും, അതുപോലെ നമ്മുടെ പൊതുഭവനമായ ഭൂമിയെ കാത്തുസൂക്ഷിക്കുകയും വേണം എന്ന മൗലിക സത്യം എല്ലാ മതങ്ങളും പഠിപ്പിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട്, കിഡ്‌നി ഫെഡെറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകാദ്ധ്യക്ഷന്‍ ഫാ. ഡേവീസ് ചിറമ്മേല്‍, പാണക്കാട് സാദിഖലി തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫീയെസ്റ്റ കരോള്‍ഗാന മത്സരം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും ചേര്‍ന്നൊരുക്കുന്ന കരോള്‍ഗാന മത്സരം ‘ഫീയെസ്റ്റ 2K24’ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസംബര്‍ 14 (ശനി) ഉച്ചയ്ക്ക് ഒന്നു മുതല്‍
മേരിക്കുന്ന് പിഎംഒസിയിലാണ് മത്സരം. ഡിസംബര്‍ അഞ്ചിനു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ആദ്യമൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 5001 രൂപ, 3001 രൂപ, 2001 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസുകള്‍.

നിബന്ധനകള്‍: ഒരു ടീമില്‍ പരമാവധി ഏഴു പേരും കുറഞ്ഞത് അഞ്ചു പേരും ഉണ്ടായിരിക്കണം. ഒരു മലയാള ഗാനം മാത്രമാണ് ആലപിക്കേണ്ടത്. ഗാനദൈര്‍ഘ്യം ഏഴു മിനിറ്റില്‍ കൂടരുത്. മൈക്ക് ഉണ്ടായിരിക്കുന്നതല്ല. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ആവശ്യമുള്ളവര്‍ക്ക് പേപ്പറില്‍ എഴുതിയ ലിറിക്‌സ് നോക്കി പാടാവുന്നതാണ്. ബാക്ക് ഡ്രോപ്പ്, തീം, ഡ്രസ് എന്നിവയ്ക്ക് പ്രത്യേക മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല.

രജിസ്‌ട്രേഷും മറ്റു വിവരങ്ങള്‍ക്കും വിളിക്കേണ്ട നമ്പറുകള്‍: 7902510633 (ഫാ. ജോര്‍ജ് വെള്ളാരംകാലായില്‍), 9400297653 (ഫാ. ഡൊമിനിക്ക് കുഴിവേലില്‍).

മുനമ്പം: കെസിവൈഎം രൂപതാ സമിതി 24 മണിക്കൂര്‍ നിരാഹാരം ആരംഭിച്ചു

മുനമ്പം ജനതയ്ക്ക് നീതി നടപ്പിലാക്കുക, വഖഫ് നിയമവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെസിവൈഎം താമരശ്ശേരി രൂപതയുടെ 24 മണിക്കൂര്‍ ഉപവാസ സമരത്തിന് കോടഞ്ചേരിയില്‍ തുടക്കമായി. രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, കെസിവൈഎം ഭാരവാഹികളായ റിച്ചാള്‍ഡ് ജോണ്‍, അലന്‍ ബിജു, ബോണി സണ്ണി, ഡെല്‍ബിന്‍ സെബാസ്റ്റിയന്‍, അബിന്‍ പാലാട്ട്, അമല്‍ ജോയ്, അനോണ്‍ സുനില്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ ഉദ്ഘാടനം ചെയ്തു. മഹാപ്രളയങ്ങളുടെ കാലത്ത് കേരളത്തിന് സഹായ ഹസ്തം നീട്ടിയ മത്സ്യതെഴിലാളികള്‍ തിങ്ങിപ്പര്‍ക്കുന്ന മുനമ്പത്തിനായി കേരളം നന്ദിയോടെ കൈക്കോര്‍ക്കണമെന്ന് മോണ്‍. അബ്രഹാം വയലില്‍ പറഞ്ഞു.

നിരാഹാര സമരം അനുഷ്ഠിക്കുന്ന കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റവും മറ്റ് അംഗങ്ങളും

കെസിവൈഎം രൂപതാ പ്രസിഡന്റ് റിച്ചാള്‍ഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളാംപറമ്പില്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍, മേഖല ഡയറക്ടര്‍. ഫാ. തോമസ് മേലാട്ട്, രൂപതാ ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്എബിഎസ്, എസ്എംവൈഎം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടക്കന്‍, രൂപതാ ജനറല്‍ സെക്രട്ടറി അലീന മാത്യു, വൈസ് പ്രസിഡന്റ് അലന്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു.

താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സുബിന്‍ കാവളക്കാട്ട് നിരാഹാര വേദി സന്ദര്‍ശിച്ചു. വൈകി കിട്ടുന്ന അനീതിക്ക് തുല്യമാണെന്നും ഭരണ സംവിധാനങ്ങള്‍ നീതി വൈകിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വക്താവും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ നവ്യ ഹരിദാസും നിരാഹാര വേദിയിലെത്തി. ”മണ്ണ് വെട്ടിപിടിക്കാനല്ല, സ്വന്തമായ മണ്ണിനെ തിരിച്ചു പിടിക്കാനായി ഒരു സമൂഹം നടത്തുന്ന പ്രതിഷേധത്തിന്, കുടിയിറക്കപ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വേദനകള്‍ക്ക് അറുതിയുണ്ടാകണം” – നവ്യാ ഹരിദാസ് പറഞ്ഞു.

