Site icon Malabar Vision Online

ഒക്ടോബര്‍ 1: ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ കന്യക


ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്‍സിസ് തെരേസാ മാര്‍ട്ടിന്‍ 1873 ജാനുവരി 2-ാം തീയതി അലെന്‍സോണില്‍ ജനിച്ചു. പിതാവ് ളൂയിമാര്‍ട്ടിന്‍ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി ആയിരുന്നതുകൊണ്ട് മരിയാ, പൗളി, ലെയോനി, സെലിന്‍, തെരേസാ എന്നീ അഞ്ചു കുട്ടികളും ഡാന്‍സിലും പ്രേമവ്യാപാരങ്ങളിലും മുഴുകി ലൗകായതികരായി മാറാമായിരുന്നു. എന്നാല്‍ നാലു പേര്‍ കര്‍മ്മലീത്താ സഭയിലും ലെയോനി വിസിറ്റേഷന്‍ സഭയിലും ചേരുകയാണ് ചെയ്തത്. തെരേസായ്ക്ക് നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. താമസിയാതെ മാര്‍ട്ടിന്‍ ലിസ്യൂവിലേക്ക് മാറി താമസിച്ചു. പത്തു വയസ്സു പൂര്‍ത്തിയായപ്പോള്‍ ത്രേസ്യയ്ക്ക് ഗുരുതരമായ ഒരു രോഗം പിടിപെട്ടു. ഒരു മാസത്തോളം ത്രേസ്യ രോഗിണിയായി
ക്കിടന്നു. 1883 മേയ് 13-ാം തീയതി പെന്തക്കുസ്താദിവസം ത്രേസ്യായുടെ മുറിയില്‍ ഇരുന്നിരുന്ന വിജയമാതാവിന്റെ രൂപം ത്രേസ്യയെ നോക്കി പുഞ്ചിരി തൂകി ; ത്രേസ്യയുടെ ആലസ്യം നീങ്ങി. അന്ന് പ്രകടമായ ദൈവമാതൃസ്‌നേഹം അന്ത്യംവരെ ത്രേസ്യാ ആസ്വദിച്ചു.

പതിനഞ്ചാമത്തെ വയസ്സില്‍ കര്‍മ്മലീത്താ മഠത്തില്‍ ചേരാനുള്ള അനുവാദം വാങ്ങാന്‍ ത്രേസ്യാ അപ്പച്ചന്റെകൂടെ റോമയില്‍ പോയി 13-ാം ലെയോ മാര്‍പ്പാപ്പായോട് അഭ്യര്‍ത്ഥിച്ചു. ദൈവം തിരുമനസ്സാകുന്നെങ്കില്‍ കാര്യം നടക്കുമെന്നായിരുന്നു സമര്‍ത്ഥനായ മാര്‍പ്പാപ്പായുടെ മറുപടിയെങ്കിലും കാര്യം നടന്നു. 1889 ജനുവരി 10-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു; അടുത്തവര്‍ഷം സെപ്തംബര്‍ 8-ാം തീയതി പ്രഥമ വ്രതവാഗ് ദാനം ചെയ്തു. അപ്പോഴേക്കു പിതാവ് തളര്‍വാതരോഗിയായി കായേന്‍ ആശുപതിയില്‍ കിടപ്പായി. 1893 മുതല്‍ ഏതാനും കാലം നവസന്യാസിനീഗുരുവായി ജോലി ചെയ്തിട്ടുണ്ടങ്കിലും 24 വര്‍ഷത്തേക്കുമാത്രം നീണ്ടുനിന്ന ആ ജീവിതത്തിന്റെ അവസാനഭാഗം ക്ഷയരോഗത്തില്‍ കഴിഞ്ഞു.”ദൈവമേ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു,” എന്നു പറഞ്ഞ് 1897 സെപ്തം ബര്‍ 30-ാം തീയതി ചെറുപുഷ്പം അടര്‍ന്നുവീണു. സ്വര്‍ഗ്ഗത്തില്‍നിന്ന് ഞാന്‍ റോസാപുഷ്പങ്ങള്‍ വര്‍ഷിക്കുമെന്ന വിശുദ്ധയുടെ വാഗ്ദാനം ഇന്നും നിറവേറിക്കൊണ്ടിരിക്കയാണ്. ഒരാഗോള മിഷനറിയാകാന്‍ ആഗ്രഹിച്ച ത്രേസ്യായെ 1928-ല്‍ 11-ാം പിയൂസു മാര്‍പ്പാപ്പാ വേദപ്രചാര മധ്യസ്ഥയായി പ്രഖ്യാപിച്ചപ്പോള്‍ അവളുടെ അഭീഷ്ടം നിറവേറി.

മരിക്കുന്നതിനുമുമ്പ് തന്റെ ജ്യേഷ്ഠ സഹോദരിമാരുടേയും മഠാധിപയായ ഗൊണ്‍സാഗാമ്മയുടേയും ആജ്ഞാനുസാരം സ്വന്തം ജീവചരിത്രമെഴുതി. ത്രേസ്യായുടെ ആദ്ധ്യാത്മിക ശിശുത്വവും സമ്പൂര്‍ണ്ണ ആത്മസമര്‍പ്പണവും കുറക്കുവഴിയും ആ സുന്ദരഗ്രന്ഥത്തിന്റെ താളുകളില്‍ സുലളിതമായ ഫ്രഞ്ചുഭാഷയില്‍ എഴുതിയിരിക്കുന്നു. ആ സ്വയംകൃതചരിതവും വിശുദ്ധ എഴുതിയ കത്തുകളുടെ സമാഹാരമായ നവമാലികാ സഖിയും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിശ്രേഷ്ഠമായ സ്ഥാനം പിടിച്ചെടുത്തിട്ടുണ്ട്. 1925 മേയ് 17 ന് വിശുദ്ധയുടെ ചരമത്തിന്റെ 28-ാം വര്‍ഷം 11-ാം പീയൂസു മാര്‍പ്പാപ്പാ ചെറുപുഷ്പത്തെ എടുത്തു ബലിപീഠത്തില്‍ സ്ഥാപിച്ചു.

https://malabarvisiononline.com/wp-content/uploads/2024/09/Satuse-Video.mp4


Exit mobile version