ആഗസ്‌ററ് 23: ലീമായിലെ വിശുദ്ധ റോസ കന്യക

അമേരിക്കയില്‍ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ, പെറു എന്ന തലസ്ഥാനമായ ലീമായില്‍ സ്പാനിഷു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്‌നാന നാമം ഇസബെല്‍ എന്നായിരുന്നുവെങ്കിലും അവളുടെ സൗന്ദര്യം കണ്ടിട്ട് എല്ലാവരും റോസ് എന്നു വിളിക്കാന്‍ തുടങ്ങി . ബാല്യം മുതല്‍ അവള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയില്‍ മൂന്നു പ്രാവശ്യം റൊട്ടിയും വെള്ളവുംമാത്രം കഴിച്ച് അവള്‍ ഉപവസിച്ചു പോന്നു. അരയില്‍ ഒരു ഇരുമ്പു ചങ്ങലയും തല മുടിയുടെ ഇടയില്‍ ഒരു മുള്‍ക്കിരീടവും അവള്‍ ധരിച്ചിരുന്നു. വളര്‍ന്നു വന്നപ്പോള്‍ തോട്ടത്തില്‍ രുചിയില്ലാത്ത സസ്യങ്ങളാണ് അധികം അവള്‍ വളര്‍ത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പററി പലരും സംസാരിക്കുന്നതു കേട്ടപ്പോള്‍ അവള്‍ക്കു ഭയം തോന്നി. തന്നിമിത്തം വല്ല യാത്രയും ചെയ്യേണ്ടിവരുമ്പോള്‍ തലേരാത്രി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപ മാക്കിയിരുന്നു. ഒരിക്കല്‍ ഒരു യുവാവു തന്റെ കരങ്ങളുടെ മൃദുലതയെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഓടി പ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തില്‍ താഴ്ത്തി.
സ്വന്തം പരീക്ഷകള്‍ ജയിക്കാനല്ല അപരര്‍ക്കു പരീക്ഷ ഉണ്ടാകാ തിരിക്കാനാണ് അവള്‍ അങ്ങനെ ചെയ്തത്. സീയെന്നായിലെ വിശുദ്ധ കത്രീനയായിരുന്നു അവളുടെ മാതൃക.

മാതാപിതാക്കന്മാരുടെ സമ്പത്തു നശിച്ച് അവര്‍ വലഞ്ഞു തുടങ്ങിയപ്പോള്‍ റോസ് അടുത്ത വീട്ടില്‍ സൂചിപ്പണിയും തോട്ടപ്പണിയും ചെയ്തു കുടുംബച്ചെലവു നടത്തിപ്പോന്നു. കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാന്‍ നിശ്ചയിച്ചുകൊണ്ടു റോസ് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. ഏകാന്തത്തിനുവേണ്ടി അവള്‍ ഉദ്യാനത്തില്‍ ഒരു പര്‍ണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു. മുള്ളുകളുടെ ഇടയില്‍ത്തന്നെയാണ് ഈ റോസും വികസിച്ചത്. ദീര്‍ഘമായ രോഗത്തിലും സഹന ത്തിലും വിശുദ്ധ റോസിന്റെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: ”കര്‍ത്താവേ, എന്റെ സഹനങ്ങള്‍ വര്‍ദ്ധിപ്പിക്കുക; അവയോടൊപ്പം എന്റെ സഹനശക്തിയും വര്‍ദ്ധിപ്പിക്കുക.”

1617 ആഗസ്‌ററ് 24-ാം തീയതി 31-ാമത്തെ വയസ്സില്‍ ഈ പുഷ്പം വാടിവീണു. 1671-ല്‍ പത്താം ക്ളെമന്റു മാര്‍ പ്പാപ്പാ അവളെ പുണ്യവതി എന്നു പേരു വിളിച്ചു.

ആഗസ്റ്റ് 22: വിശുദ്ധ മേരി ലോകറാണി

ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കുന്നതു സമുചിതമായിട്ടുണ്ട്. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തില്‍ നാം ധ്യാനിക്കുന്നുണ്ടല്ലോ. ക്രിസ്തുവിന്റെ രാജപദം നാം അംഗീകരിക്കുമ്പോള്‍ അവിടുത്തെ അമ്മയുടെ രാജ്ഞീപദം പരോക്ഷമായി നാം പ്രഖ്യാപിക്കുന്നു. തന്നിമിത്തം 1925-ല്‍ ക്രിസ്തുവിന്റെ രാജത്വത്തിരുനാള്‍ ആഘോഷിച്ചു തുടങ്ങിയപ്പോള്‍ കന്യകാംബികയുടെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കാന്‍ ദൈവമാതൃഭക്തരായ ക്രിസ്ത്യാനികള്‍ക്കു പ്രചോദനമായി. വളരെ പ്രാചീനമായ ‘പരിശുദ്ധ രാജ്ഞീ” എന്ന പ്രാര്‍ത്ഥന ക്രിസ്തീയ ഭക്തിയുടെ ചാച്ചിലെന്താണെന്ന് വ്യക്തമാക്കുന്നുണ്ട്.

യാക്കോബിന്റെ ഭവനത്തില്‍ ക്രിസ്തു എന്നും വാഴും; ക്രിസ്തുവിന്റെ രാജ്യത്തിന് അതിര്‍ത്തിയുണ്ടാകയില്ല. (ലൂക്കാ 1: 32-33) എന്നീ വചനങ്ങള്‍ ദൈവമാതാവിന്റെ രാജകീയ പദവിക്കു സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഗ്രിഗറിന സിയിന്‍സെന്‍ ദൈവമാതാവിനെ ‘അഖില ലോക രാജന്റെ അമ്മ ‘ അഖില ലോക രാജാവിനെ പ്രസവിച്ച കന്യകാംബിക” എന്നൊക്കെ സംബോധനം ചെയ്തിട്ടുണ്ട്. ഈദൃശമായ സഭാ പിതാക്കന്മാരുടെ വചനങ്ങള്‍ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ഇങ്ങനെ സമാഹരിച്ചിരിക്കുന്നു: ‘രാജാധിരാജന്‍ മാതൃസ്ഥാനത്തേക്കു മേരിയെ ഉയര്‍ത്തിയിട്ടുള്ളതുകൊണ്ടു തിരുസ്സഭ അവളെ രാജ്ഞീ എന്ന മഹനീയ നാമം നല്കി ബഹുമാനിച്ചിരിക്കുന്നു”.