വിവിധ ഇടവകകളിലെ വൈദികര്‍, വൈദീകാര്‍ത്ഥികള്‍, സന്യസ്തര്‍, കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്നിവര്‍ വിവിധ സമയങ്ങളിലായി സന്നിഹിതരായിരുന്നു. ഉപവാസ സമരം നവംബര്‍ 30, ശനിയാഴ്ച വൈകിട്ട് മൂന്നിന് റാലിയോടും തുടര്‍ന്നുള്ള സമാപന സമ്മേളനത്തോടും കൂടെ അവസാനിക്കും.

ആവില മൈന്റ്‌സ് ക്ലിനിക്ക് ആരംഭിച്ചു

സിഎംസി സെന്റ് മേരീസ് പ്രൊവിന്‍സിന്റെ കീഴില്‍ കൂടരഞ്ഞിയില്‍ ആവില മൈന്റ്‌സ് ക്ലിനിക്ക് സെന്റര്‍ ഫോര്‍ സൈക്കോതെറാപ്പി കൗണ്‍സിലിങ് ആന്റ് ട്രെയ്‌നിങ് സെന്റര്‍ ആരംഭിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സിഎംസി വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഉദയ അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി വികാരി ഫാ. റോയി തേക്കുംകാട്ടില്‍, വാര്‍ഡ് മെമ്പര്‍ മോളി തോമസ്, ആവില മൈന്റ്‌സ് ക്ലിനിക്ക് ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ സിസ്റ്റര്‍ ഡോ. റോസ്ബെല്‍ സിഎംസി, സെന്റ് മേരീസ് പ്രൊവിന്‍സ് സോഷ്യല്‍വര്‍ക്ക് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡാനി സിഎംസി എന്നിവര്‍ പ്രസംഗിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495689746

ആവിലാഗിരി ആശ്രമദേവാലയം സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു

ഒസിഡി സന്യാസ സമൂഹത്തിന്റെ മലബാര്‍ പ്രൊവിന്‍സിനു കീഴിലെ കൂമ്പാറ ആവിലാഗിരി ആശ്രമ ദേവാലയ രൂപീകരണത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളും ഇതോടൊപ്പം ആഘോഷിച്ചു.

ഞായറാഴ്ച വൈകിട്ട് അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തില്‍ ഒസിഡി പ്രൊവിന്‍ഷ്യല്‍ ഫാ. പീറ്റര്‍ ചക്യത്ത്, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, പുഷ്പഗിരി വികാരി ഫാ. ജോണ്‍സണ്‍ പാഴൂക്കുന്നേൽ, ലിന്റോ ജോസഫ് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് കൊറ്റനാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവും കലാവിരുന്നും നടന്നു.

വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനും കുമ്പസാരത്തിനുമായി നിരവധി വിശ്വാസികള്‍ ആശ്രമ ദേവാലയത്തിലേക്ക് എത്താറുണ്ട്. നൂതന കൃഷിരീതികള്‍ പിന്തുടരുന്ന പ്ലാന്റേഷന്‍ ആശ്രമ ദേവാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നു.

SMART: അള്‍ത്താര ബാലികാ ബാലന്മാരുടെ സംഗമം

അള്‍ത്താര ബാലിക- ബാലന്മാരുടെ തിരുവമ്പാടി ഫൊറാന സംഗമം നടത്തി. ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പില്‍ ഉദ്ഘാടനം ചെയ്തു. അല്‍ഫോന്‍സ മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. അന്വേഷ് പാലക്കീല്‍, SMART രൂപതാ ഡയറക്ടര്‍ ഫാ. അമല്‍ പുരയിടത്തില്‍ എന്നിവര്‍ ക്ലാസെടുത്തു. 204 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. SMART ഫൊറോന ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ വിലങ്ങുപാറ നേതൃത്വം നല്‍കി.

ജൂബിലി വര്‍ഷം 2025 – ഒരു സംക്ഷിപ്ത വിവരണം

കത്തോലിക്കാ സഭ സുപ്രധാനമായ ഒരു ആഘോഷത്തിന് തയ്യാറെടുക്കുകയാണ്: ക്രിസ്തു ജയന്തിയുടെ 2025 വര്‍ഷങ്ങള്‍ – ജൂബിലി 2025. കൃപയുടെയും ആത്മീയ നവീകരണത്തിന്റെയും ഒരു വിശുദ്ധ വര്‍ഷം. ‘പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല’ എന്നര്‍ത്ഥം വരുന്ന Spes non Confundit എന്ന പേപ്പല്‍ ബൂളയിലൂടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വിശുദ്ധ വര്‍ഷത്തിന്റെ പ്രഖ്യാപനം ഔപചാരികമായി നടത്തിയത്. (ബൂള = മാര്‍പ്പാപ്പ ഔദ്യോഗികമായി അയയ്ക്കുന്ന കത്ത്) 2024 മെയ് 9 ന് പ്രസിദ്ധീകരിക്കപ്പെട്ട ഈ പ്രമാണരേഖ ജൂബിലി ആചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുകയും അതിന്റെ ആചരണം എങ്ങനെ ആയിരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

