ഗലീലിയിലുള്ള ബത്ത്സയിദായില്‍ നിന്നാണ് ഫിലിപ്പ്. പത്രോസും അന്ത്രയോസും വിളിക്കപ്പെട്ടതിന്റെ പിറ്റേദിവസമാണ് ഫിലിപ്പിന്റെ വിളി. ഫിലിപ്പ് അന്ന് വിവാഹിതനായിരുന്നു. ധാരാളം പെണ്‍മക്കളുമുണ്ടായിരുന്നു. എന്നിട്ടും കര്‍ത്താവിനെ അനുധാവനം ചെയ്യാന്‍ അത് ഒരു പ്രതിബന്ധമായിരുന്നില്ല. നിയമവും പ്രവചനവും വായിച്ച് രക്ഷകനെ കണ്ടുപിടിക്കാന്‍ ഉല്‍സുകനായിരിക്കുമ്പോഴാണ് ഈശോയുടെ വിളി. രക്ഷകനെ ഗ്രഹിച്ച ഉടനെ തന്റെ ഭാഗ്യത്തില്‍ നഥാനിയേലിനെ പങ്കുകാരനാക്കി (യോഹ 1:43)
അയ്യായിരം പേര്‍ക്ക് അപ്പം വര്‍ധിപ്പിച്ചുകൊടുക്കുന്നതിന് മുമ്പ് ഫിലിപ്പിന്റെ വിശ്വാസം പരീക്ഷിക്കാന്‍വേണ്ടി ഈശോ ചോദിച്ചു: ‘ഇവര്‍ക്കു ഭക്ഷിക്കാന്‍ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?’ (യോഹ 65) ഫിലിപ്പിന്റെ മറുപടി: ”ഇവര്‍ക്കോരോരുത്തര്‍ക്കും അല്പമെങ്കിലും ലഭിക്കാന്‍ ഇരുന്നൂറു ദനാറയുടെ അപ്പം മതിയാകയില്ല’ (യോഹ. 4:7).
പിതാവിനെ അറിയുന്നവന്‍ തന്നെയും അറിയുമെന്ന് ഈശോ പ്രസ്താവിച്ചതു കേട്ടപ്പോള്‍ ഫിലിപ്പ് അവിടുത്തോട് അഭ്യര്‍ഥിച്ചു. കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്ക് കാണിച്ചുതരിക. അങ്ങള്‍ക്ക് അതുമാത്രം മതി.
പെന്തക്കുസ്ത കഴിഞ്ഞ് അദ്ദേഹം ഫ്രീജിയായില്‍ സുവിശേഷം പ്രസംഗിക്കുകയും ഹീറാപ്പോളീസില്‍ വച്ച് രക്തസാക്ഷിത്വമകുടം ചൂടുകയും ചെയ്തു എന്നാണ് പാരമ്പര്യം!
സെബദി പുത്രനായ യാക്കോബില്‍ നിന്ന് തിരിച്ചറിയാനാണ് ചെറിയ യാക്കോബ് എന്ന് ഈ അപ്പസ്‌തോലനെ വിളിക്കുന്നത്. അന്‍ഫേയൂസിന്റെയും ദൈവമാതാവിന്റെ ഒരു സഹോദരിയായ മേരിയുടെയും മകനത്രേ ഈ യാക്കോബ്. ഇദ്ദേഹത്തിന്റെ സഹോദരനാണ് വിശുദ്ധ യൂദാ. യാക്കോബിന്റെ രക്തസാക്ഷിത്വം ഹേജേസിപ്പൂസ് വിവരിക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസം നിഷേധിക്കുവാന്‍ യഹൂദന്മാര്‍ യാക്കോബിനോട് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം കോട്ടയില്‍ കയറി നിന്നു പറഞ്ഞു. മനുഷ്യപുത്രനായ യേശു സര്‍വ്വനാഥന്റെ വലതുഭാഗത്ത് ഇരിക്കുന്നു. നിയമജ്ഞരും ഫരിസെയരും ഉടനെ ഉദ്‌ഘോഷിച്ചു. നീതിമാനായ മനുഷ്യനും അബദ്ധം പുലമ്പുന്നു. അവര്‍ കയറിച്ചെന്ന് അദ്ദേഹത്തെ താഴേക്ക് തള്ളിയിട്ടു. താഴെ നിന്നിരുന്നവര്‍ അദ്ദേഹത്തെ അടിച്ചുകൊന്നു. ചക്രവര്‍ത്തിയുടെ വാഴ്ചയുടെ പത്താം വര്‍ഷം 62 ഏപ്രില്‍ പത്താം തീയതി പെസഹാ തിരുനാള്‍ ദിവസം ആയിരുന്നു ഈ രക്തസാക്ഷിത്വം. വി. ഫിലിപ്പ് പരിശുദ്ധമായ ആഗ്രഹങ്ങള്‍ക്ക്, വിശ്വാസത്തിന് പ്രാധാന്യം നല്‍കുന്നു. യാക്കോബ് പ്രവര്‍ത്തിക്കും. രണ്ടും നമുക്ക് ഒരുപോലെ ആവശ്യമുള്ളതാകയാല്‍ ഈ രണ്ട് അപ്പസ്‌തോലന്മാരുടെ തിരുനാള്‍ ഒരുമിച്ച് ആഘോഷിക്കുന്നു.