വത്തിക്കാനിലെ സാന്താ മാര്‍ത്താ വസതിയില്‍ വീണ് ഫ്രാന്‍സിസ് പാപ്പയുടെ വലതു കൈയ്ക്കു പരിക്കേറ്റു. പൊട്ടല്‍ ഇല്ലെങ്കിലും സ്ലിങ്ങിട്ടാണ് പാപ്പ പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു മുമ്പ് ഡിസംബര്‍ ഏഴിന് വീണ് താടിക്ക് ചതവ് വന്നിരുന്നു.
എണ്‍പത്തിയെട്ടുകാരനായ പാപ്പയെ ബ്രോങ്കൈറ്റിസ് ഉള്‍പ്പടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. നടക്കാനായി വാക്കറോ, ഊന്നുവടിയോ കരുതുന്ന പാപ്പ കാല്‍മുട്ട് വേദനയെത്തുടര്‍ന്ന് മിക്കപ്പോഴും പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കാറുണ്ട്.
വന്‍കുടല്‍ ശസ്ത്രക്രിയയ്ക്കും പാപ്പ വിധേയനായിട്ടുണ്ട്. ചെറുപ്പകാലത്ത് കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുമ്പോഴും രാജിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ദൈവരാജ്യ പ്രഘോഷണത്തില്‍ മുഴുകാനാണ് താല്‍പ്പര്യമെന്നും ഈയിടെ പുറത്തിറക്കിയ ആത്മകഥയില്‍ പാപ്പ പറയുന്നു.