2025 ജൂബിലിയുടെ സമാരംഭം
2024 ഡിസംബര്‍ 24-ന് ക്രിസ്തുമസ് സന്ധ്യയില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജൂബിലിയുടെ വിശുദ്ധ വാതില്‍ തുറക്കുന്നതോടെ ജൂബിലി വര്‍ഷം ഔദ്യോഗികമായി ആരംഭിക്കും. ഈ ആചാരണത്തിലൂടെ, പ്രതീകാത്മകമായി, സഭ ഒന്നാകെ ക്രിസ്തുവിനെ രക്ഷയുടെ ‘വാതില്‍’ ആയി പ്രഘോഷിക്കുകയും ആത്മീയ നവീകരണത്തിന്റെ യാത്രയിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുകയും ചെയ്യുന്നു. ”പ്രത്യാശ നിരാശപ്പെടുത്തുന്നില്ല” എന്ന പ്രമേയം തിരുവെഴുത്തുകളില്‍ ആഴത്തില്‍ വേരൂന്നിയതാണ്. പ്രത്യേകിച്ച് പൗലോസ് ശ്ലീഹ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ (റോമാ 5:5), പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ നിറയുന്ന പ്രത്യാശയെക്കുറിച്ചു പറയുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ കത്തീഡ്രലുകളിലും 2024 ഡിസംബര്‍ 29-ന് ആഘോഷമായ ദിവ്യബലി നടത്തുകയും അങ്ങനെ ഈ ആഘോഷം ഓരോ രൂപതയിലും ജൂബിലി വര്‍ഷത്തിന്റെ പ്രാദേശിക തുടക്കത്തെ അടയാളപ്പെടുത്തുകയും ചെയ്യണമെന്ന നിര്‍ദ്ദേശവും മാര്‍പാപ്പ നല്‍കുന്നുണ്ട്. അത് ആഗോള കത്തോലിക്ക സമൂഹത്തിന്റെ സ്‌നേഹത്തിന്റെയും, ഐക്യത്തിന്റെയും, ഒന്നിച്ചുള്ള പ്രാര്‍ത്ഥനയുടെയും പ്രതിഫലനമായി മാറും എന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.

ജൂബിലി വര്‍ഷങ്ങളുടെ പാരമ്പര്യം
കത്തോലിക്കാ സഭയിലെ ജൂബിലി വര്‍ഷം കൃപയുടെയും, കൃതജ്ഞതയുടെയും, അനുരഞ്ജനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ഒരു പ്രത്യേക ആഘോഷമാണ്. പരമ്പരാഗതമായി 25 വര്‍ഷത്തിലൊരിക്കല്‍ ആണ് ഈ ജൂബിലി ആഘോഷം നടത്തുന്നത്. ദൈവവുമായും സഹജീവികളുമായും അനുരഞ്ജനം തേടാനും, ദൈവവുമായുള്ള അവരുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കാനും വിശ്വാസികള്‍ക്ക് ഈ ആഘോഷങ്ങള്‍ അവസരം ഒരുക്കുന്നു. സാധാരണ ജൂബിലി വര്‍ഷങ്ങള്‍ക്ക് ഈ പതിവ് മാതൃക പിന്തുടരുമ്പോള്‍, പ്രത്യേക ആത്മീയ ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യാന്‍ ‘അസാധാരണമായ ജൂബിലി’ വര്‍ഷങ്ങള്‍ മാര്‍പാപ്പമാര്‍ പ്രഖ്യാപിക്കാറുണ്ട്. ഉദാഹരണത്തിന്, 2016-ലെ കരുണയുടെ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച അസാധാരണ ജൂബിലി വര്‍ഷം ആയിരുന്നു. നാം ജീവിക്കുന്ന ഈ വര്‍ത്തമാന കാലത്ത്, ദൈവത്തിന്റെ കരുണയിലും വിശ്വാസത്തിന്റെ പ്രാധാന്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ ജൂബിലി വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന 2000-ലെ മഹാ ജൂബിലിക്ക് ശേഷം, 2025 ജൂബിലി, 21-ാം നൂറ്റാണ്ടിലെ ആദ്യത്തെ സാധാരണ ജൂബിലിയെ അടയാളപ്പെടുത്തുന്നു. മഹാ ജൂബിലി ആചരണം, പുതിയ സഹസ്രാബ്ദത്തിന്റെ ഉദയം ആഘോഷിക്കുകയും, ക്രിസ്തുവിനോടുള്ള പ്രതിബദ്ധത പുതുക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കുകയും ചെയ്തു.

