വിറ്റെര്‍ബോയില്‍ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരില്‍നിന്ന് ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ ഉടമയായിരുന്നു. ഏഴു വയസ്സു മുതല്‍ റോസ് പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിച്ചു തുടങ്ങി. പത്താമത്തെ വയസ്സില്‍ വിശുദ്ധ ഫ്രാന്‍സ്സിസിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നു. വിറ്റെര്‍ബോയില്‍ പരസ്യ പ്രായശ്ചിത്തം പ്രസംഗിക്കാന്‍ തുടങ്ങി. ജനങ്ങളോട് മാര്‍പാപ്പായുടെ പക്ഷത്തു നില്ക്കാനും ജര്‍മ്മനിയിലെ ഫ്രെഡറിക്ക് ദ്വിതീയനെ എതിര്‍ക്കാനും റോസ് ഉദ്‌ബോധിപ്പിച്ചു. അവളുടെ സ്വാധീനം കണ്ട് ഭയന്ന് ചക്രവര്‍ത്തി അവളേയും അവളുടെ കുടുംബത്തേയും വിറ്റെര്‍ബോയില്‍നിന്ന് നാടുകടത്തി.
വിപ്രവാസിയായ റോസ് ചുറ്റുപാടുമുള്ള പട്ടണങ്ങളില്‍ പോയി. ജനങ്ങളോട് മാര്‍പാപ്പായെ സഹായിക്കാന്‍ ഉദ്‌ബോധിപ്പിച്ചു. അവള്‍ക്ക് പ്രവചനവരമുണ്ടായിരുന്നു. ഫ്രെഡറിക്ക് മരിക്കുന്നതിന് കൃത്യം പത്ത് ദിവസം മുമ്പ് അദ്ദേഹത്തിന്റെ മരണം അവള്‍ പ്രവചിച്ചു. വിറ്റോര്‍ക്കിയാനോ എന്ന നഗരത്തില്‍ ഒരു മന്ത്രവാദിനി ജനങ്ങളെ വഴിതെറ്റിക്കുന്നതായി റോസ് കണ്ടു. മൂന്നു മണിക്കൂര്‍ ദേഹം പൊള്ളാതെ ഒരു തീച്ചൂളയില്‍ റോസ് നിന്നുകൊണ്ട് വഴിതെറ്റിപ്പോയവരുടെ മനസ്സുതിരിച്ചു.
1251-ല്‍ വിറ്റെര്‍ബോ മാര്‍പാപ്പായുടെ അധികാരത്തിന്‍ കീഴായി. ഉടനെ റോസ് സ്വഭവനത്തിലേക്കു മടങ്ങി. സ്ഥലത്തേ ക്ലാരമഠത്തില്‍ പ്രവേശനാനുമതി ചോദിച്ചു. എന്നാല്‍ ക്ലാര മഠം അവള്‍ക്ക് പ്രവേശനം നല്കിയില്ല. തന്നിമിത്തം അവള്‍ വിറ്റെര്‍ബോ നഗരത്തിനുള്ളില്‍ത്തന്നെ ഒരു കുടിലില്‍ താമസിച്ചു. മരണശേഷം തനിക്ക് മഠത്തില്‍ പ്രവേശനാനുമതി ലഭിക്കുമെന്ന് റോസ് പ്രവചിച്ചു. അങ്ങനെതന്നെ സംഭ വിച്ചു. അടുത്ത വസന്തത്തില്‍ 17-ാമത്തെ വയസ്സില്‍ റോസ് മരിച്ചു. അവളുടെ ശരീരം ക്ലാരമഠത്തില്‍ സംസ്‌ക്കരിക്കാന്‍ അലക്‌സാണ്ടര്‍ നാലാമന്‍ പാപ്പാ നിര്‍ദ്ദേശിച്ചു. റോസിന്റെ ശരീരം ഇന്നും അഴിയാതെ ഇരിക്കുന്നു.