ബൊഹിമീയായിലെ നാടുവാഴിയായ യുറാടിസ്ലാസിന്റെ മകനാണ് വെഞ്ചസ്ലാസ്. പിതാവ് ഒരുത്തമ ക്രിസ്ത്യാനിയായിരുന്നു; അമ്മ ഡ്രഹോമീറാ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവള്‍ക്കു രണ്ടു മക്കളുണ്ടായി: വെഞ്ചസ്ലാസ്, ബൊലെസ്ലാസ്. മൂത്തയാളെ വളര്‍ത്തുന്ന ചുമതല പ്രേഗില്‍ താമസിച്ചിരുന്ന അമ്മൂമ്മ ലുഡ്മില്ല ഏറ്റെടുത്തു. ആ വൃദ്ധ കുട്ടിയെ ദൈവഭക്തിയില്‍ വളര്‍ത്തിക്കൊണ്ടു വന്നു. ശാസ്ത്രീയ വിജ്ഞാനവും പൗത്രനു നല്കി.
വെഞ്ചസ്ലാസിന്റെ ചെറുപ്പത്തില്‍ പിതാവു മരിച്ചു. അമ്മ ഡ്രഹോമീറാ റീജന്റായി ഭരണമേറ്റെടുത്തു. ക്രൈസ്തവ ദൈവാലയങ്ങള്‍ അടച്ചിടണമെന്നും ക്രൈസ്തവ പുരോഹിതരോ അല്‍മേനികളോ കുട്ടികളെ പഠിപ്പിച്ചുകൂടെന്നും റീജന്റ് കല്പന ഇട്ടു. ബൊഹിമീയായുടെ നാശം കണ്ടിട്ടു പരിതപ്തയായ ലുഡ്മില്ല വെഞ്ചസ്ലാവോസിനെ ഭരണമേറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. യുവരാജാവ് അതു സമ്മതിച്ചു. ജനത സഹായം വാഗ്ദാനം ചെയ്തു.
എന്നാല്‍ കലഹം ഉണ്ടാകാതിരിക്കാന്‍ രാജ്യം രണ്ടായി ഭാഗിച്ചു. വലിയ ഒരു ഭാഗം ബൊലെസ്ലാസിനു മാറ്റിവച്ചു. ആ ഭാഗം ഇന്നും ബൊലെസ്ലാവിയാ എന്നാണ് അറിയപ്പെടുന്നത്.
ഡഹോമീറാ കുപിതയായി ബൊലെസ്ലാസിനെ ക്രിസ്തു മത വിരോധിയും വിഗ്രഹാരാധന പ്രിയനുമായി വളര്‍ത്തി. വെഞ്ചസ്ലാസു നീതിക്കും സമാധാനത്തിനും വേണ്ടി അധ്വാനിച്ചു. ഭരണകാര്യങ്ങള്‍ പകല്‍സമയത്തു വേണ്ടപോലെ നിര്‍വ്വഹിച്ചശേഷം രാത്രിയുടെ വലിയ ഒരു ഭാഗം വിശുദ്ധ കുര്‍ബാനയുടെ മുമ്പാകെ ചെലവഴിച്ചുകൊണ്ടിരുന്നു. ഗോതമ്പും മുന്തിരിയും തന്നെത്താന്‍ കൃഷി ചെയ്തു ഫലങ്ങള്‍ ശേഖരിച്ചു വിശുദ്ധ കുര്‍ബാനയ്ക്കുള്ള അപ്പവും വീഞ്ഞും തന്നെത്താന്‍ തയ്യാറാക്കിക്കൊ ണ്ടിരുന്നു.
രാജ്യഭരണത്തേക്കാള്‍ അദ്ദേഹത്തിനിഷ്ടം സന്യാസമായിരുന്നു. ജനങ്ങളുടെ വിശ്വാസത്തിനു ഹാനി വരാതിരിക്കാന്‍വേണ്ടി രാജ്യഭരണം നടത്തിയിരുന്നുവെന്നുമാത്രം. ക്രിസ്തു മതത്തിന് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ ലുഡ്മില്ലായില്‍ നിന്നാണുളവാകുന്നതെന്നു മനസ്സിലാക്കി ഡഹോമീറ വൃദ്ധയെ വധിപ്പിച്ചു. ഘാതകന്‍ രാജ്ഞിയുടെ കപ്പേളയില്‍ വച്ചു ശിരോവസ്ത്രം കഴുത്തില്‍ ചുറ്റി രാജ്ഞിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണു ചെയ്ത്.
തന്റെ അമ്മയാണ് അമ്മാമ്മയെ കൊല്ലിച്ചതെന്ന വസ്തുത വെഞ്ചസ്ലാസിന്റെ മനസ്സിനെ വല്ലാതെ അലട്ടി. അദ്ദേഹം ഒരു ദൈവാലയം നിര്‍മ്മിച്ചു വിശുദ്ധ വിത്തൂസിന്റെ കരം അതില്‍ സ്ഥാപിച്ചു. വെഞ്ചസ്ലാസിന്റെ നീതിനിഷ്ടമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടാത്ത പ്രഭുക്കന്മാര്‍ ബൊലെസ്ലാസിന്റെ പക്ഷത്തു ചേര്‍ന്നു. ബൊലെസ്ലാസിന്റെ പ്രഥമ ശിശുവിന്റെ ജനനം ആഘോഷിക്കാന്‍ വെഞ്ചസ്ലാസ് രാജാവ് അനുജന്റെ വീട്ടില്‍ ചെന്നു.
രാജാവു പതിവുപോലെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡ്രഹോമീറായുടെ പ്രേരണയനുസരിച്ചു അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. 938 സെപ്തംബര്‍ 28-നാണ് ഈ സോദരവധം നടന്നത്. ക്രിസ്തീയവിശ്വാസത്തെ തകര്‍ക്കാന്‍വേണ്ടി അമ്മയും മകനും കൂടി നടത്തിയ ഉപജാപമായതുകൊണ്ടു വെഞ്ചസ്ലാസിന്റെ വധം രക്തസാക്ഷിത്വമായി.