മാര്‍ച്ച് 3: വിശുദ്ധ മാരിനൂസ്

സേസരെയായില്‍ സമ്പത്തുകൊണ്ടും കുടുംബമഹിമകൊണ്ടും പ്രസിദ്ധനായിരുന്നു മാരിനൂസ്. 272-ല്‍ ഒരു ശതാധിപന്റെ ജോലി ഒഴിവു വന്നപ്പോള്‍ മാരിനൂസിന് ആ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുണ്ടായി. അതു മനസ്സിലാക്കിയ ഒരാള്‍ പറഞ്ഞു: ‘മാരിനൂസ് ക്രിസ്ത്യാനിയായതുകൊണ്ട് നിയമപ്രകാരം അദ്ദേഹത്തെ ആ ജോലിക്കു നിയമിക്കാവുന്നതല്ല.’

പാലസ്തീന ഗവര്‍ണര്‍ അക്കെയൂസ് മാരിനൂസിനോടു ചോദിച്ചു: ‘താങ്കള്‍ ക്രിസ്ത്യാനിയാണോ?’ അതെയെന്ന് മാരിനൂസ് മറുപടി നല്‍കി. ‘ആലോചിച്ച് ഉത്തരം പറയൂ. മൂന്നു മണിക്കൂര്‍ തരാം ചിന്തിക്കാന്‍’ ഗവര്‍ണര്‍ പറഞ്ഞു. സ്ഥലത്തെ മെത്രാനായ തെയോടെക്ക്‌നൂസ് ഇതറിഞ്ഞ് ന്യായാസനത്തിലെത്തി മാരിനൂസിനെ ദേവാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം അണിഞ്ഞിരുന്ന ഖഡ്ഗവും ഒരു സുവിശേഷ ഗ്രന്ഥവും കാണിച്ചുകൊണ്ട് ബിഷപ് പറഞ്ഞു: ‘ഇതില്‍ താങ്കള്‍ക്ക് ഏതു വേണം.’ ഒരു സംശയവും കൂടാതെ മാരിനൂസ് സുവിശേഷ ഗ്രന്ഥത്തിനായി കൈനീട്ടി.

ബിഷപ് പറഞ്ഞു: ‘ദൈവത്തോടു നിരന്തരം ചേര്‍ന്നു നില്‍ക്കുക. അവിടുന്ന് താങ്കളെ ശക്തിപ്പെടുത്തിക്കോളും.’

വീണ്ടും മാരിനൂസ് ന്യായാധിപന്റെ അടുക്കലെത്തി. മുമ്പത്തെക്കാള്‍ തീഷ്ണതയോടെ വിശ്വാസം ഏറ്റുപറഞ്ഞു. ഉടനടി അദ്ദേഹത്തിന്റെ തലയറുത്തു. അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. സ്വര്‍ഗ്ഗത്തിലേക്ക് കുരിശിന്റെ മാര്‍ഗ്ഗമല്ലാതെ മറ്റൊന്നില്ലെന്ന് വിശുദ്ധ മാരിനൂസിന്റെ ജീവിതം ഓര്‍മിപ്പിക്കുന്നു.

മാര്‍ച്ച് 2: വിശുദ്ധ പ്രോസ്‌പെര്‍

വിശുദ്ധ അഗസ്തിനോസിന്റെ ഒരു ശിഷ്യനായിരുന്നു അക്വിറ്റെയിനിലെ പ്രോസ്‌പെര്‍. അദ്ദേഹം പ്രൊവെന്‍സില്‍ ജനിച്ചു. പഠനത്തിലും പ്രസംഗകലയിലും തീഷ്ണതയിലും അദ്ദേഹം എത്രയും പ്രശസ്തനായിരുന്നു. സെമിപെലാജിയന്‍ വാദങ്ങള്‍ക്കെതിരെ ആദ്യം ഏറ്റുമുട്ടിയത് പ്രോസ്‌പെറാണ്.

വിശ്വാസത്തിന്റെയും സല്‍പ്രവൃത്തികളുടേയും ആരംഭത്തിനു വരപ്രസാദം വേണ്ടെന്ന് വാദിച്ച സെമിപെലാജിയന്‍ സിദ്ധാന്തത്തിനെതിരായി ‘വരപ്രസാദവും സ്വതന്ത്രമനസും’ എന്ന വിഷയത്തെപ്പറ്റ് പ്രോസ്‌പെര്‍ ഒരു ഗ്രന്ഥമെഴുതി. 431-ല്‍ അദ്ദേഹം റോമയില്‍ പോയി സെലസ്റ്റിന്‍ മാര്പാപ്പയെ കണ്ടു വരപ്രസാദത്തെപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ അദ്ദേഹത്തെ ഗ്രഹിപ്പിച്ചു. മാര്‍പാപ്പ ഗോളിലെ മെത്രാന്‍മാര്‍ക്ക് ഒരു തിരുവെഴുത്ത് പ്രോസ്‌പെറിന്റെ കൈവശം കൊടുത്തയച്ചു. ഗോളിലേക്ക് മടങ്ങിയ ശേഷം പ്രോസ്‌പെര്‍ പ്രസാദവരവും സ്വതന്ത്രമനസും എന്ന വിഷയം തുടര്‍ന്നു പഠിച്ചു. സെമിപെലാജിയന്‍ നേതാവായ കാസിയന്റെ വാദമുഖങ്ങളെ അദ്ദേഹം തകര്‍ത്തു. 65-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

Exit mobile version