ഈശോസഭയിലെ ഒരത്മായ സഹോദരനാണ് അല്‍ഫോന്‍സ് റോഡ്രിഗെസ്. സ്‌പെയിനില്‍ സെഗോവിയായില്‍ ഭക്തരായ മാതാപിതാക്കന്മാരുടെ മകനായി 1531 ജൂലൈ 25-ന് അദ്ദേഹം ജനിച്ചു. ചെറുപ്പം മുതല്‍ അല്‍ഫോന്‍സ് ദൈവമാതൃ ഭക്തതനായിരുന്നു. ദൈവമാതൃ ചിത്രം ചുംബിക്കാനുണ്ടായിരുന്ന താല്പര്യം ഉറച്ച ഒരു ഭക്തിയായി വികസിച്ചു. 12-ാമത്തെ വയസ്സിലേ ജപമാല ചൊല്ലാന്‍ ബാലന്‍ പഠിച്ചുള്ളൂ; അന്നുമുതല്‍ ജപമാല മുടക്കിയിട്ടില്ല.
അല്‍കാലായിലേയും വലെന്‍സിയായിലേയും സര്‍വ്വകലാശാലകളില്‍ അവന്‍ അധ്യയനം ചെയ്തു. പിതാവു മരിക്കയാല്‍ വിദ്യാഭ്യാസം നിര്‍ത്തി കുടുംബകാര്യം അന്വേഷിക്കേണ്ടിവന്നു. ദിവസന്തോറും അവന്‍ വിശുദ്ധ കുര്‍ബാന കാണുകയും ഭക്തിപൂര്‍വ്വം ജപമാല ചൊല്ലുകയും ചെയ്തിരുന്നു. അല്‍ഫോന്‍സ് വിവാഹം കഴിച്ച് ഒരു കുട്ടി ഉണ്ടായി. താമസിയാതെ അമ്മയും കുട്ടിയും മരിച്ചു.
വേറൊരു വിവാഹത്തെപ്പറ്റി അല്‍ഫോന്‍സ് ചിന്തിക്കുകയുണ്ടായില്ല. അദ്ദേഹത്തിന് ഈശോസഭാ നൊവിഷ്യറ്റില്‍ ഒരു അത്മായ സഹോദരനെന്നനിലയില്‍ പ്രവേശനം ലഭിച്ചു. ആറുമാസത്തിനുശേഷം മജോര്‍ക്കായിലുള്ള മോണ്ടെഷന്‍ കോളേജിലേക്ക് മാറ്റം കിട്ടി. അവിടെവച്ചാണ് വ്രതമെടുത്തത്. അമ്പതു കൊല്ലത്തോളം അദ്ദേഹം ആ കോളജില്‍ പോര്‍ട്ടര്‍ജോലി ചെയ്തു. ഒഴിവുസമയം അദ്ദേഹം ധ്യാനനിമഗ്നനായി കഴിഞ്ഞു. അല്ലെങ്കില്‍ ജപമാലയോ സുകൃതജപങ്ങളോ ചൊല്ലിക്കൊണ്ടിരുന്നു.
പഠനം കാര്യമായിട്ടില്ലായിരുന്നെങ്കിലും ദൈവനിവേശിതമായ വിജ്ഞാനത്തിന്റെ പ്രകാശത്താല്‍ ദൈവശാസ്ത്രജ്ഞന്മാരും കാനന്‍ നിയമ പടുക്കളും കേവലം താത്വികമായ പ്രശന ങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. വിശുദ്ധ പീറ്റര്‍ ക്ലേവര്‍ പോലും ഈ സഹോദരന്റെ ഉപദേശം തേടിയിട്ടുണ്ട്.
ഇതിനിടയ്ക്ക് രോഗങ്ങളും ക്ലേശങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഏതാനും മാസങ്ങള്‍ അദ്ദേഹം രോഗിയായിക്കിടന്നു. 1617 ഒക്ടോബര്‍ 31-ന് അദ്ദേഹം അന്തരിച്ചു. വിശുദ്ധന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആധ്യാത്മിക കുറിപ്പുകള്‍ ഒരു ഗ്രന്ഥമായി പ്രസിദ്ധീകരിച്ചു. ക്രിസ്തീയ പരിപൂര്‍ണ്ണത എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. 1887-ല്‍ ലെയോന്‍ മാര്‍പാപ്പാ അദ്ദേഹത്തെ പുണ്യവാന്‍ എന്ന് പേര്‍ വിളിച്ചു.