ഒമ്പതാം പീയൂസ് മാര്‍പ്പാപ്പ പറയുന്നു: ”സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും രാജ്ഞിയായും സ്വര്‍ഗ്ഗീയ വിശുദ്ധരുടേയും മാലാഖമാരുടെ വൃന്ദങ്ങളുടേയും ഉപരിയായും മേരിയെ കര്‍ത്താവ് നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് തിരുസഭ അവളോടു പ്രാര്‍ത്ഥിക്കുന്നു. അവള്‍ ആവശ്യപ്പെടുന്നവ ലഭിക്കുന്നു. ”

പന്ത്രണ്ടാം പീയൂസു മാര്‍പ്പാപ്പാ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ”ഈ തിരുനാള്‍ദിവസം കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യവര്‍ഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കാവു ന്നതാണ്. മതത്തിന്റെ വിജയത്തിലും ക്രിസ്തീയ സമാധാനത്തിലും നിര്‍വൃതിയടയുന്ന ഒരു സൗഭാഗ്യയുഗം അതില്‍ അധിഷ്ഠിതമാണ്.”

ആഗസ്റ്റ് 19: വിശുദ്ധ ജോണ്‍ യൂഡ്സ്

ഈശോയുടെ തിരുഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും ഭക്തിയുടെ പ്രചാരകനും രണ്ടു സന്യാസ സഭകളുടെ സ്ഥാപകനുമായ ജോണ്‍ യൂഡ്‌സ് നോര്‍ മന്റിയില്‍ റീ എന്ന പ്രദേശത്തു 1601 നവംബര്‍ 14-ാം തീയതി ഒരു കര്‍ഷകന്റെ മകനായിട്ടാണ് ജനിച്ചത് .ബാലനായ ജോണിന്റെ സ്‌നേഹവും ക്ഷമയും ദൈവഭക്തിയും അന്യാ ദൃശമായിരുന്നു. 14-ാമത്തെ വയസ്സില്‍ ബാലന്‍ കായേനിലുള്ള ഈശോ സഭക്കാരുടെ കോളേജില്‍ പഠിച്ചു. മാതാപിതാക്കന്മാര്‍ ജോണിനു വിവാഹാലോചനകള്‍ നടത്തിയെങ്കിലും അവന്‍ ഡെബെറൂള്‍ സ്ഥാപിച്ച ഓറ്ററിയില്‍ ചേര്‍ന്നു 1625 ഡിസംബര്‍ 20-ാം തീയതി പുരോഹിതാഭിഷേകം സ്വീകരിച്ചു. 1631-ലെ പ്‌ളേഗില്‍ ത്യാഗപൂര്‍വ്വം ഫാദര്‍ ജോണ്‍ രോഗികളെ ശുശ്രൂഷിക്കുകയുണ്ടായി. 1632 മുതല്‍ ഇടവകകളില്‍ ധ്യാനപ്രസംഗ ങ്ങള്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. നിത്യസത്യങ്ങളെപ്പറ്റിയുള്ള പ്രസംഗങ്ങള്‍ ഇദ്ദേഹമാണ് ഫ്രാന്‍സില്‍ ആരംഭിച്ചത്. അവ വമ്പിച്ച വിജയമായിരുന്നു.

വൈദികരുടെ ജീവിതപരിഷ്‌ക്കരണത്തിന് സെമ്മിനാരി ആവശ്യമാണെന്ന് അദ്ദേഹം കണ്ടു. സെമ്മിനാരികള്‍ സ്ഥാപിക്കുവാന്‍ വേണ്ട സ്വാതന്ത്യം ഓററ്ററിയില്‍ ലഭിക്കാഞ്ഞതിനാല്‍ ഫാദര്‍ ജോണ്‍ ഓററ്ററിയില്‍നിന്നു പോന്നു ഈശോയുടേയും മറിയത്തിന്റേയും സഭ എന്ന പേരില്‍ ഒരു പുതിയ സഭ ആരംഭിച്ചു. സെമ്മിനാരികള്‍ സ്ഥാപിച്ചു വൈദിക ജീവിത നവീകരണം സാധിക്കുകയായിരുന്നു പുതിയ സഭയുടെ ലക്ഷ്യം. നോര്‍മന്റിയില്‍ കുറെ സെമ്മിനാരികള്‍ സ്ഥാപിച്ചു; എന്നാല്‍ പലരുടേയും എതിര്‍പ്പുനിമിത്തം തിരുസിംഹാസനത്തിന്റെ അംഗീകാരം ലഭിച്ചില്ല.

