ക്ലോവിസ് പ്രഥമന്‍ രാജാവിന്റെ കൊട്ടാരത്തിലെ ഒരു – പ്രശസ്ത ഉദ്യോഗസ്ഥനായിരുന്നു ലെയൊനാര്‍ഡ്. വിശുദ്ധ റെമീജിയൂസാണ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തിയത്. സ്വര്‍ഗ്ഗീയ മഹത്വത്തെപ്പറ്റി പഠിച്ച ഉടനെ അദ്ദേഹം കൊട്ടാരത്തിലെ ഉദ്യോഗം ഉപേക്ഷിച്ചു വിശുദ്ധ റെമീജിയൂസിന്റെ ശിഷ്യനായി.
ഗുരുവിന്റെ ഉപദേശങ്ങള്‍ ലെയൊനാര്‍ഡിന്റ ഹൃദയത്തെ സ്പര്‍ശിച്ചു; ഗുരുവിന്റെ നിഷ്‌കപടതയും വിനയവും ഉപവിയും തീക്ഷ്ണതയും ലെയോനാര്‍ഡ് പകര്‍ത്തിക്കൊണ്ടിരുന്നു. കുറേനാള്‍ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. രാജാവു ലെയൊനാര്‍ഡിനെ പിന്നെയും പിന്നെയും കൊട്ടാരത്തിലേക്കു ക്ഷണിച്ചുകൊണ്ടിരുന്നതിനാല്‍ ആ സ്ഥലം വിട്ട് ഓര്‍ലീന്‍സിലുള്ള വിശുദ്ധ മെസിന്റെ ആശ്രമത്തില്‍ ചേര്‍ന്നു സന്യാസവസ്ത്രം സ്വീകരിച്ച്, വിശുദ്ധ മെസ്മിന്റെ ഉപദേശാനുസാരം ജീവിച്ചു.
കൂടുതല്‍ ഏകാന്തത ആഗ്രഹിച്ചു ലെയൊനാര്‍ഡ് വിശുദ്ധ മെസ്മിന്റെ അനുവാദത്തോടുകൂടെ വനത്തിലേക്കു പുറപ്പെട്ടു. ബെറി എന്ന സ്ഥലത്തു സുവിശേഷം പ്രസംഗിച്ച് ഏതാനും വിഗ്രഹാരാധകരെ ക്രിസ്തുമതത്തിലേക്കു മാനസാന്തരപ്പെടുത്തി. അനന്തരം ലിമൂസിന്‍ എന്ന സ്ഥലത്ത് ഒരു വനത്തില്‍ ഒരു പ്രാര്‍ത്ഥനാലയം ഉണ്ടാക്കി അവിടെ താമസിച്ചു.
നോബ്‌ളാക്ക് എന്നാണ് വനത്തിന്റെ പേര്. അവിടുത്തെ സസ്യങ്ങളും പഴങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. ഈ പ്രായശ്ചിത്തമൊക്കെ കാണാന്‍ കുറേനാള്‍ ദൈവം തന്നെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അദ്ദേഹത്തിന് അനുയായികളുണ്ടായി പ്രവര്‍ത്തനരഹിതനായിരിക്കുന്നതു പ്രയാസമായിരുന്നതിനാല്‍ അദ്ദേഹം തടവുകാരെ സന്ദര്‍ശിച്ച് അവരെ നല്ല വഴിയിലേക്കു തിരിച്ചുവിട്ടുകൊണ്ടിരുന്നു. അങ്ങനെ 559-ല്‍ അദ്ദേഹം നിര്യാതനായി.