പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പേഡ്രോ ദ്വിതീയന്റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറേക്കാലം ജോണ്‍ ചെലവഴിച്ചത്. ജോണിന്റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍ ബാല്യത്തില്‍ കുറേ സഹിക്കേണ്ടിവന്നു. അക്കാലത്ത് ജോണിന് ഗുരുതരമായ അസുഖം പിടിപെടുകയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ മാധ്യസ്ഥത്താല്‍ സുഖം പ്രാപിക്കുകയും ചെയ്തു. അന്നുമുതല്‍ ജോണിന്റെ ആഗ്രഹം വിശുദ്ധ സേവ്യറിനെ അനുകരിക്കുക എന്നതായിരുന്നു.
1662 ഡിസംബര്‍ 17-ന് ലിസ്ബണിലെ ഈശോസഭ നവ സന്യാസമന്ദിരത്തില്‍ ജോണ്‍ പ്രവേശിച്ചു. 11 കൊല്ലങ്ങള്‍ക്കുശേഷം പല എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. എതിര്‍പ്പുകള്‍ വന്നപ്പോള്‍ ‘ലോകത്തില്‍ നിന്ന് സന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക്ക് എന്നെ വിളിക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
14 കൊല്ലം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണരെ പോലെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. പാവയ്ക്കായും പച്ചക്കറികളുമൊക്കെയാണ് പലപ്പോഴും ഭക്ഷിച്ചിരുന്നത്. വിജയകരമായ മിഷന്‍ പ്രവര്‍ത്തനങ്ങളാല്‍ രോഷാകുലനായ രാജാവ് അദ്ദേഹത്തെ നാടുകടത്തി. സ്‌നാപകയോഹന്നാനെപ്പോലെ ഒരു സ്ത്രീയുടെ കോപത്തിന് പിന്നീട് അദ്ദേഹം പാത്രമായി ജയിലില്‍ അടയ്ക്കപ്പെട്ടു. വേദന സമ്പൂര്‍ണ്ണമായ ജയില്‍ വാസത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ തല വെട്ടപ്പെട്ടു. 1947 ജൂണ്‍ 22-ന് അദ്ദേഹത്തെ വിശുദ്ധനെന്ന് നാമകരണം ചെയ്തു.