ഫെബ്രുവരി 24: വിശുദ്ധ എഥെല്‍ബെര്‍ട്ട്

560-ല്‍ കെന്റിലെ രാജാവായി സ്ഥാനാരോഹണം ചെയ്ത എഥെല്‍ബെര്‍ട്ട് ഏദാമെന്റിക്കിന്റെ ഏക പുത്രിയായ ബെര്‍ത്തായെ വിവാഹം കഴിച്ചു. തന്നിമിത്തം അദ്ദേഹത്തിന്റെ ശക്തി അത്യധികം വര്‍ദ്ധിച്ചു. ഏഥെല്‍ബെര്‍ട്ട് ഓഡിന്റെ ആരാധകനായിരുന്നു. ബെര്‍ത്താ ക്രിസ്ത്യാനിയും. 597 ജൂണ്‍ 21-ന് പെന്തക്കുസ്താ തിരുനാള്‍ ദിവസം ഏഥെല്‍ബെര്‍ട്ട് ജ്ഞാനസ്‌നാനം സ്വീകരിച്ചു. രാജാവിനെ അനുകരിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പതിനായിരം പേര്‍ ജ്ഞാനസ്‌നാനപ്പെട്ടു.

ക്രിസ്തു തന്റെ ഹൃദയത്തിലും പ്രജകളുടെ ഹൃദയങ്ങളിലും രാജാവായി വാഴണമെന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. പ്രായശ്ചിത്തവും പ്രാര്‍ത്ഥനാചൈതന്യവും അദ്ദേഹത്തില്‍ വെട്ടിത്തിളങ്ങിയിരുന്നു. ആത്മപരിത്യാഗവും അദ്ധ്വാനവും ജാഗരണവുമായിരുന്നു അവയുടെ നിദാനം. വിഗ്രഹാരാധന അദ്ദേഹം വിലക്കി. സ്വന്തം അരമന ആര്‍ച്ച് ബിഷപ്പിനു വിട്ടുകൊടുത്തു. പല പള്ളികളും സ്ഥാപിച്ചു. അമ്പത്താറുകൊല്ലത്തെ വാഴ്ച്ചയ്ക്കു ശേഷം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. സന്മനസുണ്ടെങ്കില്‍ സമ്പത്തോ പ്രഭുത്വമോ രാജത്വമോ വിശുദ്ധിക്ക് പ്രിതിബന്ധമല്ല എന്ന് എഥെല്‍ബെര്‍ട്ടിന്റെ ജീവിതം തെളിയിക്കുന്നു.

Exit mobile version