മേയ് 7: വിശുദ്ധ ഫ്‌ളാവിയാ ഡൊമിട്ടില്ലാ

വിശുദ്ധ ഫ്‌ളാവിയൂസു ക്‌ളമന്റിന്റെ സഹോദര പുത്രിയാണ് ഫ്‌ളാവിയാ ഡൊമിട്ടില്ല. ഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ കല്പനയനുസരിച്ച് ഈ കന്യക പോണ്‍ഷിയാ എന്ന കൊച്ചുദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഡൊമിട്ടില്ലായുടേയും അവളുടെ ഭൃത്യരായ നെറെയൂസ്സിന്റെയും അക്കില്ലസ്സിന്റേയും ശിരസ്സുകള്‍ ഒരുമിച്ച് ഛേദിക്കപ്പെട്ടു.

വേറൊരു ചരിത്രവുംകൂടി പ്രചാരത്തിലുണ്ട്. രാജകുമാരി ഡൊമിട്ടില്ലാ ക്രിസ്ത്യാനിയാകുകയും ഒരു വിജാതീയനെ വിവാഹം കഴിക്കാന്‍ വൈമുഖ്യം പ്രദര്‍ശിപ്പിക്കുകയും ചെയ്തപ്പോള്‍ അവളെ നാടുകടത്തി. ടെറസീനായില്‍ വച്ച് ഫ്‌ളാവിയായുടെ വളര്‍ത്തുസഹോദരിമാരായ എവുപ്രോസീനായും തെയോഡോറയുമൊരുമിച്ച് അവള്‍ രക്തസാക്ഷിത്വ മകുടം ചൂടി. ഈ സംഭവം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലോ രണ്ടാം നൂറ്റണ്ടിന്റെ ആരംഭത്തിലോ ആണെന്ന് പറയപ്പെടുന്നു.

ഒന്നാം ശതാബ്ദത്തില്‍ റോമന്‍ രാജകുടുംബത്തിലെ ഒരു കന്യകയില്‍ ഇത്രയും ധീരത പ്രകടമായത് നമ്മളെ വിസ്മയിപ്പിക്കേണ്ടതല്ലേ? ബന്ധുജനങ്ങള്‍ ക്രിസ്തുമത മര്‍ദ്ദകരായിരിക്കേ, ഈ രാജകുമാരി രാജകീയ പദവിയും സ്ഥാനവും ക്രിസ്തുവിനെപ്രതി പരിത്യജിച്ചതു നമുക്ക് പ്രചോദനമായിരിക്കട്ടെ.

മെയ് 6: വിശുദ്ധ ഡൊമിനിക് സാവിയോ

1842 ഏപ്രില്‍ രണ്ടിന് ഇറ്റലിയില്‍ റീവാ എന്ന പ്രദേശത്ത് ചാള്‍സ് – ബ്രിജീത്താ എന്നീ ദരിദ്രമാതാപിതാക്കന്മാരില്‍നിന്ന് ഡൊമിനക് ജനിച്ചു. അനുസരണയിലും സ്‌നേഹത്തിലും അവന്‍ വളര്‍ന്നു. കുട്ടിയായിരുന്ന ഡൊമിനിക് മാതാപിതാക്കന്മാരോട് പ്രദര്‍ശിപ്പിച്ചിരുന്ന സ്‌നേഹത്തിന് ഒരുദാഹരണം പറയാം. തൊഴില്‍ കഴിഞ്ഞുവരുന്ന പിതാവിന്റെ കൈയിലോ കഴുത്തിലോ പിടിച്ചിട്ട് അവന്‍ പറയും: ”പ്രിയ അപ്പാ, അപ്പന്‍ വളരെ ക്ഷീണിച്ചുവല്ലേ? അപ്പന്‍ എനിക്കുവേണ്ടി കഠിനവേല ചെയ്യുന്നു. ഞാന്‍ അപ്പന് ഒരസഹ്യ ഹേതുവാണ്. അപ്പനും അമ്മയ്ക്കും ആരോഗ്യം തരാനും ഞാന്‍ ഒരു നല്ല കുട്ടിയാകുവാനും ദൈവത്തോട് പ്രാര്‍ത്ഥിക്കും.” വീടിനുള്ളില്‍ കയറിക്കഴിയുമ്പോള്‍ ചെറിയകാര്യങ്ങളില്‍ അവന്‍ അപ്പനെ പരിചരിക്കും. നാല് വയസ്സായതില്‍പ്പിന്നെ ഒരിക്കലും പ്രഭാതജപം, രാത്രിജപം, ഭക്ഷണത്തിനുള്ള പ്രാര്‍ത്ഥനകള്‍, ത്രികാല ജപം എന്നിവ അവനെ അനുസ്മരിപ്പിക്കേണ്ടിയിരുന്നില്ല. മാതാപിതാക്കന്മാര്‍ മറന്നാല്‍ അവന്‍ അവരെ ഓര്‍മ്മിപ്പിച്ചിരുന്നു.