വിശുദ്ധ വാതിലിന്റെ പ്രാധാന്യം
ജൂബിലി ആഘോഷങ്ങളുടെ ഒരു പ്രധാന ശ്രദ്ധാകേന്ദ്രം, വിശുദ്ധ വാതില്‍ (Holy Door) ആണ്, റോമിലെ പ്രധാന ബസിലിക്കകളില്‍ പരമ്പരാഗതമായി മുദ്രയിട്ട് അടച്ചിട്ടിരിക്കുന്നതും, ജൂബിലി വര്‍ഷങ്ങളില്‍ മാത്രം തുറക്കുന്നതുമായ ഒരു വാതില്‍. ശരിയായ ആത്മീയ മനോഭാവങ്ങളോടെ ഈ വാതിലിലൂടെ കടന്നുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണ്ണമായ ദണ്ഡവിമോചനം ലഭിക്കും എന്ന് സഭ പഠിപ്പിക്കുന്നു. 2024 ഡിസംബര്‍ 24-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതില്‍ മാര്‍പ്പാപ്പ തുറക്കുന്നത് ജൂബിലി വര്‍ഷത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന ഒരു ആചാരപരമായ പ്രവൃത്തിയാണ്. ക്രിസ്തുവുമായുള്ള ആഴത്തിലുള്ള കൂട്ടായ്മയിലേക്ക് സഭാംഗങ്ങള്‍ ഒരുമിച്ച് പ്രവേശിക്കുന്നതിന്റെ പ്രതീകാത്മകമായ ആചാരം എന്ന നിലയില്‍, ഈ വാതിലിലൂടെ നടക്കാന്‍ എല്ലാ വിശ്വാസികള്‍ക്കും ഉള്ള ക്ഷണമാണിത്.

ആഗോളസഭയിലെ ആഘോഷങ്ങള്‍
2025 ജൂബിലിയുടെ സാര്‍വത്രിക സ്വഭാവം വ്യക്തമാക്കുന്നതിന് , ലോകമെമ്പാടുമുള്ള എല്ലാ കത്തോലിക്കാ കത്തീഡ്രലുകളിലും 2024 ഡിസംബര്‍ 29-ന് ജൂബിലി വര്‍ഷത്തിന്റെ യുക്തമായ ഉദ്ഘാടനം ആഘോഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിച്ചു. ജൂബിലിയുടെ ആത്മീയ നേട്ടങ്ങള്‍ എല്ലാ വിശ്വാസികള്‍ക്കും പ്രാപ്യമാണെന്ന് ഇത് ഉറപ്പാക്കുന്നു. റോമിലേക്ക് യാത്ര ചെയ്യുവാനും അവിടുത്തെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കാനും എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. പ്രാദേശിക സഭകളിലെ ഈ പ്രത്യേക ആഘോഷങ്ങള്‍ അതിനായി അവരെ പ്രാപ്തരാക്കുകയും, അവരുടെ ആഘോഷങ്ങളില്‍ പ്രാദേശിക പാരമ്പര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുകയും ചെയ്യുന്നു. അങ്ങനെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രകടനങ്ങളിലൂടെ ഈ ആഘോഷത്തെ വിശ്വാസത്തിന്റെ ഊര്‍ജ്ജസ്വലമായ പ്രകടനമാക്കി മാറ്റാന്‍ സാഹചര്യമൊരുങ്ങുന്നു. ആഗോള പങ്കാളിത്തത്തിന് മാര്‍പ്പാപ്പ നല്‍കുന്ന ഈ ഊന്നല്‍, വൈവിധ്യത്താല്‍ സമ്പന്നമായ ഒരു സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ – സഭയുടെ – വിശാലമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ്.

ആത്മീയ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍
ജൂബിലി 2025 ആഘോഷങ്ങള്‍ ആത്മീയ വളര്‍ച്ചയ്ക്കും നവീകരണത്തിനും ധാരാളം അവസരങ്ങള്‍ നല്‍കും. പ്രത്യാശ എന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ധ്യാനങ്ങള്‍, കര്‍മ്മ പദ്ധതികള്‍, വിശ്വാസ പരിശീലന പരിപാടികള്‍ എന്നിവ സംഘടിപ്പിക്കാന്‍ പ്രാദേശിക സഭകളും, രൂപതകളും, ഇടവകകളും ശ്രദ്ധിക്കേണ്ടതാണെന്ന് മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു. കൂടാതെ, അനുരഞ്ജനത്തിന്റെ കൂദാശയ്ക്ക് ഊന്നല്‍ നല്‍കുകയും, ദൈവത്തിന്റെ അതിരുകളില്ലാത്ത കരുണയെക്കുറിച്ച് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യണം. തങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ വിശ്വാസയാത്രയെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ ഈ സമയം ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും മൂര്‍ത്തമായ പ്രകടനങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, സേവന പദ്ധതികളും ഈ ജൂബിലി വര്‍ഷത്തില്‍ കൂടുതലായി ചെയ്യേണ്ടതുണ്ടെന്ന് മാര്‍പാപ്പ സഭ മുഴുവനും ഓര്‍മ്മപ്പെടുത്തുന്നു.

‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’: 2025 ജൂബിലി വര്‍ഷത്തിന്റെ ആപ്തവാക്യം
2025 ജൂബിലി വര്‍ഷത്തിന്റെ ആപ്തവാക്യം ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്നതാണ്. സ്വയം നവീകരിക്കപ്പെടാനും, ദൈവവുമായുള്ള ബന്ധത്തില്‍ ആഴപ്പെടാനും, അതുവഴി അവരുടെ ആത്മീയ യാത്രയില്‍ കൂടുതല്‍ ശക്തിപ്പെടാനും, പ്രത്യാശയോടെ മുന്നോട്ടുനീങ്ങുവാനും ഈ ആപ്തവാക്യം എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു. ഒപ്പം തന്നെ, ഈ ആപ്തവാക്യം, എല്ലാ വിശ്വാസികളെയും ഒരു തീര്‍ത്ഥാടക സംഘത്തെപ്പോലെ ഒരുമിച്ച്, വിശ്വാസത്തില്‍ സഞ്ചരിക്കാന്‍ ക്ഷണിക്കുന്നു. പ്രത്യേകിച്ച്, വെല്ലുവിളികള്‍ നിറഞ്ഞ ഈ വര്‍ത്തമാന ലോകത്തില്‍, ഒരുമിച്ച് നടക്കുന്നതിനും പ്രത്യാശയുടെ പരിവര്‍ത്തന ശക്തിയാല്‍ നയിക്കപ്പെടുന്നത്തിനും പ്രത്യേകമായ പ്രാധാന്യമുണ്ട്. ഒപ്പം തന്നെ, ലോകത്തില്‍ പ്രത്യാശയുടെ സാക്ഷികളാകാനുള്ള ആഹ്വാനവുമായി ഒത്തുചേരുന്ന ഈ ജൂബിലി, സ്‌നേഹവും, ഐക്യവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വഴി, ക്രിസ്തുവില്‍ നാം കണ്ടെത്തുന്ന സന്തോഷത്തിന്റെയും കൃപയുടെയും പുനര്‍നിര്‍മ്മാണത്തെയും ലക്ഷ്യം വയ്ക്കുന്നു. കൂടാതെ, വിശ്വാസ സമൂഹത്തിന്, പാപമോചനത്തിലൂടെ അനുരഞ്ജനത്തിന്റെ പാതയിലേക്ക് കടന്നു വരാന്‍ കഴിയുന്ന കൃപയുടെ സമയമാണിത്. അതുകൊണ്ടുതന്നെ, യുദ്ധങ്ങള്‍, COVID-19 മഹാവ്യാധി, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെയൊക്കെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഇന്നിന്റെ സമൂഹത്തിന്, ഈ ജൂബിലി 2025 പ്രതീക്ഷയുടെ വര്‍ഷമാണ്.

ജൂബിലി ലോഗോ
പ്രത്യാശയുടെയും രക്ഷയുടെയും ഉറവിടമായി ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ചലനാത്മകമായ ഒരു കുരിശ് ആണ് ജൂബിലി 2025-ന്റെ ലോഗോയുടെ മധ്യഭാഗത്ത് ഉള്ളത്. ലോഗോയില്‍ ഭൂമിയുടെ നാല് കോണുകളില്‍ നിന്ന് വരുന്ന, മുഴുവന്‍ മനുഷ്യരാശിയെയും പ്രതിനിധീകരിക്കുന്ന നാല് മനുഷ്യ രൂപങ്ങള്‍ ഉണ്ട്. ഈ രൂപങ്ങള്‍ ഒരു ഒരു വൃത്തം രൂപീകരിക്കുന്നു. ഈ വൃത്തം സഭയുടെ ഐക്യം, സാര്‍വത്രികത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനോഭാവം, തീര്‍ത്ഥാടന സ്വഭാവം എന്നിവയെ ആണ് സൂചിപ്പിക്കുന്നത്. എല്ലാ ജനങ്ങളെയും ഒന്നിപ്പിക്കേണ്ട ഐക്യദാര്‍ഢ്യവും സാഹോദര്യവും സൂചിപ്പിക്കാന്‍ ഈ നാലു പേരും പരസ്പരം ആലിംഗനം ചെയ്യുന്നുണ്ട്. മുന്നിലെ വ്യക്തി കുരിശില്‍ ആലിംഗനം ചെയ്ത് പിടിച്ചിരിക്കുന്നു. ഈ ആലിംഗനം വിശ്വാസത്തിന്റെ അടയാളം മാത്രമല്ല, ഒരിക്കലും ഉപേക്ഷിക്കാന്‍ കഴിയാത്ത പ്രത്യാശയുടെ അടയാളം കൂടിയാണ് അത്; കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളില്‍ പ്രത്യാശ തളരാതെ നമ്മെ മുന്നോട്ട് നയിക്കും. ജീവിത തീര്‍ത്ഥാടനം എല്ലായ്‌പ്പോഴും ശാന്തമായും സുഗമമായും നടക്കുന്നില്ല എന്ന വസ്തുതയെ സൂചിപ്പിക്കുന്ന പരുക്കന്‍ തിരമാലകള്‍ ഇവിടെ കാണാം. കുരിശിന്റെ താഴത്തെ ഭാഗം നീളമേറിയതും തിരമാലകളിലേക്ക് നീണ്ടുനില്‍ക്കുന്ന നങ്കൂരത്തിന്റെ ആകൃതിയിലേക്ക് മാറിയതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നങ്കൂരം പ്രത്യാശയുടെ പ്രതീകമായി അറിയപ്പെടുന്നു. തിരമാലകളും കൊടുങ്കാറ്റുകളും അലട്ടുന്ന ഈ ലോകയാത്രയില്‍, പ്രത്യാശയാകുന്ന നങ്കൂരമിട്ട് നില്‍ക്കുന്ന കുരിശ് ഓരോ വ്യക്തിക്കും പ്രത്യാശയുടെ ഉറപ്പുള്ള അഭയകേന്ദ്രമാണ്. ലോഗോയുടെ ചുവടെ 2025 ജൂബിലി വര്‍ഷത്തിന്റെ മുദ്രാവാക്യം പച്ച അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു: Pilgrims of Hope (പ്രത്യാശയുടെ തീര്‍ത്ഥാടകര്‍). ഈ ലോഗോയുടെ ഊര്‍ജ്ജസ്വലമായ ബഹുവര്‍ണ്ണ രൂപകല്പന ആഗോള കത്തോലിക്കാ സമൂഹത്തിനുള്ളിലെ സന്തോഷവും സംസ്‌കാരങ്ങളുടെ വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. ചുരുക്കത്തില്‍ ജൂബിലി ആഘോഷങ്ങളുടെ ചൈതന്യവും, ‘പ്രത്യാശയുടെ തീര്‍ത്ഥാടകര്‍’ എന്ന ജൂബിലിയുടെ ആപ്തവാക്യവും വളരെ കൃത്യമായി ദ്യോതിപ്പിക്കുന്ന ഒരു ലോഗോയാണ് ഇത്.

