നവംബര്‍ 17: ഹങ്കറിയിലെ വിശുദ്ധ എലിസബത്ത് രാജ്ഞി


ഹങ്കറിയിലെ അലക്‌സാണ്ടര്‍ ദ്വിതീയന്‍ രാജാവിന്റെ മകളാണ് എലിസബത്ത്. ചെറുപ്പം മുതല്‍തന്നെ എലിസബത്ത് തന്റെ ഹൃദയത്തില്‍ ലോകത്തിനു സ്ഥാനം നല്കാതെ ദൈവ സ്‌നേഹത്തില്‍ ജീവിക്കാന്‍ ശ്രമിച്ചിരുന്നു. എളിമ പ്രവൃത്തികളും ആത്മപരിത്യാഗവും നിരന്തരം അഭ്യസിച്ചുപോന്നു. ഇടയ്ക്കിടയ്ക്കു ദൈവാലയത്തിലേക്കു കടന്നുപോയി ഓരോ ബലിപീഠത്തിന്റെ മുമ്പിലും പ്രാര്‍ത്ഥിക്കും. ദൈവാലയത്തില്‍ മറ്റാരുമില്ലെങ്കില്‍ സാഷ്ടാംഗം വീണ് അപേക്ഷിക്കും.

14-ാമത്തെ വയസ്സില്‍ കുറിഞ്ചിയായിലെ ലൂയിലാന്റ് ഗ്രെവിനെ എലിസബത്ത് വിവാഹം ചെയ്തു. പണം ദരിദ്രര്‍ക്കു കൊടുക്കാനുള്ള ഒരു വസ്തുവായിട്ടാണ് എലിസബത്ത് മനസ്സിലാക്കിയിരുന്നത്. കൊട്ടാരത്തില്‍ വരുന്ന ദരിദ്രരെ മാത്രമല്ല കഷ്ട്ടപ്പെടുന്ന സകലരേയും ആശ്വസിപ്പിച്ചിരുന്നു. പല ആശുപത്രികള്‍ രാജ്ഞി സ്ഥാപിച്ചു; രോഗികളെ ശുശ്രൂഷി ക്കുകയും ചെയ്തിരുന്നു. ജീര്‍ണ്ണിച്ച മുറിവുകള്‍പോലും രാജ്ഞി കഴുകിക്കെട്ടിയിരുന്നു.

ഒരിക്കല്‍ ദരിദ്രര്‍ക്കായി കുറേ സാധനങ്ങള്‍ മേലങ്കിയില്‍ കെട്ടിക്കൊണ്ടു പോയപ്പോള്‍ ഭര്‍ത്താവു രാജ്ഞിയെ കൂട്ടിമുട്ടി. രാജ്ഞി ഭാരംകൊണ്ടു പുളയുന്നതുകണ്ടപ്പോള്‍ രാജാവു വന്നു ഭാണ്ഡം തുറന്നു നോക്കി. വെളുത്തതും ചുവന്നതുമായ റോസാപ്പൂക്കളാണ് അദ്ദേഹം കണ്ടത്. പുഷ്പങ്ങള്‍ വിരിയുന്ന കാലമല്ലായിരുന്നു അത്. ഒരെണ്ണം രാജാവു അതില്‍നിന്നെടുത്തശേഷം രാജ്ഞിയെ മുന്നോട്ടുപോകാന്‍ അനുവദിച്ചു.

1225-ല്‍ ലൂയി രാജാവ് ഇറ്റലിയില്‍ ഒരു യോഗത്തിനു പോയിരുന്ന കാലത്തു നാട്ടില്‍ വെള്ളപ്പൊക്കവും പഞ്ഞവും പ്ലേഗുമുണ്ടായി. രാജ്ഞി ദിനം പ്രതി 900 പേര്‍ക്കു ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. തന്റെ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും കൂടി അതിനായി വിനിയോഗിച്ചു.

1227-ല്‍ ലൂയി കുരിശുയുദ്ധത്തിനു പുറപ്പെട്ടപ്പോള്‍ നാലാമത്തെ ശിശു വിനെ ഗര്‍ഭംധരിച്ചിരുന്ന രാജ്ഞി കുതിരപ്പുറത്തു കുറേ വഴി രാജാവിനെ അനുഗമിച്ചു. ഇനി ഭര്‍ത്താവിനെ കാണാന്‍ കഴിയുകയില്ലെന്ന ഒരു വിചാരം രാജ്ഞിക്കുണ്ടായിരുന്നു. ദക്ഷിണ ഇറ്റലിയില്‍ വച്ചു ടൈഫോയിഡു പിടിപെട്ടു ഭര്‍ത്താവു മരിക്കുകയും ചെയ്തു.

എലിസബത്തു ദൂഃഖാര്‍ത്തയായി. ഭര്‍ത്താവിന്റെ ചാര്‍ച്ചക്കാര്‍ എലിസബത്ത് പണമൊക്കെ ദുര്‍വ്യയം ചെയ്യുകയാണെന്ന് ആരോപിച്ചു രാജ്ഞിയെ കൊട്ടാരത്തില്‍നിന്ന് ഇറക്കിവിട്ടു. വിശപ്പും തണുപ്പും സഹിച്ചു പിഞ്ചു കുഞ്ഞുങ്ങളോടുകൂടെ തെരുവീഥിയില്‍ അലഞ്ഞുനടന്നു. രാജ്ഞി സഹനം മുഴുവനും സ്വാഗതം ചെയ്തു. ഭര്‍ത്താവിന്റെ സ്‌നേഹിതന്മാര്‍ തിരിച്ചു വന്നപ്പോള്‍ എലിസബത്തിനെ വീണ്ടും കൊട്ടാരത്തില്‍ താമസിപ്പിച്ചു. അവളുടെ പുത്രനായിരുന്നുവല്ലോ കിരീടാവകാശി.

1228-ല്‍ എലിസബത്ത് ഫ്രന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. അതറിഞ്ഞു സന്തുഷ്ടനായ വിശുദ്ധ ഫ്രാന്‍സിസ് തന്റെ മേലങ്കി രാജ്ഞിക്കു കൊടുത്തയച്ചു. ശേഷിച്ച ജീവിതകാലം രാജ്ഞിതന്നെ സ്ഥാപിച്ചിരുന്ന ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിച്ചു ജീവിച്ചു. ക്രമേണ ആരോഗ്യം നശിച്ച് 24-ാമത്തെ വയസ്സില്‍ രാജ്ഞി അന്തരിച്ചു എലിസബത്തുരാജ്ഞി പരോപകാര പ്രസ്ഥാനങ്ങളുടേയും ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയുടെയും മധ്യസ്ഥയാണ്.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version