ഏപ്രില്‍ 13: വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ

ടസ്‌കനിയില്‍ ജനിച്ച മാര്‍ട്ടിന്‍ 649-ലാണ് പേപ്പല്‍ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തത്. അന്ന് ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളും അവിടത്തെ പേട്രിയാര്‍ക്ക് പൗരസ്ത്യസഭയില്‍ സ്വാധീനമുള്ള ഒരു നേതാവുമായിരുന്നു. ക്രിസ്തുവില്‍ മാനുഷിക മനസ്സില്ലെന്നുള്ള ഒരു തത്വം പേട്രിയാര്‍ക്കും ചക്രവര്‍ത്തിയും സ്വീകരിച്ചിരുന്നു. മാര്‍ട്ടിന്‍ പാപ്പാ ലാറ്ററനില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടി സൂനഹദോസ് പേട്രിയാര്‍ക്ക് സെര്‍ജിയസ്സിനേയും ചക്രവര്‍ത്തി കോണ്‍സ്റ്റന്‍സു ദ്വിതീയനേയും ശപിച്ചു. ഇതിനു പ്രതികാരമായി 653-ല്‍ മാര്‍പ്പാപ്പായെ നാക്‌സോസിലേക്ക് നാടുകടത്തി. ഒരു വര്‍ഷം കഴിഞ്ഞ് പേരിന് ഒരു വിചാരണ നടത്തി മാര്‍പ്പാപ്പായെ വധിക്കാന്‍ നിശ്ചയിച്ചു. ചെര്‍സൊണീസു ജയിലില്‍വച്ചു മാര്‍പ്പാപ്പാ പട്ടിണി കിടന്ന് മരിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ കാനോന നമസ്‌ക്കാരത്തില്‍ മാര്‍ട്ടിനെ ഇപ്രകാരം പ്രകീര്‍ത്തിച്ചിരിക്കുന്നു: ‘ഓര്‍ത്തഡോക്‌സ് വിശ്വാസം നിര്‍വ്വചിച്ചവനേ, ദിവ്യസത്യങ്ങളുടെ കാവല്ക്കാരനേ, അബദ്ധത്താല്‍ മലിനമാകാത്തവനേ, പാഷണ്ഡതയെ ശാസിക്കുന്ന സത്യവാനേ, മെത്രാന്മാരുടെ അടിസ്ഥാനമേ, ഓര്‍ത്തഡോക്‌സ് വിശ്വാസത്തിന്റെ സ്തംഭമേ, മതാദ്ധ്യാപകനേ, പത്രോസിന്റെ സിംഹാസനത്തെ അങ്ങ് അലങ്കരിക്കുന്നു. ഈ ദിവ്യമായ ശിലയില്‍ നിന്നുകൊണ്ട് തിരുസ്സഭയെ അങ്ങ് അചഞ്ചലമായി കാത്തുസൂക്ഷിച്ചു. ഇപ്പോളിതാ പത്രോസിനോടുകൂടെ അങ്ങ് മഹത്വീകൃതനായിരിക്കുന്നു.’

Exit mobile version