ഇടവക ധ്യാനങ്ങളുടെ ഇടയ്ക്കു വേശ്യകളുടെ നികൃഷ്ട ജീവിതസ്ഥിതി അദ്ദേഹം മനസ്സിലാക്കി. 1636-ല്‍ അഗതികളായ സ്ത്രീകള്‍ക്ക് ജോണ്‍ യൂഡ്സ് ഒരഭയകേന്ദ്രം തുടങ്ങി. ആദ്യം ചില ഭക്ത സ്ത്രീകള്‍ നടത്തി; പിന്നീട് വിസിറ്റേഷന്‍ സഹോദരിമാരെക്കൊണ്ടു നടത്തിച്ചു. അതും തൃപ്തികരമല്ലെന്നു കണ്ടു അഭയമാതാവിന്റെ സഹോദരികളുടെ സഭ അദ്ദേഹം ആരംഭിച്ചു. അതില്‍നിന്നാണ് ഗുഡ്‌ഷെപ്പേര്‍ഡ് സഹോദരിമാര്‍ ഉണ്ടായത്. ഈ സഭക്കെതിരായി ജാന്‍സെനിസ്‌ററ്‌സ് പ്രചരിപ്പിച്ച ഏഷണിനിമിത്തം ഫാദര്‍ യൂഡ്‌സിന്റെ കുമ്പസാരാനുവാദവും പ്രസംഗാനുവാദവും കുറേ നാളത്തേക്കു പിന്‍വലിച്ചു. എങ്കിലും 1666-ല്‍ ഈ സഭയ്ക്കു അംഗീകാരം ലഭിച്ചു. അതിനിടയ്ക്ക് പരിശുദ്ധ മാതാവിന്റെ വിസ്മയാവഹമായ ഹൃദയം എന്ന ഗ്രന്ഥം അദ്ദേഹം എഴുതി. ‘ ‘ഈശോയുടേയും മറിയത്തിന്റെയും സ്‌നേഹമുള്ള ഹൃദയമേ, പരിശുദ്ധ ഹൃദയമേ,” എന്ന അപേക്ഷകള്‍ അദ്ദേഹം ആരംഭിച്ചതാണ്. മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാള്‍ 1648 മുതലും ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ 1672 മുതലും അദ്ദേഹം കൊണ്ടാടിത്തുടങ്ങി. 1675-ലാണ് വിശുദ്ധ മാര്‍ഗരറ്റ് അലക്കോക്കിന്റെ കാഴ്ചകളും വെളിപാടുകളും എന്ന് ഓര്‍ക്കുന്നതു നന്നായിരിക്കും.
യൂഡ്സിന്റെ ജീവിതം സഹനപൂര്‍ണ്ണമായിരുന്നു. എന്നാല്‍ ദൈവസ്‌നേഹം സദാ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ എരിഞ്ഞുകൊണ്ടിരുന്നു. 79-ാമത്തെ വയസ്സില്‍ 1680 ആഗസ്‌ററ് 19-ാം തീയതി യൂഡ്സ് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ആഗസ്റ്റ് 20: വിശുദ്ധ ബെര്‍ണാര്‍ദ് വേദപാരംഗതന്‍

മാര്‍പ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ചു സജ്ജമാക്കിയവന്‍. വിശുദ്ധ ഗ്രന്ഥ പണ്ഡിതന്‍. വാഗ്മി, ദൈവമാതൃഭക്തന്‍ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്‌ളെയര്‍വോയിലെ ബെര്‍ണാര്‍ദ് ബര്‍ഗന്ററി യില്‍ 1091-ല്‍ ജനിച്ചു. നിഷ്‌കളങ്കമായി ജീവിക്കാനും കൈയില്‍ കിട്ടിയവയെല്ലാം ധര്‍മ്മം കൊടുക്കാനും ഒരു പ്രവണത ബാലനായ ബെര്‍ണാര്‍ദ് പ്രദര്‍ശിപ്പിച്ചിരുന്നു. തേന്‍പോലെ മധുരമായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. മധുവര്‍ഷകനായ വേദപാരംഗതന്‍ (Doctor Mellifluus) എന്ന അപരനാമം അദ്ദേഹത്തിനു നല്കിയതില്‍ ഒട്ടും വിസ്മയത്തിനുവകയില്ല.

23-ാമത്തെ വയസ്സില്‍ ബെര്‍ണാര്‍ദ് തന്റെ സഹോദരന്മാരോടുകൂടെ സൈറേറാ ആ ശ്രമത്തില്‍ പ്രവേശിച്ചു. വിശുദ്ധ സ്റ്റീഫനായിരുന്നു അന്നത്തെ ആബട്ട്. ഓരോ ദിവസവും ബെര്‍ണാര്‍ദു തന്നോടുതന്നെ ചോദിച്ചിരുന്നു: ”ബെര്‍ണാര്‍ദേ, ബെര്‍ണാര്‍ദേ, നീ എന്തിന് ഇവിടെ വന്നു? ഭക്ഷണമേശയെ സമീപിച്ചിരുന്നതു കുരിശുതോളില്‍ വയ്ക്കാന്‍ പോകുന്ന ആളെപ്പോലെയാണ്.

മൂന്നു വര്‍ഷത്തെ ആശ്രമ ജീവിതം കൊണ്ടു ബെര്‍ണാര്‍ദിലുണ്ടായ ആദ്ധ്യാത്മികാഭിവൃദ്ധി കണ്ടു സംതൃപ്തരായ അധികാരികള്‍ അദ്ദേഹത്തെ ക്‌ളെയര്‍വോയില്‍ ആരംഭിച്ച പുതിയ ആശ്രമത്തിന്റെ ആബട്ടായി നിയമിച്ചു. 37 വര്‍ഷം അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു; ആ കാലഘട്ടത്തില്‍ അദ്ദേഹം ജര്‍മ്മനി, സ്വീഡന്‍, അയര്‍ലന്റ്, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളിലായി 136 ആ ശ്രമങ്ങള്‍ സ്ഥാപിച്ചു. വിശുദ്ധ ബെനഡിക്ടിന്റെ നിയമങ്ങള്‍ ഒന്നുകൂടി പ്രാബല്യത്തിലായി; അതിനാല്‍ ബെര്‍ണാദ് ബെനഡിക്ടന്‍ സഭയുടെ ദ്വിതീയ സ്ഥാപകന്‍ എന്ന പേരു നേടി. അദ്ദേഹം ആരംഭിച്ച സിസ്റേറഴ്‌സിയന്‍ സഭയുടെ പ്രസിദ്ധശാഖയാണു ട്രാപ്പിസ്‌ററ്സ്.