ജൂബിലി പ്രഖ്യാപിച്ചു കൊണ്ടുള്ള Spes non Confundit എന്ന പേപ്പല്‍ ബൂളയുടെ സംക്ഷിപ്തം
ജൂബിലി 2025 ഔപചാരികമായി പ്രഖ്യാപിച്ചു കൊണ്ട് 2024 മെയ് 9 ന് ഫ്രാന്‍സിസ് മാര്‍പാപ്പ സ്‌പെസ് നോണ്‍ കോണ്‍ഫുന്തിത് എന്നപേരില്‍ ഒരു പേപ്പല്‍ ബൂള പുറത്തിറക്കി.

വിശുദ്ധ പൗലോസ് ശ്ലീഹ റോമാക്കാര്‍ക്ക് എഴുതിയ ലേഖനം, അഞ്ചാം അധ്യായം അഞ്ചാം വാക്യം, ‘പ്രത്യാശ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല’ എന്ന വാക്യത്തോടെയാണ് ഈ ലേഖനം ആരംഭിക്കുന്നത്. ദൈവസ്‌നേഹം ഒരിക്കലും നിരാശപ്പെടുത്താത്ത അചഞ്ചലമായ പ്രത്യാശയുടെ ഉറവിടമാണെന്ന് പ്രമാണം ഊന്നിപ്പറയുന്നു. 25 ഖണ്ഡികകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഈ ചെറു ലേഖനം ജൂബിലി വര്‍ഷത്തിന്റെ പ്രാധാന്യവും അതിന്റെ ആചരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ നടത്തിപ്പു രീതികളും വിശദമായി പ്രതിപാദിക്കുന്നു. പ്രത്യാശയുടെ ഒരു വാക്ക്, പ്രത്യാശയുടെ ഒരു യാത്ര, പ്രത്യാശയുടെ അടയാളങ്ങള്‍, പ്രത്യാശയോടെയുള്ള അപേക്ഷകള്‍, പ്രത്യാശയില്‍ നങ്കൂരമിടുക എന്നീ 5 ഉപ ശീര്‍ഷകങ്ങളിലാണ് ഈ ലേഖനം മുന്നോട്ടുപോകുന്നത്.

പ്രത്യാശയുടെ ഒരു വാക്ക്
പരീക്ഷണങ്ങള്‍ക്കിടയിലും പ്രത്യാശ നിലനിര്‍ത്തുന്ന ദൈവസ്‌നേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ റോമാക്കാരെ ഉദ്‌ബോധിപ്പിച്ച പൗലോസ് ശ്ലീഹായുടെ വാക്കുകളോടെയാണ് (റോമാ 5:5) ഫ്രാന്‍സിസ് മാര്‍പാപ്പ ഈ ലേഖനം ആരംഭിക്കുന്നത്. ഭയവും അനിശ്ചിതത്വങ്ങളും നിറയുന്ന ഒരു ലോകത്ത് പ്രത്യാശയുടെ കിരണങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ ജൂബിലി ലക്ഷ്യമിടുന്നത് എന്ന് ഇവിടെ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയെ മുഴുവന്‍ ഉദ്‌ബോധിപ്പിക്കുന്നു.

പ്രതീക്ഷയുടെ ഒരു യാത്ര
ജീവിത പരിവര്‍ത്തനത്തിന്റെയും ആത്മീയ നവീകരണത്തിന്റെയും സുപ്രധാനമായ മാര്‍ഗം അനുരഞ്ജനത്തിന്റെ കൂദാശയാണ്. ജീവിതത്തിന്റെ നിരാശകളില്‍ ദൈവ കരുണയില്‍ ആശ്രയം വെക്കാന്‍ ഈ കൂദാശ നമുക്ക് അവസരം ഒരുക്കുന്നു. ഈ ജൂബിലി ആഘോഷങ്ങള്‍ അനുരഞ്ജന കൂദാശയുടെ സ്വീകരണത്തിനും ജീവിത നവീകരണത്തിനും എല്ലാ വിശ്വാസികള്‍ക്കും കാരണമാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്.