രണ്ട് നാഴിക നടന്നാണ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയത് ഏഴാമത്തെ വയസ്സില്‍ അവന്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. തലേദിവസം അവന്‍ അമ്മയോട് പറഞ്ഞു: ‘ഞാന്‍ ആദ്യകുര്‍ബാന സ്വീകരിക്കാന്‍ പോകയാണ്. എന്റെ കുറ്റങ്ങളെല്ലാം എന്നോട് ക്ഷമിക്കണമേ. ഭാവിയില്‍ ഞാന്‍ നന്നായി പെരുമാറിക്കൊള്ളാം. ഞാന്‍ ക്ലാസ്സില്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. കൂടുതല്‍ ആദരവും അനുസരണയുമുള്ളവനായിരിക്കും. അമ്മ പറയുന്നതെല്ലാം ഞാന്‍ ചെയ്യും.’ അമ്മ ആനന്ദാശുക്കള്‍ പൊഴിച്ചു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണധ്യാനത്തില്‍ അവന്‍ എടുത്ത പ്രതിജ്ഞകള്‍ എല്ലാ കുട്ടികള്‍ക്കും മാതൃകയായിരിക്കും.

  1. ഞാന്‍ അടുക്കലടുക്കല്‍ കുമ്പസാരിക്കും: കുമ്പസാരക്കാരന്‍ അനുവദിക്കുന്നതനുസരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കും.
  2. കടമുള്ള ദിവസങ്ങള്‍ ഞാന്‍ വിശുദ്ധമായി ആചരിക്കും.
  3. ഈശോയും മറിയവും എന്റെ സ്‌നേഹിതന്മാരായിരിക്കും
  4. പാപത്തേക്കാള്‍ മരണം ഭേദം

പത്താമത്തെ വയസ്സില്‍ വീട്ടില്‍നിന്ന് ദിനംപ്രതി 14 കിലോമീറ്റര്‍ നടന്ന് കാസ്റ്റെല്‍നോവോയില്‍ പഠനമാരംഭിച്ചു. 1852-ല്‍ സാവിയോ മോണ്ടോനോയോയിലേക്കു കുടുംബം താമസം മാറ്റി. 1854-ല്‍ ഡൊമിനിക് പൗരോഹിത്യത്തെ ഉദ്ദേശിച്ച് ടൂറിനിലുള്ള ഡോണ്‍ബോസ്‌കോയുടെ ഓററ്ററിയില്‍ ചേര്‍ന്നു. അവിടെ അവന്‍ ഡോണ്‍ബോസ്‌കോയുടെ കണ്ണിലുണ്ണിയായി. അക്കൊല്ലമാണ് ദൈവമാതാവിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. അന്നത്തെ ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഡോമിനിക്കു ഉരുവിട്ടു: ‘ഓ മറിയമേ, എന്റെ ഹൃദയം അങ്ങേക്കു തരുന്നു. അത് എന്നും നിന്റേതായി സൂക്ഷിക്കണമേ. ഈശോ മറിയമേ, എന്റെ സ്‌നേഹിതരായിരിക്കേണമേ.’ അധികാരികളുടെ അനുവാദത്തോടുകൂടി അമലോത്ഭവ ഭക്തി പ്രോത്സാഹിപ്പിക്കാനായി 1856-ല്‍ ഡോമിനിക്കു ഒരു സൊഡാലിറ്റി സ്ഥാപിച്ചു.

