ഉണര്‍ന്ന് പ്രശോഭിക്കാന്‍ കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തി എപ്പാര്‍ക്കിയല്‍ അസംബ്ലി

സുവിശേഷ മൂല്യങ്ങള്‍ തമസ്‌ക്കരിക്കുന്ന സംഘടനകളുമായി ദൈവജനത്തെ സഹകരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമുദായത്തെ ശാക്തീകരിക്കേണ്ടത് ഏതെങ്കിലും സമുദായങ്ങളോടു കലഹിച്ചുകൊണ്ടാകരുതെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാന്‍ ചിലര്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സമുദായ സ്പര്‍ദ്ധ വളര്‍ത്തിയല്ല അതിനെ നേരിടേണ്ടത്. പെണ്‍മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അത്തരം കെണികളെ പ്രതിരോധിക്കണം. ചരിത്രത്തെക്കുറിച്ചുള്ള അവബോധം സമുദായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. യുവതലമുറ സഭയെ സ്നേഹിക്കണമെങ്കില്‍ സഭയുടെ ചരിത്രം അവര്‍ക്ക് പകര്‍ന്നുകൊടുക്കണം. അതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണം. ഭിന്നത ക്രൈസ്തവ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് അപകടമാണ്. കൂട്ടായ്മയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളില്‍ വീണുപോകാതെ ശ്രദ്ധിക്കണം. സാഹോദര്യത്തിന്റെ പാനപാത്രത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.’ ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി

പ്രത്യാശയുടെ കിരണങ്ങളാണ് എപ്പാര്‍ക്കിയല്‍ അസംബ്ലി മുന്നോട്ടുവയ്ക്കുന്നതെന്നും അസംബ്ലി നിര്‍ദ്ദേശിച്ച കര്‍മ്മപദ്ധതികള്‍ ചടുലമായ, കൃത്യതയാര്‍ന്ന ചുവടുകളോടെ പ്രായോഗികതലത്തില്‍ എത്തിക്കുമെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ‘സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് നാം കടന്നു പോകുന്നത്. വെല്ലുവിളികള്‍ സഭാചരിത്രത്തില്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. ദൈവവിശ്വാസത്തില്‍ ആശ്രയിച്ചാണ് എല്ലാ വെല്ലുവിളികളെയും നേരിടേണ്ടത്. യുവതലമുറയുടെ വിദേശ കുടിയേറ്റം ഭയത്തോടെ കാണേണ്ടതില്ല. കുടിയേറ്റം വളര്‍ച്ചയുടെ അടയാളമാണ്. കുടിയേറുന്ന രൂപതാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രവാസി അപ്പോസ്തലേറ്റ് ആരംഭിക്കും. ആദിമസഭയുടെ ചൈതന്യത്തില്‍ കൂട്ടായ്മയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം.” ബിഷപ് പറഞ്ഞു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ‘വിശുദ്ധരെയല്ല, വിശുദ്ധിയിലേക്കാണ് യേശു വിളിക്കുന്നത്. സുവിശേഷത്തിന്റെ പ്രതിനിധികളാകണമെങ്കില്‍ ക്രിസ്തുവിന്റെ മുറിവുകള്‍ കാണണം. വിശ്വാസ ജീവിതത്തില്‍ ഉണ്ടാകുന്ന അപചയങ്ങളാണ് കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം. കുടുംബവും സമുദായവും അനുഗ്രഹിക്കപ്പെടേണ്ടത് നമ്മളിലൂടെയാണ് എന്ന് നാം ഓര്‍ക്കണം.’ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്

റൂബി ജൂബിലി സ്‌കോളര്‍ഷിപ് ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പുന്നക്കല്‍ ഇടവകാംഗമായ ഡെറിന്‍ കുര്യന്‍ ജോസ് നാലു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി. ഏയ്ഡര്‍ എഡ്യുക്കെയറിന്റെ ഫ്യൂച്ചര്‍ ഓറിയന്റഡ് പ്രോജക്ട് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി ഉദ്ഘാടനം ചെയ്തു. അസംബ്ലി ഡ്രാഫ്റ്റ് കമ്മറ്റി ചെയര്‍മാന്‍ ഫാ. മാത്യു കുളത്തിങ്കല്‍ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഫൈനല്‍ സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു.

രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, എപ്പാര്‍ക്കിയല്‍ അസംബ്ലി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഐ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ബിജു ജോണ്‍ വെള്ളക്കട, എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സീന ജോണ്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ട്രീസ ഞരളക്കാട്ട് എന്നിവര്‍ അസംബ്ലി വിലയിരുത്തി സംസാരിച്ചു.

Exit mobile version