ബെര്‍ണാര്‍ദിന്റെ ഒരു ശിഷ്യനാണു എവുജീനിയസു തൃതീയന്‍ പാപ്പാ. മാര്‍പ്പാപ്പയായശേഷവും അദ്ദേഹം ബെര്‍ണാര്‍ദിന്റെ ഉപദേശം ആവശ്യപ്പെട്ടിരുന്നു. ഭാരിച്ച ജോലികളുടെ ഇടയില്‍ ധ്യാനം മുടക്കരുതെന്നായിരുന്നു ബെര്‍ണാര്‍ദിന്റെ പ്രധാനോപദേശം .

ആശ്രമത്തിലെ ഏകാന്തമാണ് ബെര്‍ണാര്‍ദ് ഇഷ്ടപ്പെട്ടിരുന്നതെങ്കിലും അന്നത്തെ തര്‍ക്കങ്ങളിലെല്ലാം അദ്ദേഹം ഇടപെടേണ്ടിവന്നിരുന്നു. രണ്ടാമത്തേ കുരിശുയുദ്ധം പ്രസംഗിക്കുവാന്‍ മാര്‍പ്പാപ്പാ ബെര്‍ണാര്‍ദിനോടാവശ്യപ്പെട്ടു. രണ്ടു സൈന്യം തയ്യാറാക്കി അദ്ദേഹം പലസ്തീനയിലേക്ക് അയച്ചു; എന്നാല്‍ അവര്‍ തോറ്റുപോയി. യോദ്ധാക്കളുടെ പാപം നിമിത്തമാണു പരാജയമടഞ്ഞതെന്നത്രേ ബെര്‍ണാര്‍ദു പറഞ്ഞത്.

അസാധാരണമായിരുന്നു ബെര്‍ണാര്‍ദിന്റെ ദൈവമാതൃ ഭക്തി. ”പരിശുദ്ധരാജ്ഞി” എന്ന ജപത്തിലെ അവസാന വാക്യവും,’എത്രയും ദയയുള്ള മാതാവേ,” എന്ന ജപവും ബെര്‍ണാര്‍ദ് എഴുതിയതാണ്.
ആശ്രമത്തില്‍ ചേരാന്‍ വന്നിരുന്നവരോടു ബെര്‍ണാര്‍ദ് ഇങ്ങനെ പറഞ്ഞിരുന്നു: ”ഇവിടെ പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ ലോകത്തില്‍നിന്നു കൊണ്ടുവന്ന ശരീരം വാതില്‍ക്കല്‍ വയ്ക്കട്ടെ. ഇവിടെ നിങ്ങളുടെ ആത്മാവിനു മാത്രമേ സ്ഥലമുള്ളൂ. ഈ ദൃശമായ തീക്ഷ്ണത അദ്ദേഹത്തിന്റെ ആരോഗ്യത്തിനു ക്ഷതം വരുത്തി. 62-ാമത്തെ വയസ്സില്‍ സ്വര്‍ഗ്ഗീയ സമ്മാനം വാങ്ങിക്കാനായി ഈ ദൈവമാത്യഭക്തന്‍ ഈ ലോകം വിട്ടു.

ആഗസ്‌ററ് 16: ഹങ്കറിയിലെ വിശുദ്ധ സ്ററീഫന്‍

ഹങ്കറിയിലെ നാലാമത്തെ പ്രഭുഗെയ്‌സാ ചില ക്രിസ്തീയ മിഷനറിമാരോടുള്ള സമ്പര്‍ക്കത്താല്‍ ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനിടയായി. ഭാര്യ സര്‍ലോത്തിനു ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ അത്യന്തം ഇഷ്ടപ്പെട്ടു. രാജ്ഞി ഗര്‍ഭിണിയായപ്പോള്‍ പ്രഥമ രക്തസാക്ഷിയായ സ്‌ററീഫന്‍ സ്വപ്‌നത്തില്‍ രാജ്ഞിയെ അറിയിച്ചു കുട്ടി ആണായിരിക്കുമെന്നും അവന്റെ കാലത്തു വിഗ്രഹാരാധന ഇല്ലാതാകുമെന്നും. ശിശു 977-ല്‍ ജനിച്ചു; സ്‌ററീഫന്‍ എന്നു പേരിടുകയും ചെയ്തു. പ്രേഗിലെ മെത്രാനായിരുന്ന വിശുദ്ധ അഡെല്‍ബെര്‍ട്ടാണ് സ്‌ററീഫനെ ജ്ഞാനസ്‌നാനപ്പെടുത്തിയതും കുറേ ശിക്ഷണം നല്‍കിയതും. 997-ല്‍ ഗെയ്സാ മരിക്കുകയും സ്‌ററീഫന്‍ രാജ്യഭരണം ആരംഭിക്കുകയും ചെയ്തു.

ഭരണമേറ്റയുടനെ വിഗ്രഹാരാധന അവസാനിപ്പിക്കണമെന്നു സ്‌ററീഫന്‍ ആഗ്രഹിച്ചു. മിഷനറിമാരുടെകൂടെ രാജാവും പോയി; ചിലര്‍ രാജാവിനെതിരെ ആയുധമെടുത്തെങ്കിലും സമരത്തില്‍ രാജാവ് ജയിച്ചു. 11 രൂപതകള്‍ ഹങ്കറിയില്‍ സമാരംഭിച്ചു; അവ അംഗീകരിച്ചു റോമാസിംഹാസനത്തില്‍നിന്നു വന്ന ബൂളകള്‍ മുട്ടുകുത്തി പേപ്പല്‍ സന്ദേശവാഹകരെ സമാദരിച്ചാണ് വാങ്ങിച്ചത്.

