ഡിസംബര്‍ 19: വിശുദ്ധ നെമെസിയോണ്‍

ഡേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ഈജിപ്തുക്കാരനായ നെമെസിയോണ്‍ ഒരു മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടു. പ്രസ്തുത ആരോപണം തെറ്റാണെന്ന് അദേഹം തെളിയിച്ചപ്പോള്‍ ക്രിസ്ത്യാനിയാണെന്ന ആരോപണം ഉന്നയിക്കുകയും ഈജിപ്തിലെ പ്രീഫെക്ടിന്റെ അടുക്കലേക്ക് ആനയിക്കപ്പെടുകയും ചെയ്തു. ക്രിസ്ത്യാനിയാണെന്ന കാര്യം അദേഹം ഏറ്റുപറഞ്ഞു. തല്‍ക്ഷണം ചമ്മട്ടിക്കൊണ്ട് അടിക്കാനും മര്‍ദ്ദിക്കാനും കല്‍പനയുണ്ടായി. കൊള്ളക്കാരുടെയും കവര്‍ച്ചക്കാരുടെയുമൊപ്പം അദ്ദേഹത്തെ തീയില്‍ ദഹിപ്പിക്കാന്‍ പ്രീഫെക്ട് ഉത്തരവിട്ടു. അന്ന് പ്രീഫെക്ടിന്റെ ന്യായാസനത്തില്‍ അമ്മോണ്‍, സെനോ, ടോളെമി, ഇഞ്ചെനെവൂസ് എന്നീ നാലു പടയാളികളും മറ്റൊരാളും നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ അഞ്ചുപേരും ക്രിസത്യാനികളായിരുന്നു. മര്‍ദ്ദനയന്ത്രത്തില്‍ കിടന്നു പിടഞ്ഞിരുന്ന ഒരു ക്രിസ്ത്യാനിയെ സഹായിക്കാന്‍ അവര്‍ ശ്രമിച്ചു എന്ന കുറ്റത്തിന് അവരുടെ ശിരസ്സ് ഛേദിക്കാന്‍ പ്രീഫെക്ട് ആജ്ഞാപിക്കുകയും ആജ്ഞ ഉടനടി നടപ്പിലാക്കുകയും ചെയ്തു. ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് ക്രിസ്തുവിനെപ്രതി സഹിക്കാന്‍ നാം എത്രമാത്രം സന്നദ്ധരാണെന്ന് നമുക്കൊന്ന് വിചിന്തനം ചെയ്യാം.

Exit mobile version