ജനുവരി 30: വിശുദ്ധ ഹയസിന്താ മാരിസ്‌കോട്ടി

ഇറ്റലിയില്‍ വിറ്റെര്‍ബോ എന്ന നഗരത്തിനു സമീപമുള്ള വിഞ്ഞാരെല്ലോ എന്ന ഗ്രാമത്തില്‍ ഹയസിന്താ ഭൂജാതയായി. ശിശു പ്രായത്തില്‍ ഭക്തയായിരുന്നെങ്കിലും കൗമാരത്തിലേക്കു കടന്നപ്പോള്‍ ലൗകായതികത്വം അവളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. തനിക്ക് ആലോചിച്ച വിവാഹം നടക്കില്ലെന്ന് കണ്ടപ്പോള്‍ 20-ാമത്തെ വയസില്‍ വിറ്റര്‍ബോയിലുള്ള വിശുദ്ധ ബെര്‍ണര്‍ഡീന്റെ മഠത്തില്‍ ചേരാന്‍ അവള്‍ തീരുമാനിച്ചു.

10 കൊല്ലം മഠത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ താമസിച്ചു. അപ്പോള്‍ മനസിലായി തന്റെ ജീവിതം സന്യാസികള്‍ക്ക് യോജിച്ചതല്ലെന്ന്. വിശേഷവസ്ത്രങ്ങളും സാമഗ്രികളും അവള്‍ ഉപേക്ഷിച്ചു. തന്റെ ദുര്‍മാതൃകയ്ക്ക് കൂട്ടുകാരോട് മാപ്പുചോദിച്ചു. ശാരീരിക പ്രായശ്ചിത്തങ്ങളും തുടങ്ങി. വിറ്റെര്‍ബോയില്‍ പ്ലേഗുബാധ വന്നപ്പോള്‍ രാവും പകലും രോഗികളെ അവള്‍ ശുശ്രൂഷിച്ചു. ദരിദ്രരുടെയും അഗതികളുടെയും സംരക്ഷണത്തിനുവേണ്ടി രണ്ട് ഭക്തസഖ്യങ്ങള്‍ അവള്‍ സ്ഥാപിച്ചു 1640 ജനുവരി 30-ന് അവള്‍ ഈ ലോകത്തോട് വിടപറഞ്ഞു.

1807-ല്‍ ഏഴാം പീയൂസ് പാപ്പാ അവളെ വിശുദ്ധയെന്ന് നാമകരണം ചെയ്തു. എല്ലാവരും വിശുദ്ധരായിട്ടല്ല ജനിക്കുന്നത്; സന്മനസുള്ളവര്‍ക്കെല്ലാം വിശുദ്ധരാകാം എന്ന് ഹയസിന്തായുടെ ജീവിതം സ്പഷ്ടമാക്കുന്നു.

Exit mobile version