മെയ് 25: വിശുദ്ധ ബീഡ്

735-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അന്തര്‍ ധാനം ചെയ്ത ആംഗ്ലോസാക്സന്‍ ചരിത്രകാരനാണ് വന്ദ്യനായ ബീഡ്. മരിച്ചിട്ട് താമസിയാതെതന്നെ നാട്ടുകാര്‍ നല്കിയ വന്ദ്യന്‍ എന്ന സ്ഥാനം വിശുദ്ധ പദപ്രാപ്തിക്കുശേഷവും അദ്ദേഹത്തിന്റെ നാമത്തോട് ചേര്‍ത്ത് ഉപയോഗിച്ചുവരുന്നുണ്ട്. വെയര്‍മൗത്തിലെ വിശുദ്ധ ബെനഡിക്ട് ബിസ്‌കോയിന്റെ ശിഷ്യനായിരുന്നു ബീഡ്.

702-ല്‍ അദ്ദേഹം പുരോഹിതനായി. പഠനവും എഴുത്തുമായിരുന്നു അദ്ദേഹത്തിന്റെ ജോലി ജാശോ എന്ന പ്രദേശത്തെ ആശ്രമത്തില്‍ 600 ശിഷ്യന്മാര്‍ക്ക് അദ്ദേഹം ശിക്ഷണം നല്കുകയുണ്ടായി. ഭക്തിയും പാണ്ഡിത്യവും പ്രാര്‍ത്ഥനാശീലവും മാതൃകാജീവിതവുമാണ് ഇത്രയുമധികം ശിഷ്യന്മാരെ തന്നിലേക്ക് ആകര്‍ഷിച്ചത്.

തത്വശാസ്ത്രം, പാട്ട്, പദ്യം, ഗണിതം, ഊര്‍ജ്ജതന്ത്രം, ചികിത്സ മുതലായ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. ഇംഗ്ലീഷു ചരിത്രകാരന്മാരുടെ പിതാവാണദ്ദേഹം. ആംഗ്ലോസാക്‌സന്‍ വിശുദ്ധന്മാരുടേയും സഭാപിതാക്കന്മാരുടേയും ജീവചരിത്രങ്ങള്‍ അദ്ദേഹമെഴുതി. മുപ്പതു പുസ്തകങ്ങളായി അദ്ദേഹം എഴുതിയിട്ടുള്ള വിശുദ്ധ ഗ്രന്ഥവ്യാഖ്യാനം വിശിഷ്ടമാണ്. മറ്റു 15 ഗ്രന്ഥങ്ങളുംകൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഈ ഗ്രന്ഥങ്ങളില്‍ ചിലതു ദേവാലയത്തില്‍ വായിച്ചിരുന്നു. വിശുദ്ധ യോഹന്നാന്‍ സുവിശേഷത്തിന്റെ ഒരു ഇംഗ്ലീഷു പരിഭാഷ അദ്ദേഹം ഉണ്ടാക്കി. മരിക്കുന്നതിന്റഎ തലേദിവസമാണ് അത് പൂര്‍ത്തിയായത്.

മെയ് 24: വിശുദ്ധ ഡൊണേഷ്യനും റൊഗേഷ്യനും

രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റൊഗേഷ്യന്‍. അദ്ദേഹത്തിന്റെ സഹോദരനാണ് ഡൊണേഷ്യന്‍. ബ്രിട്ടണില്‍ നാന്തെസ്സ് എന്ന പ്രദേശത്തു ജീവിച്ചുപോന്ന രണ്ടു കുലീന സഹോദരന്മാരാണിവര്‍. ഡൊണേഷ്യന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് മാതൃകാപരമായി ജീവിക്കുന്നത് കണ്ടിട്ട് സഹോദരന്‍ റൊഗേഷ്യനും ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാലത്ത് സ്ഥലത്തെ മെത്രാന്‍ ഒളിവിലായിരുന്നതുകൊണ്ട് റൊഗേഷ്യന് ജ്ഞാന സ്‌നാനം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അന്നാളുകളില്‍ ക്രിസ്ത്യാനിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക രക്തസാക്ഷിത്വത്തിലേക്കുള്ള സമര്‍പ്പണംതന്നെയായിരുന്നു.