ജര്‍മ്മനിയിലെ ഹെന്റി രാജാവിന്റെ സോദരി ജിനെലയെയാണു രാജാവ് വിവാഹം കഴിച്ചത്. രാജ്ഞി ഭര്‍ത്താവിന്റെ തത്വങ്ങളെ അത്യധികം ബഹുമാനിച്ചുപോന്നു. വ്യഭിചാരം, ദൈവദൂഷണം, കൊലപാതകം, മോഷണം മുതലായ പരസ്യ കുറ്റങ്ങള്‍ നിയമം കൊണ്ടു നിരോധിച്ചു. ക്രിസ്ത്യാനികള്‍ വിഗ്രഹാരാധകരെ വിവാഹം ചെയ്തുകൂടെന്നു നിയമമുണ്ടാക്കി. ഒരിക്കല്‍ വേഷപ്രഛന്നനായി രാജാവു ധര്‍മ്മം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഭിക്ഷുക്കള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തു. ഈ നിന്ദനവും അദ്ദേഹം സ്വീകരിച്ചു; എന്നാല്‍ വേഷപ്രഛന്നനായി ധര്‍മ്മം കൊടുക്കാന്‍ പിന്നീട് പോയിട്ടില്ല. ഞായറാഴ്ച കുര്‍ബാന കാണാത്തതിനും മാംസവര്‍ജ്ജന നിയമം ലംഘിക്കുന്നതിനും അദ്ദേഹം ശിക്ഷ നല്‍കിയിരുന്നു.

ആരോടും യുദ്ധംചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും അഭയം തേടുകയാണ് ചെയ്തിരുന്നത്. ജര്‍മ്മനി യിലെ കോണ്‍റാഡു രാജാവ് വലിയ ഒരു സൈന്യത്തോടെ യുദ്ധത്തിനു വന്നെങ്കിലും സ്‌ററീഫന്‍ രാജാവിനോടു യുദ്ധം ചെയ്യാതെ മടങ്ങുകയാണ് ചെയ്തത്. താമസിയാതെ കൂദാശകള്‍ ഭക്തിപൂര്‍വ്വം സ്വീകരിച്ചു 1038ലെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിവസം രാജാവ് ദിവംഗതനായി.

ആഗസ്‌ററ് 15: കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍

1950 നവമ്പര്‍ 1- ന് പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പാ മൂനിഫിച്ചെന്തീസ്സീമൂസ് ദേവൂസ് എന്ന തിരുവെഴുത്തുവഴി ഇങ്ങനെ അധ്യവസാനം ചെയ്തു:’ കന്യകാമറിയത്തിനു പ്രത്യേക വരങ്ങള്‍ നല്കി അനുഗ്രഹിച്ച സര്‍വ്വശക്തനായ ദൈവത്തിന്റെ സ്തുതിക്കും മരണത്തിന്റെയും പാപത്തിന്റെയും ജേതാവും നിത്യരാജാവുമായ അങ്ങേ പുത്രന്റെ ബഹുമാനത്തിനും മഹത്വമേറിയ അവിടുത്തെ അമ്മയുടെ മഹത്വത്തിനും അഖിലസഭയുടെ ആനന്ദത്തിനും സന്തോഷത്തിനുമായി നമ്മുടെ കര്‍ത്താവീശോമിശിഹായുടേയും ഭാഗ്യപ്പെട്ട ശ്ലീഹന്മാരായ പത്രോസിന്റെയും പൗലോസിന്റെയും നമ്മുടേയും അധികാരത്തോടെ നാം പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു എപ്പോഴും കന്യകയും അമലോത്ഭവയുമായ ദൈവമാതാവു ഭൗതിക ജീവിതാനന്തരം ശരീരത്തിന്റെയും ആത്മാവിന്റെയും മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്നത് ആവിഷ്‌കൃതമായ ഒരു സത്യമാകുന്നുവെന്ന്.”
ഈ നിര്‍വ്വചനത്തില്‍ മറിയം മരിച്ചുവെന്നു പറയുന്നില്ല. എന്നാല്‍ സാധാരണയായി കരുതുന്നതു വിശുദ്ധ ജോണ്‍ ഡമസീന്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുപോലെ മറിയം സമാധാനത്തില്‍ മരിച്ചുവെന്നും മൂന്നാം ദിവസം ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നും, മരണസമയത്തു തോമാശ്ലീഹാ ഒഴികെയുള്ള എല്ലാ അപ്പസ്‌തോലന്മാരും ദൈവമാതാവിന്റെ മുറിയിലുണ്ടായിരുന്നുവെന്നും തോമാശ്ലീഹാ എത്തിയശേഷം കുഴിമാടം തെരക്കിയപ്പോള്‍ അത് ഒഴിഞ്ഞു കിടന്നിരുന്നുവെന്നും പറയപ്പെടുന്നു. പൗരസ്ത്യ സഭയിലും പാശ്ചാത്യസഭയിലും അഞ്ചാം ശതാബ്ദമോ ആറാം ശതാബ്ദമോ മുതല്‍ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ആഘോഷമായി കൊണ്ടാടിയിരുന്നു. 13-ാം ശതാബ്ദത്തില്‍ ജപമാല ചൊല്ലിത്തുടങ്ങിയപ്പോള്‍ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റിയും ധ്യാനിച്ചു തുടങ്ങി . 451-ല്‍ കല്‍ക്കദോനിയാ സൂനഹദോസില്‍ ജെറൂസലേമിലെ വിശുദ്ധ ജൂവെനല്‍ സ്വര്‍ഗ്ഗാരോപണത്തെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. പല രാജ്യങ്ങളിലും പണ്ടുമുതല്‍ക്കുതന്നെ ഈ തിരുനാള്‍ കടമുള്ള ദിവസമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യദിനവും സ്വര്‍ഗ്ഗാരോപണത്തിരുനാളും യോജിച്ചുവന്നതുകൊണ്ട് ഈ തിരുനാള്‍ ആഘോഷിക്കാനും ഭാരതമാതാവിനുവേണ്ടി മാതാവിനോടു പ്രാര്‍ത്ഥിക്കാനും സൗകര്യം സിദ്ധിച്ചിരിക്കുന്നു.

