സെപ്തംബര്‍ 14: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍


335 മുതല്‍ ജെറൂസലേമിലും അഞ്ചും ആറും നൂററാണ്ടു മുതല്‍ ഗ്രീക്കു സഭയിലും ലത്തീന്‍ സഭയിലും കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ കൊണ്ടാടിത്തുടങ്ങി. കോണ്‍സ്‌ററന്റെയിന്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനമാണ് ഈ തിരുനാളിനുള്ള ഒരു കാരണം. 326-ല്‍ ഹെലെനാ രാജ്ഞി യഥാര്‍ത്ഥ കുരിശു കണ്ടുപിടിച്ചതും തിരുനാളിന്റെ പ്രചാരത്തിനു കാരണമായി.
കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തി കരുത്തേറിയ മാക്‌സെന്‍ സിയൂസു രാജാവിന്റെ ആക്രമണത്തെ ഭയന്നിരിക്കുമ്പോള്‍ ത്യദൈവത്തോടു സഹായം അഭ്യര്‍ത്ഥിച്ചു. അന്ന് അദ്ദേഹം ക്രിസ്ത്യാനി ആയിരുന്നില്ല. രാത്രി ചക്രവര്‍ത്തിക്ക് ഒരു കാഴ്ചയുണ്ടായി. ആകാശത്തില്‍ കുരിശാകൃതിയില്‍ ഒരു പ്രകാശവും കുരിശിനെ വലയം ചെയ്യുന്ന വൃത്താകൃതിയിലുള്ള ഒരുലേഖനവും. ഈ അടയാളത്തില്‍ നീ വിജയം വരിക്കുമെന്നായിരുന്നു എഴുതിയിരുന്നത്. ക്രിസ്തു കാണപ്പെട്ട് ആ കാഴ്ചയില്‍ കണ്ടതുപോലെ ഒരടയാളം പതാകയില്‍ ചേര്‍ക്കാന്‍ ആജ്ഞാപിച്ചു. അങ്ങനെ കോണ്‍സ്‌ററന്റെയിന്‍ ചെയ്തു; യുദ്ധത്തില്‍ വിജയം വരിച്ചു. താമസിയാതെ മതപീഡനം നിറുത്തിയതായും ക്രിസ്ത്യാനികള്‍ക്കു സ്വാതന്ത്യം നല്കിയതായും വിളംബരവും ചെയ്തു. അതാണു 313-ലെ പ്രസിദ്ധമായ മിലാന്‍ വിളംബരം.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ തിരുസ്സഭയില്‍ സാര്‍വ്വത്രികമായതു ഹെരാക്‌ളിയൂസ് ചക്രവര്‍ത്തി പേര്‍ഷ്യന്‍ രാജാവായ കോസ്റോസിനെ മൂന്നു പ്രാവശ്യം പരാജയപ്പെടുത്തി കുരിശിന്റെ അവശിഷ്ടം അദ്ദേഹത്തിന്റെ പക്കല്‍നിന്നു സ്വായത്തമാക്കിയതിനു ശേഷമാണ്. 614-ല്‍ പേര്‍ഷ്യന്‍ രാജാവ് ജെറൂസലേം പിടിച്ചടക്കി അവിടെ ഹെലെനാ രാജ്ഞി വച്ചിരുന്ന കുരിശിന്റെ അവശിഷ്ടം സ്വരാജ്യത്തിലേക്കു കൊണ്ടുപോകയുണ്ടായി.

629-ല്‍ ജെറൂസലേമില്‍ കുരിശിന്റെ അവശിഷ്ടം സ്ഥാപിച്ചു; അന്നുമുതല്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ തിരുസ്സഭയിലാകമാനം കൊണ്ടാടാന്‍ തുടങ്ങി.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version