ഏപ്രില്‍ 19: വിശുദ്ധ ലെയോ ഒന്‍പതാം മാര്‍പാപ്പ

ഇപ്പോള്‍ ഫ്രാന്‍സിന്റെ ഭാഗമായ ആല്‍സെസ് എന്ന രാജ്യത്ത് കോണ്‍റാഡ് ചക്രവര്‍ത്തിയോട് ബന്ധപ്പെട്ട ഒരു കുടുംബത്തില്‍ 1002-ല്‍ ലെയോ ഭൂജാതനായി. ജ്ഞാനസ്‌നാന നാമം ബ്രൂണോ എന്നായിരുന്നു. ടൂളിലെ ബിഷപ് ബെര്‍ത്തോള്‍ഡാണ് കുട്ടിക്ക് വിദ്യാഭ്യാസം നല്കിയത്. വിദ്യാഭ്യാസശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ കാനനായി. അക്കാലത്ത് പ്രാര്‍ത്ഥനയും ജ്ഞാനവായനയും പഠനവുമായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഉല്ലാസസമയത്ത് ആശുപത്രി സന്ദര്‍ശിക്കുകയോ സാധുക്കളെ പഠിപ്പിക്കുകയോ ചെയ്തുകൊണ്ടിരുന്നു. 1026-ല്‍ 24-ാമത്തെ വയസ്സില്‍ ടൂളിലെ ബിഷപ്പായി നിയമിതനായിയെന്നു പറയുമ്പോള്‍ ബ്രൂണോയുടെ വിദ്യാഭ്യാസവും സുകൃതവും എത്ര ശ്രേഷ്ഠമായിരുന്നിരിക്കണം. വൈദികരുടെയും സന്യാസികളുടെയും ജീവിതപരിഷ്‌കരണമായിരുന്നു യുവാവായ ബിഷപ്പിന്റെ പ്രഥമലക്ഷ്യം. കാനോന നമസ്‌കാരവും ദൈവാലയഗാനങ്ങളും ഉചിതമായി ചൊല്ലുന്നതിന് അദ്ദേഹം അത്യന്തം നിഷ്‌കര്‍ഷിച്ചു.

എളിമയുടെ പരിശീലനത്തിനായി ദിവസംതോറും ഏതാനും ദരിദ്രരുടെ പാദങ്ങള്‍ ബിഷപ്പ് ബ്രൂണോ കഴുകുമായിരുന്നു. അനുസ്യൂത പ്രായശ്ചിത്തമായിരുന്നു ജീവിതം. ക്ഷമയും ശാന്തതയുമാകുന്ന കരങ്ങള്‍കൊണ്ടാണ് വൈരാഗ്യത്തെയും അസൂയയേയും വിജയിച്ചിരുന്നത്. വേംസില്‍ നടത്തിയ പ്രതിനിധി സമ്മേളനത്തില്‍ മാര്‍പാപ്പാസ്ഥാനത്തേക്ക് ബിഷപ് ബ്രൂണോയുടെ നാമം നിര്‍ദ്ദേശിച്ചപ്പോള്‍ ആ ഭാരത്തില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് കേണപേക്ഷിച്ചു. മൂന്നുദിവസത്തെ പ്രാര്‍ത്ഥനാപരമായ ചിന്തയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പിന് സമ്മതം കൊടുത്തത്. 1049 ഫെബ്രുവരി 12-ന് 47-ാമത്തെ വയസ്സില്‍ സാര്‍വത്രികമായ അംഗീകാരത്തോടെ ബിഷപ് ബ്രൂണോ പാപ്പാസ്ഥാനം ഏറ്റെടുത്തു.

അഞ്ചുകൊല്ലത്തെ ഭരണത്തിനിടയ്ക്ക് അഴിമതികള്‍ തിരുത്താന്‍ അദ്ദേഹം അങ്ങേയറ്റം പണിപ്പെട്ടു. വസ്തുഭേദത്തിനെതിരായി ബെറെങ്കേരിയൂസ് ഉന്നയിച്ച പാഷണ്ഡതയെ അദ്ദേഹം ശപിച്ചു. വെര്‍സെല്ലിയില്‍ സമ്മേളിച്ച പ്രാദേശിക സൂനഹദോസ് ആ ശാപം അംഗീകരിക്കുകയും ചെയ്തു. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ് മൈക്കള്‍ സെളാരിയൂസ് പൗരസ്ത്യശീശ്മ പൂര്‍ത്തിയാക്കി. ലെയോ പാപ്പയുടെ ഹൃദയത്തെ ഭേദിച്ച സംഭവമാണിത്.

നോര്‍മന്‍കാര്‍ പേപ്പല്‍ രാജ്യങ്ങള്‍ ആക്രമിക്കുകയും മാര്‍പാപ്പയെ തടവിലാക്കുകയും ചെയ്തു. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ജയില്‍ വാസം കഴിച്ചു. നിലത്താണ് മാര്‍പാപ്പ കിടന്നിരുന്നത്; ഒരു പാറക്കല്ലായിരുന്നു തലയണ, രോമച്ചട്ട ധരിച്ചിരുന്നു. ഒരു കൊല്ലത്തോളം ജയിലില്‍ കിടന്നു, അങ്ങനെ മാര്‍പാപ്പ രോഗിയായി. നോര്‍മന്‍കാര്‍ അദ്ദേഹത്തെ ബഹുമാനപൂര്‍വം റോമയിലെത്തിച്ചു. 1054 ഏപ്രില്‍ 19-ാം തീയതി ലെയോ മാര്‍പാപ്പ ദിവംഗതനായി.

Exit mobile version