ഫെബ്രുവരി 16: വിശുദ്ധ ജൂലിയാന

നിക്കോഡോമിയയിലാണ് വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. ജൂലിയാനയുടെ പിതാവ് ആഫ്രിക്കാനൂസ് ഒരു വിജാതിയനും ക്രൈസ്തവ വിരുദ്ധനുമായിരുന്നു. മാക്‌സിമിനിയാനൂസിന്റെ മര്‍ദ്ദനക്കാലത്ത് വളരെയേറെ പീഡനങ്ങള്‍ക്കു ശേഷം അവളുടെ ശിരസ്സ് ഛേദ്ദിക്കപ്പെടുകയാണ് ഉണ്ടായത്. ജൂലിയാനയുടെ നടപടി പുസ്തകത്തില്‍ പിശാചുമായി അവള്‍ നടത്തിയ സമരങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിനാലാവണം വിശുദ്ധയുടെ ചിത്രത്തില്‍ ഒരു പിശാചിനെ ശൃംഖലകൊണ്ട് ബന്ധിച്ചിട്ടുള്ളതും വിശുദ്ധ അതിനെ വലിച്ചിഴക്കുന്നതുമായി കാണുന്നത്. ജാനുവരിയ എന്ന ഒരു ഭക്തസ്ത്രീ വിശുദ്ധ ജൂലിയാനയുടെ സ്തുതിക്കായി ഒരു ദേവാലയം നിര്‍മ്മിക്കുകയും അതില്‍ രക്തസാക്ഷിണിയുടെ പൂജ്യാവശിഷ്ടം സ്ഥാപിക്കുകയും ചെയ്തു.

ഫെബ്രുവരി 15: വിശുദ്ധ ഫൗസ്തീനൂസ്

അഡ്രിയന്‍ ചക്രവര്‍ത്തിയുടെ മതപീഡനം നടമാടുന്ന കാലം. ബ്രേഷ്യായിലെ മെത്രാന്‍ ഒളിവിലായിരുന്നു. തല്‍സമയം രണ്ട് കുലീന സഹോദരന്മാര്‍ ഫൗസ്തിനൂസും ജോവിറ്റായും ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു. അവരുടെ തീക്ഷ്ണത വിജാതിയരുടെ വൈരാഗ്യത്തെ കത്തിയെരിയിച്ചു. അചിരേണ വൈരാഗ്യം രണ്ട് സഹോദരന്മാരുടെയും മഹത്വമേറിയ രക്തസാക്ഷിത്വത്തിന് വഴിതെളിച്ചു. ഒരു വിജാതിയ വീരനായ ജൂലിയന്‍ അവരെ പിടിച്ച് തടങ്കലിലാക്കി. പലവിധ മര്‍ദ്ദനങ്ങളും ഭീഷണികളും പ്രയോഗിച്ച് ക്രിസ്തീയ വിശ്വാസം നശിപ്പിച്ച് ചക്രവര്‍ത്തിയെ പ്രസാദിപ്പിക്കാന്‍ ജൂലിയന്‍ കിണഞ്ഞു പരിശ്രമിച്ചു. എല്ലാ അടവുകളും പരാജയപ്പെട്ടപ്പോള്‍ ഫൗസ്തീനൂസിന്റെയും സഹോദരന്റെയും തല വെട്ടിനീക്കാന്‍ ഉത്തരവുണ്ടായി. ബ്രേഷ്യാ നഗരത്തിന്റെ പ്രധാന മദ്ധ്യസ്ഥന്‍മാരാണ് ഈ രണ്ട് സഹോദര രക്തസാക്ഷികള്‍.

Exit mobile version