ജനുവരി 28: വിശുദ്ധ തോമസ് അക്വിനസ് (വേദപാരംഗതന്‍)

‘വാനവസഹജനായ വേദപാരംഗതന്,’ ‘വിശുദ്ധരില്‍ വെച്ച് വിജ്ഞന്, വിജ്ഞരില്‍ വെച്ച് വിശുദ്ധന്‍,’ ‘കത്തോലിക്കാ കലാശാലകളുടെ മധ്യസ്ഥന്,’ ‘വിനയമൂര്ത്തി’ എന്നിങ്ങനെ അപരനാമങ്ങള് സിദ്ധിച്ചിട്ടുള്ള വിശുദ്ധ തോമസ് അക്വിനസ് ഇറ്റലിയില് നേപ്പിള്‍സിനടുത്ത് റോകാസേക്കാ എന്ന സ്ഥലത്ത് ജനിച്ചു.

പ്രഭുകുടുംബത്തില്‍ ജനിച്ച അദ്ദേഹം ഡൊമിനിക്കന്‍ സഭാ വസ്ത്രം സ്വീകരിച്ചു. ഇത് അച്ഛനമ്മമാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സ്വന്തം അമ്മയുടെ പ്രേരണയാല്‍ സഹോദരന്മാര്‍ തോമസിനെ രണ്ടു കൊല്ലം ഒരു മുറിയില്‍ അടച്ചിട്ടു. കാരാഗൃഹവാസം തോമസിന് യാതൊരു മാറ്റവും കൊണ്ടുവന്നില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ഒരു വേശ്യയെ അദ്ദേഹത്തിന്റെ മുറിയിലിട്ടടച്ചിട്ടു. കുറച്ചുനേരം പ്രാര്‍ത്ഥിച്ച ശേഷം ഒരു തീക്കൊള്ളിയെടുത്ത് അവളെ ആട്ടിപ്പായിച്ചു.

പ്രലോഭനത്തില്‍ വിജയം നല്‍കിയ ദൈവത്തിന് നന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ഒരു സമാധിയിലമര്‍ന്നു. രണ്ടു മാലാഖമാര്‍ വന്ന് അദ്ദേഹത്തിന്റെ അരയില്‍ ഒരു പട്ട കെട്ടിക്കൊടുത്തുകൊണ്ടു പറഞ്ഞു: ‘നിത്യകന്യാത്വമാകുന്ന അരപ്പട്ടകൊണ്ട് നിന്നെ ഞങ്ങള്‍ ബന്ധിക്കുന്നു.’ അങ്ങനെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന തോമസ് വിശുദ്ധ കുര്‍ബാനയെപ്പറ്റി എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് സംശയിച്ചപ്പോള്‍ ‘തോമാ, നീ എന്നെപ്പറ്റി നന്നായി എഴുതിയിരിക്കുന്നു.’ എന്ന ഈശോയുടെ അംഗീകാര വാക്കുകള്‍ സക്രാരിയില്‍ നിന്നും അദ്ദേഹം ശ്രവിച്ചു.

ശാന്തത വിരക്തിയേക്കാള്‍ വിരളമായ പുണ്യമാണ്. അത് വിരക്തിയേക്കാളും മറ്റ് പുണ്യങ്ങളേക്കാളും ശ്രേഷ്ഠമാണ്. കാരണം അത് ദൈവിക പുണ്യങ്ങളില്‍ ശ്രേഷ്ഠമായ സ്‌നേഹത്തിന്റെ പൂരകമാണ് – എന്നു പറഞ്ഞ വിശുദ്ധ അക്വിനസിന്റെ വിശുദ്ധ കുര്‍ബാനയോടുണ്ടായിരുന്ന ഭക്തിയും തിരുസഭയോടുള്ള ബഹുമാനാദരവും അസാധരണമായ എളിമയും കണ്ടു പഠിക്കാം.

ജനുവരി 27: വിശുദ്ധ ആഞ്ചെലാ മെരീച്ചി

ഉര്‍സൂളിന്‍ സന്യാസ സഭയുടെ സ്ഥാപകയായ ആഞ്ചെലാ മെരീച്ചി 1471 മാര്‍ച്ച് 21-ന് ലൊബാര്‍ഡിയില്‍ ദെസെന്‍സാനോ എന്ന നഗരത്തില്‍ ജനിച്ചു. പത്തുവയസ്സുള്ളപ്പോള്‍ അമ്മയും അച്ഛനും മരിച്ചു. പിന്നീട് അമ്മാവന്റെ കൂടെ ഭക്തിയില്‍ അവള്‍ ജീവിച്ചു. സ്വസഹോദരി കൂദാശകള്‍ സ്വീകരിക്കാതെ മരിക്കാനിടയായി. ഇത് ആഞ്ചെലായ്ക്ക് ഹൃദയഭേദകമായിരുന്നു.

അവള്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്ന് സഹോദരിയുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥനകളും പ്രായശ്ചിത്ത പ്രവൃത്തികളും കാഴ്ചവച്ചു. പെണ്‍കുട്ടികള്‍ക്ക് ക്രിസ്തുമത പഠനം അത്യാവശ്യമാണെന്ന് കണ്ട് അവള്‍ സ്വഭവനം ഒരു പള്ളിക്കൂടമാക്കി മാറ്റി. അടുത്തുള്ള പെണ്‍കുട്ടികളെയെല്ലാം വിളിച്ചു വരുത്തി ദിവസംതോറും ക്രിസ്തുമതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചു പോന്നു. 1524-ല്‍ ആഞ്ചെലാ വിശുദ്ധ സ്ഥലങ്ങളിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. മര്‍ഗ്ഗമധ്യേ ക്രെത്തെ ദ്വീപില്‍ വച്ച് അവള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടുവെങ്കിലും തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി. മടക്കയാത്രയില്‍, കാഴ്ച നഷ്ടപ്പട്ട സ്ഥലത്ത് ഒരു കുരിശു രൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് വീണ്ടും കാഴ്ച ലഭിച്ചു. 1535 നവംബര്‍ 25-ന് 12 കന്യകമാരോടുകൂടി ബ്രേഷ്യയില്‍ ഉര്‍സൂളിന്‍ സഭ സ്ഥാപിച്ചു. 1540 ജനുവരി 27-ന് ആഞ്ചെലാ നിര്യാതയായി. ക്രിസ്തീയ വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊണ്ട ആഞ്ചെലായെ 1807-ല്‍ ഏഴാം പീയൂസ് പാപ്പ വിശുദ്ധയെന്ന് നാമകരണം ചെയ്തു.

Exit mobile version