ഫെബ്രുവരി 6: വിശുദ്ധ ഗൊണ്‍സാലോ ഗാര്‍സിയ

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയും രക്തസാക്ഷിയുമായ ഗൊണ്‍സാലോ ഗാര്‍സിയ പോര്‍ച്ചുഗീസുകാരനായ പിതാവിന്റെയും ഈസ്റ്റ് ഇന്ത്യയില്‍ ബാസ്സെയിനിലെ ഒരു കാനറീസു മാതാവിന്റെയും പുത്രനാണ്. ബാസ്സെയില്‍ ഫോര്‍ട്ടില്‍ ഈശോസഭക്കാരുടെ കീഴില്‍ അദ്ദേഹം വിദ്യാഭ്യാസം നേടി. സ്‌നേഹപ്രകൃതിയായ ഗൊണ്‍സാലോ അതിവേഗം ധാരാളം മിത്രങ്ങളെ നേടിയെടുത്തു. എട്ടു കൊല്ലം ഒരു ഉപദേശിയായി അദ്ദേഹം അധ്വാനിച്ചു. അനന്തരം അല്‍കാവോയില്‍ ഒരു കച്ചവടം ആരംഭിച്ചു. പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ വൈദികരെ പരിചയപ്പെടുകയും ഒരു അല്‍മായ സഹോദരനായി അവരുടെ ഗണത്തില്‍ ചേരുകയും ചെയ്തു.

നാലു കൊല്ലത്തിലധികം ജപ്പാനില്‍ ദൈവസ്തുതിക്കായി കഠിനമായി പണിയെടുത്തു. ഇത് ജപ്പാന്‍ ചക്രവര്‍ത്തിയുടെ അപ്രീതിക്ക് ഇടയാക്കി. 1596 ഡിസംബര്‍ എട്ടിന് സന്യാസികളെ ചക്രവര്‍ത്തി വീട്ടുതടങ്കലിലാക്കി. ഏതാനും ദിവസങ്ങള്‍ക്കു ശേഷം സന്യാസികള്‍ സന്ധ്യാനമസ്‌ക്കാരം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ 26 പേരെയും അറസ്റ്റു ചെയ്യുകയും ഇടതു ചെവി വെട്ടിക്കളയുകയും ചെയ്തു. 1597 ഫെബ്രുവരി അഞ്ചിന് നാഗസാക്കിയില്‍ വച്ച് അവര്‍ 26 പേരെയും കുരിശില്‍ തറച്ചു. രണ്ടുപേര്‍ കുന്തംകൊണ്ട് ഗാര്‍സിയായുടെ ഇരുവശത്തു നിന്നും കുത്തി. ഒരു കുന്തം അദ്ദേഹത്തിന്റെ ഹൃദയം ഭേദിച്ചു. ആ സമയത്തും വിശുദ്ധന്‍ ദൈവസ്തുതികള്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു.

Exit mobile version