ഓറ്ററിയില്‍ പഠനത്തില്‍ സാമര്‍ത്ഥ്യമില്ലാത്തവരെ ഡൊമിനിക് സഹായിച്ചിരുന്നു. അന്യര്‍ ചെയ്യുന്ന കുറ്റം അവന്‍ തലയില്‍ ആരോപിച്ച് ശാസിക്കപ്പെട്ടാലും അവന്‍ സ്വയം നീതികരിച്ചിരുന്നില്ല.

പരിശുദ്ധനായ ഈ ബാലന്‍ ലോകത്തില്‍ അധികം ജീവിക്കാന്‍ ദൈവം തിരുമനസ്സായില്ല. ഓറ്ററിയില്‍ വന്നപ്പോള്‍ ക്ഷീണിതഗാത്രനായിരുന്ന ഡൊമിനിക്ക് ഓറട്ടറിയിലെ 3 കൊല്ലത്തെ ജീവിതംകൊണ്ട് ഒന്നുകൂടി ക്ഷീണിതനായി. ഡോണ്‍ ബോസ്‌കോയുടെ ഒരു സ്‌നേഹിതന്‍ വല്ലൗരി കുട്ടിയെ പരിശോധിച്ചിട്ട് പറഞ്ഞു ഡൊമിനിക്കിന്റെ ജീവിതരീതി മാറുന്നത് നന്നായിരിക്കും എന്ന്. വളരെ മനസ്താപത്തോടെ അവന്‍ ഭവനത്തിലേക്ക് പോയി അവിടെ മരണത്തിനുള്ള ഒരുക്കമായിരുന്നു കുട്ടിയുടെ പ്രത്യേക ഭക്തി. 1857 മാര്‍ച്ച് ഒമ്പതിന് ഡൊമിനിക് സാവിയോ മരിച്ചു 1954 ജൂണ്‍ 12-ന് പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പ ഈ 15കാരനെ വിശുദ്ധന്‍ എന്ന് പ്രഖ്യാപനം ചെയ്തു

മെയ് 5: ജെറുസലേമിലെ വിശുദ്ധ ആഞ്ചെലൂസ്

ക്രിസ്തുമതത്തിലേക്ക് മാനസാന്തരപ്പെട്ട യഹൂദ മാതാപിതാക്കന്മാരില്‍ നിന്ന് വിശുദ്ധ നഗരമായ ജെറുസലേമില്‍ ആഞ്ചെല്ലൂസ് ജനിച്ചു. ഏകാന്തതയോട് ബാലനായ ആഞ്ചെല്ലൂസ് പ്രത്യേക താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. അതിനാല്‍ ആഞ്ചെലൂസ് കാര്‍മെല്‍ മലയില്‍ താമസിച്ചിരുന്ന സന്യാസികളുടെ ഗണത്തില്‍ ചേര്‍ന്നു. അന്ന് പ്രിയോരായിരുന്ന വിശുദ്ധ ബ്രോക്കാര്‍ഡ് കര്‍മ്മലീത്താ സഭ സ്ഥാപിച്ചുവെന്നു പറയാം. ജെറൂസലേമിലെ പേട്രിയാര്‍ക്ക് വിശുദ്ധ ആള്‍ബെര്‍ട്ട് പുതിയ സഭയ്ക്കുവേണ്ട നിയമം എഴുതിയുണ്ടാക്കി. 1203 പുതിയ സഭ രൂപംകൊണ്ടപ്പോള്‍ ആഞ്ചെലൂസ് ആ സഭയില്‍ അംഗമായി.

പുതിയ നിയമ സംഹിതയ്ക്ക് അംഗീകാരം വാങ്ങിക്കാന്‍ നിയുക്തനായത് ഫ്രായര്‍ ആഞ്ചെലൂസാണ്. അദ്ദേഹം റോമില്‍ പോയി മൂന്നാം ഹൊണോരിയൂസു മാര്‍പ്പാപ്പായെ കണ്ട് കാര്യം ബോധിപ്പിച്ചു. അവിടെനിന്ന് അദ്ദേഹം സിസിലിയില്‍ പോയി സുവിശേഷ പ്രസംഗം നടത്തി. അവിടെ അദ്ദേഹം സ്‌നാപക യോഹന്നാനെപ്പോലെ ഒരു ദുര്‍മ്മാര്‍ഗ്ഗിയെ ശാസിച്ചു. കുപിതനായ പാപി ഫ്രയര്‍ ആഞ്ചെലൂസിനെ വധിച്ചു.

Exit mobile version