1170 ഡിസംബര്‍ 29ന് സ്വന്തം കത്തീഡ്രലില്‍ വച്ച് വധിക്കപ്പെട്ട കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് വിശുദ്ധ തോമസ് ബെക്കെറ്റ്. അദ്ദേഹം 1117 ഡിസംബര്‍ 21ന് ലണ്ടനില്‍ ജനിച്ചു. 1138 ല്‍ പിതാവ് മരിച്ചു. ഭക്തയായ അമ്മ മോഡ് അഥവാ മെറ്റില്‍ദെസ് തോമസിനെ ദൈവഭയത്തില്‍ വളര്‍ത്തി. ഒരിക്കല്‍ ദൈവത്തിന്റെ പ്രത്യേകാനുഗ്രഹത്താല്‍ വെള്ളത്തില്‍ മുങ്ങിയിട്ടും രക്ഷപ്പെട്ടു. അന്നു മുതല്‍ അദ്ദേഹം പ്രാര്‍ത്ഥനയാലും ഉപവാസത്താലും ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ തുടങ്ങി. 1161 ല്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പായി നിയോഗിക്കപ്പെട്ടു. എന്നാല്‍ രാജാവിന്റെ അവകാശവാദങ്ങള്‍ എതിര്‍ത്തതിന്റെ പേരില്‍ അദ്ദേഹം സ്വമേധയാ വിപ്രവാസിയായി ഫ്രാന്‍സില്‍ താമസമാക്കി. തക്കം നോക്കി രാജാവ് അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ചാര്‍ച്ചക്കാരെ നാടുകടത്തി. 1170 ല്‍ താല്‍ക്കാലിക ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ആര്‍ച്ച് ബിഷപ് കാന്റര്‍ബറിയിലേക്ക് മടങ്ങി. രാജാവിന്റെ ഇഷ്ടക്കാരായ മെത്രാന്മാര്‍ക്കുണ്ടായിരുന്ന മഹറോന്‍ ശിക്ഷ ആര്‍ച്ച് ബിഷപ് നീക്കുകയില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ രാജാവ് ഉത്തരവിട്ടു. കത്തീഡ്രലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ നാലു യോദ്ധാക്കള്‍ ചേര്‍ന്ന് വധിച്ചു.