ആഗസ്റ്റ് 14: വിശുദ്ധ എവുസേബിയൂസ് രക്തസാക്ഷി

പലസ്തീനയില്‍ വച്ചു രക്തസാക്ഷിത്വമകുടം ചൂടിയ ഒരു റോമന്‍ പുരോഹിതനാണ് എവുസേബിയൂസ്. മാക്‌സിമിയന്‍ ചക്രവര്‍ത്തി പലസ്തീന സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ എവുസേബിയൂസ് എന്നൊരാള്‍ അത്യന്തം തീക്ഷ്ണതയോടെ ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഒരാവലാതി സ്ഥലത്തേ ഗവര്‍ണ്ണര്‍ മാക്‌സെന്‍സിയൂസിനു ലഭിച്ചു. ഉടനടി അദ്ദേഹത്തെ അറസ്‌ററു ചെയ്തു മാക്സിമിയന്‍ ചക്രവര്‍ത്തിയുടെ അടുക്കല്‍ കൊണ്ടുവന്നു. ഒരു മഹാ ക്രൂരജന്തുവായിരുന്നു ചക്രവര്‍ത്തിയെങ്കിലും ഈ അപരിചിതന്റെ സ്വര്‍ഗ്ഗീയഭാവം അദ്ദേഹത്തെ സ്വല്പം ഒന്നു പരിഭ്രമിപ്പിച്ചു. എവുസേബിയൂസിനെ മോചിക്കുവാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മനുഷ്യരെന്തു പറയുമെന്ന ഭയം അദ്ദേഹത്തെ ആ കരുണകരമായ നിലപാട് സ്വീകരിക്കാന്‍ അനുവദിച്ചില്ല.

ഉടനടി ഗവര്‍ണര്‍ മാക്‌സെന്‍സിയൂസ് എവുസേബിയൂസിനോടു ദേവന്മാരെ പൂജിക്കുവാന്‍ ആജ്ഞാപിച്ചു. അതിന് അദ്ദേഹം സന്നദ്ധനല്ലെന്നു കണ്ടപ്പോള്‍ ശിരസ്സുഛേദിച്ചു കളയാന്‍ ഉത്തരവിട്ടു. വിധി പ്രഖ്യാപനം കേട്ടയുടനെ എവുസേബിയൂസ് ഉറക്കെ വിളിച്ചു പറഞ്ഞു: ‘ഓ കര്‍ത്താവായ യേശുക്രിസ്തു, അങ്ങയുടെ കാരുണ്യത്തിനു ഞാന്‍ നന്ദി പറയുന്നു; അങ്ങയുടെ ശക്തിയെ ഞാന്‍ സ്തുതിക്കുന്നു. എന്റെ വിശ്വസ്തത പരിശോധിക്കാന്‍ അങ്ങ് എന്നെ വിളിച്ചപ്പോള്‍ അങ്ങയുടെ സ്വന്തം പോലെ എന്നെ അങ്ങു പരിഗണിച്ചിരിക്കുന്നു. അപ്പോള്‍ അദ്ദേഹം ഇങ്ങനെ ഒരു സ്വരം ശ്രവിച്ചു: ‘നീ സഹിക്കുവാന്‍ യോഗ്യനാണെന്നു കണ്ടില്ലായിരുന്നെങ്കില്‍, ക്രിസ്തുവിന്റെ ഭവനത്തില്‍ നീതിമാന്മാര്‍ക്കുള്ള സ്ഥാനങ്ങളിലേക്കു നീ പ്രവേശിക്കപ്പെടുകയില്ലായിരുന്നു.’കൊലക്കളത്തില്‍ വന്നപ്പോള്‍ അദ്ദേഹം മുട്ടുകുത്തി. ഉടനെ അദ്ദേഹത്തിന്റെ തല വെട്ടി താഴെയിട്ടു.

ആഗസ്റ്റ് 13: വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സ്

1599 മാര്‍ച്ച് 13-ാം തീയതി ലുവെയിന് അടുത്തുള്ള ഡീസ്‌ററ് എന്ന ഒരു ചെറിയ പട്ടണത്തില്‍ അള്‍ത്താര ശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ബെര്‍ക്കുമന്‍സു ജനിച്ചു. ജെയിംസ് എന്ന ഒരു സഹോദരന്‍ ജോണിനെപ്പോലെ ഈശോ സഭയിലും മറെറാരു സഹോദരന്‍ അഡ്രിയന്‍ അഗുസ്‌ററീനിയന്‍ സഭയിലും ചേര്‍ന്നു. വിശുദ്ധ കുര്‍ബാനയോടും ദൈവമാതാവിനോടും ജോണിന് നല്ല ഭക്തി ഉണ്ടായിരുന്നുവെന്നല്ലാതെ അസാധാരണത്വമൊന്നും ചെറുപ്പത്തിലുണ്ടായിരുന്നില്ല. ജോണ്‍ പഠനത്തിനു സമര്‍ത്ഥനല്ലായിരുന്നുവെന്നു ചിലര്‍ പറയുന്നുണ്ടെങ്കിലും 13-ാമത്തെ വയസ്സില്‍ അവന്‍ നല്ല ലത്തീന്‍ കവിത എഴുതിയതായി കാണുന്നുണ്ട്. രോഗിണിയായ അമ്മയെ ശുശ്രൂഷിക്കുവാന്‍ ഒഴിവു സമയം മുഴുവന്‍ ജോണ്‍ മാറ്റിവച്ചിരുന്നു.

1615-ല്‍ മെര്‍ക്കലിനില്‍ ഈശോ സഭക്കാര്‍ ഒരു കോളേജ് ആരംഭിച്ചു. അതില്‍ പ്രഥമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നതു ബെര്‍ക്കുമന്‍സാണ്; അതോടെ ബെര്‍ക്കുമന്‍സ് ഈശോ സഭയില്‍ ചേരാന്‍ നിശ്ചയിച്ചു. മകന്‍ ഒരിടവക വൈദികനായി കാണാന്‍ കൊതിച്ചിരുന്ന പിതാവ് കുറെ തടസ്സമുണ്ടാക്കിയെങ്കിലും 1616 സെപ്‌ററംബര്‍ 24-ാം തീയതി ജോണ്‍ ഈശോസഭ നൊവീഷ്യറ്റില്‍ ചേര്‍ന്നു. 1616 ഡിസംബര്‍ 1 ന് അമ്മ മരിച്ചു; 1618 ഏപ്രില്‍ 1 ന് പിതാവ് ഒരു വൈദികനായി. എന്നാല്‍ 8 മാസമേ ജീവിച്ചുള്ളൂ. ജോണ്‍ തത്വശാസ്ത്രം പഠിച്ചതു റോമയിലാണ്; അവിടെ ഒരു ദിവസം രണ്ടും മൂന്നും കുര്‍ബാനയ്ക്കു കൂടുമായിരുന്നു; എല്ലാവര്‍ക്കും വളരെ പ്രിയങ്കരനുമായിരുന്നു.