പ്രതീക്ഷയുടെ അടയാളങ്ങള്‍
സഭ മനസ്സിലാക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ട പ്രത്യാശയുടെ ചില മൂര്‍ത്തമായ അടയാളങ്ങള്‍ മാര്‍പ്പാപ്പ ഇവിടെ അവതരിപ്പിക്കുന്നു. തടവുകാര്‍, കുടിയേറ്റക്കാര്‍, പ്രായമായവര്‍, ദരിദ്രര്‍ എന്നിവരുള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാനുള്ള സംരംഭങ്ങള്‍ക്ക് ഈ ജൂബിലി വര്‍ഷത്തില്‍ സഭ കൂടുതല്‍ ഊന്നല്‍ നല്‍കണം . സമാധാനം, പാരിസ്ഥിതിക സംരക്ഷണം, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും സഭ മുന്നില്‍ നിന്ന് നയിക്കണം. കുറഞ്ഞുവരുന്ന ജനനനിരക്കിനും പ്രായമായവര്‍ നേരിടുന്ന ഏകാന്തതയ്ക്കും പരിഹാരം കാണേണ്ടതിന്റെ അടിയന്തിര ആവശ്യത്തിന് അദ്ദേഹം അടിവരയിടുന്നു. യുവജനങ്ങളെ പ്രചോദിപ്പിക്കാനും അവര്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ഭാവി കെട്ടിപ്പടുക്കാനുള്ള അവസരങ്ങള്‍ നല്‍കാനും സഭയോട് അടിയന്തരമായി അദ്ദേഹം ആവശ്യപ്പെടുന്നു.

പ്രത്യാശയോടെയുള്ള അപേക്ഷകള്‍
ദരിദ്ര രാജ്യങ്ങളുടെ തിരിച്ചടയ്ക്കാനാവാത്ത കടങ്ങള്‍ റദ്ദാക്കാനും, പാരിസ്ഥിതിക അനീതികള്‍ പരിഹരിക്കാനും സമ്പന്ന രാജ്യങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിക്കുന്നു. പരിഹരിക്കാന്‍ ഒരു ആഗോള ഐക്യദാര്‍ഢ്യം ഉണ്ടാകേണ്ടതാണെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ക്രൈസ്തവ ഐക്യത്തിന്റെ നാഴികക്കല്ലായ ഒന്നാം നിഖ്യ സുനഹദോസിന്റെ 1700-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ജൂബിലി നടക്കുന്നത് എന്ന വസ്തുതയും അദ്ദേഹം ഓര്‍മിക്കുന്നുണ്ട്. എക്യുമെനിക്കല്‍ സംരംഭങ്ങളിലും സഭകളുടെ ഐക്യത്തിലും മുന്നേറാനുള്ള ഒരു വേദിയായി ജൂബിലി ഉപയോഗിക്കാന്‍ മാര്‍പ്പാപ്പ എല്ലാ ക്രിസ്ത്യാനികളെയും ക്ഷണിക്കുന്നു.

പ്രത്യാശയില്‍ നങ്കൂരമിടുക
ക്രിസ്തീയ പ്രത്യാശ യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും അധിഷ്ഠിതമാണ്, അത് നിത്യജീവന്റെ ഉറപ്പ് നല്‍കുന്നു. പ്രത്യാശ ജീവിതത്തെയും മരണത്തെയും പരിവര്‍ത്തനം ചെയ്യുന്നു. ക്രിസ്തുവിന്റെ മടങ്ങിവരവിന്റെ സന്തോഷകരമായ പ്രതീക്ഷയില്‍ ജീവിക്കാന്‍ അത്അചഞ്ചലമായ പ്രത്യാശയുടെ സാക്ഷികളായി, വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാന്‍രക്തസാക്ഷികള്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. ‘പ്രത്യാശയുടെ അമ്മ’ യായ മറിയം ജൂബിലിയിലെ ഒരു കേന്ദ്ര വ്യക്തിയാണ്. കഷ്ടപ്പാടുകള്‍ക്കിടയിലും അവളുടെ ഉറച്ച വിശ്വാസം എല്ലാ വിശ്വാസികള്‍ക്കും ഒരു മാതൃകയാണ്.

    ഉപസംഹാരം
    ക്രിസ്തുവിനോടുള്ള നവീകരിക്കപ്പെട്ട ഒരു പ്രതിബദ്ധത വളര്‍ത്തിയെടുത്തു കൊണ്ട് ആഗോള സഭയ്ക്കുള്ളില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും പ്രശ്നബാധിതമായ ലോകത്ത് പ്രത്യാശയുടെ വാഹകരാകാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന, ഐക്യത്തോടെയുള്ള ഒരു ആത്മീയ സംരംഭമായാണ് 2025 ജൂബിലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്യുന്നത്. പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന ആപ്തവാക്യത്തിന് യോജിക്കും വിധം, ജീവിത നവീകരണത്തില്‍ ഊന്നിയ പ്രത്യാശയോടെ, ഓരോ ക്രൈസ്തവനും ഈ ലോകത്തില്‍ ജീവിക്കാന്‍ കഴിയുമ്പോള്‍, ആ പ്രത്യാശ ഈ ലോകത്തിനു മുഴുവന്‍ പകര്‍ന്നു കൊടുക്കാന്‍ അവര്‍ക്ക് കഴിയുമ്പോള്‍, ഈ ജൂബിലി ആഘോഷങ്ങള്‍ തീര്‍ത്തും അര്‍ത്ഥവത്തായി തീരും.

