സെപ്തംബര്‍ 17: വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍


1542-ല്‍ ടസ്‌കനിയില്‍ മോന്തേപുള്‍സിയാനോ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ റോബര്‍ട്ട് ബെല്ലാര്‍മിന്‍ ജനിച്ചു. ഭക്തനും സമര്‍ത്ഥനുമായ യുവാവ് സ്ഥലത്തെ ജെസ്യൂട്ട് കോളജില്‍ പ്രാഥമിക വിദ്യ അഭ്യസിച്ചശേഷം റോമയില്‍ ഈശോസഭാ നൊവീഷ്യറ്റില്‍ ചേര്‍ന്നു. ആരോഗ്യം മോശമായിരുന്നു. തത്വശാസ്ത്രപഠനം കഴിഞ്ഞ് അദ്ദേഹം ഫ്‌ളോറെന്‍സിലും മോണ്‍റെയാലിലും പാദുവായിലും അവസാനം ലുവെയിനിലും പഠിച്ചു.

ലുവെയിനില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പാഷണ്ഡതകള്‍ക്കെതിരായി പ്രസംഗിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. വിശുദ്ധ തോമസ് അക്വിനാസിന്റെ തത്വങ്ങള്‍ സമര്‍ത്ഥമായി വിനിയോഗിച്ചു. പ്രസാദവരം, സ്വതന്ത്രമനസ്സ്, പേപ്പല്‍ അധികാരം എന്നിവയെ സംബന്ധിച്ച പാഷണ്ഡത കളെല്ലാം അദ്ദേഹം സമര്‍ത്ഥമായി നേരിട്ടു. ഈ വാദപ്രതിവാദങ്ങളിലുണ്ടായ വിജയം പരിഗണിച്ചു 13-ാം ഗ്രിഗോറിയോസ് മാര്‍പാപ്പാ അദ്ദേഹത്തെ റോമയില്‍ ദൈവശാസ്ത്ര വിവാദ മണ്ഡലത്തില്‍ നിയമിച്ചു. പിന്നീട് അദ്ദേഹം അവിടെ റെക്ടറായി. അക്കാലത്താണ് അലോഷ്യസ് ഗൊണ്‍സാഗോയുടെ ആത്മ പരിപാലനം ഏറ്റെടുത്തത്.

റോമന്‍ കോളജില്‍ താമസിച്ച 11 കൊല്ലങ്ങള്‍ക്കിടയ്ക്കാണു അദ്ദേഹം തര്‍ക്കങ്ങള്‍ (Disputationes) എന്ന പ്രസിദ്ധ ഗ്രന്ഥം രചിച്ചത്. അദ്ദേഹം എഴുതിയ വേദോപദേശം നിരവധി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും അത് ഇറ്റലിയില്‍ പാഠപുസ്തകമാണ്. 1599-ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തി. പ്രസ്തുത സന്ദര്‍ഭത്തില്‍ എട്ടാം ക്‌ളെമന്‍ു മാര്‍പ്പാപ്പാ അഭിപ്രായപ്പെട്ടതു അദ്ദേഹത്തിനു തുല്യനായി വേറൊരു ദൈവശാസ്ത്രജ്ഞനില്ലെന്നാണ്. അതേ മാര്‍പ്പാപ്പാ അദ്ദേഹത്തെ കാപ്പുവായിലെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു.

കാര്‍ഡിനല്‍ ബെല്ലാര്‍മിന്‍ തന്റെ തപോജീവിതം റോമയില്‍ തുടര്‍ന്നു. ദരിദ്രരെ ആവുംവിധം സഹായിച്ചുകൊണ്ടിരുന്നു. അവസാനകാലത്ത് അദ്ദേഹം വത്തിക്കാന്‍ വായനശാലയുടെ ലൈബ്രറേറിയനും മാര്‍പ്പാപ്പായുടെ ഉപദേഷ്ടാവുമായി. മരണകല (The art of dying) എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വിശദമാക്കുന്നതുപോലെ അദ്ദേഹം സദാ മരിക്കാന്‍ തയ്യാറായിരുന്നു. 80-ാമത്തെ വയസ്സില്‍ വിശുദ്ധിയുടെ പ്രസരണത്തോടെ കര്‍ത്താവില്‍ അദ്ദേഹം നിദ്ര പ്രാപിച്ചു. 1930-ല്‍ ബെല്ലര്‍മിനെ വിശുദ്ധനെന്നും പിറ്റേ വര്‍ഷം വേദപാരംഗതന്‍ എന്നും പതിനൊന്നാം പീയുസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version