സുപ്രീം കോടതിയുടേത് മനുഷ്യജീവനെ വിലമതിക്കുന്ന നിര്‍ണയക വിധി: കെസിവൈഎം

26 ആഴ്ച്ച വളര്‍ച്ചയുള്ള ഗര്‍ഭസ്ഥ ശിശുവിനെ ഭ്രൂണഹത്യ ചെയ്യുന്നത് തടയുന്ന സുപ്രീം കോടതിയുടെ വിധി മനുഷ്യ ജീവനെ വിലമതിക്കുന്നതാണെന്നും ജീവനെ പൊതിയുന്നതാണെന്നും കെസിവൈഎം താമരശ്ശേരി രൂപത സമിതി വിലയിരുത്തി.
രാജ്യം കാത്തിരുന്ന നിര്‍ണ്ണായക വിധിയാണ് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്.

ജീവനെ സംരക്ഷിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനില്ലാത്ത ഈ കാലത്ത് ഇന്ത്യന്‍ നിയമ സംവിധാനത്തിന്റെ പുത്തനുണര്‍വായാണ് ഈ വിധിയെ കാണാനാവുക. 26 ആഴ്ച്ച വളര്‍ച്ച നേടിയ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയമിടിപ്പും ആരോഗ്യ സ്ഥിതിയും തൃപ്തികരമായിരിക്കെ ഭ്രൂണഹത്യ നടത്തുന്നത് നീതിയല്ലെന്ന കോടതിയുടെ വിലയിരുത്തല്‍ ജീവനോടുള്ള കരുതലാണെന്നും സമിതി അഭിപ്രായപ്പെട്ടു. ജീവന്‍ നിലനിര്‍ത്താനും അതിന് ആരംഭമേകാനും പ്രചോദനമേകുന്നതാണ് ഈ പുതിയ വിധി. ഭ്രൂണഹത്യയോട് ചേര്‍ത്ത് വെച്ച് എന്നും ഉയരാറുള്ള വാദമായിരുന്നു ‘ജനന ശേഷം കുട്ടിയെ വളര്‍ത്താനുള്ള തടസ്സങ്ങള്‍.’ കുട്ടിയെ വളര്‍ത്താനാകില്ലെങ്കില്‍ ദത്ത് നല്‍കുകയാണ് വേണ്ടതെന്ന കോടതിയുടെ വിലയിരുത്തല്‍ ജീവന്‍ കൊഴിയാതെ നിലനിര്‍ത്താന്‍ പരിശ്രമിക്കുന്ന ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ പ്രതീക്ഷയും സന്തോഷവും പകരുന്നതാണ്.

ഇത്തരം വിധികള്‍ പുതുതലമുറയ്ക്ക് ജീവനോടും ഗര്‍ഭധാരണത്തോടുമുള്ള മനോഭാവത്തെ നല്ലരീതിയില്‍ സ്വാധീനിക്കുമെന്നും സമിതി വിലയിരുത്തി. രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ യോഗത്തിന് അധ്യക്ഷനായിരുന്നു. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെള്ളയ്ക്കാകുടിയില്‍, ജനറല്‍ സെക്രട്ടറി ജെസ്റ്റിന്‍ സൈമണ്‍, ആനിമേറ്റര്‍ സിസ്റ്റര്‍ റൊസീന്‍ എസ്.എ.ബി.എസ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങളായ റിച്ചാള്‍ഡ് ജോണ്‍, അലീന മാത്യു, വൈസ് പ്രസിഡന്റുമാരായ ആഷ്ലി തെരേസ മാത്യു, വിപിന്‍ രാജു, സെക്രട്ടറിമാരായ അലോണ ജോണ്‍സന്‍, മെല്‍റ്റോ മാത്യു, സംസ്ഥാന സെനെറ്റ് അംഗങ്ങളായ അലീന സോജാന്‍, അഡ്വ. അബ്രഹാം ജോസഫ് എന്നിവര്‍ സംസാരിച്ചു.

Exit mobile version