Site icon Malabar Vision Online

മെയ് 30: വിശുദ്ധ ഫെര്‍ഡിനന്റ് തൃതീയന്‍ രാജാവ്


ഫ്രാന്‍സിലെ വിശുദ്ധ ലൂയി രാജാവിന്റെ അമ്മ ബ്ലാഞ്ചെ രാജ്ഞിയുടെ സഹോദരി ബെറാങ്കേരായുടെ മകനാണു ഫെര്‍ഡിനന്റു തൃതീയന്‍. പിതാവ് ലെയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സാണ്. 1217 ജൂണ്‍ ആറിന് ഫെര്‍ഡിനന്റ് പലെന്‍സിയാ, ബൂര്‍ഗോസ്, വില്ലഡോലിസ് എന്നീ പ്രദേശങ്ങളുടെ രാജാവായി. വിപ്ലവകാരിയായ ഡോം ആല്‍വരെസ് മുതലായവരെ സ്‌നേഹപൂര്‍വം കൈകാര്യം ചെയ്തു രാജ്യം സമാധാനത്തില്‍ മുന്നോട്ടു നീങ്ങി. അമ്മയുടെ ഉപദേശം രാജ്യഭരണത്തില്‍ അത്യന്തം സഹായകമായിരുന്നു. സമുന്നത രാജപദവിയിലും സമസ്തകാര്യങ്ങളിലും അദ്ദേഹം അമ്മയെ അനുസരിച്ചിരുന്നു. 1219-ല്‍ ഫെര്‍ഡിനന്റ് ജെര്‍മ്മന്‍ ചക്രവര്‍ത്തിയുടെ മകള്‍ സുകൃതിനിയായ ബെയാട്രിസിനെ വിവാഹം കഴിക്കുകയും സൗഭാഗ്യകരമായ ഈ വിവാഹത്തില്‍ പത്തു മക്കള്‍ ഉണ്ടാകുകയും ചെയ്തു.

ഫെര്‍ഡിനന്റ് തന്നോടു ചെയ്തിരുന്ന അപരാധങ്ങള്‍ വേഗം ക്ഷമിച്ചിരുന്നു. ക്രൈസ്തവ രാജാക്കന്മാരോടുള്ള തര്‍ക്കങ്ങള്‍ സമരംകൂടാതെ അവസാനിപ്പിച്ചിരുന്നു. സകല സമരങ്ങളിലും അദ്ദേഹത്തിന്റെ അപേക്ഷ ഇപ്രകാരമായിരുന്നു: ‘ഹൃദയങ്ങള്‍ പരിശോധിക്കുന്ന കര്‍ത്താവേ, എന്റെ മഹത്വമല്ല അങ്ങയുടെ മഹത്വമാണ് ഞാന്‍ അന്വേഷിക്കുന്നതെന്ന് അങ്ങേക്ക് അറിയാമല്ലോ. ക്ഷണികരാജ്യങ്ങളല്ല അങ്ങയുടെ പരിശുദ്ധമതത്തിന്റെയും അതിലുള്ള വിശ്വാസത്തിന്റെയും വളര്‍ച്ചമാത്രം ഞാന്‍ തേടുന്നു.’ യുദ്ധത്തിന്റെ തലേരാത്രി മുഴുവനും കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചിരുന്നു. സൈന്യം ദൈവമാതാവിന്റെ ഒരു രൂപം വഹിച്ചിരുന്നു; മിക്കപ്പോഴും ആ രൂപം അദ്ദേഹം സവാരിചെയ്യുന്ന കുതിരയുടെ പുറത്താണു വച്ചിരുന്നത്.

1230-ല്‍ ഫെര്‍ഡിനന്റിന്റെ പിതാവ് അല്‍ഫോണ്‍സ് മരിച്ചപ്പോള്‍ ലെയോന്‍രാജ്യവും കൂടി ഫെര്‍ഡിനന്റിന്റെ കീഴിലായി. മൂന്നു കൊല്ലമെടുത്തു ആ രാജ്യത്തു സമാധാനം സ്ഥാപിക്കാന്‍. 1234-ല്‍ ഫെര്‍ഡിനന്റ് മുഹമ്മദീയരുടെ നേരെ തിരിഞ്ഞ് അവരെ തോല്‍പിച്ചു. രാജ്ഞി ബെയാട്രിസ്സിന്റെ മരണശേഷം 1236-ല്‍ ഫ്രാന്‍സ് രാജകുടുംബത്തില്‍നിന്നു ഡോവഗര്‍ രാജ്ഞിയെ വിവാഹം കഴിച്ചു. പ്രസ്തുത വിവാഹത്തില്‍ മൂന്നു മക്കളുണ്ടായി.

ആഫ്രിക്കയില്‍ കയറിയ മുഹമ്മദീയരെ പിടിച്ചടക്കണമെന്ന് ഫെര്‍ഡിനന്റിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രോഗം അതു സമ്മതിച്ചില്ല. കണ്ണുനീരോടെ ഉറക്കെ കുമ്പസാരിച്ചു വിശ്വാസപ്രകരണം ചെയ്തു മക്കളെ വിളിച്ച് ഉപദേശിച്ചു ഒരു തിരി കത്തിച്ചുപിടിച്ച് ആത്മാവിനെ ദൈവത്തിനു സമര്‍പ്പിച്ചു. ദൈവമാതാവിന്റെ ലുത്തനിയായും ‘ദൈവമേ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു.’ എന്നുള്ള സ്‌തോത്രഗീതവും പാടാന്‍ പറഞ്ഞു. തല്‍സമയം, 1252 മേയ് 30-ാം തീയതി ഫെര്‍ഡിനന്റ് ലോകത്തോടു വിട ചൊല്ലി.


Exit mobile version