പലസ്തീനായിലെ ഗാസ എന്ന പ്രദേശത്തുനിന്ന് എട്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന തബാത്ത എന്ന കൊച്ചു പട്ടണത്തില്‍ വിജാതീയ മാതാപിതാക്കന്മാരില്‍ നിന്നു ഹിലാരിയോന്‍ ജനിച്ചു. അലെക്സാന്‍ഡ്രിയായില്‍ പഠിച്ചു. അവിടെ വച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു ജ്ഞാനസ്‌നാനപ്പെട്ടു. മരുഭൂമിയിലെ വിശുദ്ധ ആന്റണിയെ സന്ദര്‍ശിച്ച് അദ്ദേഹത്തിന്റെ കൂടെ രണ്ടുമാസം താമസിച്ചശേഷം ഏതാനും സന്യാസികളോടുകൂടി അദ്ദേഹം സ്വദേശത്തേക്കു മടങ്ങി. മാതാപിതാക്കന്മാര്‍ അപ്പോഴേക്കും മരിച്ചുപോയിരുന്നു. ഹിലാരിയോന്‍ തന്റെ സ്വത്തിന്റെ ഒരുഭാഗം സ്വന്തക്കാര്‍ക്കു വിട്ടുകൊടുത്തു; ബാക്കി ദരിദ്രര്‍ക്കു നല്കി. സ്വന്തമായി ഒന്നും സൂക്ഷിച്ചില്ല. അന്ന് ഹിലാരിയോന് 15 വയസ്സാണ്. അനന്തരം ഈജിപ്തില്‍ ഒരു വിജനപ്രദേശത്തേക്കു പോയി. അവിടെ കവര്‍ച്ചക്കാരും കൊല പാതകികളും ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നഗ്നരായ ദരിദ്രര്‍ ചോരന്മാരെ ഭയപ്പെടുന്നില്ലെന്നാണ് മറുപടി നല്‍കിയത്.
ഏകാന്തവാസം ആരംഭിച്ചശേഷം റൊട്ടി ഉപേക്ഷിച്ചു. ആറു കൊല്ലം അദ്ദേഹത്തിന്റെ അനുദിന ഭക്ഷണം 15 അത്തിപ്പഴമായിരുന്നു. ജഡിക പരീക്ഷകളുണ്ടായാല്‍ ഭക്ഷണം തീരെ വേണ്ടെന്നു വയ്ക്കുമായിരുന്നു. അനേകം അത്ഭുതങ്ങള്‍ അദ്ദേഹം ചെയ്തതായി ജീവചരിത്രകാരന്മാര്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശുദ്ധിയെപ്പറ്റി കേട്ടിട്ട് പല ശിഷ്യന്മാര്‍ മജൂമാ മരുഭൂമിയിലേക്ക് വരാന്‍ തുടങ്ങി. തന്നിമിത്തം അദ്ദേഹം തന്റെ താമസസ്ഥലം മാറി മാറിക്കൊണ്ടിരുന്നു. അവസാനം അദ്ദേഹം സൈപ്രസു ദ്വീപിലെത്തി. അവിടെവച്ച് ഒരു തളര്‍വാതരോഗിയെ അദ്ദേഹം അത്ഭുതകരമാംവിധം സുഖപ്പെടുത്തി. 80-ാ മത്തെ വയസ്സില്‍ സൈപ്രസ്സില്‍ ഒരു ഗുഹയില്‍ കിടന്ന് ഹിലാരിയോന്‍ നിര്യാതനായി.