ഡൊണേഷ്യന്‍ റൊഗേഷ്യനെ ക്രിസ്ത്യാനിയാക്കിയെന്ന കുറ്റത്തിന് ഗവര്‍ണര്‍ രണ്ടുപേരേയും ജയിലിലടച്ചു. അവരെ ചങ്ങലകൊണ്ടു ബന്ധിച്ചു. ദേവന്മാരെ പൂജിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യവും സ്ഥാന മാനങ്ങളും ലഭിക്കുന്നതാണെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. തനിക്ക് ജ്ഞാനസ്‌നാനം സിദ്ധിച്ചില്ലല്ലോ എന്ന് റൊഗേഷ്യന്‍ ഖേദിച്ചു. സഹോദരന്റെ സമാധാന ചുംബനം മതിയാകുമെന്ന് അദ്ദേഹത്തിനു തോന്നി. അവന്റെ വിശ്വാസം ജ്ഞാനസ്നാനത്തിന്റെ ഭാഗം നിര്‍വഹിക്കുമാറാകട്ടെ എന്ന് ഡൊണേഷ്യന്‍ പ്രാര്‍ത്ഥിച്ചു. ആ രാത്രി രണ്ടുപേരും തീക്ഷ്ണമായ പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടി. പ്രഭാതത്തില്‍ ന്യായാധിപന്‍ അവരെ വിളിച്ചു. തങ്ങള്‍ ക്രിസ്തുവിനെപ്രതി എന്തും സഹിക്കാന്‍ തയ്യാറാണെന്ന് പ്രസ്താവിച്ച ഉടനെ രണ്ടുപേരെയും പീഡന യന്ത്രത്തില്‍ കിടത്തി ശരീരം വലിച്ചു നീട്ടി. അനന്തരം കരങ്ങള്‍ ഛേദിച്ചു കളഞ്ഞു. അങ്ങനെ അവര്‍ മരിക്കുകയും ചെയ്തു.

മേയ് 23: വിശുദ്ധ ജൂലിയ

439-ല്‍ ജെന്‍സെറിക്ക് കാര്‍ത്തേജു പിടിച്ചടക്കിയപ്പോള്‍ എവുസേബിയൂസ് എന്ന ഒരു സിറിയന്‍ വ്യാപാരിക്കു അടിമയായി വില്ക്കപ്പെട്ട ഒരു കുലീന കന്യകയാണ് ജൂലിയ. തൊഴിലില്ലാത്ത സമയമെല്ലാം ജൂലിയ പ്രസന്നമായി ക്ഷമാപൂര്‍വം പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും മുഴുകിയിരുന്നു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും അവള്‍ ഉപവസിച്ചു പോന്നു. ഇവളുടെ വിശ്വസ്തത കണ്ട യജമാനന്‍ ഈ തപോനിഷ്ഠകള്‍ സ്വല്പം ലഘുപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

ഒരിക്കല്‍ ഈ വ്യാപാരി ഇവളെ ഗോളിലേക്കുള്ള ഒരു യാത്രയില്‍ കൂടെ കൊണ്ടുപോയി. കോഴ്സിക്കയിലെത്തിയപ്പോള്‍ കപ്പല്‍ നങ്കൂരമിട്ടു വ്യാപാരി ഉത്സവത്തില്‍ പങ്കെടുത്തു. അന്ന് ഒരു കാളയുടെ ബലിയുണ്ടായിരുന്നു. അതില്‍ ഭാഗഭാകാകാതിരിക്കാന്‍ ജൂലിയ ആരാധനയില്‍ പങ്കെടുത്തില്ല. ആ ദ്വീപിലെ ഗവര്‍ണര്‍ ഫെലിക്‌സ് ആരാണ് ദേവന്മാരെ ഇപ്രകാരം നിന്ദിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു ക്രിസ്തീയ വനിതയാണെന്ന് മറുപടി നല്കി. തന്റെ നാലു വനിത അടിമകളെ പകരം തരാം അവളെ തന്നാലെന്ന് ഗവര്‍ണര്‍ പറഞ്ഞു. എവുസേബിയൂസു പ്രതിവചിച്ചു: ‘ആരെ തന്നാലും എന്തു തന്നാലും അവളെ തരികയില്ല.’

പിന്നീട് എവുസേബിയൂസു കുടിച്ച് ബോധമില്ലാത്ത സമയത്ത് ജൂലിയായോട് ഗവര്‍ണര്‍ പറഞ്ഞു: ”നീ ദേവന്മാര്‍ക്ക് ബലിചെയ്താല്‍ നിന്നെ സ്വതന്ത്രയാക്കാം.’ ജൂലിയാ പ്രതിവചിച്ചു: ‘ഇല്ല, യേശുക്രിസ്തുവിനെ ആരാധിക്കുവാന്‍ സ്വാതന്ത്ര്യമുള്ളിടത്തോളംകാലം ഞാന്‍ അടിമയല്ല’ നിന്ദിതനായി കരുതിയ ഗവര്‍ണര്‍ ജൂലിയായെ മര്‍ദ്ദിച്ചു. തലമുടി പറിച്ചു കളഞ്ഞു. മരിക്കുന്നത് വരെ കുരിശില്‍ തറച്ചിട്ടു.

Exit mobile version