    തയ്യാറാക്കിയത് :
    ഡോ. രഞ്ജിത് ചക്കുംമൂട്ടില്‍

    കുടുംബകൂട്ടായ്മ മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു

    താമരശ്ശേരി രൂപത കുടുംബകൂട്ടായ്മ സംഘടിപ്പിച്ച മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. മരുതോങ്കര സെന്റ് മേരീസ് ഫൊറോന ഇടവകയിലെ കുടുംബകൂട്ടായ്മകളാണ് ഒന്നാം സമ്മാനം നേടിയത്.

    ജോഷിത ചാള്‍സ് (സെന്റ് ജോണ്‍ പോള്‍ 2), ജോണ്‍സണ്‍ പരപ്പുപാറ (ക്രൈസ്റ്റ് ദ കിംഗ്), സ്‌നേഹ ബിജോയി പരപ്പുപാറ (ക്രൈസ്റ്റ് ദ കിംഗ്), ജ്യോതിസ് മനോജ് (ഫാത്തിമ മാതാ), നിര്‍മ്മല പെരുമ്പള്ളില്‍ (സെന്റ് എവൂപ്രാസിയ), ആല്‍ബിന്‍ രാജു (സെന്റ് ജോണ്‍ പോള്‍ 2), മരിയ റോയ് (സെന്റ് ആന്റണീസ്) എന്നിവര്‍ അടങ്ങിയ ടീമാണ് മരുതോങ്കരയ്ക്കുവേണ്ടി മത്സരിച്ചത്.

    രണ്ടാം സമ്മാനം കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍ ഇടവകയിലെ കുടുംബകൂട്ടയാമകള്‍ കരസ്ഥമാക്കി. മെറില്‍ ആന്‍ ടോംസ് (സെന്റ് മൈക്കിള്‍), ടെസ്സ ജോബി (സെന്റ് മാര്‍ഗരറ്റ് മേരി അലക്കോക്ക്), അലീഷ നടുക്കുടി (ഫ്രാന്‍സിസ് സേവ്യര്‍), റോസ്‌ലിന്‍ ഇരുവേലിക്കുന്നേല്‍ (ലൂര്‍ദ്ദ് മാതാ), ബെനഡിക്ട് തടത്തില്‍ (സെന്റ് മേരീസ്), ആഞ്ചലീന കാട്ടുപറമ്പില്‍ (സെന്റ് മാര്‍ട്ടിന്‍), സാങ്ക്റ്റ മരിയ (സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറ) എന്നിവരടങ്ങിയ ടീമാണ് മത്സരത്തില്‍ പങ്കെടുത്തത്.

    താമരശ്ശേരി മേരീ മാതാ കത്തീഡ്രല്‍ ഇടവകയിലെ സെന്റ് മേരീസ് ഉല്ലാസ് കോളനി കുടുംബകൂട്ടായ്മ യൂണിറ്റ് മൂന്നാം സമ്മാനം നേടി. അമ്പിളി അനോഷ് ചിറ്റിനപ്പിള്ളില്‍, ഷൈജ ഷനോജ് അധികാരത്തില്‍, അനോഷ് പോള്‍ ചിറ്റിനപ്പിള്ളില്‍, രാജന്‍ ജോസഫ് നാക്കുഴിക്കാട്ട്, മെലീസ സിറിള്‍ പുത്തന്‍പറമ്പില്‍, നീനു ജെയിംസ് പ്രായിക്കുളം, താരാ തോമസ് തറപ്പത്ത് എന്നിവരടങ്ങിയ ടീമാണ് പങ്കെടുത്തത്.

    മികച്ച പ്രകടനം കാഴ്ച്ചവെച്ച മറ്റ് ഇടവക-യൂണിറ്റുകള്‍:
    നാലാം സ്ഥാനം: അശോകപുരം ഇന്‍ഫന്റ് ജീസസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, അഞ്ചാം സ്ഥാനം: മരഞ്ചാട്ടി സെന്റ് മേരീസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, ആറാം സ്ഥാനം: ഈസ്റ്റ് ഹില്‍ ഫാത്തിമ മാതാ ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, ഏഴാം സ്ഥാനം: മഞ്ചേരി സെന്റ് ജോസഫ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, എട്ടാം സ്ഥാനം: മലപ്പുറം സെന്റ് തോമസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, ഒമ്പതാം സ്ഥാനം: ദേവഗിരി സെന്റ് ജോസഫ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍, പത്താം സ്ഥാനം: തേഞ്ഞിപ്പാലം സെന്റ് മേരീസ് ഇടവകയിലെ കുടുംബകൂട്ടായ്മകള്‍.

    സിസ്റ്റര്‍ ലില്ലി ജോണ്‍ എഫ്‌സിസി പ്രൊവിന്‍ഷ്യല്‍

    എഫ്‌സിസി താമരശ്ശേരി സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ലില്ലി ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
    പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍:

    സിസ്റ്റര്‍ ആന്‍സ് മരിയ (അസി പ്രൊവിന്‍ഷ്യല്‍)
    സിസ്റ്റര്‍ ലിസാ ജോസ് (കൗണ്‍സിലര്‍)
    സിസ്റ്റര്‍ ജ്യോതിസ് (കൗണ്‍സിലര്‍)
    സിസ്റ്റര്‍ ആനി ദീപ (കൗണ്‍സിലര്‍)
    സിസ്റ്റര്‍ ജിസാ ജോസ് (ട്രഷറര്‍)
    സിസ്റ്റര്‍ ജാസ്മിന്‍ (സെക്രട്ടറി)

    Exit mobile version