ജനുവരി 25: വിശുദ്ധ പൗലോസിന്റെ മാനസാന്തരം

സിലീസിയായുടെ തലസ്ഥാനമായ ടാര്‍സൂസില്‍ ക്രിസ്തുവിന്റെ ജനനകാലത്തു തന്നെയാണ് മഹാനായ പൗലോസ് അപ്പസ്‌തോലന്‍ ജനിച്ചത്. മാനസാന്തരത്തിന് മുമ്പ് അദ്ദേഹത്തിന്റെ പേര് സാവൂള്‍ എന്നായിരുന്നു. ജന്മനാല്‍ ഫരിസേയനായിരുന്ന സാവൂള്‍ യഹൂദനിയമത്തോടുള്ള പ്രതിപത്തി നിമിത്തം ക്രിസ്തുമതത്തിന്റെ ബദ്ധശത്രുവായി.

ക്രിസ്ത്യാനികളെ ജറുസലേമിലേക്ക് കൊണ്ടുപോയി കൊന്നൊടുക്കുന്നതിന് ഡമാസ്‌ക്കസ്സിലെ സംഘങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശപത്രം വാങ്ങി പുറപ്പെടവേ ഡമാസ്‌ക്കസിന് സമീപമായപ്പോള്‍ ആകാശത്തുനിന്ന് പൊടുന്നനെ ഒരു പ്രകാശം വീശി, ഉടനെ അയാള്‍ നിലംപതിച്ചു. ”സാവൂള്‍ സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” എന്നൊരു സ്വരം അയാള്‍ ശ്രവിച്ചു. ”കര്‍ത്താവേ അങ്ങ് അരാണ്?” അയാള്‍ ചോദിച്ചു, ”കര്‍ത്താവേ അങ്ങ് ആരാണ്” അയാള്‍ വീണ്ടും ചോദിച്ചു. ”നീ പീഡിപ്പിക്കുന്ന നസറത്തുക്കാരനായ ഈശോയാണ്” അവിടുന്ന് ഉത്തരമരുളി.

സാവൂളിനെ സുഖപ്പെടുത്താന്‍ കര്‍ത്താവ് അനനിയാസിനെ തിരഞ്ഞെടുത്തു. അനനിയാസ് സാവൂളിന് ജ്ഞാനസ്‌നാനം നല്‍കി. ഉടനെ അദ്ദേഹം കാഴ്ച്ച പ്രാപിച്ചു. ഈശോയാണ് മിശിഹായെന്ന് സാവൂള്‍ പ്രസംഗിച്ചു തുടങ്ങി. ക്രിസ്തുശിഷ്യനായി മാറിയ പൗലോസ് ഭീകരമായ യാതനകള്‍ അനുഭവിച്ച് സുവിശേഷം പ്രസംഗിച്ചു.

ഐക്യവാര പ്രാര്‍ത്ഥനയുടെ സമാപന ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത് ശ്ലീഹായുടെ മാനസാന്തര ദിനമാണ്. ഒരു സാവൂളിനെയെങ്കിലും മാനസാന്തരപ്പെടുത്തുവാനുള്ള വരം നമുക്ക് ചോദിക്കാം.

Exit mobile version