ഫെബ്രുവരി 21: വിശുദ്ധ പീറ്റര്‍ ഡാമിയന്‍

ഇറ്റലിയിലെ റവെന്നാ നഗരത്തില്‍ കുലീനമെങ്കിലും ദരിദ്രമായ ഒരു വലിയ കുടുംബത്തിലെ ഇളയ പുത്രനായി പീറ്റര്‍ ജനിച്ചു. ഒരു കുട്ടിയെക്കൂടി വളര്‍ത്താനുള്ള ഭാരമോര്‍ത്ത് അമര്‍ഷം പ്രദര്‍ശിപ്പിച്ച മൂത്ത മകന്റെ ക്രൂരസംതൃപ്തിക്കുവേണ്ടി അമ്മ ശിശുവിന് അമ്മിഞ്ഞപ്പാല്‍ നല്‍കിയില്ല. പട്ടിണികിടന്ന് മരിക്കാറായ കുഞ്ഞിന് ഒരയല്‍വാസി ഭക്ഷണം കൊടുത്തു.

ബാല്യകാലത്തുതന്നെ പീറ്ററിന്റെ മാതാപിതാക്കള്‍ മരിച്ചു. പീറ്ററിന്റെ ഭക്തിയും സാമര്‍ത്ഥ്യവും മനസിലാക്കിയ അവന്റെ വൈദിക സഹോദരന്‍ പീറ്ററിന്റെ ഒപ്പം കൂട്ടി. അവന് നല്ല വിദ്യാഭ്യാസം നല്‍കി. 25-ാം വയസില്‍ അവന്‍ അധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് ജോലി ഉപേക്ഷിച്ച് 28-ാം വയസില്‍ സന്യാസിയായി.

അതിരുകടന്ന പ്രായശ്ചിത്തമാണ് അദ്ദേഹം ചെയ്തിരുന്നത്. 1043-ല്‍ പ്രിയോര്‍ സ്ഥാനം ഏറ്റെടുത്ത് മരണം വരെ തുടര്‍ന്നു. തിരുസഭയുടെ നവീകരണത്തിലും അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹത്തെ 1057-ല്‍ ഓസ്ട്രിയായിലെ മെത്രാനാക്കുകയും കര്‍ദ്ദിനാളായി ഉയര്‍ത്തുകയും ചെയ്തു. കരുണാമസൃണനായ അദ്ദേഹത്തിന്റെ നയം പല കേസുകളും തര്‍ക്കങ്ങളും മാധ്യസ്ഥം പറഞ്ഞു തീര്‍ക്കുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ട്. 1072 ഫെബ്രുവരി 21-ന് പീറ്റര്‍ ഡാമിയന്‍ നിര്യാതനായി. 1828-ല്‍ 12-ാം ലിയോ മാര്‍പാപ്പ അദ്ദേഹത്തെ വേദപാരംഗതനെന്ന് നാമകരണം ചെയ്തു.

Exit mobile version