1621 ആഗസ്റ്റ് 5-ാം ന് ഒരു താത്വിക വാദപ്രതിവാദത്തിനുശേഷം ജോണിനു പനിപിടിച്ചു. 12-ാനു വിശുദ്ധ അലൂഷ്യസ്സിന്റെ ജീവചരിത്രം കുറേ ഭാഗം വായിച്ചുകേട്ടു. ജപമാലയും കുരിശുരൂപവും നിയമപുസ്തകവും കൈയില്‍ പിടിച്ചു കൊണ്ടു ജോണ്‍ പറഞ്ഞു: ‘ഇവയാണ് എന്റെ മൂന്നു നിധികള്‍; ഇവ കൈയില്‍ പിടിച്ചു മരിക്കാന്‍ ആഗ്രഹിക്കുന്നു. ‘പിറേറദിവസം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറി. മരിക്കുന്നതിനുമുമ്പു വല്ല ഉപദേശവും സഹപാഠികള്‍ക്കു നല്കാനുണ്ടോ എന്നു റെക്ടറച്ചന്‍ ചോദിച്ചു. അദ്ദേഹം പ്രതിവചിച്ചു:’ ‘ഞാന്‍ ഈ ഭവനത്തില്‍ വന്നതിനുശേഷം മനസ്സറിവോടെയാതൊരു നിയമവും ലംഘിച്ചിട്ടില്ല.’

ആഗസ്റ്റ് 12: വിശുദ്ധ പൊര്‍ക്കാരിയൂസും സഹവിശുദ്ധരും

പ്രാചീന ബെനഡിക്ടന്‍ സന്യാസാശ്രമങ്ങളില്‍ പ്രസിദ്ധമായ ഒന്നായിരുന്നു ലെറിന്‍സു ദ്വീപിലെ ആശ്രമം. അനേകം വിശുദ്ധരെ ദാനം ചെയ്തിട്ടുള്ള ഈ ആശ്രമം ഫ്രാന്‍സിലെ പാവെന്‍സു ഡിസ്ട്രിക്ടിനു സമീപമാണു സ്ഥിതിചെയ്യുന്നത്. പൊര്‍ക്കാരിയൂസ് അതിന്റെ അധിപനായിരുന്നപ്പോള്‍ പ്രസ്തുത ആ ശ്രമത്തില്‍ അഞ്ഞൂറ് അംഗങ്ങളുണ്ടായിരുന്നു.

ക്രിസ്തുമതത്തിന്റെ ബദ്ധശത്രുക്കളായ കുറെയേറെ മുഹമ്മദീയര്‍ സ്‌പെയിനിലും കിഴക്കന്‍ യൂറോപ്പിലും ഉണ്ടായിരുന്നു. അവര്‍ സാരസെന്‍സ് എന്ന പേരിലാണ് അറിയപ്പെട്ടി രുന്നത്. ലെറിന്‍സിലെ ആബട്ടായിരുന്ന പൊര്‍ക്കാരിയൂസ് എങ്ങനെയോ മനസ്സിലാക്കി സാരസെന്‍സിന്റെ ഒരാക്രമണം ഉണ്ടാകുമെന്ന്. ഉടനെ അദ്ദേഹം ചെറുപ്പക്കാരായ സന്യാസികളേയെല്ലാം സുരക്ഷിത സങ്കേതങ്ങളിലേക്ക് അയച്ചു. പ്രതീക്ഷിച്ചതുപോലെ സാരസെന്‍സ് ആശ്രമം ആക്രമിക്കുകയും പൊര്‍ക്കാരിയൂസ് ഉള്‍പ്പെടെ അവിടെ ഉണ്ടായിരുന്ന സകലരേയും നിര്‍ദ്ദയം വധിക്കുകയും ചെയ്തു. എത്രപേരാണു വധിക്കപ്പെട്ട തെന്നു റോമന്‍ മര്‍ട്ടിറോളജി പറയുന്നില്ല. ഈദൃശ ചരിത്രസംഭവങ്ങളാണു മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്കുകാരണമായത്; അതിനാല്‍ത്തന്നെയാണു എക്കുമെനിസം അഥവാ മതങ്ങളുടെയും വിവിധ സഭകളുടെയും ഐക്യം എത്രയും ദുര്‍വഹമായി കാണപ്പെടുന്നത്.

