സമര്‍പ്പിതര്‍ വെല്ലുവിളികളെ അതിജീവിക്കേണ്ടവര്‍: ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍

താമരശ്ശേരി രൂപത സംഘടിപ്പിച്ച വൈദിക സന്യസ്ത സംഗമത്തില്‍ സമര്‍പ്പിത ജീവിതത്തിലെ വെല്ലുവിളികളെയും പരിഹാര മാര്‍ഗങ്ങളെയുംകുറിച്ച് അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു. ബിഷപ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

സമര്‍പ്പിത ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്താന്‍ ഇന്ന് പലര്‍ക്കും സാധിക്കുന്നില്ല. പല വൈദികരും സന്യസ്തരും നിരാശയിലേക്ക് കൂപ്പുകുത്തുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നു. കര്‍ത്താവിനെ പിന്തുടരുന്നവര്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ചിന്തിക്കണം. ശ്രേഷ്ഠമായത് കണ്ടെത്തി എന്ന ചിന്തയില്‍ നിന്നാണ് സന്തോഷവും സംതൃപ്തിയും ഉണ്ടാകുന്നത്. ഉപേക്ഷിച്ചതിനെക്കാളും വലുത് കണ്ടെത്തിയാല്‍ മാത്രമേ സന്തോഷം സ്വന്തമാകു. കണ്ടെത്താന്‍ വേണ്ടിയുള്ള ഉപേക്ഷിക്കലാണ് സുവിശേഷം ആവശ്യപ്പെടുന്നത്. ക്രിസ്തുവിനെ നേടാന്‍, ക്രിസ്തുവിനോടു ചേര്‍ന്നിരിക്കാനാണ് നമ്മള്‍ ഉപേക്ഷിക്കേണ്ടത്. അല്ലെങ്കില്‍ വേദനിക്കേണ്ടി വരും. നിരന്തരമായ യേശുവിനെ കണ്ടെത്തല്‍ ആവശ്യമാണ്. വെറുതെ ഉപേക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. ജീവിതത്തില്‍ നിരന്തരം യേശുവിനെ കണ്ടെത്താന്‍ സാധിക്കണം.

ആഴമായ ദൈവാനുഭവത്തില്‍ കുറവു വരുമ്പോഴാണ് നിര്‍വികാരത ഉണ്ടാകുന്നത്. ക്രിസ്തുവിനെ കണ്ടിട്ടുള്ളവര്‍ക്കും കേട്ടിട്ടുള്ളവര്‍ക്കും നിര്‍വികാരതയുണ്ടാകില്ല. നിര്‍വികാരത പതിയെ പതിയെ സന്യസ്ത ജീവിതത്തെ തകര്‍ത്തു കളയും. പല തിന്മകളെയുംകാള്‍ അപകടകരമാണ് നിര്‍വികാരത. യേശുവിനോടുള്ള ആഴമായ സ്‌നേഹം വ്യക്തി ജീവിതത്തില്‍ വളര്‍ത്തിയെടുക്കുമ്പോള്‍ നിഷ്‌ക്രിയത വഴിമാറും. ഉള്ളില്‍ നിന്നാണ് നാം തീകൂട്ടേണ്ടത്. പുറമേ നിന്ന് തീകൂട്ടാന്‍ ആര്‍ക്കും സാധിക്കില്ല.

സമൂഹത്തിന്റെ മാറ്റം വേഗത്തിലാണ്. അതിനൊപ്പമെത്താന്‍ നമുക്ക് കഴിയുന്നില്ല. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയണം. മാറ്റങ്ങളോടു ക്രിയാത്മകമായി ഇടപെടണം. മാറ്റങ്ങള്‍ മനസ്സിലാക്കണം. ശക്തമായ പദ്ധതിയോടെ മുന്നോട്ടു പോകണം.