ആഗസ്റ്റ് 11: വിശുദ്ധ ക്ലാര കന്യക

അസ്സീസിയിലെ ഒരു കുലീന യോദ്ധാവായ ഫവേരിനോ ഷിഫോയുടെ മൂന്നു പെണ്‍മക്കളാണ് ക്ലാരയും ആഗ്‌നെസ്സും ബെയാട്രിസ്സും. 1193 ലാണു ക്ലാര ജനിച്ചത്. ക്ലാരയ്ക്കും 15 വയസ്സുള്ളപ്പോള്‍ തുടങ്ങി വിവാഹാലോചനകള്‍ ആരംഭിച്ചു. ഈശോയെ മണവാളനായി സ്വീകരിക്കാന്‍ കൊതിച്ചിരുന്ന ക്ലാര വിശുദ്ധ അസ്സീസിയുടെ ഉപദേശം രഹസ്യമായി ആരാഞ്ഞുകൊണ്ടിരുന്നു. 1212 മാര്‍ച്ചു 18-ാം തീയതി ഓശാന ഞായറാഴ്ച ക്ലാര ഉടുത്തണിഞ്ഞ് അമ്മയോടുകൂടെ പള്ളിയില്‍ പോയി. എല്ലാവരും അള്‍ത്താരയുടെ അടുക്കല്‍ പോയി കുരുത്തോല വാങ്ങി. ക്ലാര നാണിച്ചു മുന്നോട്ടു പോയില്ല. മെത്രാനച്ചന്‍ ഇറങ്ങിച്ചെന്നു കുരുത്തോല കൊടുത്തു. അന്നു വൈകുന്നേരം വീട്ടില്‍നിന്നു ക്ലാര പോര്‍ഷിയങ്കുള ദൈവാലയത്തിലേക്ക് ഒളിച്ചുപോന്നു. ഒരു തിരി കത്തിച്ചു പിടിച്ചു പള്ളിയുടെ
വാതില്‍ക്കല്‍ നിന്നു. പരിശുദ്ധാത്മാവേ വരിക, എന്ന ഗാനം പാടി. അവള്‍ വിശേഷവസ്ത്രങ്ങള്‍ ഊരിവച്ചു പ്രായശ്ചിത്ത വസ്ത്രങ്ങളണിഞ്ഞു. ഫ്രാന്‍സിസു തലമുടി വെട്ടി മാറ്റി ഒരു ചരട് അരയില്‍ കെട്ടി. തല്‍ക്കാലം അവള്‍ ബെനഡിക്ടന്‍ മഠത്തില്‍ താമസിച്ചു. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ല. അവളെ പിടിച്ചുവലിച്ചുകൊണ്ടു പോകാന്‍ തുടങ്ങിയപ്പോള്‍ തലമുടി വെട്ടിമാറ്റിയിരിക്കുന്നതു കാണിച്ചുകൊടുത്തു. അവര്‍ അതോടെ സ്ഥലംവിട്ടു. സാന്‍ദമിയാനോയുടെ അടുത്ത് ഒരു ഭവനം ക്ലാരയ്ക്കു തയ്യാറാക്കി .

രണ്ടാഴ്ച കഴിഞ്ഞു സഹോദരി ആഗ്‌നെസ്സും ക്ലാരയോടുകൂടെ ചേര്‍ന്നു. വീണ്ടും വീട്ടില്‍ വലിയ വിപ്ലവമുണ്ടായി! അവസാനം ആഗ്‌നെസ്സിനും അനുവാദം കിട്ടിയെന്നു മാത്രമല്ല അവരുടെ അമ്മ ഓര്‍ത്തൊളാനയും വേറെ കുറെ സ്ത്രീകളും മഠത്തില്‍ ചേര്‍ന്നു. ഇങ്ങനെ ക്ലാരസഭയുണ്ടായി; പല ശാഖകളും സ്ഥാപിതമായി . സ്‌റേറാക്കിങ്ങ് സും ഷൂസും ചെരിപ്പുമില്ലാതെയാണ് അന്നു ക്ലാരസഹോദരിമാര്‍ നടന്നിരുന്നത്. എന്നും മാംസവര്‍ജ്ജനം അവര്‍ പാലിച്ചുപോന്നു. ദാരിദ്ര്യവും പ്രായശ്ചിത്തവും വളരെ കണിശമായിരുന്നു. ക്ലാരപ്പുണ്യവതിയുടെ വാര്‍ദ്ധക്യത്തില്‍ ദാരിദ്ര്യവും പ്രായശ്ചിത്തവും സ്വല്പം ലാഘവപ്പെടുത്തി.

സാരസന്‍ സൈന്യം സ്‌പോളെറേറാ താഴ്‌വര ആക്രമിച്ചപ്പോള്‍ ഒരു വിഭാഗം സൈന്യം ക്ലാരമഠത്തെ ആക്രമിക്കാന്‍ തുടങ്ങി. ശത്രുവിന് അഭിമുഖമായി വിശുദ്ധ കുര്‍ബാന അരുളിയ്ക്കയില്‍ എഴുന്നള്ളിച്ചുവയ്ക്കാന്‍ ക്ലാര ആവശ്യപ്പെട്ടു. അനന്തരം അവള്‍ മുട്ടികുത്തി പ്രാര്‍ത്ഥിച്ചു: ”അങ്ങയെ ഏറ്റു പറയുന്നവരുടെ ആത്മാക്കളെ കര്‍ത്താവേ, ആ മൃഗ ങ്ങള്‍ക്കു ഏല്പിച്ചുകൊടുക്കല്ലേ.” ശത്രുക്കള്‍ക്കു പെട്ടെന്നു ഭയം തോന്നുകയും അവര്‍ ആ മഠം ആക്രമിക്കാതെ ഓടിപ്പോകയും ചെയ്തു. 28 വര്‍ഷത്തോളം രോഗിണിയായി കിടന്നിരുന്ന ക്ലാരയുടെ ഭക്ഷണം വിശുദ്ധ കുര്‍ബാന മാത്രമായിരുന്നു. 27 വര്‍ഷം മുമ്പു ഫ്രാന്‍സിസ് അസ്സീസിയുടെ മരണനേ രത്തു വായിച്ചതുപോലെ വിശുദ്ധ യോഹന്നാന്‍ എഴുതിയ നമ്മുടെ കര്‍ത്താവിന്റെ പീഡാനുഭവചരിത്രം മൂന്നു സന്യാസി മാര്‍ വായിച്ചു. തല്‍സമയം കുമാരി ദാരിദ്ര്യത്തിന്റെ മൂര്‍ത്തീകരണം തന്നെയായ വിശുദ്ധ ഫ്രാന്‍സ്സിസിന്റെ ചെറുപുഷ്പം 59-ാമത്തെ വയസ്സില്‍ ശാന്തമായി അടര്‍ന്നുവീണു.

Exit mobile version