ക്രിസ്ത്യാനികള്‍ വിദേശികളാണെന്നു പറയുന്ന കാലമാണ് ഇത്. ക്രിസ്ത്യാനികളെക്കുറിച്ചുള്ള വികലമായ ധാരണകള്‍ സമൂഹത്തില്‍ പരത്താന്‍ ചില ശക്തികള്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സന്യസ്തരെ താറടിച്ചു കാണിക്കുകയും പൗരോഹിത്യത്തെ വിലകുറച്ചു കാണുകയും ചെയ്യുന്ന ഈ കാലത്ത് ആശയ ദൃഢതയോടെ മുന്നോട്ടു പോകാന്‍ സാധിക്കണം. സമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങള്‍ക്കുള്ള മറുപടി അതേ മാധ്യത്തിലൂടെ തന്നെ നല്‍കണം. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ എല്ലാ സമര്‍പ്പിതരും ശ്രദ്ധിക്കണം. സമൂഹ മാധ്യമങ്ങളെ പ്രേഷിത പ്രവര്‍ത്തനത്തിന് ഉപയോഗിക്കണം.

പ്രതിസന്ധികള്‍ അകത്തു നിന്നും പുറത്തു നിന്നും സഭയെ ബലഹീനയാക്കുന്ന കാലമാണിത്. പ്രേഷിത പ്രവര്‍ത്തനമാണ് സഭയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ഏക മാര്‍ഗം. പ്രേഷിത ചൈതന്യം കുറഞ്ഞു പോകുമ്പോഴാണ് തകര്‍ച്ചകള്‍ ആരംഭിക്കുന്നത്. ജീവവായുവാണ് പ്രേഷിത പ്രവര്‍ത്തനം. പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രേഷിത ചൈതന്യം വേണം. എല്ലാ സുവിശേഷങ്ങളും അവസാനിക്കുന്നത് പ്രേഷിത പ്രവര്‍ത്തനമെന്ന ആഹ്വാനത്തോടെയാണ്. സുവിശേഷം പ്രസംഗിക്കുകയെന്നതാണ് നമ്മുടെ പ്രധാന കടമ.

കൂട്ടായ്മയുടെ ആഘോഷമായി ‘അര്‍പ്പിതം 2024’

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അര്‍പ്പിതം 2024’ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും ആഘോഷമായി. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന സംഗമത്തില്‍ ആയിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്തു.

സഭയാകുന്ന വലിയ രഹസ്യത്തിലേക്കാണ് ഓരോ സമര്‍പ്പിതരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സഭയുടെ തൂണും സത്യത്തിന്റെ കോട്ടയുമാണ് അവരെന്നും ആമുഖ പ്രഭാഷണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

‘യേശുവിന്റെ ശരീരത്തെയാണ് ഓരോ സമര്‍പ്പിതരും ശുശ്രൂഷിക്കുന്നത്. കൂട്ടായ്മയോടെ ഒരുമിച്ചു നില്‍ക്കുന്നത് വലിയൊരു പ്രേഷിത പ്രവര്‍ത്തനമാണ്. പ്രതിസന്ധികളും വെല്ലുവിളികളും എല്ലാ കാലവും ഉണ്ടാകും. അതിനെ നാം സമീപിക്കുന്നത് എങ്ങനെയെന്നതാണ് പ്രധാനം. ദൈവം നമ്മുടെ കൂടെയുണ്ടെന്ന് എപ്പോഴും ഓര്‍ക്കണം’ – ബിഷപ് കൂട്ടിച്ചേര്‍ത്തു.

താമരശ്ശേരി രൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വൈദിക സന്യസ്ത സംഗമം സംഘടിപ്പിക്കുന്നതെന്ന് ബിഷപ് പറഞ്ഞു. രൂപതയില്‍ നിന്ന് വൈദികരും സന്യസ്തരുമായ 3000-ല്‍ അധികം പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നുണ്ട്.

സൗഹൃദവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈദിക സന്യസ്ത സംഗമം സംഘടിപ്പിക്കുകയെന്നത് റെമീജിയോസ് പിതാവിന്റെ ആഗ്രഹമായിരുന്നെന്ന് സ്വാഗത പ്രസംഗത്തില്‍ രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ പറഞ്ഞു.

ഡോ. ജെയിംസ് കിളിയനാനി രചിച്ച രണ്ടു ഗ്രന്ഥങ്ങള്‍ ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. അഭിഷിക്തനും അഭിഷേകവും എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രതി മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ ഏറ്റുവാങ്ങി. വിശ്വാസത്തിന്റെ വിജയാഘോഷം എന്ന ഗ്രന്ഥത്തിന്റെ ആദ്യ പ്രതി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറിയില്‍ ഏറ്റുവാങ്ങി.

Exit mobile version